വിവരണം – Shaijoo MP.
അപൂർവ്വമായ പാരമ്യത്തിൽ ഉത്തരേന്ത്യയെ കുളിരണിയിക്കുന്ന കോടമഞ്ഞിനെ തഴുകി മന്ദഗതിയിൽ ചരിക്കുന്ന തീവണ്ടിയിൽ ആലസ്യം പൂണ്ട് ഇരിക്കവേയാണ് ആ മൊബൈൽ സന്ദേശം എത്തിയത്. “താങ്കളുടെ പാക്കിസ്ഥാൻ കർത്താർപ്പൂർ സാഹിബ് ഗുരുദ്വാര തീർത്ഥയാത്ര കൺഫേം ആയിരിക്കുന്നു, ഡിസംബർ 27 നു ദേര ബാബ നാനക്ക് പാസഞ്ചർ ടെർമിനലിൽ എത്തിച്ചേരുക.”
അടുത്ത നിമിഷത്തിൽ മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യുന്ന കോഴിക്കോട്ടുള്ള സുഹൃത്ത് മൻസൂറിന്റെ ഫോൺ കോൾ. അവനും മൊബൈലിൽ ഒരു സന്ദേശം വന്നിട്ടുണ്ട്, “കർത്താർപ്പൂർ തീർത്ഥയാത്രക്കുള്ള അനുമതി നിരസിച്ചിരിക്കുന്നു.”
ശോകമായി, ഞങ്ങൾ ഒരുമിച്ച് അപേക്ഷിച്ചതാണ് ഈ തീർത്ഥയാത്രക്ക്. പക്ഷെ എന്തുകൊണ്ടോ അവനു നിരസിക്കപ്പെട്ടിരിക്കുന്നു. അവൻ പ്ലാൻ മാറ്റി, യാത്ര കുളു മനാലിയിലേക്ക് മാത്രമാക്കി. അമൃതസറിൽ വെച്ച് ഒരുമിച്ചു പാക്കിസ്ഥാനിൽ പോയി അവിടെനിന്ന് നേരെ കുളു മനാലി ആയിരുന്നു ഞങ്ങളുടെ പ്ലാൻ. ഒരുമിച്ചുള്ള പ്ലാൻ പൊളിഞ്ഞു. ഇനി ഞാൻ ഒറ്റയ്ക്ക്…
ഇന്ത്യയുടെ ഹൃദയത്തിൽ നിന്നും ചീന്തിയെടുത്ത് പിറന്ന മണ്ണ് ആണ് പാക്കിസ്ഥാൻ. വിഭജിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ബലത്തിൽ നമുക്കും യദേഷ്ടം പാറിനടക്കാമായിരുന്ന ഇടം. പക്ഷെ നമുക്ക് ഇപ്പോൾ അത് ശത്രുപക്ഷമാണ്. അതുകൊണ്ട് തന്നെ നമ്മളെ പോലെ സാധാരണക്കാരന് അവിടെ ഒന്ന് കാലു കുത്താൻ കൗതുകം ലേശം കൂടുതലാണ്. ഒരവസരം കിട്ടിയാൽ നുമ്മ പോകാതിരിക്കുന്നതെങ്ങിനെ? അതിനു പറ്റിയ ഒരവസരമായിരുന്നു കർത്താപ്പൂർ സാഹിബ് ഗുരുദ്വാര തീർത്ഥയാത്ര.
സിഖ് മതസ്ഥാപകൻ ഗുരുനാനാക്ക് അദ്ദേഹത്തിന്റെ അവസാന 18 വർഷങ്ങൾ ചെലവഴിച്ചത് വിഭജനകാലത്ത് പാക്കിസ്ഥാനിൽ ആയിപ്പോയ ജില്ലയിലെ കർത്താപ്പൂർ ഉള്ള സാഹിബ് ഗുരുദ്വാര ആയിരുന്നു. ഇന്ത്യയിൽ നിന്നും ഏകദേശം 5 കിലോമീറ്റർ ദൂരെയാണ് ഈ ദേവാലയം. ഇന്ത്യക്കാരായ സിഖ് വിശ്വാസികൾ ബൈനോക്കുലറിലൂടെ മാത്രം കണ്ട് സായൂജ്യം അടയുകയായിരുന്നു ഇതുവരെ പതിവ്. എന്നാൽ ഇരുരാജ്യങ്ങൾക്കിടയിലെ നയതന്ത്രഇടപെടലുകൾ മൂലം ഇപ്പോൾ ഇന്ത്യക്കാർക്കും ആ ദേവാലയം സന്ദർശിക്കാം. ഇന്ത്യൻ അതിർത്തിയിലെ ദേരാ ബാബാ നാനാക്ക് എന്ന ചെറു പട്ടണവും പാക്കിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയും തമ്മിൽ ബന്ധപ്പെടുത്തി 2019 നംവബർ 9 നു ഉദ്ഘാടനം ചെയ്യപ്പെട്ട കർത്താപ്പൂർ കോറിഡോറിലൂടെ ആണ് ഈ യാത്ര സാധ്യമാകുന്നത്.
