കാടിനുള്ളിൽ ഫാമിലിയായി താമസിക്കാം; ഒപ്പം നല്ല കാട്ടുരുചിയും ആസ്വദിക്കാം

Total
114
Shares

വിവരണം – ശബരി വർക്കല (Post of the Week – Paravakal Group).

വനയാത്രയിൽ കമ്പം പിടിച്ചാൽ എന്തു ത്യാഗം സഹിച്ചും കാട്ടിലലിയാൻ നമ്മൾ സന്നദ്ധരാകും. അങ്ങനെയുള്ള അലച്ചിലുകളിൽ കാട് നമുക്ക് ഒരുപാട് അത്ഭുതങ്ങൾ സമ്മാനിക്കും. അങ്ങനെ എനിക്ക് സമ്മാനിച്ച ഒരു അത്ഭുതമായിരുന്നു മൂന്നാർ, ചിന്നാർ വനമേഖലയിലെ കോടന്തൂർ എന്ന ആദിവാസി ഊര്. സുരിളിപ്പെട്ടി ലോഗ് ഹൗസിൽ താമസിക്കാനും കുറച്ചു ചിത്രങ്ങൾ പകർത്തുവാനുമായി നേരത്തെ മൂന്നാർ വൈൽഡ് ലൈഫ് വാർഡനായ ലക്ഷ്മി മാഡത്തിന്റെ അനുവാദം വാങ്ങിയിരുന്നതിനാൽ ചിന്നാർ ചെക്പോസ്റ്റിൽ വണ്ടി ഇറങ്ങുമ്പോൾ തന്നെ ധനുഷ്കോടി എന്ന ഓഫീസറും ഗൈഡായ കണ്ണനും ഞങ്ങൾക്ക് കാടിനുള്ളിലേക്ക് പോകാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിക്കഴിഞ്ഞിരുന്നു.

ഏകദേശം നാലുമണിയോടെ രാത്രി ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങളും വെള്ളവും ഒക്കെ കൈയിലെടുത്ത് നാലുപേര് അടങ്ങുന്ന സംഘവും ഒപ്പം ഗൈഡായി രണ്ടുപേരും കൂടി കാട് കയറാൻ തുടങ്ങി. ഇടുക്കിയിലെ ഒരു പ്രമുഖ വന്യജീവി സങ്കേതമാണ് ചിന്നാർ. ജില്ലയുടെ വടക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചിന്നാറിൽ മഴ വളരെ കുറവായതിനാൽ പൊതുവെ വരണ്ട കാലാവസ്ഥയാണ്. ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമ, വെള്ള കാട്ടുപോത്ത് തുടങ്ങിയ അത്യപൂർവമായ ജീവജാലങ്ങളുടെ കലവറയാണ് ഇവിടം. ഒരു വെള്ളക്കാരനാണത്രെ ആദ്യമായി വെള്ള കാട്ടുപോത്തിനെ കണ്ടതായി റിപ്പോർട്ട് ചെയ്തത്. അതും പത്ത് അറുപത് വർഷങ്ങൾക്കു മുന്നെ. പിന്നെ ആ ഭാഗ്യം ലഭിച്ചത് പ്രശസ്ത വൈൽഡ് ലൈഫ് ഫോേട്ടാഗ്രാഫറായ എൻ.എ നസീറിനായിരുന്നു.

എന്തായാലും മലയണ്ണാനെയും മയിലുകളെയും കാട്ടുപോത്തുകളെയും ഒക്കെ മനം നിറയെ കണ്ട് യാത്രയുടെ പാതിവഴിക്കെത്തിയപ്പോൾ അടുത്തെവിടെയോ ആനയുടെ സാന്നിധ്യം ഞങ്ങളറിഞ്ഞു. സത്യത്തിൽ അപ്പോൾ ആനയെ കാണുവാൻ ആരും ആഗ്രഹിച്ചിരുന്നില്ല. കാരണം, അന്തരീക്ഷമാകെ ഭീതിജനകമായ ആ സമയത്ത് ആനയുടെ മുന്നിൽപെട്ടാൽ 90 ശതമാനം തീരുമാനമാകും. കിളികളുടെ മനോഹരമായ ശബ്ദകൂജനങ്ങൾ പോലും ആ സമയത്ത് കാതിന് അരോചകമായി തോന്നി. അതുകൊണ്ടുതന്നെ പെട്ടെന്ന് നടപ്പിന് വേഗത കൂട്ടി. ഏകദേശം ഒന്നര മണിക്കൂർ നടത്തത്തിനുശേഷം സുരുളിപ്പെട്ടിയിലെ ആ ലോഗ്ഹൗസിന് അരികിൽ എത്തിച്ചേർന്നു.

