എഴുത്ത് – Manash Manu.
രണ്ടര വർഷത്തെ സൗദി ജീവിതത്തിന് ശേഷം നാട്ടിലെത്തി നാള് കുറച്ചായെങ്കിലും അധികം എങ്ങും പോയില്ല. എവിടെന്നോ ആനവണ്ടി യാത്ര എന്ന ആഗ്രഹം മനസ്സിൽ കയറി. ചിന്തകൾക്കും കണക്കുകൂട്ടലുകൾക്കും ഒടുവിൽ ആ യാത്ര ഊട്ടിയിലേക്ക് എന്ന തീരുമാനവുമായി. ഒറ്റയ്ക്കുള്ള യാത്ര ഒരുപാട് ഇഷ്ടപ്പെടുന്ന ഞാൻ, ഊട്ടി യാത്രയും ഒറ്റയ്ക്ക് തന്നെ ആകാമെന്ന് വെച്ചു.
നിലമ്പുർ നിന്നും ഊട്ടിക്കുള്ള KSRTCയിൽ തന്നെ പോകാൻ തീരുമാനവുമായി. അങ്ങനെ ഒരു സർവീസ് ഉണ്ടെന്നല്ലാതെ സമയവും കാര്യങ്ങളും ഒന്നും ഒരു പിടിയും ഇല്ലായിരുന്നു. ഗൂഗിൾ ഉള്ളപ്പോൾ എന്തിന് സംശയം, എല്ലാ സംശയങ്ങളും മാറ്റി മലപ്പുറത്ത് നിന്നും മഞ്ചേരി നിലമ്പുർ നാടുകാണി ഗുഡല്ലൂർ വഴി ഊട്ടി പോകുന്ന ആനവണ്ടിയിൽ ചൊവ്വാഴ്ച നട്ടുച്ചയ്ക്ക് നിലമ്പുർ KSRTC സ്റ്റാൻഡിൽ നിന്നും ഞാനും കയറി.
ഭക്ഷണം കഴിക്കാൻ ആയി നിർത്തിയ വഴിക്കടവ് നിന്നും നെയ്ചോറും ബീഫും കഴിച്ച് വണ്ടി പിന്നേം മുന്നോട്ട്. ഇനിയുള്ള കാഴ്ച്ചകൾ ഒന്നും കൂടി നന്നായി കാണാൻ വേണ്ടി ഇരുത്തം മുന്നിലെ സീറ്റിലോട്ട് ആക്കി. പണി നടക്കുന്ന നാടുകാണി ചുരം നടുവിന് പണി തരും എന്ന് തീർച്ച. കേരളത്തിലെ റോഡുകൾക്ക് ഇന്നും ഒരു മാറ്റവുമില്ല. വാനരന്മാർ കയ്യടിക്കിയ റോഡിനിരുവശവും. പൊടിയും ചൂടും നാടുകാണി നന്നേ മടുപ്പിച്ചു.
ചെക്ക്പോസ്റ്റും കഴിഞ്ഞ് തമിഴ് നാട്ടിൽ പ്രവേശിച്ചപ്പോഴാണ് നമ്മുടെ നാട്ടിലെ റോഡിനെ ഒക്കെ എടുത്ത് ആറ്റിൽ കളയാൻ തോന്നുന്നത്. പിന്നീടങ്ങോട്ട് റോഡ് എന്ന പോലെ കാഴ്ചകളും മനസ്സ് നിറയ്ക്കുന്നതായിരുന്നു. ഗുഡല്ലൂർ കഴിഞ്ഞപ്പോഴേക്കും ബസിൽ വിരലിലെണ്ണാവുന്നവർ മാത്രമേ ഉണ്ടായുള്ളൂ. ഡ്രൈവറുമായും കണ്ടക്ടറുമായും ചങ്ങാത്തത്തിലുമായി. പിന്നീടങ്ങോട്ട് മിണ്ടിയും പറഞ്ഞും സമയം പോയതറിഞ്ഞില്ല. യൂക്കാലിപ്സ് മരങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകൾക്കിടയിലൂടെ ആനവണ്ടി പിന്നേം പാഞ്ഞു. ആ വഴികളൊക്കെയും കേരളത്തിൽ മാത്രമല്ല അങ്ങ് തമിഴ്നാട്ടിലും പച്ചപ്പും ഹരിതാഭയും ഉണ്ടെന്ന് പറയാൻ പറഞ്ഞു.
