കേരളത്തിലെ റോഡിലൂടെ സഞ്ചരിച്ചിട്ടുള്ളവർ ഒരിക്കലെങ്കിലും KTC എന്നെഴുതിയ ലോറിയോ ബസ്സോ കണ്ടിട്ടുണ്ടാകും. എന്താണ് ഈ KTC? KSRTC പോലെ എന്തെങ്കിലുമാണോ? സംശയങ്ങളുള്ളവർ അനവധി. എങ്കിൽ ഇതാ KTC യുടെ കഥ കേട്ടോളൂ…
പണ്ട് അതായത് ഒരു 1955 – 56 കാലഘട്ടം. കോഴിക്കോട് പട്ടണം തിളങ്ങി നിൽക്കുന്ന സമയം. ബിർള കമ്പനി കോഴിക്കോട്ട് ഗ്വാളിയോർ റയോൺസ് എന്നൊരു വലിയ ഫാക്ടറി നടത്തുന്നുണ്ട്. അതിനെ തുടർന്നുള്ള വികസനപരിപാടികളുടെ ബഹളം ആയിരുന്നു അന്ന് കോഴിക്കോട്ടങ്ങാടി മുഴുവൻ. പതിമംഗലംകാരു ലോറി വാങ്ങുന്നു, കേരളത്തിലെ വല്യ ലോറി ഗ്രാമം ആകുന്നു. ഒക്കെ ഈ കാലത്ത് ആണ്.
ആ സമയത്ത് ഒരു പാവം മനുഷ്യൻ ഉണ്ടുവണ്ടിയിൽ പച്ചക്കറി കച്ചവടം ഒക്കെ ആയി കോഴിക്കോട്ടങ്ങാടില് ഉണ്ടായിരുന്നു,പേര് പി.വി. സ്വാമി. അദ്ദേഹം ചേനക്കച്ചവടത്തിൽ സ്പെഷ്യലിസ്റ്റ് ആയിരുന്നതിനാൽ നാട്ടുകാർ വിളിച്ചിരുന്നത് ‘ചേനസ്വാമി’ എന്നായിരുന്നു. അങ്ങനെ ഉന്തുവണ്ടിക്കച്ചവടവുമായി നടക്കുന്നതിനിടയിൽ പെട്ടന്ന് സ്വാമിയ്ക്ക് ഒരു വെളിപാടുണ്ടായി. മറ്റൊന്നുമല്ല, ഗ്വാളിയോർ റയോൺസ് കമ്പനിയിൽ ഒരുപാട് ആളുകൾ ഉണ്ടല്ലോ. അപ്പൊ കച്ചോടം അങ്ങോട്ടാക്കിയാൽ എന്താ? പിന്നെ ഒന്നും നോക്കിയില്ല, സ്വാമിയുടെ കച്ചോടം നേരെ അങ്ങോട്ടാക്കി. അദ്ദേഹത്തിന് അതിൻ്റെ മെച്ചവും ഉണ്ടായി.
കച്ചവടം കൂടിയതോടെ ഉന്തുവണ്ടി മാറ്റി സ്വാമി ഒരു മിനിലോറി എടുത്തു. പിന്നെ ലോറി വന്നു. അതോടെ സ്വാമി ലൈൻ ഒന്ന് മാറ്റി. കച്ചവടം എന്നത് പാർസൽ സർവീസ് ആക്കി മാറ്റി. ഒപ്പം പേരും ഇട്ടു “കേരള ട്രാൻസ്‌പോർട് കമ്പനി” അഥവാ KTC. പിന്നങ്ങോട്ട് വച്ചടി വച്ചടി കയറ്റം ആയിരുന്നു. ലോറികളുടെ എണ്ണം കൂടിക്കൂടി വന്നു. അപ്പോൾ സ്വാമിയ്ക്ക് തോന്നി ലോറി മാത്രം പോരാ ബസും വേണം. എന്നാലെ ഒരു ഇത് ഉള്ളു. അങ്ങനെ KTC യിൽ ബസ്സുകളും വന്നു. പിന്നങ്ങോട്ട് KTC യുടെ കാലം ആയിരുന്നു. ഓറഞ്ചും ക്രീമും കളറിൽ KTC ബസുകൾ ആദ്യം കോഴിക്കോടെങ്ങും ഓടി. പിന്നെ ജില്ല വിട്ടു സമീപ ജില്ലകളിലേക്കും ഓടി.
മലപ്പുറം , പാലക്കാട് , തൃശൂർ, കണ്ണൂർ ജില്ലകളിൽ കെടിസിയുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു.. ആ കാലത്ത് പാലക്കാട് – കോഴിക്കോട് രാജപാതയെ ഭരിച്ചിരുന്നത് രണ്ടേ രണ്ടു ശക്തികളായിരുന്നു. ഒന്ന് KTC യും മറ്റൊന്ന് കേരളത്തിലെ ബസ് വ്യവസായത്തിന്റെ തലതൊട്ടപ്പനായ സാക്ഷാൽ മയിൽവാഹനവും.
