ബെംഗലൂരു മലയാളികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത..!! ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളിയിലെക്ക് പുതിയ ബൈ – വീക്കിലി ട്രെയിന്‍. ഒക്ടോബര്‍ ഇതുപതാം തീയതി മുതല്‍ ഈ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. ഹംസഫര്‍ എക്സ്പ്രസ്സായിട്ടായിരിക്കും ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്. 2014 ൽ പ്രഖ്യാപിച്ച തിരുവനന്തപുരം – ബെംഗളൂരു ട്രെയിനാണു ഹംസഫറായി സർവീസ് ആരംഭിച്ചിരിക്കുന്നത്.

കൊച്ചുവേളിയില്‍ നിന്നും എല്ലാ വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.50 ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ 10.45 ന് ബെംഗലൂരു ബാസനവാടി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. ഇതേ ദിവസങ്ങളില്‍ (വ്യാഴം, ശനി) ഇതിന്‍റെ പെയര്‍ ട്രെയിന്‍ ബസനവാടിയില്‍ നിന്നും വൈകീട്ട് ഏഴുമണിക്ക് പുറപ്പെടുകയും പിറ്റേദിവസം രാവിലെ 9.05 ന് കൊച്ചുവേളിയില്‍ എത്തിച്ചേരുകയും ചെയ്യും.

കൊച്ചുവേളി – ബെംഗലൂരു ഹംസഫര്‍ എക്സ്പ്രസ്സ് നിര്‍ത്തുന്ന സ്ഥലങ്ങള്‍ : കൊല്ലം ജംഗ്ഷന്‍, കരുനാഗപ്പള്ളി, കായംകുളം ജംഗ്ഷന്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൌണ്‍ (നോര്‍ത്ത്), തൃശ്ശൂര്‍, പാലക്കാട്‌ ജംഗ്ഷന്‍, കോയമ്പത്തൂര്‍ മെയിന്‍ ജംഗ്ഷന്‍, ഈറോഡ് ജംഗ്ഷന്‍, സേലം ജംഗ്ഷന്‍, കൃഷ്ണരാജപുരം, ബയ്യപ്പനഹള്ളി.

ബെംഗളൂരുവില്‍ ജോലിചെയ്യുന്ന ടെക്കികളുടെയും കേരള – ബെംഗലൂരു തീവണ്ടിയാത്രാ ഫോറത്തിന്റെയും സംയുക്ത പരിശ്രമത്തിന്‍റെ ഫലമായാണ് ഈ പുതിയ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. ഇവര്‍ ആദ്യം ഇതിനായി റെയില്‍വേയെ സമീപിച്ചെങ്കിലും അതിനു വലിയ പുരോഗതിയൊന്നും കാണാതിരുന്നതിനാല്‍ പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി ഉള്‍പ്പെടെ നിരവധി പ്രൈവറ്റ് ബസ്സുകളും ബെംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. പക്ഷേ തിരക്കേറിയ സമയങ്ങളില്‍ ഇവയിലെല്ലാം ബുക്കിംഗ് ഫുള്‍ ആകുകയും ചെയ്യും. പോരാത്തതിന് മിക്ക പ്രൈവറ്റ് ബസ്സുകളും ഫെസ്റ്റിവല്‍ സമയങ്ങളില്‍ ഒരു സീറ്റിനു മൂവായിരവും നാലായിരവുമൊക്കെ ഈടാക്കാറുമുണ്ട്. ഒരു നിവൃത്തിയുമില്ലാതെ എല്ലാവരും ഈ ബസ് ലോബിയുടെ കുരുക്കില്‍പ്പെടുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമെന്നോണമാണ് കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ എന്ന ആവശ്യത്തിലെത്തിയത്.

22 തേഡ് എസി കോച്ചുകളുളള ഹംസഫർ ട്രെയിനിൽ സിസിടിവി ക്യാമറ, ജിപിഎസ് സ്റ്റേഷൻ ഡിസ്പ്ലേ സംവിധാനം, എൽഇഡി ലൈറ്റുകൾ, സ്മോക്ക് അലാം, കോഫി വെൻഡിങ് മെഷീൻ, മിനി പാൻട്രി എന്നിവയുണ്ട്.

തിരുവനന്തപുരം– ബെംഗളൂരു സെക്ടറിൽ കൂടുതൽ ട്രെയിൻ വേണമെന്നു റെയിൽവേ മന്ത്രാലയത്തെയും മന്ത്രിമാരെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും ബയ്യപ്പനഹളളി സ്റ്റേഷൻ വികസനം തീരുന്നതോടെ ഹംസഫർ എക്സ്പ്രസിന്റെ പ്രതിദിന സർവീസിനായി ശ്രമിക്കുമെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് 3 കിലോമീറ്റർ ദൂരത്തിൽ വടക്ക്-പടിഞ്ഞാറുള്ള ഒരു തീരപ്രദേശമാണ് കൊച്ചുവേളി. കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ വർഷങ്ങൾക്കു മുമ്പേ കൊച്ചുവേളി സ്ഥാനം പിടിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം ഇവിടെയാണ്. ഈ തീരപ്രദേശത്തിന്റെ കിഴക്കുഭാഗത്തയാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ. കൊച്ചുവേളിയെ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻറെ പ്രധാന സബ് ‌സ്റ്റേഷനാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.