ഡിസംബർ 27 നു പോകാനായി ഡിസംബർ ആദ്യവാരം തന്നെ വെബ്സൈറ്റിൽ ഞങ്ങൾ ബുക്ക് ചെയ്തു. ഓൺലൈൻ അപേക്ഷയോടൊപ്പം പാസ്പോർട്ട്, നമ്മുടെ ഫോട്ടോ എന്നിവയും അപ്ലോഡ് ചെയ്യണം. യാത്രക്കുള്ള അനുമതി സന്ദേശം തീയതിക്ക് നാല് ദിവസം മുമ്പേ അറിയൂ. രജിസ്റ്റർ ചെയ്ത് ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഫോൺ കോളുകൾ വരികയായി. ചിലത് ഐബിയിൽ നിന്ന്, ക്രൈം ബ്രാഞ്ചിൽ നിന്ന്, പിന്നെ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന്, ഞങ്ങളുടെ കുടുംബത്തിന്റെ A to Z കാര്യങ്ങൾ അവർ ചോദിച്ചറിഞ്ഞു. ചില അനുകൂല ഘടകങ്ങൾ കൊണ്ട് ഈയുള്ളവന്റെ വീട്ടിൽ നേരിട്ട് വന്നുള്ള അന്വേഷണം ഒഴിവാക്കി. എന്നാൽ മന്സൂറിന്റെ വീട്ടിൽ ചെന്ന് അവർ അന്വേഷണം നടത്തി.
23 നു ഞാൻ ആലുവയിൽ നിന്നും മൻസൂർ കോഴിക്കോട് നിന്നും ട്രെയിൻ കയറി. 24 ആം തീയതി ഉച്ചയോടെയാണ് രണ്ട് പേരുടെയും ഫോണിൽ മെസേജ് വന്നത്. എന്റെ ഓകെ ആണെന്നും മന്സൂറിന്റെ റിജക്ട് ചെയ്തു എന്നും അറിയിച്ചു കൊണ്ടുള്ളത്.
മൻസൂർ കുളു മനാലിക്കും ഞാൻ അമൃത് സറിലേക്കും യാത്ര തുടർന്നു. ഘനഗാഭീര്യമാർന്ന ചരിത്രമുറങ്ങുന്ന അമൃത്സറിൽ ഒരു രാത്രി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ബസിൽ 70 കിലോമീറ്റർ ദൂരമുള്ള ഗുരുദാസ്പൂറിലേക്ക്. അവിടെ നിന്നും പിന്നെയും മറ്റൊരു ബസിൽ 37 കിലോമീറ്റർ ദൂരെയുള്ള കർത്താർപൂർ കൊറിഡോറിനടുത്തുള്ള ടൗണ് വരെ. വണ്ടി ഒന്നും കിട്ടാത്തത് കൊണ്ട് ബസ് സ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ നടന്നു കൊറിഡോറിലേക്കുള്ള പ്രവേശനകവാടത്തിൽ എത്തി.
