വിവരണം – യദുകുൽ കെ.ജി.
യാത്ര തുടങ്ങുന്നത് രാത്രി പന്ത്രണ്ട് മണിയോടെയാണ് പതിവു പോലെ ഞങ്ങളെല്ലാവരും പാലായിൽ ഒത്തുകൂടി. മൂന്നുവണ്ടികളിലായി ആറുപേർ. ജിഷ്ണുവിൻ്റെ വീട്ടില്‍ കയറി വയറുനിറച്ച് രാത്രി യാത്രയ്ക്ക് തിരികൊളുത്തി. സിഗ്നലുകള്‍ ഉറങ്ങാന്‍ കിടന്ന വഴികളിലൂടെ ഒളിഞ്ഞും തെളിഞ്ഞും കുതിരകൾ ലക്ഷ്യം തേടി. തണുപ്പിറങ്ങിത്തുടങ്ങിയിരുന്നു അതുകൊണ്ട് തന്നെ എല്ലാവരും ജാക്കറ്റുകളോടുള്ള പ്രണയം ഉറപ്പിച്ച് യാത്ര തുടർന്നു. കൂത്താട്ടുകുളം എത്തി അത്യാവശ്യം നല്ല ഒരു പമ്പിൽ കയറി ഇന്ധനം നിറച്ച് ടയർ പ്രഷറും ചെക് ചെയ്ത് യാത്ര തുടർന്നു.
രാത്രിയാത്ര മനുഷ്യന്‍റെ മനസ്സിലേക്ക് ചിന്തകളെ കയറഴിച്ചു വിടും. പക്ഷേ റോഡില്‍ കണ്ണില്ലെങ്കിൽ ഏതെങ്കിലും ലോറിയില്‍ ചുംബനം നൽകാനുള്ള സാധ്യത കൂടുതലാണ്. ഒഴിഞ്ഞ റോഡുകൾ ദേശങ്ങളെ പിന്നിലാക്കിത്തന്നുകൊണ്ടിരുന്നു.
പെരുമ്പാവൂരും കഴിഞ്ഞ് തൃശ്ശൂരെത്തിയപ്പോൾ രണ്ടുവരിപ്പാതയുടെ ഓരത്ത് സ്ഥിരം വിശ്രമസ്ഥലത്ത് അഞ്ചുമിനിറ്റ് ഇരുന്നു. തൃശ്ശൂരിലെ റോഡരികുകളിലെ വഴിവിളക്കുകൾക്ക് അന്നുമിന്നും രാത്രി വല്ലാത്തൊരു ഗ്ലാമറാണ്. റോഡില്‍ വാരിവിതറുന്ന മഞ്ഞവെളിച്ചം, അതൊരു ഫീലാണ്. അധികനേരം ഇരിക്കാതെ ഞങ്ങൾ പാലക്കാടൻ റോഡേ വടക്കാഞ്ചേരിക്ക് പെടച്ചു.
വഴി അടിപൊളിയാണ് പക്ഷേ കേരളത്തിലേക്ക് തമിഴ്നാട്ടില്‍ നിന്നും ഭൂരിഭാഗം ലോറികൾ വരുന്ന റൂട്ടാണിത്. അതുകൊണ്ട് തന്നെ അമിതമായ ആത്മവിശ്വാസം ബാഗില്‍ സൂക്ഷിക്കുന്നതാണ് നല്ലത് എന്ന തിരിച്ചറിവുണ്ടായി. വഴിയിലെമ്പാടും കൊള്ളസങ്കേതങ്ങൾ കാണാനിടയായി (ടോൾ). പക്ഷേ ബെെക്കിൽ പോവുന്ന ഞങ്ങള്‍ “രാജാവിനെന്തു ക്യൂ വഴിയൊരുക്കെടാ” എന്ന മട്ടില്‍ യാത്ര തുടർന്നു…
പാലക്കാടൻ പുലർകാലത്തിൻ്റെ താളത്തില്‍ പാട്ടുംപാടി ഞങ്ങള്‍ മണ്ണാർക്കാടുവഴി സെെലൻ്റ് വാലിയിലേക്ക് കയറാനൊരുങ്ങി. ചെക്പോസ്റ്റിൽ കർമ്മനിരതരായ ഉദ്യോഗസ്ഥരെ ശല്യപ്പെടുത്താതെ ഞങ്ങള്‍ സെെലൻ്റ് വാലിയിൽ കയറിയപ്പോള്‍ പുലർച്ചെ മൂന്നുമണി. ആ കാടിന്‍റെ പകുതിയ്ക്ക് വച്ചാണ് യാത്രയിലെ ആദ്യത്തെ വില്ലൻ കൂടെക്കൂടുന്നത് “ഉറക്കം.” കാര്യം പറഞ്ഞപ്പോള്‍ പിറകിലിരുന്ന ജിഷ്ണു പാട്ടു തുടങ്ങി അങ്ങനെ പാട്ട് കൊട്ടിപ്പാട്ടായി. ഇടയ്ക്കു പിന്നിൽ ജോബ് കുര്യനും, ഹാരിഷ് ശിവരാമകൃഷ്ണനും ഒക്കെ കയറിയിറങ്ങിയപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി, ജിഷ്ണൂന് എന്തോ മൾട്ടി പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ട്.
