വിവരണം – Nasif Nas.

നോർത്തിന്ത്യൻ യാത്രക്കുശേഷം, യാത്രകൾ പലതും ഉണ്ടായിട്ടുണ്ട്. ഒരുപാട് ആഗ്രഹിച്ച യാത്രകളും ഒട്ടും പ്രതീക്ഷിക്കാത്ത യാത്രകളും. ഏതൊരു സഞ്ചാരപ്രേമിക്കും അപ്രതീക്ഷിതമായി സംഭവിക്കുന്ന യാത്രകളോട് ഒരു പ്രത്യേക ഇഷ്ടമാണ്.  എന്നാലും അതെന്താ അങ്ങനെ? കാരണം യാത്രയിലൂടെ കടന്നു പോവുന്ന ഓരോ നിമിഷങ്ങളും നമ്മുടെ ജീവിതത്താളിൽ കൊത്തിവെക്കപ്പെടുകയാണ്.
മരിച്ചാലും അത് എന്റൊപ്പം കല്ലറയിലേക്ക് വരും” എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.

14 നവംബർ 2018. പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തത് കൊണ്ട് കോളേജിൽ പോവാറാണ് പതിവ്. അങ്ങനെയിരിക്കുമ്പോൾ ആണ് ഷുഹൈലിന്റെ കാൾ വരുന്നത്. എന്റെ കസിൻ ആണ്. അവൻ നേരെ കാര്യത്തിലേക്കു കടന്നു. “കൊടൈക്കനാൽ പോയാലോ? Nusair നേം കൂട്ടാം.” അയൽവാസിയും അതിനേക്കാൾ കൂടപ്പിറപ്പുമാണ്, Nusair.” മറുപടി ആയിട്ട് വേറൊന്നും പറയാനില്ലാത്തത് കൊണ്ട് “എന്നാ വാ പോവാം” എന്ന് ഞാനും. അങ്ങനെ ഒരു പ്ലാനിങ്ങും ഇല്ലാതെയുള്ള യാത്രയുടെ തുടക്കം. പതിവ് തെറ്റിച്ചില്ല, ആരെയും അറിയിക്കാതെ ബാഗുമായി ഇറങ്ങി.

2018 നവംബർ 14ന് രാത്രി 8 മണിക്ക് ഞങ്ങളുടെ കാർ പാഞ്ഞു തുടങ്ങി. തലശ്ശേരിയിലാണ് ഇപ്പോൾ, സ്വന്തം നാടിനെ രാത്രി വെളിച്ചത്തിൽ ഒരു വരത്തനെ പോലെ നോക്കി ആസ്വദിക്കുകയായിരുന്നു ഞാൻ, AR. Rahman സർ നല്ല പശ്ചാത്തല സംഗീതം എനിക്കായി വായിക്കുന്നത് പോലെ തോന്നി. “തലശ്ശേരിയെ രാത്രി കാണാൻ ഒരു പ്രത്യേക മൊഞ്ച് തന്നെയാണ് കേട്ടോ”. തോരാതെ പെയ്യുന്ന മഴ പോലെ, സംഗീതം മാറി മാറി വന്നു. Shuhail ആണ് ഡ്രൈവ് ചെയ്യുന്നത്, “കൊടൈക്കനാൽ” എന്ന excitement അവന്റെ ഡ്രൈവിങ്ങിൽ പ്രകടമായിരുന്നു. അത്കൊണ്ട് തന്നെ “മെല്ലെ പോവാം, എന്താ ഇത്ര തിരക്ക്” എന്ന് nusair ചോദിച്ചുകൊണ്ടേ നിന്നു. കോഴിക്കോട് എത്തി ഡിന്നർ അകത്താക്കി. നഗരങ്ങളും, ഗ്രാമങ്ങളും, മാറി മാറി വന്നു. എങ്ങോട്ടെന്നില്ലാതെ നീണ്ട് കിടക്കുന്ന നിശബ്ദമായ വീഥിയിലൂടെ ഞങ്ങളുടെ വണ്ടി കുതിച്ചു. പകൽ ഉറങ്ങിയത് കൊണ്ടും മാറി മാറിയുള്ള ഡ്രൈവിംഗ് കൊണ്ടും ക്ഷീണം അറിഞ്ഞില്ല. ലക്ഷ്യസ്ഥാനം അടുത്തടുത്തായി വരുന്നത് milestone അറിയിച്ചു കൊണ്ടേ ഇരുന്നു. 15ന് പുലർച്ചെ പൊള്ളാച്ചി എത്തി. ഇനി അങ്ങോട്ട് സംഭവിക്കാൻ പോവുന്നത് ചിലർക്കെങ്കിലും ഊഹിക്കാൻ പറ്റും.

