വിവരണം – പ്രശാന്ത് പറവൂർ.

ഏറെക്കാലമായിട്ടുള്ള ആഗ്രഹമായിരുന്നു യുഎഇയിൽ ഒന്ന് പോകണമെന്ന്. ഒടുക്കം അത് സാധിച്ചത് 2020 പിറന്നപ്പോൾ. സഹോദരിയും ഫാമിലിയും അവിടെ റാസൽഖൈമയിൽ താമസിക്കുന്നുണ്ട്. അങ്ങനെ ഒരുനിമിഷത്തെ ചിന്തയിൽ നേരെയങ്ങു ടിക്കറ്റ് ബുക്ക് ചെയ്തു. രണ്ടു വശത്തേക്കുമായി ഏതാണ്ട് 14,000 രൂപയോളമാണ് ടിക്കറ്റിനായി ചെലവായത്. ടിക്കറ്റ് മാത്രം പോരല്ലോ, വിസയും കൂടി വേണം. അതാണെങ്കിൽ സുഹൃത്തും Royalsky Holidays ട്രാവൽ ഏജൻസി ഉടമയുമായ ഹാരിസ് ഇക്ക സ്പോൺസർ ചെയ്തു.

പോകുന്നത് റാസൽഖൈമയിലേക്ക് ആയിരുന്നതിനാൽ ടിക്കറ്റ് ബുക്ക് ചെയ്തത് കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് ആയിരുന്നു. 2020 ഫെബ്രുവരി അഞ്ചാം തീയതി രാത്രി 10.45 നായിരുന്നു വിമാനം. എയർ ഇന്ത്യ എക്‌സ്പ്രസ്സ്. ആദ്യമായിട്ടാണ് എയർ ഇന്ത്യയുടെ വിമാനത്തിൽ യാത്ര ചെയ്യാൻ പോകുന്നത്. എന്താകുമോ എന്തോ എന്നുകരുതി.

പ്രസവം കഴിഞ്ഞു ഭാര്യയും കുഞ്ഞും തൃശ്ശൂരിലെ വീട്ടിലായിരുന്നതിനാൽ അവിടെ നിന്നുമായിരുന്നു ഞാൻ യാത്രയാരംഭിച്ചത്. KURTC യുടെ നെടുമ്പാശ്ശേരി എയർപോർട്ട് വഴി പോകുന്ന ഒരു കോഴിക്കോട് – എറണാകുളം വോൾവോ ലോഫ്‌ളോർ ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തു. അങ്ങനെ അഞ്ചാം തീയതി വൈകുന്നേരം നാലുമണിയോടെ തൃശ്ശൂർ ബസ് സ്റ്റാൻഡിൽ ഞാൻ എത്തിച്ചേർന്നു. ഒരു ട്രോളി ബാഗും (20 Kg), സുഹൃത്തായ ബബിത്ത് സമ്മാനിച്ച Wildcraft ന്റെ ഒരു Rucksack ബാഗും ആയിരുന്നു എൻ്റെ കൈവശമുണ്ടായിരുന്ന ലഗേജുകൾ.

നാലര കഴിഞ്ഞപ്പോൾ എനിക്ക് പോകേണ്ടിയിരുന്ന ബസ് സ്റ്റാൻഡിലേക്ക് എത്തിച്ചേർന്നു. എന്നെക്കൂടാതെ എയര്പോര്ട്ടിലേക്കുള്ള മറ്റു യാത്രക്കാരും ബസ്സിൽ ഉണ്ടായിരുന്നു. ലഗേജിനു പ്രത്യേകം ടിക്കറ്റ് ബസ്സിൽ നിന്നും എടുത്ത് ഞാൻ യാത്രയാരംഭിച്ചു. ട്രാഫിക് ബ്ലോക്കൊന്നും കൂടാതെ പെട്ടെന്നു തന്നെ നെടുമ്പാശ്ശേരി എയർപോർട്ടിൽ ബസ് എത്തിച്ചേർന്നു.

അതിനിടയ്ക്ക് തൃശൂർ ജില്ലയിലെ അന്തിക്കാട് സ്വദേശിയായ ഒരു ചേട്ടനെയും, ആദ്യമായി വിമാനയാത്ര ചെയ്യുകയായിരുന്ന തൃപ്രയാർ സ്വദേശിനിയായ ഒരു ചേച്ചിയെയും എനിക്ക് കൂട്ടു കിട്ടി. എയർപോർട്ടിൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. അതുകൊണ്ട് ചെക്ക്-ഇൻ, ഇമിഗ്രെഷൻ, സെക്യൂരിറ്റി ചെക്കിംഗ് തുടങ്ങിയ നടപടിക്രമങ്ങളെല്ലാം എളുപ്പത്തിൽ കടക്കുവാൻ സാധിച്ചു. പിന്നെ രണ്ടു – മൂന്നു മണിക്കൂറോളം ഗേറ്റിനരികിലെ ലോഞ്ചിൽ കാത്തിരിപ്പ്.

രാത്രി 10 മണി കഴിഞ്ഞപ്പോൾ ഞങ്ങളുടെ വിമാനത്തിലേക്ക് ബോർഡിംഗ് ആരംഭിച്ചു. ഞങ്ങൾ വിമാനത്തിലേക്ക് നിരനിരയായി കയറി. അധികം പഴക്കമില്ലാത്ത വിമാനം ആയിരുന്നുവെന്നു തോന്നുന്നു, ഉൾവശമൊക്കെ നല്ല ക്ളീൻ ആയിരുന്നു. എയർ ഇന്ത്യ ആള് കൊള്ളാല്ലോ എന്ന് മനസ്സിലോർത്തു. ഫ്‌ളൈറ്റ് ഏറെക്കുറെ ഫുൾ ആയിരുന്നു. ജോലി തേടി പോകുന്നവർ, ബന്ധുക്കളുടെ അടുത്തേക്ക് വിസിറ്റിങ്ങിനു പോകുന്നവർ, ലീവ് കഴിഞ്ഞു മടങ്ങുന്ന പ്രവാസികൾ അങ്ങനെയങ്ങനെ എല്ലാത്തരത്തിലുള്ള യാത്രക്കാരുമുണ്ടായിരുന്നു.

