സൗത്ത് കൊറിയയുടെ ഫ്ലാഗ് കാരിയർ എയർലൈനാണു കൊറിയൻ എയർ. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ എയർലൈൻ കൂടിയായ കൊറിയൻ എയറിൻ്റെ വിശേഷങ്ങൾ ഒന്നറിഞ്ഞിരിക്കാം.

കൊറിയൻ വിഭജനത്തിനു ശേഷം 1946 ൽ സൗത്ത് കൊറിയയിൽ ‘കൊറിയൻ നാഷണൽ എയർലൈൻസ്’ എന്ന പേരിൽ ഒരു വിമാനക്കമ്പനി സ്ഥാപിതമായി. സൗത്ത് കൊറിയയിലെ ആദ്യത്തെ എയർലൈനായിരുന്നു ഇത്. 1946 ൽ കമ്പനി സ്ഥാപിതമായെങ്കിലും പ്രവർത്തനമാരംഭിച്ചത് പിന്നെയും രണ്ടു വർഷങ്ങൾക്കു ശേഷമായിരുന്നു. 1948 ഒക്ടോബർ 30 നു സിയോളിൽ നിന്നും പുസാനിലേക്ക് ആയിരുന്നു കൊറിയൻ നാഷണൽ എയർലൈൻസിൻ്റെ ആദ്യ സർവ്വീസ്.

1961 ന്റെ അവസാനത്തോടെ സൗത്ത് കൊറിയയിലെ വിവിധ മേഖലകൾ ദേശസാൽക്കരിപ്പെട്ടു. ഇതിന്റെ ഫലമായി കൊറിയൻ നാഷണൽ എയർലൈനിനെ സർക്കാർ ഏറ്റെടുക്കുകയും 1962-ൽ കൊറിയൻ എയർലൈൻസ് എന്ന പേരിൽ ഒരു പുതിയ എയർലൈൻ കമ്പനി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് 1969 ൽ സൗത്ത് കൊറിയയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഹാൻജിൻ ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് കൊറിയൻ എയർലൈൻസിന്റെ സുവർണകാലം ആരംഭിക്കുന്നത്. ഈ സമയത്ത് എട്ടു വിമാനങ്ങൾ മാത്രമായിരുന്നു കൊറിയൻ എയർലൈൻസ് ഫ്‌ലീറ്റിൽ ഉണ്ടായിരുന്നത്.

1971 ൽ ദീർഘദൂര കാർഗോ സർവ്വീസുകൾ കൊറിയൻ എയർലൈൻസ് ആരംഭിച്ചു. വൈകാതെ 1972 ഏപ്രിൽ 19-നു ലോസ് ആഞ്ചലസ് അന്താരാഷ്ട്ര എയർപോർട്ടിലേക്ക് ആദ്യ അന്താരാഷ്‌ട്ര യാത്രാ വിമാന സർവ്വീസും ആരംഭിച്ചു. ലോസ് ആഞ്ചലസ്‌, ഹോങ്കോങ്, തായ്‌വാൻ തുടങ്ങിയ ഇന്റർനാഷണൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബോയിങ് 707 മോഡൽ എയർക്രാഫ്റ്റുകൾ ആയിരുന്നു കൊറിയൻ എയർലൈൻസ് ഉപയോഗിച്ചിരുന്നത്.

1973 ൽ അന്ന് ഉണ്ടായിരുന്നതിൽ വെച്ച് ഏറ്റവും വലിയ പാസഞ്ചർ എയർക്രാഫ്റ്റ് ആയ ബോയിങ് B747 മോഡൽ കൊറിയൻ എയർലൈൻസ് ഫ്‌ലീറ്റിൽ എത്തിച്ചേർന്നു. ബോയിങ് 747 ഉപയോഗിച്ച് കൊറിയൻ എയർലൈൻസ് പസഫിക് റൂട്ടുകളിൽ സർവ്വീസ് ആരംഭിച്ചു. അതോടൊപ്പം തന്നെ ബോയിങ് 707, Douglas DC-10 വിമാനങ്ങളുപയോഗിച്ച് പാരീസിലേക്കും സർവ്വീസുകൾ തുടങ്ങി.

1975 ൽ കൊറിയൻ എയർലൈൻസ് മൂന്നു എയർബസ് A300 വിമാനങ്ങൾ വാങ്ങുകയുണ്ടായി. ഇക്കാരണത്താൽ എയർബസ് വിമാനങ്ങളുപയോഗിച്ച് സർവ്വീസ് നടത്തുന്ന ആദ്യകാല ഏഷ്യൻ വിമാനക്കമ്പനികളിൽ ഒന്നായി കൊറിയൻ എയർലൈൻസ് മാറി. 1979 ൽ ന്യൂയോർക്കിലേക്ക് നേരിട്ടുള്ള സർവ്വീസ് കൊറിയൻ എയർലൈൻസ് ആരംഭിച്ചു. 1984 ൽ ലോസ് ആഞ്ചലസിൽ കൊറിയർ എയർലൈൻസ് തങ്ങളുടെ കാർഗോ ടെർമിനൽ തുറന്നു. 1983 ൽ സൗത്ത് കൊറിയയിലെ ജെജുവിൽ ഒരു ഫ്ളയിങ് സ്‌കൂളും കൊറിയൻ എയർലൈൻസ് ആരംഭിക്കുകയുണ്ടായി.