തമിഴ്നാട് പോലീസ് !!! പലരും പറഞ്ഞു കേട്ടിട്ടുണ്ട് 100നും 50നും വേണ്ടി ഉറക്കൊഴിഞ്ഞ്, റോഡിൽ സഞ്ചാരികളെ കാത്ത് നിക്കുന്ന ആ കൊള്ളസംഘത്തെ പറ്റി. എന്ത് പറയാനാ, അവരുടെ വായിൽ തന്നെ പോയി ചാടികൊടുത്തു. ചെക്‌പോസ്റ്റിൽ വെച്ച് പിടിച്ചപ്പോൾ 100 കൊടുത്തു. ഒർജിനൽ RC ബുക്ക്‌ illa എന്നായിരുന്നു കാരണം. സ്വന്തം സഹോദരന്റെ പേരിലുള്ള rc ബുക്കിന്റെ അഡ്രെസ്സ് verify ചെയ്താൽ തീരുന്ന പ്രശ്നം. അത് പറഞ്ഞപ്പോ സാറിന് അത് പറ്റില്ല 100 കിട്ടിയേ പറ്റൂ. “നീയൊക്കെ പുഴുത്തു ചാവുമെടാ” എന്ന് മനസ്സിൽ അലറിക്കൊണ്ട് 100 എടുത്തു കൊടുത്തു. നോട്ടുകൊണ്ട് അവൻ അവിടെ ഒരു ശിൽപം തന്നെ പണിഞ്ഞിട്ടുണ്ട്, എന്നെപോലെ വേറെ ആരുടെയോ കയ്യിൽ നിന്നും തട്ടി പറിച്ചതല്ലേ അതും. 100 പോണെങ്കിൽ പോട്ടെ, receipt കാണിച്ചാൽ ഇനി ഇന്ന് ഫൈൻ കൊടുക്കേണ്ടല്ലോ. “sir, receipt? ” അപ്പൊ കറ പിടിച്ച പല്ല് കാണിച്ച് അയാൾ ഒന്ന് ഇളിച്ചു. എന്നിട്ട് “എന്ന തമ്പീ, ഇവളോം ചിന്ന എമൗണ്ട്ല receipt പോടാ മുടിയാദ്”.

അത് എന്തായാലും നടക്കില്ല എന്ന് ഉറപ്പായത്കൊണ്ട് അവിടുന്ന് സ്ഥലം വിട്ടു. വീണ്ടും 2 സ്ഥലത്ത് പോലീസ് പിടിച്ചു. അവസാനം പിടിച്ചവനോട് ഞങ്ങൾ ശെരിക്കും കലി തുള്ളി. തരാൻ പറ്റില്ല എന്ന് തന്നെ പറഞ്ഞു. അപ്പൊ എല്ലാ പോലീസ്‌കാരുടെയും സ്ഥിരം ഡയലോഗ് ” എന്നാൽ വണ്ടി സൈഡ് ആക്ക്, നാളെ കോടതി പോവാം, ബ്ലാ ബ്ലാ ബ്ലാ. ഒന്നും കിട്ടില്ല എന്ന് ഉറപ്പായപ്പോൾ മച്ചാൻ കുറച്ചു soft ആയി തുടങ്ങി. ഒരു രക്ഷയും ഇല്ല, അവസാനം “എന്തെങ്കിലും തരണം” എന്ന് പറഞ്ഞു. യൂണിഫോം ഇട്ട് ഭിക്ഷയെടുക്കുന്ന അയാളോട് എനിക്ക് എന്തോ അറപ്പു തോന്നി. പോക്കറ്റിൽ കൈ ഇട്ടപ്പോ കിട്ടിയ ഒരു 20 രൂപ നോട്ടും തട്ടിപ്പറിച്ചുകൊണ്ട് അയാൾ ഗേറ്റ് ഉയർത്തി.

