കോവിഡ് എന്ന മഹാമാരി ലോകമെമ്പാടുമുള്ള പല മേഖലകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ഒരു വിഭാഗമാണ് ഹോട്ടലുകൾ. ലോക്ക്ഡൌൺ കാലത്ത് പൂർണ്ണമായും അടച്ചിട്ടിരുന്ന തരത്തിലുള്ള പ്രതിസന്ധികളിലായിരുന്നെങ്കിലും ഇപ്പോൾ പതിയെ ഹോട്ടൽ രംഗം തിരിച്ചുവരവിനൊരുങ്ങുകയാണ്.
ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിൽ തടസങ്ങളൊന്നുമില്ലെങ്കിലും ഇപ്പോഴത്തെ അവസ്ഥയെ മുൻനിർത്തി, Swiggy, Zomato മാതൃകയിൽ ഓൺലൈനായി ഭക്ഷണ വിതരണം നടത്തുന്ന പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA). ഇതിനായുള്ള ആപ്പ് അണിയറയിൽ തയ്യാറായിരിക്കുകയാണ് ഇപ്പോൾ.
ഓൺലൈൻ രംഗത്തുള്ള കുത്തക കമ്പനികൾ ഹോട്ടലുടമകളിൽ നിന്നും 20 മുതൽ 30 ശതമാനം വരെ കമ്മീഷനും ഉപഭോക്താക്കളിൽ നിന്നും ഡെലിവറി ചാർജ്ജും ഈടാക്കാറുണ്ട്. ഇത്തരത്തിൽ കൂടിയ കമ്മീഷൻ തുക നൽകി ഹോട്ടലുടമകൾക്ക് ഈ അവസരത്തിൽ വ്യാപാരം നടത്തുവാൻ സാധിക്കാത്ത അവസരം വന്നതോടെയാണ് ഇതിനായി ഒരു ആപ്പ് പുറത്തിറക്കാമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചത്.
തങ്ങളുടെ പുതിയ ആപ്പ് പ്രവർത്തനക്ഷമമാകുന്നതോടെ മറ്റുള്ള ഓൺലൈൻ ഫുഡ് ആപ്പുകളുമായുള്ള ബന്ധം ഹോട്ടലുകൾ അവസാനിപ്പിക്കും. പുതിയ ആപ്പിനു യോജിച്ച പേര് പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശപ്രകാരമായിരിക്കും ഇടുക. ഇതുകൂടാതെ വിഷരഹിത പച്ചക്കറി പദ്ധതിയായ ജീവനിയുമായി സഹകരിച്ച് പച്ചക്കറികൾ നേരിട്ട് ഹോട്ടലുകളിൽ എത്തിക്കുന്നതിനും പദ്ധതിയുണ്ട്.
കോവിഡ് പ്രതിസന്ധികളിൽ നിന്നും തിരിച്ചു വന്നുകൊണ്ടിരിക്കുന്ന ഹോട്ടൽ മേഖലയിലേക്ക് കോവിഡ് കാരണം ജോലി നഷ്ടപ്പെടും അല്ലാതെയും നാട്ടിലേക്ക് മടങ്ങിയ പ്രവാസികളെ വിന്യസിപ്പിക്കുവാനുള്ള പദ്ധതിയും ഒരുങ്ങുന്നുണ്ട്. ഇതിനായി സർക്കാർ സഹകരണത്തോടെ ഇവർക്ക് ഹോട്ടൽ മേഖലയിലെ വിവിധ സേവനങ്ങൾക്കായുള്ള ഹ്രസ്വകാല പരിശീലനം നൽകുകയും ചെയ്യും.
1 comment
I want write in your website for application