വളവും തിരിവും തമിഴ് ഗ്രാമങ്ങളും കടന്ന് ഊട്ടി ബസ് സ്റ്റാൻഡിൽ വണ്ടി ബ്രേക്ക് ഇട്ടു. പുറത്തിറങ്ങി ഒന്ന് ചുറ്റും കണ്ണോടിച്ചു, തൊട്ടപ്പുറത്ത് ഉദഗമണ്ഡലം എന്ന ഊട്ടി റെയിൽവേ സ്റ്റേഷൻ. മോനെ മനസ്സിൽ ലഡ്ഡു പൊട്ടി. അപ്പോഴെ ചെന്ന് സമയം തിരക്കി. പിറ്റേന്ന് ഉച്ചയ്ക്കുള്ള ഊട്ടി മേട്ടുപ്പാളയം പാസ്സഞ്ചറിൽ പോകാൻ തീരുമാനവും എടുത്തു…
2005ൽ UNESCO ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ നീലഗിരി മൗണ്ടൈൻ റെയിൽവേ. ഏഷ്യയിലെ തന്നെ ഏറ്റവും കുത്തനെയുള്ള റെയിൽ പാതയാണിത്. ഇന്ത്യയിൽ ഷിംലയിൽ മാത്രമാണ് ഇതിനു പുറമേ ടോയ് ട്രെയിനുകൾ ഉള്ളത്. കോളനി ഭരണകാലത്ത് ഊട്ടി ആയിരുന്നല്ലോ ബ്രിട്ടീഷുകാരുടെ സമ്മർ ഹെഡ് കോട്ടേഴ്സ്. അക്കാലത്ത്, അതായത് 1899ൽ കൂനൂർ വരെയും 1908ൽ ഊട്ടി വരെയും പണിപൂർത്തിയാക്കിയതാണ് ഈ റെയിൽപാത.
പിറ്റേന്നത്തെ ട്രെയിൻ യാത്രയും സ്വപ്നം കണ്ട് ഊട്ടി തെരുവോരങ്ങളിലൂടെ നടന്നു. അവിടുത്തെ അന്തരീക്ഷം ഞൊടിയിടയിലാ മാറുന്നത്. തെളിഞ്ഞു നിന്ന ഊട്ടി പട്ടണം പെട്ടെന്ന് കോട വന്നു മൂടി. വണ്ടികളൊക്കെയും മഞ്ഞവെളിച്ചം ചൊരിഞ്ഞുവന്നു. ആ തണുപ്പിൽ തട്ട്കടകളിലെ വ്യത്യസ്ത രുചിയൂറും വിഭവങ്ങൾ പരീക്ഷിക്കാനും മറന്നില്ല. നടന്നു നടന്നു കാലും കഴച്ചു മനസ്സും നിറഞ്ഞപ്പോൾ നടത്തം മതിയാക്കി റൂമിൽ ചെന്ന് ബ്ലാങ്കറ്റിന് അകത്ത് കയറി നല്ലൊരു ഉറക്കം അങ്ങ് പാസാക്കി.
പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എണീറ്റതിനാൽ ചുമ്മാ ആ തണുപ്പത്ത് ഇറങ്ങി ബോട്ട് ഹൗസിൽ പോയി. ത്രിശൂരീന്ന് ടൂർ വന്ന സ്കൂൾ കുട്ടികളായിരുന്നു അവിടത്തെ കൂട്ട്. അവരുടെ കളിയും ചിരിയും ഇരഞ്ഞിമാങ്ങാട് സ്കൂളിലേക്കും ഓർമകളിലേക്കും കൊണ്ട് പോയി. ബോട്ടിങ്ങും കഴിഞ്ഞ് റൂമും വെക്കേറ്റ് ചെയ്ത് റെയിൽവേ സ്റ്റേഷനിൽ ചെന്ന് ഊട്ടി മേട്ടുപ്പാളയം ടോയ് ട്രെയിനിന് ടിക്കറ്റും എടുത്തു.
കിലുക്കം സിനിമയിൽ രേവതി വന്നിറങ്ങുന്ന അതേ റെയിൽവേ സ്റ്റേഷൻ. ട്രെയിൻ എടുക്കാൻ രണ്ട് മണിക്കൂറോളം ഇനിയും ബാക്കി ഉണ്ട്. ഇത്രേം വൃത്തി ഉള്ളതും ഒരു മ്യൂസിയം കണക്കെ സൂക്ഷിച്ചതുമായ റെയിൽവേ സ്റ്റേഷൻ ചുറ്റി നടന്ന് കണ്ടു, ഫോട്ടോയും എടുത്തു. പിന്നേം സമയം ബാക്കി കിടക്കുന്ന കാരണം ഗൂഗിളിൽ കയറി നീലഗിരി മൗണ്ടൈൻ റെയിൽവേയുടെ ചരിത്രവും ഭൂമിശാസ്ത്രവും വായിച്ചു.
ഇന്ത്യയിൽ ഇപ്പോഴും സർവീസ് നടത്തുന്ന ഒരേഒരു റാക്ക് റെയിൽ പാതയാണിത്. ഊട്ടി മുതൽ കൂനൂർ വരെ ഡീസൽ എൻജിനും കൂനൂർ മുതൽ മേട്ടുപ്പാളയം വരെ X class steam rack locomotive എൻജിനും ആണ് ഉപയോഗിക്കുന്നത്.
