വിമാനത്തില്‍ യാത്ര ചെയ്യാന്‍ കൊതിയില്ലാത്തവര്‍ ആരാണുള്ളത്? നമ്മുടെ മാതാപിതാക്കളുമായി ചുരുങ്ങിയ ചെലവില്‍ ഒരു വിമാനയാത്ര പ്ലാന്‍ ചെയ്യാം. എങ്ങോട്ട് പോകണം? വിഷമിക്കേണ്ട നിങ്ങള്‍ക്കായി നല്ലൊരു ട്രിപ്പ് ഞങ്ങള്‍ പ്ലാന്‍ ചെയ്തു തരാം. മധ്യകേരളത്തില്‍ ഉള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ യാഥാര്‍ഥ്യമാക്കുവാന്‍ കഴിയുന്ന ഒരു ട്രിപ്പ്‌.

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ പോകാം. ഇതിനായി വിമാന ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്യണം. ടിക്കറ്റ് നമുക്ക് സ്വയം ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്. Goibibo, Make My Trip, Ease My Trip മുതലായ ബുക്കിംഗ് സൈറ്റുകളെ ഇതിനായി ആശ്രയിക്കാം. മുകളില്‍ പറഞ്ഞവയില്‍ Ease My Trip വഴി ബുക്ക് ചെയ്യുകയാണെങ്കില്‍ എക്ട്രാ ചാര്‍ജ്ജ് ഒഴിവാക്കി ലഭിക്കും. ഏതെങ്കിലും ഒരു സൈറ്റില്‍ ഓടിക്കയറി ബുക്ക് ചെയ്യാതെ എല്ലാത്തിലും കയറി റേറ്റ് പരിശോധിക്കണം. കുറഞ്ഞ റേറ്റ് നോക്കി വേണം ബുക്ക് ചെയ്യാന്‍. ഇനി ഇതെല്ലാം ബുദ്ധിമുട്ടായി തോന്നുന്നവര്‍ക്ക് ഒരു ട്രാവല്‍ ഏജന്‍സിയെ സമീപിക്കാവുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് കുറഞ്ഞ റേറ്റില്‍ പാക്കേജ് ചെയ്യുന്ന ഈസി ട്രാവലിനെ വിളിക്കാം: 8943566600.

കൊച്ചി – തിരുവനന്തപുരം വിമാനയാത്രയ്ക്ക് ഒരു ടിക്കറ്റിനു ശരാശരി 1300+ Tax (Extra Charge) ആകും. ചിലപ്പോള്‍ ചില വിമാനക്കമ്പനികളുടെ ഓഫര്‍ നിലവിലുണ്ടെങ്കില്‍ അതിലും കുറഞ്ഞ നിരക്കിലും ലഭിക്കും. യാത്ര പോകുന്ന ദിവസത്തിനു ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും മുന്‍പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. കാരണം ടിക്കറ്റ് ചാര്‍ജ്ജ് ഓരോ ദിവസം കൂടുന്തോറും കൂടിക്കൂടി വരും. സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ നാളത്തെ ചാര്‍ജ്ജ് ഒന്ന് എടുത്തു നോക്കൂ. വല്ല നാലായിരമോ ആറായിരമോ ഒക്കെ കാണാം. രാവിലെ 10 മണിക്കു മുന്പായുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ഉത്തമം.

ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവയുടെ രണ്ടു കോപ്പികള്‍ പ്രിന്‍റ് എടുത്തു വെക്കുക. യാത്രാ ദിവസമാകുമ്പോള്‍ ഒരു പ്രിന്‍റ് കാണാതായാലും വേറെ പ്രിന്‍റ് എടുക്കാന്‍ ഓടേണ്ടി വരരുത്. അതിനാണ് രണ്ടു പ്രിന്‍റ് എടുക്കുവാന്‍ പറഞ്ഞത്. വിമാനയാത്ര മാത്രമാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ഒരു ദിവസംകൊണ്ട് തിരുവനന്തപുരത്ത് പോയി വരാന്‍ സാധിക്കും. അങ്ങനെയാണെങ്കില്‍ ലഗേജുകള്‍ ഒന്നുംതന്നെ വേണ്ടിവരില്ല.