ചുരങ്ങൾ താണ്ടി, മലകൾ കീഴടക്കികൊണ്ട് ഞങ്ങളിതാ കൊടൈക്കനാൽ എത്തിയിരിക്കുന്നു. സമയം 5 മണി കഴിഞ്ഞു. ചായ കുടിക്കാനായി ചുരത്തിനു മുകളിൽ വണ്ടി ഒന്ന് നിർത്തി. അത്യാവശ്യം നല്ലൊരു കാലാവസ്ഥ ആയിരുന്നു. ചായക്കടക്കാരൻ, “പാൽ എത്തിയിട്ടില്ല” എന്ന് പറഞ്ഞു. പക്ഷെ, “പശു എണീറ്റിട്ടില്ല” എന്ന് പറയുന്നതാവും നല്ലത്. ചായ കിട്ടുന്നത് വരെ ചുറ്റിലും പരന്നു കിടക്കുന്ന മലയുടെ മണ്ടയിലേക്കും നോക്കിയിരിപ്പായി. ചായ കേറിയപ്പോ ഒന്നുകൂടി ഒന്ന് ON ആയി. ഇവന്മാരുടെ ചായക്ക്‌ വേറെ തന്നെ ഒരു ടേസ്റ്റ് ആണ്. എരുമ പാലിന്റെ ആവും. നാളെ തന്നെ തിരിച്ചു പോവേണ്ടതിനാൽ സമയം കുറവായിരുന്നു. Room എടുത്ത് ഒന്ന് ഫ്രഷ് ആയി നേരെ വിട്ടു ഡോൾഫിൻ വ്യൂ പോയിന്റ് കാണാൻ. ചിത്രങ്ങളിലൂടെ മാത്രം കണ്ട ആ സ്ഥലം കൺമുമ്പിൽ കാണുന്നത് വരെ ഭയകര ആകാംഷയായിരുന്നു. നല്ലൊരു വ്യൂപോയിന്റ് തന്നെയാണ് ഡോൾഫിൻ റോക്ക്. ഉയർന്നു ചാടാൻ നിക്കുന്ന ഡോൾഫിൻ പോലെ തോന്നും. ഷുഹൈലിന്റെ oneplusൽ ചറപറാ ക്യാമറ ക്ലിക് ചെയ്തു.

ഇതുപോലെ ഉയരങ്ങളിൽ നിന്നും നോക്കുമ്പോൾ എത്ര ദുർഘടം പിടിച്ച ജീവിതവും നമുക്ക് എത്ര സുന്ദരമാണെന്നു മനസ്സിലാവും പക്ഷെ അത് അറിയാതെ താഴെ നിന്നുള്ള വ്യൂ കാണാൻ വേണ്ടി തായേക്ക് എടുത്തു ചാടിയ സകല മണ്ടന്മാര്കും, മണ്ടികൾക്കും സലാം പറഞ്ഞുകൊണ്ട് അവിടന്നു പിൻവാങ്ങി. പിന്നെ ഒരു ലോക്കൽ ബിരിയാണിയും തട്ടി നേരെ വിട്ടു piller റോക്ക്സ് കാണാൻ. Relax ചെയ്യാൻ പറ്റിയ ഒരു സ്പോട് ആയിരുന്നു. അവിടുന്ന് നേരം ഇരുട്ടിയപ്പോൾ റൂമിലേക്കു പോയി. നല്ല മഴ പെയ്യുന്നുണ്ട്. അത്പോലെ തണുപ്പും ഉണ്ട്. രാവിലെ തിരിച്ചു പോവണം. അത്കൊണ്ട് തന്നെ പെട്ടെന്ന് കിടന്നു.

നവംബർ 16, രാവിലെ തന്നെ ഭക്ഷണം കഴിച്ചു ഞങ്ങൾ ഇറങ്ങി. പോവുന്നതിന് മുമ്പ് pine forest കൂടി ഒന്ന് പോവണം. അങ്ങനെ ഗൂഗിൾ മാപ് വെച്ച് pine ഫോറെസ്റ്റിലേക് ചവിട്ടി. ഒരുപാട് കയറ്റവും ഇറക്കവും കഴിഞ്ഞു. ലെഫ്റ്റ് സൈഡിൽ ഉള്ള ഒരു “തോട്ടം” കാണിച്ചിട്ട് അവൾ പറഞ്ഞു. “Your destination is on the left side”. മുന്നാളും മുഖത്തോടു മുഖം നോക്കി. “ചതിച്ചതാ എഞ്ഞേ.” വണ്ടി വളക്കാൻ നേരത്തു അവൾക്കൊരു സംശയം “how was the pineforest” very nice എന്നും പറഞ്ഞു pine ഫോറെസ്റ്റിലേക്കുള്ള പ്ലാനിനോടൊപ്പം, അവളെയും ചുരുട്ടി പുറത്തേക്ക് എറിഞ്ഞു.

