ഇന്റർ-സ്റ്റേറ്റ് പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് സർവ്വീസുകൾ യാത്രക്കാരെ അമിതചാർജുകൾ ഈടാക്കി പിഴിയുകയും, തെറ്റുകൾ ചോദ്യം ചെയ്യുന്നവരെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചു വന്നതോടെ ഇതിനു കടിഞ്ഞാണിടാൻ സംസ്ഥാന ഗതാഗതവകുപ്പ് മുൻകൈ എടുത്തിരിക്കുകയാണ് ഇപ്പോൾ. ഈ കാര്യം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അദ്ദേഹത്തിൻ്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽക്കൂടി അറിയിച്ചിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു.

“അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളെ നിയന്ത്രിക്കാൻ കർശന നടപടി. ഇത്തരം ബസുകളിൽ സ്പീഡ് ഗവർണറുകളും ജി. പി. എസും നിർബന്ധമാക്കും. ജൂൺ ഒന്നു മുതൽ കേരളത്തിൽ സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസുകളിൽ ജി. പി. എസ് സംവിധാനം ഉണ്ടാവണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

ഇത്തരം ബസുകൾ അമിത ചാർജ് ഈടാക്കുന്നതായാണ് പരാതി. കോൺട്രാക്ട് കാര്യേജുകളുടെ നിരക്കിനെ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഫെയർ സ്‌റ്റേജ് നിർണയിക്കാൻ നിശ്ചയിച്ചിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനോട് അഭ്യർത്ഥിക്കും. ഇത്തരം വാഹനങ്ങൾ ചരക്ക് കൊണ്ടുപോകുന്നത് കർശനമായി തടയും. ഇതിന് പോലീസിന്റേയും നികുതി വകുപ്പിന്റേയും സഹായം തേടും. എൽ. എ. പി. ടി ലൈസൻസുള്ള ഏജൻസികൾ മുഖേനയാണ് ഇപ്പോൾ ബുക്കിംഗ് നടത്തുന്നത്. ഇവയുടെ പ്രവർത്തനം പരിശോധിച്ചു വരികയാണ്. 46 എണ്ണം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ മതിയായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ അടച്ചു പൂട്ടാൻ നടപടിയെടുക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കും.

കെ. എസ്. ആർ. ടി. സിയുടെ അന്തർസംസ്ഥാന സർവീസുകൾ നിസാര കാരണങ്ങളാൽ റദ്ദാക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേക കാരണങ്ങളാൽ ബസ് ഓടിക്കാൻ സാധിക്കാത്ത അവസ്ഥയിൽ പകരം ബസ് ലഭ്യമാക്കണം. പകരം ബസ് ലഭ്യമാക്കിയില്ലെങ്കിൽ വാടക ബസ് കരാർ റദ്ദാക്കുമെന്ന് ബസ് നൽകിയ കമ്പനിക്ക് നോട്ടീസ് കൊടുത്തിട്ടുണ്ട്. അന്തർസംസ്ഥാന ബസുകൾ കൂടുതൽ ഓടിക്കുന്നത് സംബന്ധിച്ച് ഗതാഗത സെക്രട്ടറിതല ചർച്ച നടത്തും. ബാംഗ്‌ളൂരിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ റെയിൽവേ ചെയർമാനുമായി ചർച്ച നടത്തിയിട്ടുണ്ട്.

പോലീസ് സഹകരണത്തോടെ ഗതാഗത വകുപ്പ് നടത്തിയ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് പരിശോധനയിൽ ബുധനാഴ്ച വരെ 259 കേസുകളെടുത്തു. 3.74 ലക്ഷം രൂപ പിഴയീടാക്കി 19 ചെക്ക്‌പോസ്റ്റുകളിൽ പരിശോധന നടത്തി. മൂന്ന് അന്തർസംസ്ഥാന സ്വകാര്യ ബസുകളിൽ ചരക്ക് കടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധന തുടരും.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.