1984 ൽ കൊറിയൻ എയർലൈൻസ് പേരുമാറ്റം നടത്തി ‘കൊറിയൻ എയർ’ ആകുകയും അതോടൊപ്പം തന്നെ ലിവെറിയിൽ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു. ഇക്കാലയളവിൽ പുതിയ സർവ്വീസുകളും എയർക്രാഫ്റ്റുകളും കൊറിയർ എയറിലേക്ക് വന്നുകൊണ്ടിരുന്നു. 1994 ൽ സിയോളിൽ നിന്നും ചൈനയിലെ വിവിധ ലക്ഷ്യകേന്ദ്രങ്ങളിലേക്ക് കൊറിയൻ എയർ സർവ്വീസ് തുടങ്ങി. 1995 ൽ നൂറാമത്തെ എയർക്രാഫ്റ്റ് കൊറിയൻ എയർ ഫ്‌ലീറ്റിലേക്ക് എത്തിച്ചേർന്നു.

2008 ൽ കൊറിയൻ എയർ തങ്ങളുടെ സഹോദര സ്ഥാപനമായി ‘ജിൻ എയർ’ എന്ന പേരിൽ ചെലവ് കുറഞ്ഞൊരു എയർലൈൻ കൂടി ആരംഭിച്ചു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സുരക്ഷയുടെ കാര്യത്തിൽ കൊറിയർ എയർ പിന്നിലായിരുന്നു. 1970 – 90 കാലഘട്ടത്തിൽ ധാരാളം അപകടങ്ങൾ കൊറിയൻ എയർ വിമാനങ്ങൾക്ക് സംഭവിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ലോകത്തിലെ ഒട്ടും സുരക്ഷിതമല്ലാത്ത എയർലൈനുകളുടെ പട്ടികയിൽ കൊറിയൻ എയർ ഇടംനേടുകയും ചെയ്തു. എന്നാൽ ഈ മോശം പേര് 2009 ഓടെ കൊറിയൻ എയർ തങ്ങളുടെ മികച്ച സർവ്വീസുകളും പ്രവർത്തനവും കൊണ്ട് മാറ്റിയെടുക്കുകയുണ്ടായി.

2011 ൽ ലോകത്തിലെ ഇന്നുള്ളതിൽ വെച്ച് ഏറ്റവും വലിയ പാസഞ്ചർ എയർക്രാഫ്റ്റ് ആയ എയർബസ് A380 കൊറിയൻ എയർ സ്വന്തമാക്കി. 2012-ൽ ബിസിനസ്‌ ട്രാവലർ റീഡർസ് ഏഷ്യയിലെ ഏറ്റവും മികച്ച എയർലൈനായി കൊറിയൻ എയറിനെ തിരഞ്ഞെടുക്കുകയുണ്ടായി.

സൗത്ത് കൊറിയയിലെ സിയോൾ ആസ്ഥാനമാക്കിയാണ് കൊറിയൻ എയർ പ്രവർത്തിക്കുന്നത്. ഇഞ്ചിയോൺ അന്താരാഷ്‌ട്ര എയർപോർട്ടാണ് കൊറിയൻ എയറിൻറെ അന്താരാഷ്‌ട്ര ഹബ്. 2020 ഓഗസ്റ്റ് മാസം വരെയുള്ള കണക്കനുസരിച്ച് 13 ആഭ്യന്തര റൂട്ടുകളിലും, 42 രാജ്യങ്ങളിലായി 109 അന്താരാഷ്ട്ര റൂട്ടുകളിലും കൊറിയൻ എയർ സർവ്വീസ് നടത്തുന്നുണ്ട്. Airbus A220-300, Airbus A330, Airbus A380, Boeing 737, ബോയിങ് 747, Boeing 777, Boeing 787 എന്നിവയാണ് കൊറിയർ എയർ ഫ്‌ലീറ്റിലെ പ്രധാന എയർക്രാഫ്റ്റുകൾ. അങ്ങനെ മൊത്തം 141 പാസഞ്ചർ എയർക്രാഫ്റ്റുകളും 23 കാർഗോ എയർക്രാഫ്റ്റുകളും കൊറിയൻ എയറിനു നിലവിലുണ്ട്.

അങ്ങനെ ഒരുകാലത്ത് മോശം എയർലൈനുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന കൊറിയൻ എയർ തങ്ങളുടെ സൽപ്പേര് വീണ്ടെടുത്തുകൊണ്ട് ജൈത്രയാത്ര തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.