ആദ്യ പരിശോധന. യാത്രക്ക് പാസ്പ്പോർട്ടിനൊപ്പം വെബ്‌സൈറ്റിൽ നിന്നും എടുത്തു പ്രിന്റ് ചെയ്ത ETA (Electronic Travel Authorization) കൂടി വേണമായിരുന്നു. അത് കയ്യിൽ ഇല്ലെന്നറിഞ്ഞ സഹായമനസ്കരായ പട്ടാളക്കാർ 2 കിലോമീറ്റർ അപ്പുറത്തെ ആ കൊച്ചുപട്ടണത്തിലെ ഏതോ DTP ഷോപ്പിൽ എന്റെ രജിസ്‌ട്രേഷൻ നമ്പർ വിളിച്ചു പറഞ്ഞു ETA പ്രിന്റ് ചെയ്യിപ്പിച്ചു അവിടെ എത്തിപ്പിച്ചു കയ്യിൽ തന്ന് ഇന്ത്യൻ പാസഞ്ചർ ടെർമിനലിലേക്ക് കേറ്റി വിട്ടു.
കൂറ്റൻ കെട്ടിടം. പണികൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. വീണ്ടും പട്ടാളക്കാരുടെ പരിശോധന. ശേഷം ഇമിഗ്രെഷൻ കൗണ്ടറിലെ ഓഫീസറുടെ മുന്നിലേക്ക്. മലയാളി എന്നത് കണ്ട്മുട്ടുന്നവർക്കെല്ലാം കൗതുകമായിരുന്നു, അദ്ദേഹത്തിനും. കൗതുകത്തോടൊപ്പം കേരളത്തിൽ നിന്ന് വരുന്നതുകൊണ്ടും സിഖുകാരൻ അല്ലാത്തതുകൊണ്ടുമുള്ള സംശയം, ഇത്രയും ദൂരത്ത് നിന്ന് വരുന്നവനോടുള്ള അനുകമ്പയും സഹായമനസ്കതയും, എല്ലാം കലർന്ന ഒരു പെരുമാറ്റം.
കുറെ കാര്യങ്ങൾ ചോദിച്ചു. കുറച്ചു സമയം എന്നെ മാറ്റിയിരുത്തി വേറെ ഓഫീസർമാരുമായി ചർച്ച. ഒടുവിൽ കേറ്റി വിട്ടു, തിരിച്ചുവരുമ്പോൾ വീണ്ടും അദ്ദേഹത്തെ കണ്ടിട്ടേ പോകാവൂ. 4 മണിക്ക് തിരിച്ചുവരണം എന്നീ നിബന്ധനകളോടെ. അപ്പോൾ സമയം ഒരു മണി കഴിഞ്ഞിരുന്നു. ശേഷം വീണ്ടും ബാഗ് പരിശോധന, കൊണ്ട് പോകുന്ന സാധനങ്ങളുടെ ലിസ്റ്റ് എഴുതികൊടുക്കൽ അതും കഴിഞ്ഞു പിന്നെയും മുന്നോട്ട്.
കുറച്ചു സിഖ് മതക്കാർ കൂടി നിൽക്കുന്നിടത്തേക്ക്. പതിവ് പോലെ മലയാളി എന്നറിഞ്ഞ് കൗതുകം തൂകുന്നു, അവർ വായിൽ ഒരു ദ്രാവകം ഒഴിച്ചുതന്നു, മതസംബന്ധമായ എന്തോ ചടങ്ങ് ആണത്. അതും കഴിഞ്ഞു മുന്നോട്ട് പോകവെ അവരിൽ ഒരാൾ പിന്നാലെ ഓടി വന്നു മുന്നറിയിപ്പ് തന്നു, ഇൻഡ്യ-പാക്ക് ബന്ധത്തെകുറിച്ച് ഒക്കെ ആരെങ്കിലും ചോദിച്ചേക്കാം, ഒന്നും പറയാൻ നിൽക്കേണ്ട, ശ്രദ്ധിക്കണം’ എന്ന്. പിന്നെയും മുന്നോട്ട്.
ഒരു ചെറിയ ഇലക്ട്രിക്ക് വണ്ടി മുന്നിൽ വന്നു നിന്നു. ആ വണ്ടി എന്നെയും കൊണ്ട് 200 മീറ്ററോളം അകലെയുള്ള ഇൻഡ്യ- പാക്ക് അതിർത്തിയിലെത്തി. രണ്ട് രാജ്യങ്ങളിലെയും പട്ടാളക്കാർ അതിർത്തക്കപുറത്തും ഇപ്പുറത്തും നിലയുറപ്പിചിരിക്കുന്നു. എന്നോട് അതിർത്തി കടന്നോളാൻ അവർ നിർദ്ദേശിച്ചു. ഒന്നു ശങ്കിച്ചു നിന്ന് പാക്ക് അതിർത്തിയിലേക്ക് കയറി നിന്നു.
