ഇന്ത്യൻ റെയിൽവേയിലെ ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെ കള്ളവണ്ടി കയറി യാത്ര ചെയ്യുന്നവരുടെ പേടിസ്വപ്നമാണ് TTE അഥവാ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർമാർ. ട്രെയിനുകളിൽ TTE ചെക്കിംഗിന് കയറിയാൽ ടിക്കറ്റെടുക്കാത്ത യാത്രക്കാർക്ക് നല്ല പണി കിട്ടും. പൊതുവെ എല്ലാവരുടെയും ധാരണ ടിക്കറ്റെടുക്കാത്ത യാത്രക്കാരെ പൊക്കുക എന്നതു മാത്രമാണ് TTE മാരുടെ ജോലി എന്നാണ്. എന്നാൽ അതിനുമപ്പുറം മറ്റു ചില കർത്തവ്യങ്ങൾ കൂടി TTE മാരുടെ ചുമലിലുണ്ട്. ട്രെയിൻ യാത്രക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ആ കാര്യങ്ങൾ എന്തൊക്കെയെന്ന് ഒന്നു നോക്കാം.

റെയിൽവേയിലെ ടിടിഇ മാർ ട്രെയിൻ പ്രസ്തുത സ്റ്റേഷനിൽ നിന്നും യാത്രയാരംഭിക്കുന്നതിനു അരമണിക്കൂർ മുൻപേ ഡ്യൂട്ടിയ്ക്കായി റിപ്പോർട്ട് ചെയ്യണം. ഡ്യൂട്ടി സമയത്ത് ടിടിഇമാർ നിർബന്ധമായും യൂണിഫോം ധരിച്ചിരിക്കണം. കറുത്ത പാന്റ്സും കറുത്ത കോട്ടുമാണ് ടിടിഇമാരുടെ യൂണിഫോം കോഡ്. യൂണിഫോമിനൊപ്പം ബാഡ്‌ജ്‌, നെയിം പ്ളേറ്റ് എന്നിവ എല്ലാവർക്കും കാണാവുന്ന വിധത്തിൽ ധരിച്ചിരിക്കണം.

പ്രസ്തുത ട്രെയിനിന്റെ റിസർവേഷൻ സംബന്ധിച്ച വിവരങ്ങളും ഒഴിവുള്ള സീറ്റുകളും ബെർത്തുകളുമെല്ലാം ഉൾപ്പെടുത്തിയുള്ള റെക്കോർഡ് (ചാർട്ട്) തയ്യാറാക്കണം. ടിക്കറ്റില്ലാതെ ഒരു യാത്രക്കാരെയും ട്രെയിനിൽ യാത്ര ചെയ്യുവാൻ ടിടിഇമാർ അനുവദിക്കാറില്ല. ഇത്തരത്തിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടുകയാണെങ്കിൽ അവരിൽ നിന്നും പിഴ ഈടാക്കുവാനും ടിടിഇയ്ക്ക് അധികാരമുണ്ട്.

വിമാനത്തിലേതു പോലെ തന്നെ ട്രെയിനുകളിലും യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജുകളുടെ അളവിൽ പരിധികളുണ്ട്. ഈ പരിധികൾ ലംഘിക്കുന്നതു ചെക്ക് ചെയ്യുവാനും, തടയുവാനും, ലഗ്ഗേജ് പരിധി കഴിഞ്ഞുള്ളവയ്ക്ക് പിഴയീടാക്കുവാനും ടിടിഇമാർക്ക് അധികാരമുണ്ട്. ട്രെയിൻ യാത്രയ്ക്കിടയിൽ യാത്രക്കാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ അസൗകര്യങ്ങളോ ഉണ്ടെങ്കിൽ അവ പരിഹരിക്കേണ്ടത് ടിടിഇയുടെ ജോലിയാണ്. അതുപോലെ തന്നെ, സ്റ്റേഷനുകളിൽ എത്തുമ്പോൾ (ചില സ്റ്റേഷനുകളിൽ) ക്ളീനിങ് സ്റ്റാഫുകൾ കോച്ചുകൾ വൃത്തിയാക്കുന്നുണ്ട് എന്ന് ടിടിഇ ഉറപ്പുവരുത്തുകയും വേണം.