മുന്നേ തന്നെ ബുക്ക് ചെയ്തിരുന്നതിനാൽ എനിക്ക് വിൻഡോ സീറ്റ് ലഭിച്ചിരുന്നു. എൻ്റെ തൊട്ടരികിലെ സഹയാത്രികരുമായി പെട്ടെന്നു തന്നെ ഞാൻ നല്ല കമ്പനിയായി. പിന്നെയങ്ങോട്ട് വിശേഷം പറച്ചിലുകളായി. ഇതിനിടയിൽ വിമാനം ഞങ്ങളെയും കൊണ്ട് പറന്നുയർന്നു. സഹയാത്രികരുമായി കത്തിയടിച്ചിരിക്കുന്നതിനിടയിൽ സ്‌നാക്‌സുമായി എയർഹോസ്റ്റസുമാർ എത്തി.

നല്ല ചൂടുള്ള സമോസ, ഒരു പാക്കറ്റ് മസാല കപ്പലണ്ടി, ഒരു കഷ്ണം കേക്ക്, ബട്ടർ സാൻഡ്വിച്ച് എന്നിവയായിരുന്നു അതിൽ കഴിക്കുവാനായി ഉണ്ടായിരുന്നത്. ഒരു സാധാരണക്കാരന് തൽക്കാലത്തേക്ക് വിശപ്പടക്കാൻ ഇതുമതി. ഒരു ബഡ്ജറ്റ് എയർലൈൻസിൽ ഇതുപോലെ ഫ്രീ ഭക്ഷണം ലഭിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസ്സിൽ മാത്രമായിരിക്കും. സ്നാക്സ് മാത്രമല്ല, ചായയും കാപ്പിയുമല്ലാം യാത്രക്കാർക്ക് ഫ്രീയായിത്തന്നെ ലഭിക്കും. കൂടാതെ അല്പം മിനുങ്ങണം എന്നാഗ്രഹമുള്ളവർക്കായി മദ്യവും ഉണ്ട്. എന്നാൽ മദ്യത്തിന് നമ്മൾ പ്രത്യേകം പണം കൊടുക്കണം. ഇന്ത്യൻ രൂപയല്ല, UAE ദിർഹം ആയിരുന്നു അവർ സ്വീകരിച്ചിരുന്നത്.

അങ്ങനെ സ്നാക്ക്‌സും ചായയുമെല്ലാം കഴിച്ചു വിശപ്പടക്കിയശേഷം യാത്രക്കാരെല്ലാം പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. രാത്രിയായതിനാൽ പ്രത്യേകിച്ച് പുറംകാഴ്ചകളൊന്നും കാണുവാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് ഞാനുമൊന്നു മയങ്ങി. കുറേ സമയം കഴിഞ്ഞു ഉണർന്നു നോക്കിയപ്പോൾ താഴെ കടലിൽ മിന്നാമിനുങ്ങുകളെപ്പോലെ എന്തൊക്കെയോ വെളിച്ചങ്ങൾ കാണുവാൻ സാധിച്ചു. മൽസ്യബന്ധന ബോട്ടുകളായിരുന്നിരിക്കണം. അതോടെ ഞങ്ങൾ കരയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നു എനിക്ക് മനസ്സിലായി.

കുറച്ചു സമയങ്ങൾക്കുശേഷം താഴെ കര കണ്ടു. അതെ, വിമാനം UAE യ്ക്ക് മുകളിൽ എത്തിയിരിക്കുന്നു. വൈകാതെ തന്നെ വിമാനം ലാൻഡ് ചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ള പൈലറ്റിന്റെ അനൗണ്സ്മെന്റും പിന്നീട് വന്നു. അങ്ങനെ അവിടത്തെ സമയം വെളുപ്പിന് ഒന്നരയോടെ ഞങ്ങളുടെ വിമാനം നല്ല സ്മൂത്ത് ആയി ഷാർജ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ബാഗുകളും എടുത്തുകൊണ്ട് നിരനിരയായി ഞങ്ങളെല്ലാം ടെർമിനലിനകത്തേക്ക്.

ഇമിഗ്രെഷൻ കൗണ്ടറുകളിൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. പിന്നെ ട്രോളി ബാഗ് വരാനായി അൽപ്പം കാത്തിരിക്കേണ്ടി വന്നതൊഴിച്ചാൽ ബാക്കി ഒന്നിനും എയർപോർട്ടിൽ കാത്തുനിൽക്കേണ്ടി വന്നിരുന്നില്ല. പരിചയപ്പെട്ട സഹയാത്രികരോടെല്ലാം യാത്ര പറഞ്ഞുകൊണ്ട് ട്രോളി ബാഗും ഉരുട്ടി ഞാൻ ടെർമിനലിന് വെളിയിലേക്ക് ഇറങ്ങി. അവിടെ സഹോദരിയും ഫാമിലിയും എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പിന്നെ അവരോടൊപ്പം നേരെ റാസൽഖൈമയിലെ വീട്ടിലേക്ക്..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.