കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് സർക്കാർ ബോട്ടിൽ എട്ടു മണിക്കൂർ കായൽയാത്ര…

Total
89
Shares

വിവരണം – സുനിൽകുമാർ എം. (പോസ്റ്റ് ഓഫ് ദി വീക്ക് – Tech Travel Eat).

കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഇറങ്ങി ചുമന്ന മേൽക്കൂട്‌ പാകിയ കെട്ടിടങ്ങളുടെ ഇടയിലേക്ക് റോഡ് മുറിച്ചു നടന്നു. അവിടെ, ആലപ്പുഴയിലേക്കുള്ള ഫെറി അഷ്ടമുടി കായലിൽ യാത്രക്ക് തയ്യാറായി കിടപ്പുണ്ടായിരുന്നു. ബോട്ട് ജെട്ടിയിൽ നിന്ന അതിലെ ക്രൂവിനോട്, നമുക്ക് പോകുവാനുള്ള ബോട്ട് ആണെന്ന് ഉറപ്പുവരുത്തി. ആ ജോലിക്കാരുടെ ഹാർദ്ധവമായ സ്വീകരണത്തോടെയും കുശല അന്നെഷണത്തോടെയും ബോട്ടിലേക്ക് കയറി. കേരളം സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ജലഗതാഗത വകുപ്പിന്റെ ഫെറിയാണ് കശുവണ്ടിയുടെയും കരിമണലിന്റെയും നാടായ ദേശിങ്ങനാട് നിന്നും കിഴക്കിന്റെ വെനീസിലേക്ക് പോകാനായി ഒരുങ്ങുന്നത്.

പത്രത്താളുകളിൽ നിന്നുമാണ് ആദ്യമായി ഇത്തരം ഒരു യാത്ര സാഹചര്യത്തെക്കുറിച്ചു അറിയുന്നത്. തുടങ്ങിയ സമയത്ത് ആഴ്ചയിൽ ഒരു യാത്രയും പിന്നീട് അതിന്റെ എണ്ണം കൂടുകയും ഇപ്പോൾ ദിവസേനയുള്ള യാത്രയായി തുടരുകയും ചെയ്യുന്നു. പടിഞ്ഞാറൻ തീരക്കനാൽ ആണ് 168 KM ദൂരത്തിൽ ദേശിയ ജലപാത 3 ആയി കൊല്ലത്തു നിന്നും കോട്ടപ്പുറം വരെ നീളുന്നത്. തിരുവന്തപുരത്തേക്കുള്ള പാതയുടെ വികസനം പൂര്ണമാകുക ആണെങ്കിൽ കേരളത്തിലെ ഉൾനാടൻ ജലഗതാഗത്തിനും അതോടപ്പം വിനോദ സഞ്ചാര വികസനത്തിനും മുതൽകൂട്ടാകുമെന്നുള്ള കാര്യത്തിൽ സംശയമില്ല. നമ്മുടെ നാട്ടിലെ വീതികുറഞ്ഞതും തിരക്കേറിയതുമായ കരമാർഗങ്ങളെ ആശ്രയിക്കാതെ ഈ പാത എന്തുകൊണ്ട് വാണിജ്യ ആവിശ്യങ്ങൾക്ക് കൂടുതലായി ഉപയോഗിക്കുന്നില്ല? കേരളത്തിലെ വിനോദ സഞ്ചാര പുരോഗതിക്ക് ഇനിയും ഏറെ ഉപയോഗിക്കാനും സർഗ്ഗശക്തിയോടെ ഉല്പാദനപരമായ മേഖലകൾ ഇനിയും സൃഷ്ടിക്കാനും നവകേരള നിർമ്മാണ വേളയിൽ ഈ പാതക്ക് കഴിയും എന്ന കാര്യത്തിൽ സംശയമില്ല.

രണ്ടു തട്ടായി രൂപകൽപന ചെയ്തതാണ് ഈ ബോട്ട്. മുകളിലത്തെ നിലയിൽ രണ്ടു പേർക്ക് ഇരിക്കാവുന്ന രീതിയിൽ നിർമ്മിച്ച നീളൻ ബെഞ്ചുകൾ ആണ്. മേൽത്തട്ടിൽ ആണല്ലോ ഗ്രാമ്യകാഴ്ചകൾ ആസ്വദിക്കാനും ആഘോഷിക്കാനും കൂടുതൽ കഴിയു. താഴെയുള്ള ഇരിപ്പടങ്ങൾ മൂന്നുവീതം സീറ്റുകൾ ഉള്ള രണ്ടു വരി ആയിട്ടാണ്.താഴെ ഇരിക്കുക ആണെങ്കിൽ മുന്നിൽ ഇരിക്കുന്നതാവും സൗകര്യം, അല്ലെങ്കിൽ എൻജിൻ പുറപ്പെടുവിക്കുന്ന ശബ്ദം നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം. ക്യാപ്റ്റന്റെ ക്യാബിൻ താഴെ മുന്നിൽ ആണ്. അദ്ദേഹത്തെ സഹായിക്കാൻ മറ്റൊരാളും കൂടി ഉണ്ട്.ഒപ്പം രണ്ടു ക്രൂവും. അവരെ നാലുപേരെയും കൂടാതെ ടിക്കറ്റു വിതരണത്തിനായി കണ്ടക്ടറും ബോട്ടിൽ തന്നെ ഉണ്ട്. നമ്മൾ ടിക്കറ്റു എടുക്കേണ്ടത് ബോട്ടിൽ നിന്നും തന്നെ ആണ്. കൊല്ലത്തു നിന്നും 400 രൂപയാണ് ആലപ്പുഴയിലേക്ക്. കൊല്ലം ആലപ്പുഴ ബസ് ചാർജുമായുള്ള താരതമ്യം ഇവിടെ അപ്രസക്തമെങ്കിലും, ആ ഫെയറിന്റെ 400 ശതമാനമാണ് ഫെറി ഫെയർ. 400 രൂപയുടെ പേരിൽ നിങ്ങൾ ഒഴിവാകാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്ക് നഷ്ടമാകുന്നത്, ഇപ്പോഴും അത്രമേൽ മലിനമാകാതെ ഗ്രാമീണ ആശയങ്ങളാൽ സമ്പുഷ്ടമായ സ്വച്ഛ സുന്ദരമായ ഗ്രാമ കേരളത്തിന്റെ അഴകുവിരിയും ഉൾക്കാഴ്ചകൾ ആവും.

അഷ്ടമുടി കായലിൽ പത പരത്തികൊണ്ടു ഫെറി കൃത്യം 10:32 നു പതുക്കെ നീങ്ങി തുടങ്ങി. ആകെ 23 യാത്രക്കാരാണ് ഉള്ളത്. അതിൽ അഞ്ചോളം ആളുകൾ ഒഴിച്ച് ബാക്കി ഏവരും ബോട്ടിലെ മുകൾ തട്ടിലെ ബഞ്ച് കസേരകളിൽ സ്ഥാനം പിടിച്ചിരുന്നു. പത്തുപടികൾ കയറി മുകൾ നിലയിലേക്ക് നോക്കിയെങ്കിലും, ഇരിക്കാൻ ഇരിപ്പടം ഇല്ലാതെ നിരാശനായി താഴേക്ക് തന്നെ മടങ്ങി.ക്രൂവും കണ്ടക്ടറും ആശ്വസിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നു . എല്ലാവരും മാറിയും തിരിഞ്ഞും ഒക്കെ ആണ് ഇരിക്കുന്നത്.ആരും സ്ഥിരമായി ഒരു സീറ്റിൽ ഇരിക്കാറില്ല.പ്രേത്യേകിച്ചു യുറോപ്യൻകാർ, കണ്ടക്ടർ പറഞ്ഞു നിർത്തി. ഞാനുൾപ്പെടെ മൂന്നു പേരെ മലയാളികളായി ഉള്ളു.അവരിരുവരും സംബന്ധം വഴി ബന്ധുക്കളായ പെൻഷൻകാർ ആണ്. ഒരാൾ പോലീസിൽ നിന്നും മറ്റൊരാൾ സ്‌കൂൾ അധ്യാപകൻ ആയും. തിരുവന്തപുരത്തുകാരായ രണ്ടു പേരുടെയും വിനോദം ചിലവ് ചുരുക്കിയുള്ള യാത്രകൾ തന്നെ.