അതേ, ഞാൻ എന്റെ രാജ്യത്തിൽ നിന്ന് പാക്കിസ്ഥാനിൽ എത്തിയിരിക്കുന്നു. ഈയൊരു കാര്യത്തിനാണല്ലോ ഈ തീർത്ഥയാത്രയുടെ പേരിൽ ഇത്രയും ദൂരം വന്നത് എന്നോർത്തു പുളകം കൊണ്ട് നിൽക്കെ പാക്ക് ഭാഗത്ത് നിന്ന് മറ്റൊരു ഇലക്ട്രിക് വണ്ടി വന്നു. അതിൽ കയറി ഏകദേശം 1 കിലോമീറ്റർ ദൂരത്തുള്ള പാക്കിസ്ഥാൻ ഇമിഗ്രെഷൻ ഓഫീസിലേക്ക്. ഇന്ത്യയുടെ പാസഞ്ചർ ടെർമിനലിന്റെ അത്രയും വലുപ്പം ഇല്ല.
ആദ്യം അവിടുത്തെ കറൻസി എക്‌സ്‌ചേഞ്ച് കൗണ്ടറിൽ 20 ഡോളറിനായി ഇന്ത്യൻ രൂപ മാറി. കൂടാതെ കുറച്ചു പാക് രൂപയും. 20 ഡോളർ ഫീസ് മറ്റൊരു കൗണ്ടറിൽ അടച്ചു ആ രസീതും സഹിതം ഓഫീസിനുള്ളിലേക്ക് കയറി ഇമിഗ്രെഷൻ കൗണ്ടറിലേക്ക്. സൗഹാർദ്ദപരമായ അവിടുത്തെ നടപടിക്രമങ്ങൾക്ക് ശേഷം മുന്നോട്ട്. ധരിക്കാനുള്ള ടാഗ് തന്നു. വീണ്ടും ഒരു പരിശോധന കഴിഞ്ഞു എതിർവശത്തുള്ള വാതിലിൽ കൂടെ പുറത്തേക്ക് ഇറങ്ങി. കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന നമ്മുടെ ലോഫ്‌ളോർ ബസ് പോലുള്ള ബസിൽ കയറിയിരുന്നു.
5 മിനിറ്റിനുള്ളിൽ ബസ് ഗുരുദ്വാരയിലേക്ക് പുറപ്പെട്ടു. ബസിലും യാത്രികനായി ഈയുള്ളവൻ ഒരാളെ ഉള്ളു. പിന്നെ ഡ്രൈവറും മറ്റൊരു സ്റ്റാഫും. മറ്റു തീർഥാടകർ എല്ലാം നേരത്തെ പോയ്പ്പോയിരുന്നു. നീണ്ടു നിവർന്നുകിടക്കുന്ന മനോഹരമായ പാത രവി നദിയും പിന്നിട്ട് പോകുമ്പോൾ ദൂരെ നിന്ന് കാണാമായിരുന്നു ഏക്കര് കണക്കിന് സ്ഥലത്തിൽ വെണ്ണ കണക്കെ പരന്നു കിടക്കുന്ന ദേവാലയം. 10 മിനിറ്റിനുള്ളിൽ ഗുരുദ്വാരയുടെ കവാടത്തിൽ എത്തി. അതിർത്തിയിലെത് പോലെ നിർവികാരരായ പാക് പട്ടാളക്കാർ ആയിരുന്നില്ല, ഇവിടുത്തെ പാക്ക് പട്ടാളക്കാർ നിറഞ്ഞ ചിരിയോടെ എതിരേറ്റു.