വിശാലമായ കാടിനു നടുവിൽ പച്ചവർണത്താൽ പൊതിഞ്ഞ് ഞാനെന്ന ഭാവത്തിൽ തല ഉയർത്തി നിൽക്കുന്ന ഒരു കൂടാരം. ശത്രുരാജ്യങ്ങൾ ആക്രമിക്കാതിരിക്കാൻ ചുറ്റും കോട്ട തീർക്കുന്നതുപോലെ ആ കൊച്ചു കൂടാരത്തിനു ചുറ്റും പാറകൾ കൊണ്ട് അടുക്കിയ ഒരു വലിയ കോട്ട തീർത്തിരിക്കുന്നു. വന്യമൃഗങ്ങൾ അകത്തേക്ക് കടക്കാതിരിക്കാനാണ് അത് നിർമിച്ചിരിക്കുന്നത്. കാറ്റിലാടുന്ന ഇലകളുടെയും, ചുറ്റും കൂടിയിരിക്കുന്ന കിളികളുടെയും മുന്നിലൂടെ ഒഴുകുന്ന പുഴയുടെയും ഒക്കെ ആരവത്തോടെ ഞങ്ങളാ ലോഗ്ഹൗസിലേക്ക് ആനയിക്കപ്പെട്ടു. ഒരു കൊച്ചു വരാന്തയും, അത്യാവശ്യം വലിപ്പമുള്ള ഒരു ബെഡ്റൂമും ബാത്ത് റൂമും അടങ്ങുന്നതായിരുന്നു ലോഗ് ഹൗസ്. തൽക്കാലം ബാഗും ക്യാമറയും ഒക്കെ ഇറക്കിവെച്ച് ആ വരാന്തയിൽ തീർത്ത ഇരിപ്പിടങ്ങളിൽ ഇരുന്നു.

സൂര്യൻ ചുവന്ന തിലകമണിഞ്ഞ് വിടപറയാനുള്ള തിരക്കിലാണ്. ആ അന്തരീക്ഷം മുഴുവൻ ആ വിടപറയലിനു സാക്ഷിയാകുന്നു. തൊട്ടുമുന്നിലൂടെ ഒഴുകുന്ന അരുവിയാണ് കേരളത്തിന്െറയും തമിഴ്നാടിന്െറയും അതിർത്തി. അത് മുറിച്ച് അപ്പുറത്ത് കടന്നാൽ ഭാഷ മാറി സംസ്കാരം മാറി. ഭൂമി ഇങ്ങനെ അതിരുകൾ തീർക്കുേമ്പാൾ ആകാശം വെറും നോക്കുകുത്തിയാവുന്നു എന്നതാണ് സത്യം. വന്ന ക്ഷീണം അകറ്റാൻ ഗൈഡുകൾ അവിടെതന്നെ അടുപ്പുകൂട്ടി ഞങ്ങൾക്ക് ഒരു കട്ടൻചായ തയാറാക്കി തന്നു. ‘‘മലകളാൽ ചുറ്റപ്പെട്ട വനത്തിനുള്ളിൽ പുഴയുടെ ഒരു കൊച്ചു കൂടാരത്തിൽ സൂര്യാസ്തമയവും കണ്ട് കൈയിൽ ഒരു കട്ടൻചായയുമായി’’. ജീവിതത്തിൽ ഇതുവരെ ആസ്വദിച്ചിട്ടില്ലാത്ത ഒരു സുവർണ നിമിഷമായിരുന്നു അത്.