ചെറുതായി തുടങ്ങിയ മഴക്ക് ക്രമേണ ശക്തി കൂടി വന്നു. വൈപ്പർ മാക്സിമം ആകിയിട്ടും ഒന്നും കാണാൻ സാധിക്കുന്നില്ല. ഞങ്ങൾ വണ്ടി ഒതുക്കി. മഴ കുറയുന്നില്ല, ശക്തമായ കാറ്റിൽ ഓക്ക് മരങ്ങൾ വട്ടം പിടിക്കുന്നു. പ്രകൃതിയുടെ ഭീകരരൂപം കണ്ട് ചെറിയ ഒരു അമ്പരപ്പ് തോന്നി. എന്താ സംഭവിക്കുന്നത് ഒന്നും മനസ്സിലാവുന്നില്ല. കാർ വീണ്ടും പതിയെ നീങ്ങി തുടങ്ങി. Bathlagundu എത്തിയാൽ halt ചെയ്യാം എന്ന് കരുതി.

യാത്രയും പ്ലാനുമൊക്കെ ഞങ്ങളുടെ തന്നെയാണെങ്കിലും അതിലേക്കായി സർവശക്തൻ രചിച്ച ട്വിസ്റ്റുകൾ സംഭവിച്ചു തുടങ്ങി. കാറ്റിന് ശക്തി കൂടി വന്നു. റോഡിനു കുറുകെയായി വീണ കൂറ്റൻ മരത്തിനു മുമ്പിൽ ആണ് ഞങ്ങൾ എത്തിയത്. “പടച്ചോനേ..പെട്ടോ” പെട്ടെന്ന് തന്നെ വണ്ടി വളച്ചു, തിരിച്ചു കൊടൈക്കനാൽ ടൗണിലേക്ക് പോകവേ, ഭീകര ശബ്ദത്തോടെ നിലം പതിക്കുന്ന pine മരത്തെ rear ഗ്ലാസ്സിലൂടെ കണ്ടു. എന്താണ് ഈ സംഭവിക്കുന്നതൊക്കെ?? ഇന്നലെ കണ്ട കൊടൈക്കനാൽ ആയിരുന്നില്ല അത്. താണ്ഡവം മുഷ്ടിക്കു പിടിച്ചു നിക്കുന്ന പ്രകൃതിയെ നോക്കാൻ ഭയം തോന്നി. ഭയം !!

