വിവരണം – രാഹുൽ മാനാട്ടു.
നേര്യമംഗലം പാലം കഴിഞ്ഞു കുത്തനെ കയറ്റങ്ങളും വളവുകളും ഓടി തീർത്തു 2 ചെവികളും അടഞ്ഞു മൂന്നാറിലേക്ക് ഓരോ തവണ കയറി ചെല്ലുമ്പോഴും ആദ്യം തോന്നും ഓഹ് ഈ മുന്നാറിൽ ഇനിയും കാണാൻ വല്ലതും ബാക്കി ഉണ്ടോ? പക്ഷെ മൂന്നാർ എന്ന സുന്ദരി ഓരോ തവണയും ഓരോരോ അത്ഭുതങ്ങൾ കാട്ടി തന്നു ഞെട്ടിച്ചിട്ടേ ഉള്ളു. ഇത്തവണ മൂന്നാർ എനിക്കായി കാത്തു വെച്ചത് കൊളുക്കുമലയിലെ മഞ്ഞുതുള്ളികൾ ആയിരുന്നു.
ഒദ്യോഗികമായ ഒരു യാത്രയുടെ അവസാനം വീണു കിട്ടിയ അവസരം ആയിരിന്നു കൊളുക്കുമല. സ്വന്തം വണ്ടിയിൽ തന്നെ ഞങ്ങൾ ആദ്യം സൂര്യനെല്ലി പോകുവാൻ യാത്ര തുടങ്ങിയപ്പോൾ ആണ് അറിഞ്ഞത് എന്തോ അപകടം മൂലം ഇപ്പോൾ പോകണ വഴി അടഞ്ഞിരിക്കുന്നു എന്ന്. മനസ് മടുത്തെങ്കിലും കൊളുക്കുമല പോയെ പറ്റു എന്ന വാശിയിൽ കാർ ഒതുക്കി മൂന്നാർ നിന്നും ഒരു ജീപ്പിൽ തിരിച്ചു താഴേയ്ക്ക് ഇറങ്ങി ആനച്ചാൽ, ബൈസൺ വാലി വഴി സൂര്യനെല്ലി എത്തി. അവിടെ മുന്നേ പറഞ്ഞു ഉറപ്പിച്ചതിനാൽ കമാണ്ടർ ജീപ്പുമായി ഞങ്ങടെ സാരഥി ദീപു കാത്തു നിപ്പുണ്ടായിരുന്നു.
സമയം 11 നോട് അടുത്തിരുന്നു. ഹാരിസൺ മലയാളം എസ്റ്റേറ്റ് കീഴിൽ ആണ് കൊളുക്കുമല വരുന്നത്. താഴെ കൗണ്ടറിൽ 2000 രൂപ അടച്ച് ഞങ്ങടെ ഓഫ് റോഡിങ് തുടങ്ങി. പക്ഷെ ആദ്യം തേയില തോട്ടത്തിനു നടുവിലൂടെ പൊട്ടി പൊളിഞ്ഞ റോഡിലൂടെ ആരുന്നു യാത്ര. മുന്നിലെ സീറ്റിൽ ഇരുന്നു ഞാൻ ദീപൂനെ നോക്കി. എന്റെ നോട്ടം മനസിലായവൻ “ചേട്ടാ ഇത് ഫാക്ടറിയിലേക്കുള്ള വഴിയാ. ഓഫ്റോഡിങ് തുടങ്ങാനിരിക്കുന്നെ ഉള്ളു” എന്ന് പറഞ്ഞു. മുഖത്തെ സങ്കടം കണ്ടത് കൊണ്ടാകാം മുകളിലേയ്ക്കു ചൂണ്ടി ഒരു മഞ്ഞുകൂട്ടത്തെ കാണിച്ചു അവൻ പറഞ്ഞു ചേട്ടാ അവിടെ ആണ് നമുക്കു എത്തേണ്ടതെന്നു. അങ്ങ് മോളിൽ മഞ്ഞിന്റെ കൂട്. മനസിനു വീണ്ടും ജീവൻ വെച്ചു.