250 പാലങ്ങളും 108 വളവുകളും 16 തുരങ്കങ്ങളും അടങ്ങുന്നതാണീ 46 കിലോമീറ്റർ പാത. കയറാൻ 4.50 മണിക്കൂറും ഇറങ്ങാൻ 3:30 മണിക്കൂറും ആണ് ടോയ് എടുക്കുന്ന സമയം. രാവിലെ 7 ന് മേട്ടുപാളയം നിന്നും ഉച്ചക്ക് 2ന് ഊട്ടിയിൽ നിന്നുമാണ് ടോയ് ട്രെയിനിന്റെ സമയം.
കൃത്യം രണ്ട് മണിക്ക് ഊട്ടി മേട്ടുപ്പാളയം ടോയ് ട്രെയിൻ ഉദഗമണ്ഡലം സ്റ്റേഷനിൽ നിന്ന് കൂകി വിളിച്ചുകൊണ്ട് പുറപ്പെട്ടു. കാടും കാട്ടാറും ചാറ്റൽ മഴയും കുഞ്ഞു കുഞ്ഞു സ്റ്റേഷനിൽ നിർത്തി നിർത്തിയുള്ള കുണുങ്ങി കുണുങ്ങി മലയിറക്കവും വളവുകളും തിരിവുകളും പാലങ്ങളും തുരങ്കങ്ങളും… ജീവിതത്തിൽ ഒരിക്കലും മറക്കാത്ത കാഴ്ചകൾ സമ്മാനിച്ച് കൊണ്ട് കൂനൂറിൽ ചെന്ന് നിന്നു… ഡീസൽ എഞ്ചിൻ steam എഞ്ചിന് വഴിമാറി കൊടുക്കുന്നത് തെല്ല് അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. വന്ന വഴികളും എഞ്ചിൻ മാറ്റവും ഫോണിൽ പിടിക്കാനും മറന്നില്ല.
3:40ന് കൂനൂരിൽ നിന്നും ആവിഎഞ്ചിനുമായി യാത്ര തുടങ്ങിയ നമ്മുടെ സാരഥി ഓരോ സെക്കണ്ടും അത്ഭുതപെടുത്തി കൊണ്ടിരുന്നു. വാക്കുകൾക്ക് അതീതമായ കാഴ്ചകൾ ആണ് പിന്നീടുള്ള വഴി മുഴുവൻ. റാക്ക് ആൻഡ് പീനിയൻ സംവിധാനം ഉപയോഗിച്ചാണ് ട്രെയിൻ കുന്ന്കയറുന്നതും ഇറങ്ങുന്നതും. പാളങ്ങൾക്ക് ഇടയിലാണ് റാക്ക് പിടിപ്പിച്ചിരിക്കുന്നത്. ഇതിൽ പൽചക്രം പോലുള്ള ചക്രം ഉപയോഗിച്ചാണ് ട്രെയിൻ ചലിക്കുന്നത്.
കൂനൂരിനും മേട്ടുപ്പാളയത്തിനും ഇടയ്ക്ക് ഹിൽ ഗ്രോവ് സ്റ്റേഷനിൽ 15 മിനിറ്റോളം ടീ ബ്രേക്ക്. കാടിന് നടുക്കൊരു റെയിൽവേ സ്റ്റേഷൻ. കുരങ്ങന്മാർ അടക്കിവാഴുന്ന റെയിൽവേ സ്റ്റേഷൻ. ബ്രേക്കും കഴിഞ്ഞ് ട്രെയിൻ പിന്നെയും മുന്നോട്ട് തന്നെ. ഒരു വശത്ത് പാറക്കൂട്ടങ്ങളും മറുവശത്ത് അതിഭീകരമായ താഴ്ചയും. ട്രെയിനിനും എത്രയോ താഴെ മേഘങ്ങളും. എങ്ങും പച്ചപ്പ് മാത്രം….
കാട്ടിലൂടെ കുണുങ്ങി മലയിറങ്ങിയ സുന്ദരി ഒടുക്കം വൈകീട്ട് 5:40ന് മേട്ടുപ്പാളയം ചെന്ന് നിർത്തി. 2203.247 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉദഗമണ്ഡലം റെയിൽവേ സ്റ്റേഷനിൽ നിന്നും തുടങ്ങിയ ട്രെയിൻ യാത്ര മേട്ടുപ്പാളയത്ത് ചെന്ന് അവസാനിക്കുമ്പോൾ ഉയരം വെറും 325.22 മീറ്റർ. ഈ ചെങ്കുത്തായ മലനിരകളിലൂടെ പാത നിർമിച്ച ബ്രിട്ടീഷ് ബുദ്ധിക്ക് ഒരുനൂറ് സല്യൂട്ട്…
ഉമ്മാ ഇങ്ങള് ഉറങ്ങിക്കോണ്ടു, ഞാൻ കുറച്ച് വൈകും. വൈകിയാലും വീട്ടിൽ നിന്നെ ചോറുണ്ണു. ഒറ്റയ്ക്കൊരു ആനവണ്ടി യാത്ര മോഹിച്ചുവന്നിട്ട് ടോയ് ട്രെയിനും ഒരു കുന്നോളം കാഴ്ചകളും നിമിഷങ്ങളും ഓർമകളും ആയി തിരികെ….