വനം തീർന്നപ്പോൾ ഉറക്കം കൂടി. അതങ്ങനെയാണ് ആവശ്യമില്ലാത്തപ്പോ അങ്ങ് കേറി വരും. വണ്ടി സെെഡാക്കി അടുത്തുളള കയ്യാലപ്പുറത്ത് കയറി കിടന്ന് ഞാന്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കൂടെ സിനിമാമേഖലയിൽ ഒത്തിരി ഗർജ്ജിക്കാതെ അടങ്ങിയിരിക്കണ ഷബാസ് ബ്രോയും..ഉറക്കത്തിലും കലിപ്പുണ്ടാക്കുന്ന ഗൌതവും. അപ്പോള്‍ വണ്ടിയുടെ അടുത്ത് വിവേകും രോഹിത്തും ജിഷ്ണുവും…ഒറ്റ നോട്ടത്തില്‍ മൂന്നു വണ്ടിയില്‍ വന്ന മൂന്നുപേർ…
സമയം നാലുമണി കഴിഞ്ഞു ഉറക്കത്തില്‍ എന്തോ ഒച്ച കേട്ട് ഞെട്ടിയെണീറ്റ് ഞാൻ നോക്കുമ്പോ പരിചയം ഇല്ലാത്ത മൂന്നുപേര്‍ റോഡില്‍ അത്ര വെടിപ്പല്ലാതെ നിൽക്കുന്നു. വണ്ടിയില്‍ ചൂണ്ടി അവർ ജിഷ്ണുവിനോട് എന്തൊക്കെയോ പറഞ്ഞു.
ഇറങ്ങിച്ചെന്നപ്പോൾ ആള് സ്വയം പരിചയപ്പെടുത്തി, പേര് ജോജോ അട്ടപ്പാടിയിലെ സ്വയം പ്രഖ്യാപിത ഗുണ്ട. കൂടെ രണ്ട് എർത്തുകളും ഒരു യമഹ എഫ് സിയും. ബാക്ക്ഗ്രൌണ്ട് സ്കോറിന് അട്ടപ്പാടിയിലെ ചീവീടുകളും. കുറേ ഡയലോഗുകൾക്ക് ശേഷം ഒരു ചെറുത് വാങ്ങാന്‍ 500 തരുമോ എന്ന് ചോദിച്ച് ഗദ്ഗദത്തോടെ നിൽക്കുന്ന ഗുണ്ടയെയാണ് ഞങ്ങൾക്ക് കാണാനായത്. ഒടുവില്‍ ഒറ്റച്ചോദ്യത്തിന് ഗുണ്ടയും പിള്ളാരും വണ്ടിയില്‍ കയറി സ്ഥലം വിട്ടു – “ഞങ്ങള്‍ മൊത്തം ആറുപേരുണ്ട് നിങ്ങളോ ?…”
കുറച്ചുദൂരം കൂടി മുന്നോട്ട് പോയപ്പോള്‍ ഒരു ചായക്കട കണ്ടു. അവിടെ വണ്ടി നിർത്തി ചായയും കുടിച്ച് ഗുണ്ടാക്കഥകൾ പറഞ്ഞു ചിരിച്ചിരുന്നു. ചായക്കടക്കാരന്‍ ചേട്ടന്‍ പറഞ്ഞതനുസരിച്ച് മഞ്ഞിയൂർ (തമിഴ്നാട്ടിൽ) ഞങ്ങൾക്കുള്ള റൂമും ഫുഡ്ഡും ശരിയായി.
