പാലാ എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്ന ഒരു ചിരിച്ച മുഖമുണ്ട്, അതാണ് കെഎം മാണി എന്ന പാലാക്കാരുടെ സ്വന്തം മാണിസാർ.കേരള രാഷ്ട്രീയത്തിലെ സമുന്നതനായ നേതാവും പാലായുടെ മണിമുത്തുമായ കെഎം മാണി വിടവാങ്ങിയിരിക്കുകയാണ്. എൺപത്തിയാറാം വയസ്സിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലമായിരുന്നു മാണി സാർ വിട വാങ്ങിയത്. കൊച്ചിയിലെ ലേക്‌ഷോർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ നിന്നും കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്തേയ്ക്കാണ് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച KURTC വോൾവോ ലോഫ്‌ളോർ ബസ്സാണ് തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെ മരണവാർത്ത പുറത്തു വന്നതോടെ രാത്രി വൈകി തേവരയിലെ KURTC യാർഡിൽ വെച്ചാണ് ബസ് വിലാപയാത്രയ്ക്കായി തയ്യാറാക്കിയത്. കൊച്ചിയിൽ നിന്ന് തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി ഉച്ചയോടെ വിലാപയാത്ര കോട്ടയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും വഴിനീളെ തങ്ങളുടെ മാണിസാറിന് അന്തിമോപചാരമർപ്പിക്കുവാൻ ധാരാളമാളുകൾ കാത്തുനിൽക്കുന്ന സാഹചര്യത്തിൽ വിലാപയാത്ര കോട്ടയത്ത് എത്തിച്ചേരുവാൻ വൈകുവാനാണ് സാധ്യത.
കോട്ടയത്ത് അൽപ്പനേരം പൊതുദര്‍ശനത്തിന് വെച്ച ശേഷം പിന്നീട് പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി തിരുനക്കര മൈതാനത്ത് തയ്യാറാക്കിയ വേദിയിലേയ്ക്ക് മാറ്റും. പിന്നീട് മൃതദേഹം കഞ്ഞിക്കുഴി, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി വഴി അദ്ദേഹത്തിൻ്റെ മണ്ഡലമായ പാലായിലേക്ക് കൊണ്ടുപോകും. പാലാ ടൌൺ ഹാളിലും സ്വദേശമായ മരങ്ങാട്ടുപള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് ആറുമണിയോടെ പാലായിലെ വീട്ടിൽ മൃതദേഹം എത്തിക്കും. വ്യാഴാഴ്ച ഉച്ച തിരിഞ്ഞു മൂന്നു മണിയോടെ പാലാ കത്തീഡ്രലില്‍ വെച്ചാണ് സംസ്ക്കാരം നടക്കുന്നത്.
കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 ൽ ജനിച്ച കരിങ്ങോഴക്കൽ മാണി മാണിയാണ് ആദ്യം കെ എം മാണിയായും പതുക്കെ മലയാളികളുടെ മൊത്തം മാണി സാറായും വളർന്നത്. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ കെ എം മാണിയെന്ന പാലാക്കാരന്‍ സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍. ഏറ്റവും കൂടുതല്‍ കാലം കേരള നിയമസഭയില്‍ മന്ത്രിയായിരുന്ന വ്യക്തി എന്ന നേട്ടം കെ എം മാണിക്ക് സ്വന്തമാണ്. ഇക്കാര്യത്തില്‍ ബേബിജോണിയെനാണ് മാണി പിന്നിലാക്കിയത്. ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും മാണിക്ക് തന്നെയാണ്.
പത്ത് മന്ത്രിസഭകളില്‍ അംഗമായ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണയാണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡും കെ എം മാണിയുടെ പേരില്‍ തന്നെ. 1964ല്‍ രൂപീകൃതമായ പാലാ മണ്ഡലത്തില്‍ നിന്നും 13 തവണയാണ് മാണി വിജയിച്ചത്. മാത്രമല്ല, ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പ് കൈകാര്യം ചെയ്ത വ്യക്തി, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, (51 വര്‍ഷം) ഏറ്റവും കൂടുതല്‍ തവണ നിയമസഭാംഗം (13) തവണ എന്ന ബഹുമതികളും മാണിക്ക് സ്വന്തം. ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും മാണി തന്നെ.
വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.