മുകൾ തട്ടിൽ രണ്ടു ചെറുപ്പക്കാർ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ നിന്നും വന്നതാണ്. ഭക്തരാണ്, മലകയറണം, അയ്യപ്പനെ കാണണം, തിരികെ പോകുന്ന വഴിയിൽ കേരളത്തിന്റെ ഭംഗിയും ആസ്വദിക്കണം. ആ ചെറുപ്പക്കാരന് കേരളത്തെക്കുറിച്ചു സാമാന്യ ബോധം ഉണ്ട്, മഹാകവി കുമാരനാശാനെയും വായിച്ച പരിചയമുണ്ട്. ബാക്കി ഉള്ളവർ എല്ലാം വിദേശികൾ ആണ്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ. എന്റെ തൊട്ടടുത്തിരുന്ന വൈദേശ മിഥുനങ്ങൾ ഏവരെയും ആകര്ഷിക്കുമാറ് പ്രണയ ബദ്ധരായി സംസാരത്തിൽ മുഴുകി. ആ പഴയ ‘റോസി’നെ ഓർമിപ്പിക്കുന്ന ആ സുന്ദരി സ്ത്രീയുടെ കഴുത്തിൽ നീളത്തിൽ ഒരു മുല്ലമാല. ആ മാല അവരെ കൂടുതൽ സുന്ദരിയാക്കി. നീളൻ പാന്റും ടിഷർട്ടും ഫെഡോറ തൊപ്പിയും ആയിരുന്നു റോസിന്റെ വേഷം. മുട്ടുവരെ നിൽക്കുന്ന ട്രൗസറും ടിഷർട്ടും ധരിച്ചു ഫ്രഞ്ച് താടിയും സൺ ഗ്ലാസും ധരിച്ചിരിക്കുന്ന അവരുടെ പങ്കാളിയും നല്ല ചേർച്ചയിൽ തന്നെ ആയിരുന്നു. മുല്ലപ്പൂവിലേക്ക് പതിക്കുന്ന സൂര്യകിരണങ്ങൾ, ഒരു വട്ടം കൂടി ഒളികണ്ണിട്ടു നോക്കി.

SWTD S26, കൊല്ലത്തു നിന്നും അതിന്റെ ശരാശരി വേഗം ആർജ്ജിച്ചു തുടങ്ങി. ഇതേ സമയത്തു തന്നെ മറ്റൊരു ഫെറി ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്കും വരുന്നുണ്ട്. കൊല്ലത്തിന്റെ കേളീഭവനം ആണ് നഗരഹൃദയത്തിൽ തന്നെ ഉള്ള അഡ്വെഞ്ചർ പാർക്ക്. കായലിലേക്ക് ഇറക്കി കെട്ടിയ ഇരിപ്പടങ്ങളും തിങ്ങി നിൽക്കുന്ന മരങ്ങളും കളിക്കോപ്പുകളും നിറഞ്ഞൊരു ഉദ്യാനം. പാർക്കിനു അരികിലൂടെ, പടിഞ്ഞാറേ കൊല്ലത്തേക്ക് പുതിയതായി നിർമ്മിക്കുന്ന കായൽപ്പാലത്തിനു സമീപത്തുകൂടി ബോട്ടി നീങ്ങി തുടങ്ങി. ബോട്ട്, ആദ്യത്തെ പാലത്തെ മുറിച്ചു കടക്കുകയാണ്. കൊല്ലം നഗരത്തിൽ നിന്നും കടവൂരിലേക്ക് പോകാനുള്ള തേവള്ളി പാലം. കാഴ്ചയെ സുന്ദരമാക്കികൊണ്ടു കായലിലേക്ക് ചാഞ്ഞു കിടക്കുന്ന കേരവൃക്ഷങ്ങൾ, വെള്ളത്തിലേക്ക് നിഴൽ വീശി ചീലാന്തി മരങ്ങൾ.

ഒഴുകിപ്പോകുന്ന തെങ്ങോലകളെയും ചീലാന്തി പൊഴിച്ച മഞ്ഞ ഇലകളെയും പുറകിലാക്കികൊണ്ടു ബോട്ട് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കെ, അങ്ങകലെ, ചെങ്കല്ലുകൊണ്ടു അരികുകെട്ടിയ തീരത്ത് പൂർണ നഗ്നയായ സ്ത്രീ രൂപം പന്തം ഉയർത്തി നിൽക്കുന്ന കാഴ്ച, വിളക്കമ്മ (God of Light)!. വലിയവിള ഫാമിലി എസ്റ്റേറ്റ് ഗസ്റ്റ് ഹൌസിനു മുന്നിലാണ് ഈ മനോഹരം ശിൽപം ഉള്ളത്. സോളമൻ കടവൂർ എന്ന ശില്പിയുടെ ഏറ്റവും വലിയ സൃഷ്ടിയാണ് 55 അടി ഉയരത്തിലുള്ള വിളക്കമ്മ എന്ന പ്രതിമ. സിമന്റിൽ നിർമ്മിച്ച, വെളുത്ത നിറം പൂശിയ ശില്പത്തിലേക്ക് സൂര്യരശ്മികൾ പതിച്ചപ്പോൾ വിളക്ക് കത്തിച്ചതുപോലെ തീഷ്ണതയോടെ വിളക്കമ്മ തിളങ്ങി നിന്നു.

മുന്നോട്ടു പോകുംതോറും അഷ്ടമുടി കായലിന്റെ നിറം പച്ചയാകുന്നതുപോലെ. അതോ കായലിന്റെ നിറം പച്ചയാണോ? ചാടി കുതിച്ചോടി പോകുന്ന ചൂണ്ട മീനുകൾ. ശാന്തമായി ഒഴുകുന്ന അഷ്ടമുടി, അഴകുവിരിച്ചു കൈവരികളിലേക്ക് പടർന്നു കയറുന്നു. സൂര്യപ്രകാശത്തിൽ തിളങ്ങി ഓളവും വെള്ളവും. ശിശിരം അതിന്റെ സർവ്വപ്രതാപത്തോടെ വന്നണഞ്ഞിരിക്കുന്നു. ഇല പൊഴിഞ്ഞു നിൽക്കുന്ന മരക്കാലുകളിൽ കാക്കകളും കൊക്കും പുതിയ ഇരകളെ തേടി ഇരിക്കുന്നു.
കരയോട് ചേർന്ന് വിശ്രമിക്കുന്ന മത്സബന്ധന യാനങ്ങൾ.