ട്രെയിനുകളുടെ ഓട്ടത്തിനിടയിൽ ഡോറുകൾ അടച്ചിട്ടിട്ടുണ്ടെന്നു ഉറപ്പുവരുത്തേണ്ടതും ടിടിഇ തന്നെയാണ്. വെസ്റ്റിബ്യുൾ കോച്ചുകളുടെ End ഡോറുകൾ രാത്രി 10 മണിയ്ക്കും രാവിലെ 6 മണിയ്ക്കുമിടയിലുള്ള സമയത്ത് അടച്ചിട്ടിരിക്കുകയാണെന്നു ഉറപ്പുവരുത്തേണ്ടതും ടിടിഇമാരാണ്. അതുപോലെ തന്നെ രാത്രികാലങ്ങളിൽ ട്രെയിനിലെ കോച്ചുകളിൽ അനധികൃതമായ പ്രവേശനം തടയുന്നതിനായി ഡ്യൂട്ടിയിലുള്ള ടിടിഇ ജാഗരൂകരായിരിക്കണം. ഇത്തരത്തിൽ കയറുന്നവരെ ഒഴിവാക്കുവാനായി ടിടിഇമാർക്ക് റെയിൽവേ പോലീസിന്റെ സഹായവും തേടാം.

യാത്രയ്ക്കിടയിൽ പാസഞ്ചേഴ്‌സിന്റെ വിലപിടിപ്പുള്ളവ എന്തെങ്കിലും മോഷണം പോയാൽ, പ്രസ്തുത യാത്രക്കാരനിൽ നിന്നും പരാതി സ്വീകരിച്ച് FIR തയ്യാറാക്കുന്നത് ടിടിഇ ആണ്. ഇതിനായി ടിടിഇമാർ എപ്പോഴും ഡ്യൂട്ടിയ്ക്കിടയിൽ ബ്ലാങ്ക് FIR ഫോമുകൾ കൂടെ കരുതണം.

ഇനി യാത്രക്കാർക്കിടയിൽ ടിടിഇ ചമഞ്ഞു തട്ടിപ്പു നടത്തുന്ന ചില വ്യാജന്മാരും ഉണ്ട്. അവരെ തിരിച്ചറിയുന്നതിനായുള്ള ചില വഴികൾ പറഞ്ഞു തരാം. വരുന്നത് ഒറിജിനൽ ടിടിഇ തന്നെയാണോയെന്നു നിങ്ങൾക്ക് സംശയം തോന്നുകയാണെങ്കിൽ അവരുടെ യൂണിഫോം, ഐഡി കാർഡ് എന്നിവ സസൂക്ഷ്മം പരിശോധിക്കാവുന്നതാണ്. യൂണിഫോം ഇടാതെ വരികയാണെങ്കിൽ, അതിപ്പോൾ ഒറിജിനൽ ടിടിഇ ആണെങ്കിലും ഉടൻ തന്നെ യാത്രക്കാർക്ക് റെയിൽവേ പോലീസിൽ പരാതിപ്പെടാവുന്നതാണ്. ദീർഘദൂര ട്രെയിനുകളിലെ ടിടിഇമാരുടെ കൈവശം പിഴ ഒടുക്കുന്നവർക്ക് നൽകുന്നതിനായുള്ള രസീത് ബുക്ക് ഉണ്ടായിരിക്കും. കൂടാതെ മുൻപ് പറഞ്ഞതുപോലെ ബ്ലാങ്ക് FIR കോപ്പികളും ടിടിഇമാരുടെ കൈവശമുണ്ടായിരിക്കും. സംശയം തോന്നുകയാണെങ്കിൽ ഇതൊക്കെ പരിശോധിക്കാവുന്നതാണ്. നിരവധി തവണ വ്യാജ ടിടിഇ ചമഞ്ഞു തട്ടിപ്പു നടത്തിയവരെ പിടികൂടിയിട്ടുണ്ട്.

അപ്പോൾ ഇനിമുതൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങളൊക്കെ ഒന്ന് മനസ്സിൽ ഓർത്തു വെക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.