സൂര്യൻ പിൻവാങ്ങിയതോടെ ഞങ്ങളെല്ലാം ആ അരുവിയുടെ കുളിരണിയാൻ തീരുമാനിച്ച് പതുക്കെ മുമ്പിലുണ്ടായിരുന്ന പാറക്കെട്ടുകളിലൂടെ അരുവിയുടെ ഓരത്ത് എത്തി. പതുക്കെ കാൽ നനച്ചതും ശരീരമാകെ തണുത്തു വിറച്ചു. കാട്ടരുവികൾക്ക് എത്ര വേനലിലും ഒരു പ്രത്യേകതരം തണുപ്പ് തന്നെയാണ്. എന്തായാലും ഏകദേശം രണ്ടുമണിക്കൂറോളം വെള്ളത്തിൽ കിടന്ന് ആർത്തുല്ലസിച്ചു. കുളികഴിഞ്ഞ് കയറുമ്പാഴേക്കും ആ തണുപ്പിൽനിന്ന് രക്ഷനേടാൻ അരുവിയുടെ തീരത്ത് മരക്കഷണങ്ങൾ കൂട്ടി ക്യാമ്പ് ഫയറും, രാത്രി ഭക്ഷണമായ ചുടുകഞ്ഞിയും പയറും കൂടെ വന്ന വനപാലകർ റെഡിയാക്കി കഴിഞ്ഞിരുന്നു.

മഞ്ഞുപെയ്യുന്ന ആ രാത്രിയിൽ കുണുങ്ങിക്കുണുങ്ങി ഒഴുകുന്ന ചിന്നാറിന്റെ തീരത്ത് തീയുടെ ഇളം ചൂടിൽ മുകളിൽ എൽ.ഇ.ഡി ബൾബുപോലെ പ്രകാശിക്കുന്ന ആയിരക്കണക്കിന് നക്ഷത്രങ്ങൾക്ക് താഴെ ചൂട് കഞ്ഞിയും പയറും കഴിക്കുന്ന ഒരു അനുഭവം വാക്കുകൾക്കും ഇന്നുവരെ അനുഭവിച്ച രുചികൾക്കും ഒക്കെ മേലെ ആയിരുന്നു. ഭക്ഷണത്തിനുശേഷം ആകാശത്തിലെ ആ എൽ.ഇ.ഡി ബൾബുകളുടെ എണ്ണം എടുത്ത് ആ പാറക്കെട്ടിൽ കിടന്നു. ഇന്ന് ആകാശത്തിൽ ആരുടെയെങ്കിലും കല്യാണമാണോ എന്ന് ചിന്തിച്ചുപോയി. അത്രക്ക് എൽ.ഇ.ഡികൾ കൊണ്ട് ആകാശം മുഴുവൻ അലങ്കരിച്ചിരിക്കുന്നു. അതു നോക്കി കുറച്ചുനേരം ആ പാറക്കെട്ടിൽ കിടന്നാൽ അറിയാതെ കുട്ടിക്കാലത്തെ നക്ഷത്രങ്ങൾ എണ്ണിപ്പഠിച്ച ഓർമകളിലേക്ക് പോകുമെന്നതിൽ സംശയമില്ല.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ആ നിശ്ശബ്ദതയിൽ ഒരു ശബ്ദം മുഴങ്ങി. ലോഗ്ഹൗസിൽനിന്നും ഗൈഡിെൻറ വിളിയായിരുന്നു. ഇനി പുറത്തിരിക്കുന്നത് അപകടകരമാണ്. എപ്പോൾ വേണമെങ്കിലും വന്യജീവികൾ കടന്നുവരാം. അതുകൊണ്ട് കോട്ടക്കുള്ളിലെ മരവീട്ടിലേക്ക് വരാനായിരുന്നു നിർദേശം. അതികം താമസിയാതെ ഞങ്ങളെല്ലാം പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി. പുലർകാലെയുള്ള ചിന്നാറിെൻറ ഭംഗി ആസ്വദിക്കാൻ കാട് ഉണരും മുമ്പുതന്നെ ക്യാമറയും എടുത്ത് പുറത്ത് ലോഗ് ഹൗസിന്റെ വരാന്തയിൽ ഇരുന്നു. എവിടെനിന്നോ മാനുകളും കിളികളും അരുവിയിലെ തെളിനീരിനെ ചുംബിച്ച് ഓടിക്കളയുന്ന കാഴ്ചയായിരുന്നു ആദ്യം കണ്ണിൽപ്പെട്ടത്.