മഞ്ഞിനെ വകഞ്ഞുമാറ്റി ഒരു ഗ്രാമത്തിൻ്റെ മുഴുവന്‍ ഭംഗിയും വെളിവാകുന്ന സമയം അത് പുലർച്ചെയാണ്. മുള്ളി ചെക്പോസ്റ്റ് കടക്കാന്‍ നല്ല പരിശോധനയുണ്ട്. ഞങ്ങളുടെ ബാഗ് തപ്പി അവര് നാണംകെടുന്നത് നോക്കി നിൽക്കുമ്പോഴാണ് ഇവരെ സൂക്ഷിക്കുക എന്ന അടിക്കുറിപ്പോടെ കുറെപ്പേരുടെ ചിത്രങ്ങള്‍. പേരുകേട്ട മാവോയിസ്റ്റുകളാണത്രേ. വഴിയില്‍ വണ്ടിക്ക് ആരെങ്കിലും കെെകാണിച്ചാൽ നിർത്തരുതെന്ന് നിർദ്ദേശവും കിട്ടി. കാര്യം ആദ്യം തമാശ രൂപേണ തോന്നിയെങ്കിലും അവരുടെ കയ്യിലിരിക്കുന്ന തോക്കുകൾ കണ്ടപ്പോൾ കാര്യത്തില്‍ ഇത്തിരി കഴമ്പുണ്ടെന്ന് മനസ്സിലായി.
ഓട്ടം തുടർന്നു ആകാശത്തേയ്ക്ക് നീളുന്ന ഹെയർപിന്നുകൾ താണ്ടി മുന്നോട്ട് പോവും തോറും വീശുന്ന കാറ്റിൻ്റെ ശക്തി കൂടിക്കൊണ്ടിരുന്നു. അങ്ങനെ പൊടിക്കാറ്റും കുളിർകാറ്റും കൊണ്ട് മഞ്ഞിയൂരിലെത്തി. നല്ലൊരു നഗരം…അന്നുമിന്നും സംസ്കാരങ്ങളും സമ്പ്രദായങ്ങളും പഴമയുടെ പ്രൌഡിയും ജീവൻ കൊടുത്തും സംരക്ഷിക്കുന്നവരാണ് തമിഴ് ജനത. ആ നഗരം അവരോടൊപ്പം ഉറങ്ങുകയും അവരോടൊപ്പം ഉണരുകയും ചെയ്യുന്ന ഒന്നാണെന്ന് തോന്നിപ്പോവും.
ഞങ്ങളവിടെ എത്തിയപ്പോള്‍ രാവിലെ എട്ടുമണി അടുത്തായിട്ടുണ്ട്. മലയാളിയുടെ ഹോട്ടലാണ്. മുകളിലത്തെ നിലയില്‍ താമസം സെറ്റാണ്. രാവിലെ കഴിക്കാന്‍ കിട്ടിയത് ചൂട് പൂരിയും ചമ്മന്തിയും കിഴങ്ങ്സ്റ്റൂവും ഒക്കെയാണ്. അതൊക്കെ കഴിച്ച് കയറിക്കിടന്നുറങ്ങി. രണ്ടു മുറികളില്‍ ആറുപേര്‍, താമസ വാടക എഴുനൂറ്റമ്പത് രൂപ,
ഫുഡ്ഡ് വേറേ.
