മഴക്കാലമാണ്, ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന സമയമാണ്. തുടർച്ചയായി ചിലപ്പോൾ വൈദ്യുതി പോകുമ്പോൾ KSEB യെയും ജീവനക്കാരെയും ഒന്നടങ്കം ശപിക്കുന്നതിനു മുൻപ് അവർക്കു പറയുവാനുള്ളതും കൂടി കേൾക്കണം.
“പ്രിയ പൊതു ജനങ്ങളെ, ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നുണ്ട് എന്ന് ഞങ്ങൾക്കറിയാം. ഞങ്ങളും ക്രിക്കറ്റ് ആരാധകർ തന്നെ. പക്ഷേ മരക്കമ്പുകൾ, കാറ്റ്, മഴ ഇവ ക്രിക്കറ്റ് ആരാധകരല്ല എന്ന് മാത്രമല്ല, KSEB യാൽ നിയന്ത്രിത സംവിധാനങ്ങളുമല്ല. 11 KV ലൈനിൽ ഒരു മരക്കമ്പ് വീണാൽ 8000 ആളുകൾക്ക് വരെ വൈദ്യുതി മുടങ്ങിയെന്നും വരാം.
മഴ വരുന്നതിനു മുൻപ് മരക്കമ്പ് വെട്ടിക്കൂടെ എന്നുള്ള ചോദ്യം മനസ്സിൽ തെളിഞ്ഞു അല്ലേ? വെട്ടുന്നുണ്ട്, പ്രീ മൺസൂൺ മെയിന്റനൻസ് നടത്തിയിട്ടുണ്ട്, നാട്ടുകാരിൽ ചിലരൊക്കെ, വാക്കത്തിയുമായി വരുമെങ്കിലും. എന്നിരുന്നാലും ചിലത് വിട്ടു പോകാനും, ചിലത് കാറ്റടിച്ചു ദൂരെ നിന്നും ലൈനുകളിൽ വീഴാനും സാധ്യതയുണ്ട് എന്ന് മനസ്സിലാക്കണം. കൂടാതെ ഒരു നിമിഷം പോലും വൈദ്യുതി അനാവശ്യമായി ഓഫ് ചെയ്തു KSEB യുടെ വരുമാനത്തിൽ കുറവ് വരുത്താൻ ഞങ്ങൾ ശ്രമിക്കില്ല, ശമ്പളം മുടങ്ങിയാൽ ജീവിക്കാൻ മറ്റുപാധികൾ ഒന്നും തന്നെയില്ല.
പ്രശ്നങ്ങൾ പറയാനായി സെക്ഷൻ ഓഫീസിൽ വിളിച്ചിട്ട് കിട്ടുന്നില്ല, ഫോൺ മാറ്റി വച്ചിരിക്കുന്നു എന്നൊക്കെ പരാതിയുള്ളവർ കുറച്ചു നേരം KSEB ഓഫീസിൽ വന്നിരുന്നാൽ മനസ്സിലാകും. പതിനായിരക്കണക്കിന് ഉപഭോക്താക്കൾ വിളിക്കുന്ന ഒരേയൊരു ഫോൺ സംബന്ധിച്ചാണ് ഈ പരാതി എന്ന് മനസ്സിലാക്കുക. പകരം 1912 എന്ന നമ്പറിൽ വിളിക്കുക, 9446001912 എന്ന നമ്പറിൽ വാട്ട്സ്ആപ് ചെയ്യുക, ലൈൻ പൊട്ടി വീണ പരാതിയുണ്ട് എങ്കിൽ അടിയന്തിര സേവനത്തിനുള്ള നംബരായ 9496061061 എന്ന നമ്പറിൽ അറിയിക്കുകയോ ചെയ്യുക.
പിന്നെ ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന ഇടിയോടും കാറ്റോടും കൂടിയ മഴയിൽ യാത്ര ചെയ്യാനും ജോലി ചെയ്യാനും ഞങ്ങൾക്ക് തീരെ മടിയില്ല. പക്ഷേ ഇതൊക്കെ സാധാരണ ചെയ്യുന്ന ജോലികൾ തന്നെ വേഗത കുറച്ചു ചെയ്യേണ്ട അവസ്ഥ സൃഷ്ടിക്കും എന്നും മനസ്സിലാക്കുക. മറ്റൊന്ന് “അവന്മാർ ഓഫ് ചെയ്തു കളിക്കുകയാണ്” എന്ന് പറയുന്ന സംഭവം. യഥാർത്ഥത്തിൽ ഒരു 11 kv ലൈനിന്റെ നിശ്ചിത ഇടവേളകളിൽ ഘടിപ്പിച്ചിരിക്കുന്ന AB സ്വിച്ചുകൾ (ഒരു ഹാന്റിലോടു കൂടിയ നീളമുള്ള കമ്പി കണ്ടിട്ടില്ലേ? അതാണ്) ഓരോന്നായി ON ചെയ്തു നോക്കി പ്രശ്നമുള്ള ഭാഗം കണ്ടെത്തി, ആ പ്രശ്നം പരിഹരിക്കുമ്പോൾ പല തവണ വൈദ്യുതി ഓഫ് ചെയ്യുകയും ഓൺ ചെയ്യുകയും ചെയ്താണ് ഇത് നിർവ്വഹിക്കുന്നത്.
ഇതിനൊക്കെയിടയിൽ സഹപ്രവർത്തകൻ കത്തിക്കരിഞ്ഞോ, മുകളിൽ നിന്ന് താഴെ വീണോ ഒക്കെ ഇല്ലാതാകുന്ന കാഴ്ചകളും ഇതിന്റെയൊക്കെയിടയിൽ കാണുകയുണ്ടായാലും, അതൊന്നും മനസ്സിനെ ബാധിക്കാൻ അവകാശം പോലും ഇല്ലാത്തതു കൊണ്ട്, അടുത്ത മണിക്കൂറുകളിൽ തന്നെ അതെ പ്രശ്നം പരിഹരിച്ചു വൈദ്യുതി നൽകുന്ന പ്രവർത്തനം വരെ ചെയ്യുന്നവരാണ് ഞങ്ങൾ. ചുരുക്കം പറഞ്ഞാൽ ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും തയ്യാറായവർ. ദയവായി കല്ലെറിയരുത്…”
കടപ്പാട് – Ajith Raj O.K., ചിത്രം – Pranab C. Subash.