അൽപസമയത്തിനകം ഒട്ടും വിചാരിക്കാത്ത ചില കാൽപ്പെരുമാറ്റങ്ങളും മനുഷ്യന്റെ ശബ്ദകോലാഹലങ്ങളും കാടിനുള്ളിൽ മുഴങ്ങിക്കേട്ടു തുടങ്ങി. അപ്പുറത്ത് തമിഴ്നാട്ടിൽ അരുവിക്കടുത്തായി കുറെ മനുഷ്യർ പ്രത്യക്ഷപ്പെട്ടു. അവരെല്ലാം കുളിക്കാനുള്ള തയാറെടുപ്പിലാണ്. വീണ്ടും പറ്റംപറ്റമായി ആ നദിക്കരയിൽ കുളിക്കാനായി എത്തിക്കൊണ്ടേയിരുന്നു. ഈ കൊടുംവനത്തിൽ ഇത്രയും ജനങ്ങളോ എന്ന ചോദ്യവുമായി ഞാൻ ഗൈഡിനെ വിളിച്ചുണർത്തി. അരുവിയുടെ അക്കരെ കാണുന്ന മലനിരകൾ കോടന്തൂർ എന്നുപറയുന്ന ആദിവാസി ഊരാണെന്നും കുറച്ച് അപ്പുറത്തായി അവരുടെ ഒരു കോവിലുണ്ടെന്നും ഞായറാഴ്ച ആ കോവിലിൽ വലിയ വിശേഷവുമാണെന്നായിരുന്നു മറുപടി. കാട്ടുപോത്തും പുലിയും ആനയും ഒക്കെയുള്ള കൊടുംവനത്തിൽ അവർക്കൊപ്പം മനുഷ്യരും. ചിന്തിക്കാൻ പോലും കഴിയാത്ത ചിത്രങ്ങൾ.

താമസിയാതെ അതിർത്തി കടന്ന് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് കടക്കാൻ തീരുമാനിച്ചു. ആഴം കുറഞ്ഞ ഭാഗത്തുകൂടി പതുക്കെ പുഴ മുറിച്ചുകടന്ന് ആ കോവിലിനെ ലക്ഷ്യമാക്കി കാട്ടിലൂടെ നടന്നു. പട്ടുമെത്തയിൽനിന്ന് സൂര്യഭഗവാൻ എഴുന്നേറ്റ് പതുക്കെ കാടിനകത്തേക്ക് വെളിച്ചം അടിച്ചുനോക്കുന്ന കാഴ്ചയായിരുന്നു എവിടെ തിരിഞ്ഞാലും കാണാൻ കഴിയുന്നത്. തിരക്കിട്ട അമ്മൻ ദർശനത്തിനായി നൂറിൽപരം ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചിന്നാറിലെ നീർക്കണങ്ങളെ മേനിയിൽ ചിതറിപ്പിച്ച് കുളിരണിയാൻ പായുന്ന മനുഷ്യക്കൂട്ടങ്ങളെ പലയിടങ്ങളിലും കാണാം. തണുത്തുവിറച്ച ശരീരങ്ങൾക്ക് അൽപം ചൂടുപകരാൻ സൂര്യപ്രഭകൾ ചുറ്റും വലയം ചെയ്തുകൊണ്ടേയിരിക്കുന്നു.

പല ക്ഷേത്രങ്ങളിലും നാം കയറുേമ്പാൾ അവിടുത്തെ ശ്രീകോവിൽ വാതിൽ നന്നെ ചെറുതായിരിക്കും. നമ്മുടെ അഹങ്കാരം വെടിഞ്ഞ് തലകുനിച്ച് വേണം ആ വാതിലിലൂടെ ഉള്ളിൽ കടക്കാൻ. എന്നാൽ ഇവിടെ പ്രകൃതിതന്നെ അതിനു വഴി ഒരുക്കിയിരിക്കുന്നു. കോവിലിെൻറ പരിസരത്ത് കടക്കാൻ ഒരു വലിയ മരം കടപുഴകി വഴിക്കുനേരെ വർഷങ്ങൾക്കു മുന്നേ വീണുകിടപ്പുണ്ട്. അതിെൻറ ശിഖരങ്ങൾ തീർത്ത വാതിലിലൂടെ തലകുനിച്ച് വേണം ക്ഷേത്ര പരിസരത്തേക്ക് കടക്കുവാൻ. ശരിക്കും ആ ഒരു കാഴ്ച മനസ്സിൽ അത്ഭുതം നിറച്ചു.