“ഇനിയിപ്പോ എന്ത് ചെയ്യും എന്നായി എല്ലാവരുടെയും ചിന്ത” എന്റെ അറിവിൽ പുറത്തേക്ക് കടക്കാൻ ബത്ലഗുണ്ടു എത്താതെ വേറെ വഴി ഇല്ല. ഞങ്ങൾക്കായി കാലം എന്തോ കരുതി വെച്ചപോലെ ആയിരുന്നു കണ്മുമ്പിലെ കാഴ്ച. വന്ന വഴിയും മരം വീണിരിക്കുന്നു. “എന്ത് ചെയ്യും?” ഒരു പിടിയുമില്ല. കുറച്ചു പിറകോട്ടു വന്നിട്ട് കാർ ഒതുക്കി. വിരലിൽ എണ്ണാവുന്ന വാഹനങ്ങൾ മാത്രം. അപ്പോഴതാ ഒരു ഡ്രൈവർ വേഗത്തിൽ വന്നു നിർത്തി. “ഒരു കേരള കാറിനു മേൽ മരം വീണിരിക്കുന്നു, ആൾക്ക് ജീവനുണ്ടോ എന്ന് അറിയില്ല.” ഞങ്ങളുടെ കാറിൽ കുറച്ചു പേര് അങ്ങോട്ട് പോയി. ഒരുപാട് പാട് പെട്ടിട്ടും ആളെ പുറത്തെടുക്കാൻ fire ഫോഴ്സ് വേണ്ടി വന്നു. ഒന്നും പറ്റല്ലേ എന്ന് മനസാൽ പ്രാർത്ഥിച്ചു. കുട്ടികൾ ഉൾപ്പടെ 4 പേർ ഉണ്ട്, തൃശൂർ സ്വദേശികൾ ആണെന്ന് അറിഞ്ഞു. ആദ്യം ഒരു സ്ത്രീയെ പുറത്തേക്ക് എടുത്തു. കണ്ണ് തുറന്നു നോക്കാൻ പറ്റാത്ത കാഴ്ച ആയിരുന്നു അത്. അവളുടെ പേര് നീലിമ, (ന്യൂസിലൂടെ അറിഞ്ഞു) ശരീരം മാത്രെമേ ഉള്ളു. ഉയിർ പോയിരിക്കുന്നു. നെഞ്ചിടിപ്പ് കൂടി കൂടി വന്നു. ജീവിതത്തിൽ അനുഭവിച്ച ഏറ്റവും ഭീകരത നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നു പോവുന്നത്. നരകതുല്യമായ കാഴ്ചകൾ, മണ്ണിടിച്ചെൽ, വീണ മരങ്ങൾ വിതച്ച നാശം, ആത്മാവ് ഉപേക്ഷിച്ച ശരീരങ്ങൾ, തനിച്ചായവർ, പലതും നഷ്ടപ്പെട്ടു പോയവർ. കാലിന് ശരീരം ഒരു അമിത ഭാരമായി തോന്നി. കുറച്ച് നേരം അവിടെ ഇരുന്നു. ഇവിടെ ഇനി നിന്നാൽ ശരിയാവില്ല എന്നു തോന്നി. എങ്ങനെ എങ്കിലും കൊടൈക്കനാൽ എത്താൻ നോക്കാം.

അങ്ങനെ ഞങ്ങൾ കാർ എടുത്തു. തൊട്ടുമുമ്പ് കാർ ഒതുക്കിയ സ്ഥലം കണ്ണിലേക്കു കൊണ്ട കത്തിയേറു പോലെ ഞങ്ങൾ നോക്കി കണ്ടു. ഞങ്ങളുടെ കാർ വെച്ചിരുന്ന സ്ഥലത്തേക്ക് ഒരു കൂറ്റൻ മരം വീണിരിക്കുന്നു, ഞങ്ങളുടെ തൊട്ട് പിറകിൽ നിർത്തിയിരുന്ന കാർ നശിച്ചിരിക്കുന്നു. മനസ്സുകൊണ്ട് ദൈവത്തെ വിളിച്ചുപോയി. ഒരുപക്ഷെ ആ ഡ്രൈവർ വന്നു വിളിച്ചപ്പോൾ ഞങ്ങൾ കാർ എടുത്ത് അങ്ങോട്ട് പോയില്ലായിരുന്നെങ്കിൽ കാർ ഉൾപ്പെടെ 4ഉം തീർന്നേനെ. ദൈവത്തിന് നന്ദി, ദൈവ ദൂതനായി വന്ന ആ ഡ്രൈവറിനും. വിറച്ചുകൊണ്ട് സ്റ്റീയറിങ് പിടിച്ച ഞാൻ മരണവും, മരണം ബാക്കി വെച്ചതും എന്റെ ഫ്രണ്ട് ഗ്ലാസ്സിലൂടെ കണ്ടു.