അഷ്ടമുടിയിൽ ആലപ്പുഴ ഫെറി വലത്തേക്ക് തിരിഞ്ഞു നീന്തുകയാണ്. അവിടെ ആണ് കൊല്ലം ബൈപ്പാസിന്റെ തുടക്കത്തിലേ പാലമായ കാവനാട് കടവൂർ പാലം കാണുവാൻ കഴിയുന്നത്. ആ പാലത്തിനു ചുവട്ടിൽ ചീനവലകളുടെ നിരകൾ കാണാം പാലത്തിനു മുകളിൽ യാത്രികർ, വാഹനം നിർത്തി കായൽ സൗന്ദര്യവും പുതിയ റോഡിൻറെ ഭംഗിയും ആസ്വദിക്കുന്നു. 47 വർഷത്തിന്റെ കാത്തിരിപ്പിന്റെ സ്മാരകമാണത്.ആസ്വദിക്കാവുന്നൊരു കരയാത്രയാണ്, കൊല്ലം ബൈപാസിലൂടെ ഉള്ളത്.

നമ്മുടെ ഫെറി സാമ്പ്രാണിക്കടവിനു അകലെക്കൂടി ദളവാപുരം പാലത്തിനു കീഴെകടന്നു മുന്നോട്ട് കടന്നു ഇടത്തോട്ട് നീങ്ങി. വലത്തേക്ക് പോകുന്ന കൈവഴി അഴകത്തു വഴി കല്ലടയിലേക്കാണ്.മലയാളത്തിലെ മഹാകാവ്യലക്ഷണമുള്ള ആദ്യ കാവ്യമായ രാമചന്ദ്രവിലാസം എഴുതിയ അഴകത്തു പദ്മനാഭ കുറിപ്പിന്റെ കുടുംബ ഭവനം ഉള്ളത് ആ ദിശയിലാണു. നമ്മൾ ഇപ്പോൾ കണ്ട ദളവാപുരം പാലത്തിൽ നിന്നും കൊച്ചിയിലേക്ക് 140 km എന്നുള്ള ദിശാ എഴുത്ത് കാണാം. നീണ്ടകര പഞ്ചായത്തിനെ ചവറ തെക്കുംഭാഗം പഞ്ചായത്തുമായി ബന്ധപ്പിക്കുന്ന ഏക മാർഗം ആണ് ദളവാപുരം പള്ളിക്കോടി പാലം. ത്യാഗോജ്വലമായ സമരമുഖങ്ങൾക്ക് ശേഷമാണു ഏറ്റവും അനിവാര്യമായ ഈ പാലം 2007 ഇൽ പണി പൂർത്തീകരിച്ചത്.
ആ പാലത്തിനു എതിർവശവും ഒരു റിസോർട്ടുണ്ട്. ആ റിസോർട്ടിന് അരികിലൂടെ ആണ് ഇപ്പോൾ ബോട്ട് നീങ്ങുന്നത്.

SWTD S26 ഫെറി ഇപ്പോൾ നീന്തിയടുക്കുന്നത് എന്റെ ഗ്രാമത്തിലേക്കാണ്. “ചവറ പന്മന തേവലക്കര കയറുകൊണ്ട് പിഴക്കണം”. കുഞ്ഞുന്നാൾ മുതലേ കേട്ടുശീലിച്ചൊരു ഈരടി. കരിമണ്ണും കയറും കശുവണ്ടിയും കട്ടകമ്പിനിയും തീപ്പെട്ടി കമ്പനികളും കായലും നിറഞ്ഞ എന്റെ നാട്. ഫെറി ചവറ പാലം പിന്നിടുന്നു. ആ കുഞ്ഞു പാലത്തിനു മുകളിൽ പനവേൽ കന്യാകുമാരി NH 66, താഴെ NW 3 ! ആ ഭാഗങ്ങളിൽ ജലപാതയുടെ ആഴം കൂട്ടുന്ന ജോലികൾ നടക്കുകയാണ്, അതിനാൽ ഫെറി വളരെ പതുക്കെയാണ് നീങ്ങുന്നത്. പാതയുടെ ഇടതുവശങ്ങളിൽ ഇന്ത്യൻ റെയർ എർത്ത് (IRE) എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം കരഭൂമി ഡ്രഡ്ജ് ചെയ്യുന്നതിന്റെ അടയാളങ്ങൾ കാണാം. കൂറ്റൻ വെള്ള മണൽ കൂമ്പാരങ്ങൾ!
കമ്പനി കുഴിച്ചെടുക്കുന്ന കരിമണലിൽ നിന്നും ധാതു മണലുകൾ തരം തിരിച്ച ശേഷം പാഴ് മണ്ണ് വീണ്ടും ആ കുഴികളിൽ തന്നെ നിക്ഷേപിക്കും. അങ്ങനെ ഉള്ള മൺകൂമ്പാരങ്ങളാണ് പാതയുടെ ഇടതുവശങ്ങളിൽ. ജലപാതയുടെ സമാന്തരമായി പഞ്ചായത്ത് റോഡുണ്ട്. അതിനപ്പുറം അറബിക്കടലാണ്.

ഫെറിയിൽ നിന്നും നോക്കുമ്പോൾ പുതുക്കി പണിത ചവറ വേളാങ്കണ്ണിമാതാ പള്ളി കാഴ്ചയെ മനോരഹരമാക്കി നിൽക്കുന്നു. ആ പള്ളിയുടെ അരികിലെ റോഡിലൂടെ, ദേശീയപാതയിലേക്ക് ചെന്ന് കയറുമ്പോൾ, പ്രസിദ്ധമായ കൊറ്റൻകുളങ്ങര ക്ഷേത്രം കാണാം. പുരുഷന്മാർ സ്ത്രീവേഷം കെട്ടി വിളക്കെടുക്കുന്നതിലൂടെ സുപ്രസിദ്ധമായ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം. NW 3, NH 66 ന് സമാന്തരമായി ഒഴുകുകയാണ്. ചവറ കോവിൽത്തോട്ടം പാലം പിന്നിടുമ്പോൾ വീണ്ടും ഇടതുവശത്തു വലിയ മണൽ കൂമ്പാരങ്ങൾ കാണാം. പ്രശസ്തമായ കാട്ടിൽ മേക്കതിൽ ക്ഷേത്ര പരിസരമാണത്. മണി കെട്ടമ്പലം എന്ന് പ്രശസ്തമായ ഈ ക്ഷേത്രം, കൊല്ലം ജില്ലയിലെ ഏറ്റവും തിരക്കുള്ള തീർത്ഥാടന കേന്ദ്രമായി ഉയർന്നിരിക്കുന്നു. അറബിക്കടലിനു അഭിമുഖമായി ദേശിയ ജലപാതക്കു അരികുപറ്റി നിൽക്കുന്ന ക്ഷേത്രത്തിലേക്ക് എത്തുവാൻ ജലപാത മുറിച്ചുകടക്കേണ്ടിയിരിക്കുന്നു.

കുറെ വര്ഷങ്ങള്ക്കു മുൻപ് ഒരു പ്രേതഗ്രാമമായി മാറിപ്പോയ സ്ഥലമാണ് കാട്ടിൽ മേക്കതിൽ. ക്ഷേത്ര സമീപത്തെ വസ്തുവകകൾ ഒക്കെ തന്നെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ, കേരളം മിനറൽസ് ആൻഡ് മെറ്റൽസ് (KMML) ഏറ്റടുത്തിരുന്നു. കരഭൂമി കുഴിച്ചു, അതിലെ ധാതുക്കൾ ശേഖരിച്ചു മൂല്യവർധിത വസ്തുക്കൾക്കുള്ള അസംസ്‌കൃത ഉത്പന്നങ്ങളാക്കുന്ന സ്ഥാപനം ആണ്, ലാഭത്തിൽ പ്രവർത്തിക്കുന്ന കെഎംഎംൽ. ക്ഷേത്രം ഉപേക്ഷിച്ചു കുടിയൊഴിഞ്ഞു പോയ ജനതയെ ആ ക്ഷേത്രം തന്നെ തിരികെ വിളിച്ചു എന്നുള്ളതാണ് വർത്തമാനകാല യാഥാർഥ്യം. ഇപ്പോൾ ക്ഷേത്രം നിൽക്കുന്ന സ്ഥലം ഒഴിച്ച് ബാക്കിയെല്ലാം കെഎംഎംൽ വകയാണ്. ഉപഭോഗം കഴിഞ്ഞ വെളുത്ത മണൽ വിരിച്ചു നീണ്ടു നിവർന്നു കിടക്കുകയാണ് ആ കടലോരം. കടൽഭിത്തിയായ തീർന്നിരിക്കുന്ന പാറകൂമ്പാരങ്ങളിലേക്ക് തിരകൾ വന്നു തല്ലുകൂടുന്നത് കേൾക്കാം, ചെവിയോർത്താൽ.