നാട്ടിലെ ക്ഷേത്രപരിസരം പോലെ തന്നെയാണ് കാട്ടിലേതും. പക്ഷേ അത്ര പരിഷ്കാരം ഇല്ലെന്നു മാത്രം. വെറും നാലു തൂണുകളാൽ പണിതുയർത്തിയ നിരനിരയായി നിവർന്നുനിൽക്കുന്ന കടകൾ, ഒന്നല്ല രണ്ടല്ല ഏകദേശം ഒരു പത്തുമുപ്പത് എണ്ണം എങ്കിലും ഉണ്ടാകും. കുട്ടികൾക്കാവശ്യമായ കളിപ്പാട്ടങ്ങൾ, വീട്ടുസാധനങ്ങൾ, അമ്മനു നൽകാൻ വേണ്ടിയുള്ള പൂജാസാധനങ്ങൾ വരെ ഈ കുഞ്ഞുകടകളിൽ ലഭ്യമാണ്. കൂടാതെ നേർച്ചക്കായി തലകൾ മുണ്ഡനംചെയ്യുന്ന ബാർബർ ഷാപ്പുകൾ, വിഭവസമൃദ്ധമായ ഭക്ഷണം പകരാൻ ചായക്കടകൾ അങ്ങനെ തുടങ്ങി എല്ലാം ഈ കൂടാരങ്ങൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നു.

ബാർബർ ഷാപ്പുകളിൽ പരന്നുകിടക്കുന്ന ശിലകളാണ് ഇരിപ്പിടങ്ങളെങ്കിൽ ചായക്കടകളിൽ ഭക്ഷണം കഴിക്കാൻ തറയിൽ ഇരിക്കണം. എന്തായാലും ആ ചായക്കടയിൽനിന്നും വരുന്ന മണം ഞങ്ങളെ വല്ലാതെ അതിനുള്ളിലേക്ക് ആകർഷിച്ചു. പ്രകൃതിയുടെ മടിയിൽ നിവർന്നിരുന്ന് നല്ല ചൂടു ഇഡ്ഡലിയും ചട്നിയും കഴിക്കാൻ ആരംഭിച്ചു ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കാത്ത ഒരു പുതുരുചിയുടെ സന്തോഷത്തിൽ നാവ് തുള്ളിക്കളിച്ചു. ഇത്രയും സ്വാദിഷ്ടമായ ചട്ട്നിയുടെയും ഇഡലിയുടെയും റെസിപ്പി എന്താണെന്ന് അന്വേഷിക്കാൻ നാവ് കണ്ണുകളോട് ഉത്തരവിട്ടു.

കണ്ണുകൾക്ക് അത് അന്വേഷിക്കാൻ അധികം ശ്രമപ്പെടേണ്ടി വന്നില്ല. തൊട്ടുമുന്നിൽ ചിന്നാറിനരികിലെ പാറയിൽ ഒരു സ്ത്രീ ഇരുന്ന് അരിയും ഉഴുന്നും ആട്ടുകയാണ്. പ്രകൃതിതന്നെ ആ വലിയ പാറയിൽ ഒരു ആട്ടുകല്ലും തീർത്തിരിക്കുന്നു. പ്രകൃതിയുടെ ആ മിക്സിയിൽ ഇട്ട് ആട്ടിയതിനാലാവാണം ആ ഇഡലിക്കും ചട്നിക്കും ഇത്രയും കൊതിയൂറുന്നൊരു രുചി. എന്തൊരു അദ്ഭുതമാണല്ലേ ഇത്. പരിഷ്കാരത്തിന്റെ മുൾമുനയിൽ എളുപ്പത്തിനായി മനുഷ്യൻ വലിയ കണ്ടുപിടിത്തങ്ങൾ നടത്തി മിക്സിയും ഗ്രെയിൻഡറും ഒക്കെ ഉപയോഗിക്കുമ്പാൾ പരിഷ്കാരമില്ലാത്ത കാട്ടിൽ പ്രകൃതിതന്നെ അത് സ്വയം തീർക്കുന്നു. എന്തായാലും നാളെ ഒരുകാലത്ത് രാമശ്ശേരി ഇഡലിപോലെ ഇതും ചരിത്രത്തിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ലാത്തതുകൊണ്ട് ഞങ്ങൾ അതിനൊരു പേരും നൽകി. ആ ആദിവാസി ഊരിൻറ പേരുകൂടി ചേർത്ത് ആ ഇഡലിയെ വിളിച്ചു ‘കോടന്തൂർ ഇഡലി’.