പാക്കിസ്ഥാനിൽ നിന്നും ഇൻഡ്യയിൽ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികൾ എത്തിയിട്ടുണ്ട് ഗുരുദ്വാരയിൽ. അകത്ത് കടന്നപ്പോൾ ഒരു പട്ടാളക്കാരൻ ബാഗ് പരിശോധിക്കെയാണ് കഴുത്തിലെ ടാഗ് കണ്ടത്. ഉടൻ പരിശോധന നിർത്തി ഇന്ത്യയിൽ നിന്നുള്ളവർക്ക് പരിശോധന ഇല്ലെന്ന് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ഗുരുദ്വാര പരിമിതമായ സമയത്തിനുള്ളിൽ കണ്ട് തീർത്തു. മനോഹരമായ നിർമിതി. ചതുരാകൃതിയിൽ ഉള്ള കെട്ടിടത്തിനുള്ളിലെ, ഒരു സ്റ്റേഡിയത്തെക്കാൾ വലിയ ചത്വരം മുഴുവൻ ‘വെണ്ണക്കല്ലുകൾ’ പാകിയിരിക്കുന്നു. അതിന്റെ മധ്യത്തിൽ ആയുള്ള പ്രധാനദേവാലയം 1925ൽ സ്ഥാപിച്ചതാണത്രേ. 20 അടി ആഴമുള്ള കിണർ, മ്യുസിയം, ലൈബ്രറി, ഡോർമെട്രികൾ, ലോക്കർ റൂമുകൾ ഒക്കെയായി 42 ഏക്കറിൽ പരന്നു കിടക്കയാണ് ഈ ദേവാലയം.
ഗുരുദ്വാരയിൽ നിന്നും അല്പം മാറി കച്ചവടക്കാർക്കായി നിരവധി സ്റ്റാളുകൾ സ്ഥാപിച്ചിട്ടുണ്ട്. അതൊക്കെ ഒന്നു ചുറ്റി നടന്നുകണ്ടു. വിലയൊക്കെ ഇത്തിരി ജാസ്തി ആയോണ്ട് ഒന്നും വാങ്ങിയില്ല. നുമ്മക്ക് നുമ്മടെ ഇൻഡ്യ ഉണ്ടല്ലോ എന്തും വാങ്ങാൻ. സൗത്ത് ഇൻഡ്യയിൽ നിന്നാണെന്ന് അറിഞ്ഞ് പാക്കിസ്ഥാനികളായ കുറച്ചു യുവാക്കൾ സെൽഫി എടുത്തതൊക്കെ മറക്കാനാവാത്ത അനുഭവമായി.
തിരിച്ചു ബസിലേക്ക്. തിരികെ പോകാൻ നിറയെ സിഖുകാരും ഉണ്ടായിരുന്നു.
തിരികെ പോരുമ്പോൾ ഇന്ത്യൻ ടെർമിനലിൽ ഗേറ്റിന് പുറത്തു പെട്ടിവണ്ടിയിൽ പലഹാരകച്ചവടം നടത്തുന്നിടത്ത് നിന്ന് ഭക്ഷണം വാങ്ങി കഴിക്കവേ ആ കടക്കാരൻ, ഒരു ചെറുപ്പക്കാരൻ ആണ്, തീർത്ഥയാത്രയുടെ മൊബൈലിൽ എടുത്ത ഫോട്ടോകൾ കാണിച്ചു തരാമോയെന്നു ചോദിച്ചു.
ഫോട്ടോകൾ കണ്ട് അൽപ്പം നിരാശയോടെ നിന്ന അദ്ദേഹത്തോട് സിഖ് ആണോയെന്നു ആരാഞ്ഞു. അദ്ദേഹത്തിന്റെ മറുപടി, “അതേ, തൊട്ടടുത്തായിട്ടും പാസ്പോർട്ട് ഇല്ലാത്തതുകൊണ്ട് ഇതുവരെ എനിക്ക് അവിടെ പോകാൻ പറ്റിയില്ല. എപ്പോഴെങ്കിലും ഒന്നു പോകണം.”
നമുക്ക് ഈ തീർത്ഥയാത്ര എല്ലാ യാത്രയും പോലെ ഒരു യാത്ര. പക്ഷെ അദ്ദേഹത്തെ പോലെ അനവധി സിഖുകാർക്ക് ഈ യാത്ര തങ്ങളുടെ തീവ്രവിശ്വാസത്തിന്റെ പൂർത്തീകരിക്കാനാകാത്ത ഒരു വലിയ ഏട് ആണ്. അദ്ദേഹത്തിന് എത്രയും വേഗം അവിടം സന്ദർശിക്കാൻ പറ്റട്ടെ എന്നാശിച്ച് ആ ചെറുപ്പക്കാരനോട് യാത്രപറഞ്ഞ് ആ ഗേറ്റിൽ നിന്നും ടൗണിലെ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.
1 comment
superb bro…..