ഇരു കരകളിലെയും ജെട്ടികളിൽ ധാരാളം ആൾക്കാർ ദേശിയ ജലപാത മുറിച്ചു കടക്കാനായി, കാട്ടിലമ്മയുടെ പേരിലുള്ള ചെങ്ങാടത്തിനായി കാത്ത് നിൽക്കുന്നു. നമ്മുടെ ബോട്ടിലെ വിദേശീയർ, അവർക്ക് നേരെ കൈകൾ വീശി അഭിവാദ്യം ചെയ്യുന്നുണ്ട്. ആൾകൂട്ടത്തിൽ നിൽക്കുന്ന സ്ത്രീകൾ നാണത്തോടെ സാരിത്തലപ്പു കൊണ്ട് മുഖം മറയ്ക്കുന്നു. ചിലർ ചെറു നാണചിരിയോടെ പ്രത്യഭിവാദം ചെയ്യുന്നു. സഹയാത്രികരായിരുന്ന രണ്ടു പെൻഷൻകാർക്കും എനിക്കറിയാവുന്ന ചവറയെക്കുറിച്ചു പരിചയപെടുത്തികൊടുത്തു. ഇല്മനൈറ്റും മോണോസൈറ്റും പിന്നെ അവിടെ നിന്നും കാട്ടിലമ്മയുടെ തിരുസന്നിധിയിലേക്കും.

കാട്ടിൽ പരിസരത്തുകണ്ട പാഴ് സ്ഥലങ്ങൾ ഏറെ ഉപയോഗപ്പെടുത്തുവാൻ കഴിയില്ലേ? ബോട്ട് മുന്നോട്ടു നീങ്ങുമ്പോൾ എന്റെ ചിന്ത കാടുകയറി. ആയിരക്കണക്കിന്, ഭക്തർ, ആളുകൾ ആണ് ദിവസവും കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്ക് വരുന്നത്. തീർത്ഥാടന ടൂറിസത്തെ കുറച്ചുംകൂടി വികസിപ്പിക്കുക ആണെങ്കിൽ, ആ പരിസരത്തെ വെറുംപുരയിടങ്ങളെ സർഗമനോഭാവത്തോടെ ഉപയോഗപ്പെടുത്തുക ആണെങ്കിൽ, പന്മന ഗ്രാമ പഞ്ചായത്തിന് ഒരു അധിക വിഭവ സമാഹരണമാകും എന്ന കാര്യത്തിൽ സംശയമില്ല. കെഎംഎംൽ ന്റെയും ഐ ആർ ഈ യുടെയും സി ആർ ഫണ്ട് ഉപയോഗിക്കാമല്ലോ. അല്ലെങ്കിൽ സ്വകാര്യ വ്യെക്തികൾക്ക് പാട്ടത്തിനു കൊടുക്കാമല്ലോ. നല്ല കോഫീ ഷോപ്പുകൾ, കുട്ടികൾക്കായുള്ള കളിയന്തരീക്ഷങ്ങൾ, ജലകേളിക്കുള്ള മാർഗങ്ങൾ, നല്ലൊരു പൂന്തോട്ടം, യോഗയ്ക്കും ധ്യാനത്തിനും ഉതകുന്ന സാഹചര്യങ്ങൾ അതിനൊക്കെയോ അതിനേക്കാൾ ഉപരിയായോ ചെയ്യുവാൻ കഴിയുന്ന ഭൗതിക പശ്ചാത്തല സൗകര്യങ്ങൾ കാട്ടിൽ മേക്കതിൽ ഉണ്ട്. ഭംഗിയായി പരിപാലിച്ചാൽ ഗംഭീരമാക്കാവുന്ന ബീച്ചും അവിടെ ഉണ്ട്. കാട്ടിലമ്മേ കാത്തുകൊള്ളണമേ..!

ഫെറി ഇപ്പോൾ , സോഷ്യൽ മീഡിയയിൽ ഏറെ സങ്കര്ഷമുണ്ടാക്കുന്ന ആലപ്പാടിന്റെ തീരത്തൂടെയും ഗ്രാമത്തിലൂടെയും ആണ് നീങ്ങുന്നത്. ആലപ്പാട് വിഷയം, ആലപ്പാടിന്റേതു മാത്രമല്ല! പശ്ചിമ തീരത്തു കൊല്ലം ജില്ലയിലെ ചവറ മുതൽ കായംകുളം വരെ നീളുന്ന പ്രകൃതി വിഭവമാണ് വിഷയം. ജനസഞ്ചയങ്ങൾക്ക് ഇടയിലെ ധാതു സമ്പത്തിനെ തദ്ദേശീയ ജനതയെ സംരക്ഷിച്ചുകൊണ്ട് എങ്ങനെ രാജ്യത്തിൻറെ ആവശ്യത്തിനും ഒപ്പം ജനങ്ങളുടെ പൊതു നന്മക്കും വേണ്ടി ഉപയോഗിക്കാമെന്നും, അവിടെ തനതു ജനതയെ എങ്ങനെ ആണ് വിശ്വാസത്തിൽ എടുക്കേണ്ടത് എന്നും അവരെ ഉൾപ്പെടുത്തേണ്ടത് എന്നും തമ്മിലുള്ള തർക്കവും സംഘർഷവുമാണ്.

ചവറക്കാർ തോട് എന്ന് വിളിക്കുന്ന ദേശിയ ജലപാത കുറേക്കൂടി വിശാലമായി, വട്ടക്കായലിലേക്ക് കടക്കുകയാണ്. ചവറയിൽ നിന്നും ആലുംകടവിലേക്ക് എത്തുമ്പോൾ പാതയുടെ വീതികൂടി. ഫെറി വലതുവശത്തു കാണുന്ന ഓട് പാകിയ കെട്ടിടത്തിന് അരികിലെ ജെട്ടിയിലേക്ക് അടുപ്പിക്കുകയാണ്. വള്ളത്തിന്റെ ആകൃതിയിൽ ഉള്ള നടപ്പാതയിലൂടെ ആണ് ആ കെട്ടിടത്തിലേക്ക് കയറേണ്ടത്. വാട്ടർസൈഡ് അമിനിറ്റി സെന്റര്, ആലുംകടവ്! അവിടെയാണ് ഉച്ചയൂണ്. സമയം അപ്പോൾ പന്ത്രണ്ട് മുപ്പത് ആയിരിക്കുന്നു. കേരളം സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ളതാണ് ആ സെന്റര്. കായലിലേക്ക് ഇറക്കി നിർമ്മിച്ചിരിക്കുന്ന മലയാളിത്വമുള്ളൊരു കെട്ടിടം. ആളുകൾക്ക് വേഷം മാറാനും ശരീരശുദ്ധിക്കുമുള്ള സൗകര്യങ്ങൾ അവിടെ ഉണ്ട്. ഞാൻ സ്ഥലം ചുറ്റിക്കാണാനും ഫോട്ടോ എടുക്കുന്നതിനുമായി നടക്കാനായി ശ്രമിച്ചു. മുല്ലപ്പൂ മാലയണിഞ്ഞ നമ്മുടെ റോസ് അതിലൂടെ നടന്നു, കായലിലേക്ക് കെട്ടിയിറക്കിയ കെട്ടിടത്തിന്റെ മൂലയിലേക്ക് വന്നു. നല്ലൊരു ഫോട്ടോഗ്രാഫർ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഭാവപ്രകടനത്തോടെ അവർ കായൽ വീക്ഷിച്ചു ദൂരേക്ക് നോക്കി നിന്നു.