അധികം താമസിയാതെ കാട്ടിൽ അമ്മൻകോവിലിനു മുന്നിലെത്തി. നാട്ടിലെ ക്ഷേത്രങ്ങളെ പോലെ അടച്ചിട്ട അമ്പലമല്ല, ചുറ്റും മതിലുകൾ തീർത്തിട്ടില്ലാത്തതിനാൽ എവിടെനിന്നു നോക്കിയാലും ദർശനം കിട്ടും. വലിയ പൂജയും പ്രാർത്ഥനകളും ഒക്കെ നടക്കുവാണ്.നൂറുകണക്കിനാളുകൾ വന്നും പോയിക്കൊണ്ടുമിരിക്കുന്നു. നാട്ടിലെ ക്ഷേത്രങ്ങളിൽ പോലും ഇത്രയും തിരക്ക് വളരെ അപൂർവം മാത്രം. ആദിവാസി ഊരുകളിൽനിന്നു മാത്രമല്ല ഉദുമൽപേട്ട, പൊള്ളാച്ചി, ചിന്നാർ, അമരാവതി, കാന്തല്ലൂർ, മറയൂർ തുടങ്ങി നമ്മുടെ കൊച്ചിയിൽ നിന്നുപോലും ഭക്തർ ഇവിടെ എത്താറുണ്ടു പോലും. നാട്ടിലെ ദൈവത്തിനേക്കാളും ശക്തി കാട്ടിലെ ഈ ദൈവത്തിനുണ്ടെന്നാണ് അവരുടെ വിശ്വാസം.

രാവിലെ പത്തുമണിക്ക് ലോഗ്ഹൗസ് വെക്കേറ്റ് ചെയ്യണമെന്ന് ഉള്ളതുകൊണ്ട് തന്നെ തൽക്കാലം അവിടത്തെ കാഴ്ചകൾ അവസാനിപ്പിച്ച് പതുക്കെ തിരിച്ചുനടന്നു. തലേന്ന് അന്തിയുറങ്ങിയ ആ കൊച്ചു പച്ചക്കൂടാരത്തിൽനിന്നും ക്യാമറയും ബാഗും ഒക്കെ എടുത്ത് പതുക്കെ കാട്ടിൽനിന്നും നാട്ടിലേക്ക് നടന്നു. കാട്ടിനുള്ളിൽ ഇത്രയും നല്ലൊരു അനുഭവം ഞങ്ങൾക്ക് സമ്മാനിച്ച വൈൽഡ് ലൈഫ് വാർഡനെ നേരിൽ കണ്ട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് മൂന്നാർ ചുരം ഇറങ്ങുമ്പോഴും വരണ്ട പുൽമേടുകളാൽ തീർത്ത വലയത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച പച്ച മരതകംപോലെ സുരുളിപ്പെട്ടി ലോഗ്ഹൗസ് മനസിൽ തെളിഞ്ഞുനിന്നു.

ലോഗ് ലൗസിൽ താമസിക്കാൻ പെർമിഷൻ ആവശ്യമില്ല. എല്ലാവർക്കും താമസിക്കാം ബുക്ക് ചെയ്താൽ മാത്രം മതി. എന്നാൽ
കോടന്തൂർ സന്ദർശിക്കാൻ അനുവാദം വാങ്ങേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04865 231587, 8301024187 (Wild life Office), Wild life warden\: 9447 979093.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post