യാത്ര പോകുന്നവരുടെ ഐഡന്റിറ്റി കാര്‍ഡ് (ആധാര്‍) ഒറിജിനല്‍ കൈവശം നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. കാരണം എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് കാണിക്കണം. ഇന്ത്യയ്ക്ക് അകത്താണ് യാത്രയെന്നതിനാല്‍ പാസ്പോര്‍ട്ട്‌ ഇല്ലാത്തവര്‍ വിഷമിക്കേണ്ടതില്ല. പ്രായമായവര്‍ക്കും ചില സാധാരണക്കാര്‍ക്കും ഇതിനെക്കുറിച്ച് ഇന്നും വലിയ പിടിയില്ല. ആദ്യ വിമാനയാത്ര ആണെങ്കില്‍ കഴിവതും കുറച്ചു നേരത്തെ തന്നെ എയര്‍പോര്‍ട്ടില്‍ എത്തണം. എയര്‍പോര്‍ട്ടിലെ ആഭ്യന്തര ടെര്‍മിനലില്‍ ആണ് നമ്മള്‍ ചെല്ലേണ്ടത്. പുതിയ ടെര്‍മിനല്‍ (T3) വിദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഉള്ളതാണ്.

എയര്‍പോര്‍ട്ടിനകത്ത് കയറിയ ശേഷം നമ്മുടെ എയര്‍ലൈന്‍ ഏതാണോ അവരുടെ ചെക്ക് ഇന്‍ കൌണ്ടറില്‍ ടിക്കറ്റ് കാണിക്കുക. ചെക്ക് ഇന്‍ ചെയ്ത ശേഷം സമയം ആയെങ്കില്‍ ബാക്കി ദേഹപരിശോധനകള്‍ക്ക് വിധേയമാകണം. അതിനു ശേഷം വിമാനം പുറപ്പെടുന്ന ഗേറ്റിനടുത്തുള്ള വെയിറ്റിംഗ് ഏരിയയില്‍ കാത്തിരിക്കാം.വിമാനം പുറപ്പെടുന്ന സമയവും മറ്റു വിവരങ്ങളും അവിടെ സ്ക്രീനുകളില്‍ കാണാം. ബോര്‍ഡിംഗ് ആരംഭിക്കുമ്പോള്‍ ഏതാണ്ട് സിനിമാ തിയേറ്ററില്‍ ഒക്കെ കയറുന്ന പോലെ ക്യൂവായി നിന്ന് വിമാനത്തിലേക്ക് നീങ്ങാവുന്നതാണ്.

കൊച്ചിയില്‍ നിന്നും ഏകദേശം അരമണിക്കൂര്‍ സമയമെടുക്കും തിരുവനന്തപുരത്ത് ഇറങ്ങുവാന്‍. പകല്‍ ആണെങ്കില്‍ നല്ല മനോഹരമായ ആകാശക്കാഴ്ചകളും ആസ്വദിക്കാം. പകല്‍ പോകുന്നതു തന്നെയാണ് നല്ലതും. കൊച്ചി എയര്‍പോര്ട്ടിനെ അപേക്ഷിച്ച് തിരക്കു കുറവായിരിക്കും തിരുവനന്തപുരം വിമാനത്താവളത്തില്‍. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും സിറ്റിയിലേക്ക് ബസ്സുകള്‍ ലഭിക്കും. ശംഘുമുഖം ഭാഗത്തേക്ക് കുറച്ചു നടക്കണമെന്നു മാത്രം. ഓട്ടോക്കാരുടെ വലയില്‍ വീഴാതെ ശ്രദ്ധിക്കണം. പരിചയമില്ലാത്തവര്‍ ആകുമ്പോള്‍ ഓട്ടോക്കാര്‍ നന്നായി പറ്റിക്കാന്‍ സാധ്യതയുണ്ട്.

ശംഘുമുഖം ബീച്ച് കൂടി സന്ദര്‍ശിച്ച ശേഷം സിറ്റിയിലേക്ക് പോകുന്നതാണ് നല്ലത്. പകല്‍ സമയം ആയതിനാല്‍ നല്ല വെയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് യാത്ര പുറപ്പെടുമ്പോള്‍ ബാഗില്‍ കുട കൂടി കരുതുക. ബാക്കി കറക്കം ഒക്കെ നിങ്ങളുടെ സ്വന്തം പ്ലാനിംഗ് പോലെ നടത്താം. തിരികെയുള്ള യാത്ര കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം – ബെംഗലൂരു വോള്‍വോ ബസ്സില്‍ ആക്കിയാല്‍ സുഖമായി ഇങ്ങു പോരാം. ബസ് ടിക്കറ്റും നേരത്തെ ബുക്ക് ചെയ്യണം.

അപ്പോള്‍ ഉടനെതന്നെ ഇതുപോലൊരു ട്രിപ്പ് പ്ലാന്‍ ചെയ്തുകൊള്ളൂ. നിങ്ങളുടെ പ്രായമായ മാതാപിതാക്കള്‍ക്ക് വേണമെങ്കില്‍ ഒരു സര്‍പ്രൈസ് വിമാനയാത്രയും നല്‍കാം…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.