ജീവനക്കാർ ധൃതി കൂട്ടികൊണ്ടിരുന്നു, അധിക സമയം ചിലവാക്കാനില്ല, പോകണം, ഇനിയും വളരെ ദൂരം യാത്ര ചെയ്യാനുണ്ട്. ഒരു വട്ടമേശക്ക് ചുറ്റും ആഹാരം നിരത്തി വെച്ചിട്ടുണ്ട്. തനിയെ പകർന്നു എടുക്കണം. ബുഫേ എന്നുള്ള പേര് അതിനു ചേരുമോ എന്നറിയില്ല. ചോറും കപ്പയും മീൻകറിയും അവിയലും സാമ്പാറും പരിപ്പും പപ്പടവും തോരനും അച്ചാറും ഫിഷ് ഫ്രൈയും ആയിരുന്നു അവിടുത്തെ വിഭവങ്ങൾ. ഊണിനു 100 രൂപയും, കേര മീനിന്റെ ഫ്രയ്ക്ക് 120 രൂപയുമാണ് വില. വിദേശിയരായ യാത്രികരും ആ കേരളം ആഹാരത്തെ ആസ്വദിക്കുന്നതായി തോന്നി. ചിലർ സ്പൂൺ ഉപയോഗിക്കുന്നുണ്ട്. മറ്റുചിലർ കൈകൊണ്ടു തന്നെ കഴിച്ചു. അവിയലിലെ മുരിങ്ങാക്കോല് ഈമ്പി കടിക്കാനും കപ്പയിൽ പുളിശ്ശേരി ഒഴിച്ച് മീൻചാറും കൂട്ടി രുചി നോക്കാനും സ്വന്തം കൈ തന്നെയാണ് ഏറ്റവും അഭികാമ്യം. അത്ര ഗംഭീര സദ്യ ഒന്നുമല്ലെങ്കിലും കായലിനു അരികിലെ ആ ആഹാരസവിധത്തെ കുറ്റംപറയാനില്ല. എന്നാൽ ഇനിയും അവർക്ക് ഏറെ വളരെ ഏറെ മെച്ചപ്പെടുത്തുവാൻ കഴിയും. അതിനു ഒരുപക്ഷെ സഞ്ചാരികളുടെ എണ്ണവും കൂടേണ്ടിവരും.

2001 ഇൽ തുടങ്ങിയതാണ് വാട്ടർസൈഡ് അമിനിറ്റി സെന്റര്. മരത്തിൽ നിർമിച്ച ഒരു ചെറു കപ്പലിന്റെ ശില്പമാണ് അവിടേക്ക് നമ്മളെ സ്വീകരിക്കുന്നത്. 20 മിനിറ്റ് ആണ് ഉച്ചയൂണിനു ഇടവേള പറഞ്ഞിരിക്കുന്നത് എങ്കിലും അരമണിക്കൂർ കഴിഞ്ഞാണ് ബോട്ട് നീങ്ങി തുടങ്ങിയത്. ഉച്ചയൂണിന്റെ ആലസ്യത്തിൽ ഫെറി മുന്നോട്ട് നീങ്ങിയപ്പോൾ,അകലെ ഇടതു വശത്തു കാഷായ വർണമാർന്ന വലിയ കെട്ടിടങ്ങൾ കാണാം. അടുക്കും തോറും അവിടുത്തെ പാലത്തിനും കാവി കലർന്ന മഞ്ഞ കലർന്ന ഓറഞ്ച് നിറം. അമൃത സേതു. പറയക്കടവ് എന്ന തീരദേശ ഗ്രാമത്തെയും വള്ളിക്കാവിനെയും ബന്ധിപ്പിക്കുന്ന പാലം. ആ പാലം ഇറങ്ങിച്ചെല്ലുന്നത് മാതാ അമൃതാനന്ദമയി മഠത്തിലേക്കാണ്. മഠം നിർമ്മിച്ച് നിൽകിയ പാലം ഉൽഘാടനം ചെയ്തതു അന്നത്തെ രാഷ്‌ട്രപതി ആയിരുന്ന ആദരണീയനായ എപിജെ അബ്‌ദുൾ കലാം ആയിരുന്നു. ജലകാഴ്ചയെ ആകർഷിക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ, ആ പരിസരത്തൊന്നും അതുപോലെയുള്ള വേറെ വലിയ കെട്ടിടങ്ങൾ കണ്ടില്ല. അമൃതപുരിയിൽ ഫെറിയ്ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നു. ബോട്ട് നിർത്താനുള്ള ബെല്ലടിച്ചു. നമ്മളോടപ്പം ഉണ്ടായിരുന്ന ഒരു വിദേശിയായ യാത്രികൻ ഇറങ്ങി, ഒപ്പം അവിടെ നിന്നും മറ്റൊരാൾ കയറുകയും ചെയ്തു. ഇറങ്ങിയ ആൾ എല്ലാ യാത്രക്കാരെയും നോക്കി അഭിവാദ്യം ചെയ്തുകൊണ്ട്, സഞ്ചികളുമായി നടന്നു നീങ്ങുന്നതും നോക്കി ഞാനിരുന്നു. അദ്ദേഹം പോകുന്നത് ആശ്രമത്തിലേക്കാണ്. ഇപ്പോൾ കയറിയ യാത്രികൻ വന്നതും ആശ്രമത്തിൽ നിന്നും തന്നെ.

ഫെറി ഇപ്പോൾ പടിഞ്ഞാറേ ദിശയെ അഭിമുഖീകരിച്ചാണ് നീങ്ങുന്നത്. അമൃതപുരി പിന്നിടുമ്പോൾ, ഇരുവശങ്ങളിലും ചീനവലകൾ. ചീനവലകളിൽ ചെറിയ വെള്ള നിറമുള്ള കുരുവികൾ വരിവരിയായി ഇരിക്കുന്നു. യൂണിഫോം അണിഞ്ഞ കുട്ടികൾ സ്‌കൂൾ അസംബ്ളിയിൽ നിൽക്കുന്നതായിട്ടേ തോന്നു. ചീനവലകൾക്കപ്പുറം ഒരു ക്ഷേത്രം കാണാം, അഴീക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആയിരുന്നോ എന്നതിൽ സംശയമുണ്ട്. അഴീക്കൽ പാലത്തിനു അടിയിലൂടെ വീണ്ടും മുന്നോട്ടു. എതിരെ വരുന്ന മൽസ്യബന്ധന ബോട്ടുകളിൽ എഴുതിവെച്ചിരിക്കുന്ന മുദ്രാവാക്യത്തിന് ആലപ്പാടൻ ജനതയോടുള്ള ഐക്യദാർഢ്യമാണ്. അവിടെ നിന്നും മുന്നോട്ട് പോയപ്പോൾ, അപകടത്തിലാണ്ടു ചരിഞ്ഞു, പകുതി മുങ്ങിയ ഒരു ബോട്ടിനെ കാണാം. മൽസ്യബന്ധന യാനങ്ങൾ ഒന്നിന് പുറകെ ഒന്നായി എതിരെ വന്നുകൊണ്ടിരുന്നു. ആർപ്പുവിളികളോടെ, ഉച്ചത്തിലുള്ള കളിചിരികളോടെ, സംസാരങ്ങളിലൂടെ ആണ് ഓരോ ബോട്ടും കടന്നു പോകുന്നത്. അവരെല്ലാം യാത്രികരെ നോക്കി കൈ വീശുകയോ ചിരിക്കുകയോ ചെയ്യുന്നുണ്ട്.

