വാഹനങ്ങളിലെ ഇൻഡിക്കേറ്ററുകളുടെ ഉപയോഗം എന്തിനാണെന്ന് പൊതുവെ എല്ലാവർക്കും അറിയാവുന്നതാണ്. ഡ്രൈവിംഗ് അറിയാവുന്നവർക്ക് പ്രത്യേകിച്ച്. എന്നാൽ ഈ ഇൻഡിക്കേറ്ററുകൾ കൈകൊണ്ട് തൊടാൻ അലർജ്ജിയുള്ള ഒരു കൂട്ടം ഡ്രൈവർമാരുണ്ട് നമുക്കിടയിൽ. അവരിൽ എടുത്തു പറയേണ്ട ഒരു വിഭവമാണ് ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ. എല്ലാവരും ഇങ്ങനെയാണെന്നല്ല പറഞ്ഞു വരുന്നത്, എങ്കിലും ഓട്ടോ ഓടിക്കുന്ന 50% ആളുകളും ഇൻഡിക്കേറ്റർ ഉപയോഗിക്കാത്തവരാണ്. ഇത് ജനങ്ങൾക്കിടയിൽ കുറേക്കാലമായി ഒരു സംസാര വിഷയവുമാണ്. ഈ കാരണത്താൽ അപകടങ്ങൾ പതിവായതോടെ കേരള ട്രാഫിക് പോലീസ് ഇത്തരത്തിലുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാർക്കിടയിൽ ബോധവൽക്കരണം നടത്തി വരികയാണ്. ട്രാഫിക് പോലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഈ കാരണം കാണിച്ചു കൊണ്ടുള്ള ബോധവൽക്കരണ പോസ്റ്റ് ഇട്ടിരിക്കുന്നത്. മികച്ച പ്രതികരണം ലഭിച്ച ആ പോസ്റ്റ് ഇങ്ങനെ…
“ഓട്ടോറിക്ഷ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: വളരെ പെട്ടെന്ന് Right Turn കളും U-Turn കളും ചെയ്യുക, അമിതവേഗതയില്‍ മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുക എന്നീ സമയങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതുവശത്തുകൂടി മാത്രം അങ്ങനെ ചെയ്യുക. ഇന്‍ഡികേറ്റര്‍ അനാവശ്യമായി ഓണ്‍ ചെയ്ത് വണ്ടി ഓടിക്കരുത്. വഴി വക്കില്‍ നില്‍ക്കുന്ന യാത്രക്കാര്‍ കൈ കാണിച്ചാല്‍ വാഹനം നിര്‍ത്തുന്നതിനോ, തിരിക്കുന്നതിനോ മുന്‍പായി പുറകില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പ്രതികരിക്കാന്‍ സമയം നല്‍കുന്ന വിധത്തില്‍ സിഗ്നല്‍ നല്‍കിയ ശേഷം മാത്രമേ വാഹനം നിര്‍ത്തുകയോ, തിരിക്കുകയോ ചെയ്യാവൂ.
വളവുകളിലും, കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണുവാന്‍ പാടില്ലാതിരിക്കുമ്പോഴും മറ്റ് വാഹനങ്ങളെ മറികടക്കരുത്. ഓട്ടോറിക്ഷകളില്‍ ആളെ കുത്തിനിറച്ച് നിയമാനുസൃതമായതില്‍ കൂടുതല്‍ ആളുകളുമായി സവാരി നടത്തരുത്. ഓട്ടോറിക്ഷാ ഡ്രൈവറുടെ സീറ്റില്‍ മറ്റൊരാളെയും കയറ്റി ഓട്ടോ ഓടിക്കരുത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നിയമാനുസൃതമായ യൂണിഫോം ധരിക്കേണ്ടതാണ്. വാഹന യാത്രക്കാരില്‍ നിന്നും നിയമാനുസൃതമായ യാത്രക്കൂലി മാത്രം വാങ്ങുക. അവര്‍ എന്തെങ്കിലും വസ്തുക്കള്‍ മറന്നുവെച്ചാല്‍ അത് മടക്കി അവരെ തന്നെയോ, അല്ലെങ്കില്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ രേഖാമൂലം ഏല്പിക്കുക.”
വാഹനം വളരെ പെട്ടെന്ന് വളയ്ക്കുമ്പോഴും അമിതവേഗതയില്‍ മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോഴുമാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നതെന്നും ഓട്ടോറിക്ഷ തിരിക്കുന്നതിന് മുമ്പായി പുറകില്‍നിന്നും എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പ്രതികരിക്കാന്‍ സമയം നല്‍കുന്ന വിധത്തില്‍ സിഗ്നല്‍ നല്‍കിയ ശേഷം മാത്രമേ വാഹനം നിര്‍ത്തുകയോ തിരക്കുകയോ ചെയ്യാന്‍ പാടുള്ളുവെന്നുമൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും പലരും ഇത് അവഗണിച്ചു അപകടം വരുത്തുകയാണ് ചെയ്യുന്നത്. വാഹനങ്ങളിൽ ഇൻഡിക്കേറ്റർ ചുമ്മാ ഷോയ്ക്ക് വെച്ചിരിക്കുന്നതല്ല. അത് ഉപയോഗിക്കേണ്ട സന്ദർഭങ്ങളിൽ ഉപയോഗിക്കുക. ഇനിയൊരപകടം വരുത്തി വെക്കാതിരിക്കുക. ഓട്ടോറിക്ഷക്കാർ മാത്രമല്ല, എല്ലാ ഡ്രൈവർമാരും ഇത് മനസ്സിലോർക്കുക…