ഏകദേശം 14 കിലോമീറ്ററോളം ആണ് മുകളിലേക്കുള്ള യാത്ര. ഓരോ വളവുകൾ കഴിഞ്ഞു ജീപ്പ് ചാടി ചാടി മോളിലേയ്ക് പോകുമ്പോൾ തോറും എന്റെ കണ്ണിലെ അത്ഭുതം കൂടി വന്നു. എത്ര സഞ്ചാരികളെ കണ്ടെന്ന ഭാവത്തിൽ 1911, 1913 കാലഘട്ടങ്ങളിൽ നട്ട തേയില ചെടികൾ ഇതൊക്കെ എന്ത് എന്ന രീതിയിൽ മഞ്ഞിൽ കുളിച്ചു നിക്കുന്നുണ്ടായിരുന്നു. അതിന്റെ വേരുകൾ പഴക്കം 100 വർഷത്തിന് മോളിൽ ആണ് എന്ന് മനസിലാക്കി തന്നു.
പച്ച വിരിച്ചു നിക്കണ തേയിലതോട്ടങ്ങൾക്കു നടുവിലൂടെ ഞങ്ങൾ മുകളിൽ എത്തി. 1800 ഏക്കറോളം ആണ് തോട്ടം എന്നും ഞാൻ നിക്കുന്നതോ സമുദ്രനിരപ്പിൽ നിന്നും 7200 അടിയോളം മുകളിൽ ആണ് എന്നും ദീപു പറഞ്ഞു. തണുപ്പ് കഠിനമായ തണുപ്പ് വിറച്ചു കൊണ്ട് കൊളുക്കുമലയിലെ പുലിപ്പാറയിലേയ്ക് നടന്നു. ആന്മരിയ കലിപ്പിലാണ് എന്ന സിനിമയിൽ കണ്ടത് കൊണ്ട് എന്നോ കണ്ടതാണ് ഇതെന്ന തോന്നൽ ഉണ്ടായെങ്കിലും അത്ഭുതം തന്നെ. മഞ്ഞിൽ കുളിച്ച മലയും പുലിയുടെ മുഖം ഉള്ള പാറയും മൊബൈലിൽ ഫോട്ടോകൾ എടുത്തു കൊണ്ടേ ഇരിക്കാൻ തോന്നുന്ന സൗന്ദര്യം.
കുന്നിന്റെ മോളിൽ നിന്ന് ആ മഞ്ഞിൽ കുളിച്ച കണ്ണടച്ച് നിക്കണം. ആ തണുപ്പിൽ ചെവിയിലൂടെ കാറ്റിന്റെ ശബ്ദം. ആഹ് ഒരിക്കൽ എങ്കിലും അവിടെ പോയെങ്കിൽ ഇത് വായിക്കുമ്പോ കണ്ണടച്ചാൽ നിങ്ങൾക്കും ആ തണുപ്പും കാറ്റും അനുഭവിക്കാൻ കഴിയും Damn Sure. കൂടെ മനസ് പാടി “ഇവിടുത്തെ കാറ്റാണ്, കാറ്റു മല മൂടും മഞ്ഞാണ് മഞ്ഞു..” അതെ ഇടുക്കി ഇവളാണിവൾ ഇവളാണിവൾ മിടുമിടുക്കി. സത്യമാണ് തൊടുപുഴ മുതൽ മൂന്നാർ വരെ അത്ഭുതങ്ങൾ ഒളിപ്പിച്ച വെച്ചിരിക്കുന്ന സുന്ദരി.