നമ്മുടെ ഫെറി കായംകുളം കായലിലേക്ക് കടക്കുകയാണ്. കായംകുളം കായൽ സ്വാഗതം ചെയ്യുന്നത് വളരെ ഉയരമുള്ളൊരു വിളക്ക്മരമാണ്. അതിന്റെ ചുവട്ടിൽ വൃത്തത്തിൽ സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ട്. അതിലെ കുറ്റികൾക്കു മേൽ കൊറ്റികൾ ഇരിക്കുന്നു. വിളക്ക് തെളിയുന്ന മുഖത്തു ഏതോ പക്ഷി കൂടു കൂട്ടിയിരിക്കുന്നു. ഈ അടുത്ത സമയത്തൊന്നും ആരും വിളക്ക് തെളിയിച്ചിട്ടില്ല എന്ന് തോന്നുന്നു. അതോ രാജഭരണകാലത്തെ യാത്രയുടെ അവശിഷ്ടങ്ങൾ ആണോ ? ആവൊ, അറിയില്ല!

ബോട്ടിന്റെ മുകളിലത്തെ നിലയിൽ, സഹോദരങ്ങളായ മൂന്നു കുട്ടികൾ ഉണ്ടായിരുന്നു. ഒരു ആൺകുട്ടിയും രണ്ടു പെൺകുട്ടികളും. അവർ കുട്ടികൾക്കുള്ള ഏതോ ബുക്ക് വായനയിലും കളിയിലും മുഴുകി. ഞാൻ പരിചയപ്പെട്ട പെൻഷൻകാർ, അല്പം ആശങ്കയിൽ ആയിരുന്നു. ഇത് ഒരു ദിവസം നീണ്ടു നിൽക്കുന്ന യാത്ര ആയിരിക്കും എന്നവർ കണക്കു കൂട്ടിയിരുന്നില്ലല്ലോ. ആലപ്പുഴയിൽ എത്തിയിട്ട്, അവിടെ നിന്നും ബസ്സിൽ തിരുവന്തപുരത്തേക്ക് തിരിച്ചാൽ, പാതിരാത്രി അടുക്കുമ്പോൾ മാത്രമേ വീട്ടിൽ എത്തുകയുള്ളൂ എന്ന തിരിച്ചറിവ് അവരെ അല്പം ആശങ്കയിലാഴ്ത്തി. ആ ആശങ്ക അവരുടെ യാത്രയുടെ അനുഭവ ബോധ്യത്തെ ബാധിച്ചുവോ എന്ന് തോന്നി.

കേരവൃക്ഷങ്ങൾക്ക് നടുവിലൂടെ ആണ് ഫെറിയുടെ യാത്ര. വീണ്ടും വിളക്ക് കാലുകൾ കാണാം. ഫെറിയുടെ പുറകിലേക്ക് നോക്കുമ്പോൾ, മുൻപേ കണ്ട ആ വെള്ളക്കുരുവികളുടെ കൂട്ടം താഴ്ന്നു പറന്നടുക്കുന്നു. ബോട്ട് പോകുമ്പോൾ ഇളകുന്ന ജലത്തിൽ, പൊങ്ങുന്ന പൊടിമീനുകളെ പിടിക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം എന്ന് തോന്നുന്നു. ആ കുരുവിക്കൂട്ടം ഏതാണ്ട് അരമണിക്കൂറോളം നമ്മുടെ ബോട്ടിന്റെ പുറകെ കൂടി. ഉയരത്തിൽ നിൽക്കുന്ന വലിയ വ്യാസമുള്ള നാലു പൈപ്പുകൾ ദൂര കാഴ്ച്ചയിൽ കാണാം. കായംകുളം താപനിലയിലത്തിലെ കാഴ്ചയാണോ? ഉറപ്പു വരുത്തുവാൻ ആരുമില്ലാത്തതുകൊണ്ടു, അതൊരു സംശയമായി തന്നെ നിന്നു. കായൽ വളരെ സുന്ദരി ആയി മാറുന്നു.

കൊല്ലത്തു കണ്ട വേനൽകാല അടയാളങ്ങൾ കായംകുളം പരിസരത്തു ഇല്ലെന്നു തോന്നുന്നു. ഇവിടെ പ്രകൃതിക്ക് നല്ല പച്ചപ്പ്. കായലിനു പോലും പച്ച നിറം. അരികിൽ പായലുകൾ പടർന്നു കിടക്കുന്നു. ഇരുവശത്തും ഇടതൂർന്നു കല്പവൃക്ഷങ്ങൾ. കേരളീയ ദൃശ്യഭംഗി ആവിഷ്കരിക്കുന്ന കലണ്ടറുകളിൽ കണ്ടിട്ടുള്ള ഫോട്ടോകളുടെ അതെ ശേഖരം തന്നെ ആണ് ഇരുകരകളും എന്ന് തോന്നും. ഫെറി മുന്നോട്ടു നീങ്ങുകയാണ്. കായലിനു അരികിലൂടെ, ചെറുവള്ളത്തിൽ മണൽ വഹിച്ചുകൊണ്ട്, മുള ഊന്നി പോകുന്നത് ആ കൊച്ചുപെൺകുട്ടി, ബൈനോകുഴലിലൂടെ വീക്ഷിക്കുന്നു. പച്ചപ്പണിഞ്ഞ പ്രകൃതി, കായംകുളം പിന്നിട്ടു, തൃക്കുന്നപുഴയിലേക്ക് കടന്നു. ഒരു വളവു തിരിയുന്നതായി തോന്നി. അവിടെ അതാ, സ്‌കൂൾ മുറ്റത്ത് എന്നതുപോലെ കായലിനെ ദർശിച്ചുകൊണ്ടു ബോട്ടിന്റെ ആകൃതിയിൽ വെള്ള നിറമുള്ള സ്മാരകം. മഹാകവി കുമാരനാശാന്റെ ഓർമ്മക്കായുള്ള നിർമ്മിതി. റെഫെറൻസ് ലൈബ്രറിയും ഓഡിയോ വിഷൽ സംവിധാനങ്ങളും സെമിനാര് ഹാളും ഒക്കെ ചേർന്നതാണ് ആ സ്മാരകം. 1924 ഇൽ കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് യാത്ര തിരിച്ച മഹാവി ബോട്ടു മറിഞ്ഞു അപകടത്തിൽ പെട്ടത് പല്ലന കുമാരകോടി എന്ന സ്ഥലത്തായിരുന്നല്ലോ.