ടൗണിന് അകത്തേക്കുള്ള ഉള്ള വഴി ആയിരുന്നില്ല തേടിയത്, ജീവിച്ചു കൊതി തീരാത്ത 3 യുവാക്കൾ തേടിയത് മരണമുഖത്ത്‌ നിന്നും പുറത്തേക്കുള്ള വഴിയായിരുന്നു. കണ്ടൊരു ചെറിയ റോഡിലൂടെ ഒരുപാട് വളഞ്ഞു പിടിച്ചു. കാണുന്ന വഴിയിലൊക്കെ കാർ ഓടിച്ചു കയറ്റി. പ്രതീക്ഷ കൈ വിടാതെ കറങ്ങി കറങ്ങി അവസാനം town അതാ കണ്ണെത്തും ദൂരത്തു. സന്തോഷത്തേക്കാൾ ഏറെ അമ്പരപ്പ് ആയിരുന്നു. മണിക്കൂറുകൾ മുമ്പ് ഞങ്ങൾ കണ്ട town ആയിരുന്നില്ല അത്. കാറ്റിൽ പാറി നടക്കുന്ന ഷീറ്റ്, നിലം പതിച്ച കൊച്ചു കൊച്ചു കടകൾ. വീണുകിടക്കുന്ന വൈദ്യുതി പോസ്റ്റ്‌, പരക്കം പായുന്ന നാട്ടുകാർ. അലറി പായുന്ന പോലീസ്, ആംബുലൻസ്, forest & fire ഫോഴ്സ്. ഒരു യുദ്ധ്സന്നാഹം തന്നെ ഉണ്ടായിരുന്നു. നേരം വൈകുന്നേരം ആയിരിക്കുന്നു. നല്ല വിശപ്പ്, കടകളൊക്കെ പൂട്ടി കിടക്കുന്നു. തുറന്ന കടയിൽ നിന്നു കിട്ടിയതൊക്കെ വാങ്ങി കഴിച്ചു. അവസാനം വീണ്ടും റൂം എടുക്കാൻ തീരുമാനിച്ചു.

റൂമിൽ എത്തി. എന്താണ് നടക്കുന്നത് എന്ന് അറിയാനുള്ള ആകാംഷ കൊണ്ട് ന്യൂസ്‌ എടുത്തു. “ഗജ ചുഴലിക്കാറ്റ് ” കൊടൈക്കനാൽ മാത്രമല്ല, തമിഴ്നാടിന്റെ ഭൂരിഭാഗവും ഇപ്പൊ ഇതിനേക്കാൾ അവസ്ഥയാണ്. ഒരുപാട് അമ്പരപ്പിക്കുന്ന വിഡിയോകൾ കണ്ടു യൂട്യൂബിൽ. അതിൽ ഏതോ ഒരു തമിഴൻ ഇട്ട വിഡിയോയിൽ വെപ്രാളത്തിൽ പായുന്ന ഞങ്ങളുടെ മാരുതി brezza യും പതിഞ്ഞിരുന്നു. ആശ്ചര്യം തന്നെ. അല്ല, പതിഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളൂ, കാരണം കയറി ഇറങ്ങാൻ ഒരു റോഡും ഇനി ബാക്കിയില്ല ഇവിടെ. അന്തരീക്ഷം ശാന്തമായപ്പോ മെല്ലെ പുറത്തേക്ക് ഇറങ്ങി, കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. 1000 ഓളം മരം വീണിട്ടുണ്ട്. Forest ഫോഴ്സ് മുറിക്കാൻ തുടങ്ങിയിട്ടുണ്ട് ചിലപ്പോ രാവിലേക്ക് റൂട്ട് ക്ലിയർ ആവും.

17 നവംബർ, രാവിലെ എന്തായാലും നല്ല ബ്ലോക്ക്‌ ആവും അത്കൊണ്ട് അതിരാവിലെ തന്നെ ഞങ്ങൾ ഇറങ്ങി, കഴിഞ്ഞ ദിവസത്തെ പ്രകൃതിയുടെ വിപ്ലവത്തിന്റെ സ്മാരകങ്ങൾ പോലെ റോഡിലുടനീളം മരങ്ങളും, പോസ്റ്റുകളും, പിന്നെ മറ്റുപലതും വീണു കിടക്കുന്നു. തിരിച്ചു നാട്ടിലേക്ക്…കേരളത്തിലെ മതേതര സാമൂഹിക പ്രതിസന്ധിക്ക് എതിരെ ശബ്ദം ഉയർത്തിയ ചില നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേതിച്ചു കേരളത്തിൽ ഹർത്താൽ ആണ്. അത്കൊണ്ട് ഊട്ടി വഴി ആയിരുന്നു യാത്ര. നിശബ്ദമായിരുന്നു എല്ലാവരും. എന്നെപോലെ എന്തെങ്കിലും ചിന്തയിൽ ആവാം. കാണാൻ ഇനിയുമുണ്ട്. പോകാൻ ഇനിയുമുണ്ട്. അനുഭവിക്കാൻ ഇനിയുമുണ്ട്. ജീവിത യാത്ര ഇവിടെ വെച്ച് തീരാത്തതിനാൽ തന്നെ എന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. കാരണം ദൈവത്തിന്റെ തിരക്കഥയിൽ ആയുസ്സ് ഇനിയും ബാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.