കോടമഞ്ഞിൽ മുങ്ങിയ താഴ്വാരമേ കാണാൻ കഴിഞ്ഞുള്ളൂ എങ്കിലും ഇതും ഒരു അനുഭവം തന്നെ. തിരിച്ചുഇറങ്ങിയപ്പോൾ ദീപു പറഞ്ഞു “ചേട്ടാ നിങ്ങൾ ഇനിയും വരും. വരാതെ ഇരിക്കാൻ കഴിയില്ല.” അവന്റെ ഫോണിൽ കൊളുക്കുമലയിലെ സൂര്യോദയം കാണിച്ചു തന്നു. മനസ്സിൽ ഞാൻ പറഞ്ഞു ശരിയാടാ ഞാൻ ഇനിയും വരും. സൂര്യോദയം കാണാന്‍. രാവിലെ 4.30 മുതൽ 150 ഓളം ജീപ്പുകൾ സൂര്യോദയം കാണാൻ മാത്രം കൊളുക്കുമല കയറും എന്ന് ദീപു പറഞ്ഞു.
മൊബൈലിൽ കണ്ട ഫോട്ടോ മനസ്സിൽ ഓർത്ത എനിക്കതു അത്ഭുതമായി തോന്നിയെ ഇല്ല. കാരണം ഇത്ര ഭംഗി ഉള്ള കാഴ്ച എങ്ങനെ ഒരാൾ വേണ്ടാന്നു വെയ്ക്കാൻ. കൊളുക്കുമലയും അതിലേ പുലിപ്പാറയും മഞ്ഞും താഴ്വാരവും പുല്ലും പൂക്കളും തേയില തോട്ടങ്ങൾക്കു നടുവിലൂടെ ഉള്ള ഓഫ് റോഡ് യാത്രയും തിരിച്ചിറങ്ങിയപ്പോ പെയ്ത ചാറ്റൽ മഴയും എന്റെ സാറേ…. അത്ഭുതം അത്ഭുതം അത്ഭുതം.
മുന്നാറിനോട് യാത്ര പറഞ്ഞു തിരിച്ചിറങ്ങി. വാളറ വന്നു ചൂട് ചായ കുടിച്ചു വീണ്ടും താഴേയ്ക്ക്. ഒരിക്കൽ കൂടി പതിവ് യാത്രകളിൽ എന്ന പോലെ റാണിക്കല്ലിനു അടുത്ത് ഒന്നുടെ വണ്ടി ചവിട്ടി പുറത്തിറങ്ങി. കൂടെ ഉള്ള സുഹൃത്ത് പറഞ്ഞു ഇനി മുന്നാറിൽ കാണാൻ ഒന്നൂല്ല അല്ലേടാ. ഇത് തന്നെ ആടാ കഴിഞ്ഞ 10 തവണയും ഞാൻ പറഞ്ഞത് എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ അതവൻ സ്വയം അറിയും ഇനിയും ഇനിയും അത്ഭുതങ്ങൾ പ്രകൃതി നമുക്കായി ഒരുക്കിവെച്ചിട്ടുണ്ടെന്നു. “ഓഹ് ശരിയാടാ ഇനി എന്ത് കാണാൻ” എന്ന് അവനോടു പറയുമ്പോഴും മനസ്സിൽ ഇനി എന്നാണ് മൂന്നാറിലേക്ക് അടുത്ത യാത്ര എന്താണ് പുതിയ കാഴ്ച എന്ന് ആലോചിച്ചുക്കുകയായിരുന്നു എന്റെ മനസ്.
അതെ, ഓരോ തവണ തിരിച്ചിറങ്ങി റാണി കല്ലിനു അടുത്തിറങ്ങി മോളിലേയ്ക് നോക്കുമ്പോൾ മൂന്നാർ എന്ന സുന്ദരി എന്നോട് പറയുംപോലെ “ഡാ ചള്ള് ചെക്കാ, നീ കണ്ടതൊന്നും അല്ല ഞാൻ. ഇനിയും നീ കുന്ന് കേറി വാ. അടുത്ത തവണ വേറെ കാഴ്ച്ചകൾ നിനക്കായി തരാം” എന്ന്.