കെട്ടുവള്ളങ്ങളും ചെറു വള്ളങ്ങളും വിശ്രമിക്കുന്ന കായലിലൂടെ ഫെറി ചെന്ന് എത്തിയത്, തൊട്ടപ്പള്ളിയിലാണ്. തോട്ടപ്പള്ളി സ്പിൽവേ ഒരു ദൂരകാഴ്ചയായി കാണാം. തൊട്ടപ്പള്ളിയിൽ യാത്രക്ക് പത്ത് മിനിട്ടു ഇടവേളയുണ്ട്. ബോട്ട് ഒരു വീടിനു അരികിലായി നിർത്തി. ചായയും ചെറുകടികളും കഴിച്ചിട്ടാവാം യാത്ര എന്ന് ക്രൂ വന്നു പറഞ്ഞു. എല്ലാവരും അവിടെ ഇറങ്ങി. ഏത്തക്കായപ്പം, ബോണ്ട, പരിപ്പുവട എന്നിവയൊക്കെ ഒരു പാത്രത്തിൽ നിരത്തിയിട്ടുണ്ട്. ഏതെടുത്താലും പത്ത് രൂപ. വിദേശികളും കടലാസ് ഗ്ലാസിൽ പകർന്ന ചായയും ചെറുകടികളും രുചിക്കുന്നു. എണ്ണയിൽ വറുത്ത പലഹാരങ്ങൾ വിതരണം ചെയ്യുന്നത് വർത്തമാന പത്രത്തിന്റെ പകുതി മുറിച്ച കഷണത്തിലാണ്. ആ കാര്യം ഈർഷ്യയോടെ ഒരു വിദേശ യാത്രികൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അത് ശരി തന്നെ അല്ലെ ? കുറേക്കൂടി ഉത്തരവാദിത്വം നമ്മൾ കാണിക്കേണ്ടിയിരിക്കുന്നു.

ചായ കുടിച്ചതിനു ശേഷം, ബോട്ട് വീണ്ടും മുന്നോട്ടു നീങ്ങി. ആ ജെട്ടിയിൽ നിന്നും രണ്ടു യാത്രികരും കൂടി ആലപ്പുഴക്ക് പോകാനായി കയറി. അതിൽ ഒരു സ്ത്രീ ആയിരുന്നു. അവർ മുകളിലെ ഞാനിരുന്ന മുൻ നിരയിലെ ബെഞ്ചിൽ, ഞാൻ കയറുന്നതിനു മുന്നേ സ്ഥാനം പിടിച്ചു. അവരുടെ ആ പെരുമാറ്റത്തിൽ എനിക്കത്ര മതിപ്പ് തോന്നിയില്ല. ഫെറി ഇപ്പോൾ കുട്ടനാട്ടിലേക്ക് കടക്കുകയാണ്. കേരളീയ കായൽ സൗന്ദര്യത്തിന്റെ ദൃശ്യ ഭംഗി ഏറ്റവും ഗംഭീരമായതു കുട്ടനാട്ടിലേക്ക് വന്നപ്പോൾ ആണെന്ന് തോന്നി. അരികിലായി നോക്കെത്താദൂരത്തോളം നിവർന്നു കിടക്കുന്ന നെൽപ്പാടങ്ങൾ. വീതിയേറിയ കായൽ. സമീപത്തായി അവിടവിടെയായി ചെറിയ വീടുകൾ. നെല്പാടങ്ങൾക്കു അരികിൽ ഒറ്റക്കും കൂട്ടായും തെങ്ങുകൾ. ഓരോ വീടിനു മുന്നിലും ചെറു തോണികൾ. വീടിനെയും കായലിനെയും വേർതിരിച്ചു കൊണ്ടു ചെറിയ റോഡ്‌. റോഡിൽ നിന്നും കായലിലേക്ക് ഇറങ്ങുവാൻ കൽപ്പടവുകൾ. ആ കല്പടവുകൾക്ക് മേൽ ഒരു കാൽ കുന്തിച്ചു വെച്ച്, ഉടയാട അരയിലേക്ക് ഒതുക്കിവെച്ചു വസ്ത്രങ്ങൾ അലക്കുന്ന യുവതികൾ, സ്ത്രീകൾ, വൃദ്ധർ, കുട്ടികൾ. അലക്കു കല്ലിലേക്ക് ആഞ്ഞു വീശുന്ന, വെള്ളം ചിതറുന്ന വസ്ത്രങ്ങൾ ഉണ്ടാക്കുന്ന ശബ്‌ദം സഹയാത്രക്കാർ ആസ്വദിച്ചു നോക്കികൊണ്ടിരുന്നു. പലരുടെയും ക്യാമറ കണ്ണുകൾ, പലപ്രാവശ്യം ആ അലക്കു കല്ലുകൾക്ക് മേൽ പതിഞ്ഞു. ജനജീവിതത്തെ അറിയുക തന്നെ ആയിരുന്നു അവർ.

രണ്ടോ മൂന്നോ സ്ഥലങ്ങളിൽ സ്ത്രീകൾ കൂട്ടത്തോടെ പറമ്പിൽ കൂടിയിരിക്കുന്നതും കഥ പറയുന്നതും കണ്ടു. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ ആണവർ. പക്ഷെ, ആ കൂടിയിരിക്കുന്നവരെ വളരെ അത്ഭുതത്തോടെ ആണ് വിദേശ ക്യാമറയിലേക്ക് ആവാഹിച്ചതു. ഞാൻ അപ്പോൾ ശ്രദ്ധിക്കുക ആയിരുന്നു, ഓരോ അലക്കു കല്ലുകൾ എത്തുമ്പോഴും, എന്റെ സഹയാത്രികരായ സ്ത്രീകൾ ഉൾപ്പടെ ഉള്ളവരുടെ ക്യാമറകൾ, ആ ദൃശ്യങ്ങൾ പകർത്തുവാൻ ശ്രമിക്കുന്നുണ്ട്.കേരളീയ ജീവിതത്തെ ആണ് പകർത്തുന്നത്. ആ അലക്കു പ്രവർത്തിയെ എങ്ങനെ, കാവ്യാത്മകമാക്കം എന്നും അതിനെ എങ്ങനെ വിപണന സാധ്യത ഉള്ള ഒരു ഉല്പന്നമാക്കാം എന്നും അതിലൂടെ ആ ഗ്രാമീണ ജനതയുടെ കൈത്താങ്ങാവാമെന്നും എന്നുള്ള ചിന്തയിൽ ആയിരുന്നു. സ്‌കൂൾ കഴിഞ്ഞു വരുന്ന കുട്ടികൾ ചെറുവള്ളങ്ങളിൽ വീടുകളിലേക്ക് പോകുന്നു. വലിയ കന്നാസുകളിൽ പാലുമായി കർഷകരും വിപണനകേന്ദ്രങ്ങളിലേക്ക് വള്ളത്തിൽ പോകുന്നു. താറാവിന്റെ വലിയ കൂട്ടത്തെ മേയിച്ചുകൊണ്ടു മറ്റൊരു കർഷകൻ വള്ളത്തിൽ അവരോടപ്പം തുഴയുന്നു.
ഒരു ജനതയുടെ ജീവിതം വെള്ളത്തിലും വള്ളത്തിലും ആയിട്ടാണ്.