അങ്ങനെ ഉച്ചകഴിഞ്ഞ് ഞങ്ങള്‍ കിണ്ണക്കോരയ്ക്ക് യാത്ര തുടങ്ങി. വഴിയില്‍ പലയിടത്തും പല കമ്പനികളുടെ ടീ ഫാക്ടറികള്‍ കണ്ടു. അവയില്‍ അത്യാവശ്യം വലിയ ഒന്നാണ് തായ് ഷോള ടീ കമ്പനി. അങ്ങനെ വഴിക്കിരുവശവും പ്രകാശം പോലും കടക്കാത്ത രീതിയില്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞ വഴിയിലൂടെയായി യാത്ര. ഇടയ്ക്ക് വഴിക്കു കുറുകേ അപ്രതീക്ഷിതമായി പറക്കുന്ന വവ്വാലുകള്‍. ഇങ്ങോട്ടു വന്ന ചിലർ വഴിയില്‍ കൂറ്റൻ കാട്ടുപോത്തിനെ കണ്ടെന്നു പറഞ്ഞു ചെറിയ തോതില്‍ ഒന്നു പേടിപ്പിച്ചു. എന്തായാലും വച്ച കാൽ പിറകോട്ടില്ല..
ഇരുട്ട് വീണു തുടങ്ങി. മുന്നിലേയ്ക്ക് പോവും തോറും ഇരുട്ടിൻ്റെ കനം കൂടി വന്നു… ഒടുവില്‍ കിണ്ണക്കോരയ് വ്യൂ പൊയിൻ്റിൽ കയറുമ്പോൾ സമയം വെെകിട്ട് അഞ്ചരയോടടുത്ത് കഴിഞ്ഞിരുന്നു. അവിടെ കുറച്ചുനേരം ഇരുന്ന ശേഷം കിണ്ണക്കോരയ് ടൌണിലേക്കായി യാത്ര. അവിടെ ചെന്ന് ഒരു ചായയും കുടിച്ച് തിരിച്ചുപോരാൻ ഒരുങ്ങവേ ചായക്കടക്കാരന്‍ പറഞ്ഞു പാത്ത് “ഭദ്രമാ പോങ്കേ സിരുത്തെെ ഇറുക്ക്…” ഇത് കേട്ടിട്ടും കേൾക്കാത്ത മാതിരി ഇരുന്ന് ചായ കുടിച്ച വിവേകിനെയും, സിരുത്തെെ ഏതോ തെലുങ്ക് പടമാണെന്ന് പറഞ്ഞ് ജിഷ്ണൂനോട് അടിയുണ്ടാക്കുന്ന രോഹിത്തിനേയും, ആർക്കോ മെസ്സേജ് അയക്കണ ഷബാസ് അണ്ണനെയും, ചായക്കടക്കാരനെ കലിപ്പിച്ച് നോക്കുന്ന ഗൌതത്തിനേയും ദയനീയമായി നോക്കി ഞാൻ വണ്ടിയെടുത്തു.
ശേഷം കണ്ണുകാണാത്ത കൂറ്റാക്കൂറ്റിരുട്ടിലെ മടക്കയാത്രയില്‍ വഴിക്കു കുറുകേ ഒരുവട്ടം മാൻ ചാടിയോടി. പിന്നീട് കുറേവട്ടം മുയലുകളും. ഇരുൾ മൂടിയ കുന്നിൻ ചരിവുകളിലെ ലായങ്ങളുടെ മുന്നില്‍ അപ്പോള്‍ വലിയ തീനാളങ്ങളുടെ കാവലുണ്ടായിരുന്നു. വന്യമൃഗങ്ങളെ പേടിച്ചിട്ടാവണം. തിരിച്ച് റൂമിലെത്തിയപ്പോൾ സമയം എട്ടര. താഴെ ഞങ്ങളെ കാത്ത് തമിഴ്നാടൻ ചിക്കൻ ബിരിയാണി റെഡിയായിരുന്നു. ഒരു ഹോട്ടലില്‍ രാത്രി ഞങ്ങള്‍ മാത്രം ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കുന്നു. അതൊരു ഗുമ്മാണ്.
രാവിലെ എണീറ്റ് ഊട്ടി റൂട്ടിലൂടെ കോയമ്പത്തൂരിലേയ്ക്ക് പിടിച്ചു. അവിടെനിന്നും പാലക്കാട് വഴി വടക്കാഞ്ചേരി കൂടി തൃശൂരിലൂടെ പെരുമ്പാവൂരെത്തി മൂവാറ്റുപുഴ വഴി പാലാ.