കെ.ടി.സി. അഥവാ കേരള ട്രാൻസ്‌പോർട്ട് കമ്പനിയുടെ ചരിത്രം – വീഡിയോ.
കെടിസിക്ക് പാലക്കാട്ടേക്ക് മാത്രം 25 ഓളം വണ്ടികൾ ഉണ്ടായിരുന്നു. കോഴിക്കോട് – പാലക്കാട്, കോഴിക്കോട് – ഗുരുവായൂർ, കോഴിക്കോട് – തൃശൂർ, കോഴിക്കോട് – തലശ്ശേരി, കോഴിക്കോട് – കണ്ണൂർ. കോഴിക്കോട് ലോക്കൽ പെർമിറ്റുകളായ മുക്കം – തിരുവമ്പാടി, കുറ്റ്യാടി തുടങ്ങിയ റൂട്ടുകളിൽ KTC ബസുകളുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു. തലശ്ശേരി – പാലക്കാട്, കൊട്ടിയൂർ അമ്പലം – താമരശ്ശേരി LSFP , വടകര – പാലക്കാട് Super Express ഒക്കെ അക്കാലത്ത് ഒരു വ്യത്യസ്തത ആയിരുന്നു.
ഒരു കാലത്ത് മലയാള സിനിമകളിൽ വരെ ഇവരുടെ ബസ്സുകളും ലോറികളും ഒരുപാട് വന്ന് പോയിട്ടുണ്ട്. രുദ്രാക്ഷം, മിഥുനം, പിൻഗാമി, പെരുമഴക്കാലം അങ്ങിനെ ഒട്ടനവധി സിനിമകൾ. രുദ്രാക്ഷം സിനിമയിലെ ഒരു പ്രമുഖ കഥാപാത്രം തന്നെ കെടിസിയുടെ പാഴ്‌സൽ ലോറി ആണ്.
കാലം കടന്നു പോയി. KTC വലിയ കമ്പനി ആയി മാറി. അപ്പോഴാണ് നല്ല രീതിയിൽ പോയിരുന്ന എല്ലാ കമ്പനികളെയും ബാധിച്ച ‘കാൻസർ’ കെടിസിക്കും പിടിപെട്ടത്. “തൊഴിലാളി സമരം.” പിന്നെ എല്ലാം പെട്ടെന്നായിരുന്നു. തൊഴിലാളി സമരത്തെ അതിജീവിച്ചു സർവീസ് നടത്താൻ നോക്കിയെങ്കിലും വലിയ മെച്ചമുണ്ടായില്ല. കോഴിക്കോട് – പാലക്കാട് റൂട്ടിലോക്കെ സർവ്വീസ് നടത്തുന്ന വണ്ടികൾക്ക് 2000 ഒക്കെ മാത്രം കളക്ഷൻ കിട്ടിയപ്പോൾ പതിയെ ബസ് സർവീസ് അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചു.
അങ്ങനെ കുറെ ബസുകൾ അവർ വിറ്റു, ബാക്കി കുറെ എണ്ണം തൊഴിലാളികൾക്ക് വീതിച്ചു നൽകി ഒടുവിൽ കെടിസി ബസ് സർവീസ് അവസാനിപ്പിച്ചു. സ്റ്റേജ് കാരിയേജ് ബസ് സർവ്വീസുകൾ നിർത്തലാക്കിയെങ്കിലും, പല കമ്പനികൾക്കും വേണ്ടി സ്റ്റാഫ് ബസുകളായി കെടിസി സർവീസ് നടത്തി. ഇപ്പോഴും അത് തുടരുന്നു.
കാലങ്ങൾക്കു ശേഷം വീണ്ടും കെടിസി വന്നു, ഇന്റർസിറ്റി ടൂറിസ്റ്റ് ബസ് സർവീസുമായി. കോഴിക്കോട് – ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്താൻ 15 മൾട്ടി ആക്സിൽ വോൾവോ ബസുകൾ ബുക്ക് ചെയ്തിരുന്നുവെങ്കിലും വിവിധ കാരണങ്ങളാൽ പിന്മാറി. അവസാനം 2 ബസുകളുമായി കോഴിക്കോട് – ചെന്നൈ സർവീസ് ആരംഭിച്ചു.ക്ക് ഒരു കാഞ്ഞങ്ങാട് – തിരുവനന്തപുരം സർവീസും വന്നിരുന്നു. ടൂറിസ്റ്റ് ബസുകളും സ്റ്റാഫ് ബസുകളുമായി ഇന്നും കെടിസി തന്റെ ജൈത്ര യാത്ര തുടരുന്നു.
കടപ്പാട് – പൊന്മൻ പുഴക്കടവിൽ, ബസ് കേരള.