SWTD S26, തുഴഞ്ഞു നീങ്ങുന്നത് പമ്പാനദിയിലൂടെ കരുമാടിലേക്കാണ്. വലതു വശത്തായി, ഇടതുകരം നഷ്ടപെട്ട കരുമാടികുട്ടന്റെ പ്രതിമ. കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ബുദ്ധ പ്രതിമ ഇപ്പോൾ സംരക്ഷിത സ്മാരകത്തിലാണ്. പമ്പാ നദിയിലേക്ക് ഇറങ്ങിയപ്പോഴേക്കും ബോട്ടിന്റെ വേഗം കുറഞ്ഞു. വേലിയിറക്ക സമയം ആയതുകൊണ്ട് വെള്ളം കുറവാണു. എതിരെ വരുന്ന കൂറ്റൻ ഹൌസ് ബോട്ടുകളും വളരെ പതുക്കെ ആണ് നീങ്ങുന്നത്. ജലപാതയിലേക്ക് ചാഞ്ഞു വീണു കിടക്കുന്ന മരച്ചിലകൾക്കു ഇടയിലൂടെ, കൂട്ടമായി നീരാടുന്ന താറാവ് കൂട്ടങ്ങളുടെ ഇടയിലൂടെ ബോട്ട് മുന്നോട്ട് നീങ്ങി. കരയിൽ റിസോർട്ടുകൾ കാണാം. കേരളീയ ഗൃഹനിർമ്മാണ രീതിയിലാണ് അവയുടെ നിൽപ്പ്. വളരെ വിശാലമായ നദി. ഓണപ്പാട്ടും കുരവകളും മത്സര വള്ളംകളിയും നടക്കുന്ന തീരം. പ്രകൃതി രമണിയം തന്നെ. സുന്ദരവും സുരഭിലവും വശ്യതാപൂരിതവും.

ചില ജീവിത ദൃശ്യങ്ങൾ നമ്മളെ അത്ഭുതപെടുത്തുക മാത്രമല്ല, അവ തിരിച്ചറിയുവാൻ സമയം എടുക്കുകയും ചെയ്യും. സ്വന്തം മക്കൾ, സ്‌കൂൾ വിട്ടു, സൈക്കളിലോ കൂട്ടുകാരുടെ ഒപ്പമോ അതുമല്ലെങ്കിൽ സ്‌കൂൾ ബസ്സിലെ വാനിലൊ വീട്ടുമുറ്റത്തു എത്തുന്ന ഈ കാലത്തു, സ്വന്തം കുട്ടികളെ ചെറു വള്ളം തുഴഞ്ഞു അക്കരയിൽ നിന്നും ഇക്കരയിലേക്ക്. ഒരു കരയിൽ സ്വന്തം വാഹനം നിർത്തി വെച്ചിട്ടു, സ്വന്തമായി വള്ളം തുഴഞ്ഞു മറുകരയിലേക്ക് പോകുന്ന ജോലി കഴിഞ്ഞു വരുന്ന യുവാവ്. കരയിൽ നിന്നും കായലിലേക്ക് എത്തുമ്പോൾ ജീവിതം കുറച്ചുംകൂടി പരുക്കനായ മാറുന്നു.

നമ്മുടെ ഫെറി പമ്പാ നദിയിലൂടെ ആലപ്പുഴയിലേക്ക് പോകുകയാണ്. തൊട്ടടുത്തുള്ള പ്രധാന സ്ഥലം അമ്പലപ്പുഴയാണ്. ഫെറി മുന്നോട്ടു പോകുംതോറും കാഴ്ചകളുടെ രീതിയും മാറുന്നു. മുന്നിൽ നിറയെ ഉയർന്ന കെട്ടുവള്ളങ്ങൾ, ഹൌസ് ബോട്ടുകൾ. തലയെടുപ്പുള്ള ആനകൾ നിരന്നു പോകുമ്പോൾ അതിനിടയിലെ ചെറിയ ആനയായി നമ്മളുടെ ഫെറിയും മാറിയിരിക്കുന്നു. അത്രയും വൈവിധ്യമാർന്ന ബോട്ടുകൾ ആണ് ആ കായൽ നിറയെ. നിറയെ സഞ്ചാരികളുമായി ഒന്നിന് പുറകെ ഒന്നായി യാത്രയിലാണവയൊക്കെ. ഒരു ബസ് സ്റ്റേഷനിൽ ബസ്സുകൾ എങ്ങനെ ആണാവോ പാർക്ക് ചെയ്തിരിക്കുന്നത് അതുപോലെ, കായലിന്റെ ഇരുവശത്തും ബോട്ടുകൾ പാർക്ക് ചെയ്തിരിക്കുന്ന കാഴ്ച മനോഹരം എന്നല്ലാതെ എന്ത് പറയാൻ. ദൃശ്യ ഭംഗികളുടെ പൂരമാണ് ദേശിയ ജലപാത നിറയെ. പമ്പാ നദി അതിനെ കമനീയമാക്കുന്നു. കെട്ടുവള്ളങ്ങളുടെയും ഹൌസ് ബോട്ടുകളുടെയും ദൃശ്യഭംഗി ഏതു സാധാരണക്കാരനെയും കവിയാക്കിയേക്കാം, ഏതു വൈരാഗിയിലും പ്രേമം അങ്കുരിപ്പിച്ചേക്കാം. വർണകുടകൾ നിവർത്തിവെച്ചിരിക്കുന്ന പോലെ. മഴമേഘ ആകാശത്തു വിടർന്ന മഴവില്ലുപോലെ, മനോഹരം, ചേതോഹരം.

പമ്പാനദിയിൽ നിന്നും ബോട്ട് തിരിഞ്ഞു, ആലപ്പുഴയുടെ ഹൃദയഭാഗത്തേക്ക് നീങ്ങി തുടങ്ങി. പടിഞ്ഞാറു പീതവർണം പൂശിയ സ്വർണ തിടമ്പോടെ ചക്രവാളം തുടുത്തു നിൽക്കുന്നു. ആ മഞ്ഞ സ്വർണ സൂര്യകിരണങ്ങൾ ഓളപ്പരപ്പുകളെ ആടയാഭരണങ്ങൾ അണിയിച്ചു. ഗംഭീരം. ചാഞ്ഞു വീഴുന്ന സൂര്യബിംബ നിഴലുകൾ ഫെറിയിലേക്ക് പതിഞ്ഞു. അരികിൽ ജേക്കബ് ഐലൻഡ് കാണാം, നഗരഹൃദയത്തിലെ മിനാരങ്ങൾ കാണാം, പ്രധാന ജലപാതയിൽ നിന്നും തോട്ടിലേക്ക് ഒഴുകുന്ന ചെറുവഞ്ചികൾ കാണാം.

ഈ ദിവസം ഓർത്തിരിക്കാൻ ഈ പകലറുതി ധാരാളം. രാവിലെ 10:32 നു തുടങ്ങിയ കായൽ യാത്ര, വൈകിട്ട് 6:12 നു കര തൊട്ടിരിക്കുന്നു. SWTD S26 കൊല്ലം ആലപ്പുഴ ഫെറി, ആലപ്പുഴ KSRTC സ്റ്റാൻഡിനു സമീപത്തെ പെട്രോൾ പമ്പിന് അരികിലായി നങ്കൂരമിട്ടു. ഓരോ യാത്രികരും പരസ്പരം അഭിവാദ്യം ചെയ്തു വെളിയിലേക്ക് ഇറങ്ങി. കേരളീയ ഗ്രാമജീവിതം, കായൽ സൗന്ദര്യം, ഉൾനാടൻ ആവാസം ഒക്കെ കണ്ടറിഞ്ഞു, നൗകകളുടെ നാട്ടിൽ, കിഴക്കിന്റെ വെനീസിൽ. കാവ്യകല്പനകളാൽ നിറഞ്ഞാഘോഷിക്കുന്ന കേരളീയ പ്രകൃതി സൗന്ദര്യം അതിന്റെ ഏഴഴകും തെളിയിച്ചു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പോലെയോ, മംഗലാംകുന്ന് കർണ്ണനെ പോലെയോ വെഞ്ചാമരവും വീശി മസ്തകം ഉയർത്തി നിൽക്കുന്ന കാഴ്ചയാണ് അഷ്ടമുടി കായൽ മുതൽ വേമ്പനാട്ടു കായൽ വരെ കാണാനായത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post