എഴുത്ത് – ജിതിൻ ജോഷി.
ഇക്കഴിഞ്ഞ 25 ന് ഉച്ചകഴിഞ്ഞ സമയത്താണ് എറണാകുളം ബസ്സ്റ്റാൻഡിൽ എത്തുന്നത്. ഞാനും കൂടെ റാമും റിമലും. പോകേണ്ടത് കോഴിക്കോട്ടേക്കും. സാധാരണ ഏതെങ്കിലും KSRTC ബസിൽ പോവാറുള്ള ഞാൻ ഇത്തവണ കൂടെയുള്ള ചങ്കുകളുടെ ആഗ്രഹപ്രകാരം “ചിൽ” എന്ന് വിളിപ്പേരുള്ള വോൾവോ ബസിൽ പോയേക്കാം എന്ന് തീരുമാനിച്ചു..
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇനി അടുത്ത “ചിൽ ബസ്” കോഴിക്കോട്ടേയ്ക്ക്. നല്ല വെയിലും കയ്യിലുള്ള ഭാരമുള്ള ബാഗുകളും കാരണം എങ്ങനെയെങ്കിലും ബസ് ഒന്ന് വന്ന് അതിനുള്ളിൽ കയറിപ്പറ്റിയാൽ മതിയെന്നായി. സമയമിങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നു. സ്റ്റേഷൻ മാസ്റ്ററോട് ഒന്നുകൂടി ചോദിച്ചു ഉറപ്പുവരുത്തി. “ഓ.. വണ്ടി വരും.. കോഴിക്കോട് അല്ലേ..ദാ.. അവിടെ നിന്നാൽ മതി..”
സമയം ഒന്നേമുക്കാൽ കഴിഞ്ഞു. ഓരോ വണ്ടിയും വരുമ്പോൾ പ്രതീക്ഷയോടെ നോക്കും. അങ്ങനെ നോക്കി നോക്കി സമയം 3 കഴിഞ്ഞപ്പോളാണ് ബസ് വന്നത്. വണ്ടി കണ്ടതും ചാടിക്കയറി സീറ്റ് പിടിച്ചു ടിക്കറ്റ് എടുത്തു. ടിക്കറ്റ് തന്നപ്പോളാണ് കണ്ടക്ടറോട് ചോദിച്ചത് എന്താണ് ലേറ്റ് ആയതെന്ന്. അദ്ദേഹം പറഞ്ഞത് സ്ഥിരം ഡ്രൈവർ വന്നില്ല. അതിനാൽ പകരം ഒരു ഡ്രൈവറെ കിട്ടാൻ ഇത്തിരി ലേറ്റ് ആയെന്ന്..
സംഭവം ശരിയാവാം.. കാരണം വോൾവോ ബസ് ഓടിക്കാൻ എല്ലാവർക്കും സാധിക്കില്ല. വോൾവോയുടെ പ്രത്യേക ക്ലാസ്സിൽ പങ്കെടുത്ത് ആ സർട്ടിഫിക്കറ്റ് കയ്യിൽ ഉള്ളവർ മാത്രമാണ് ഇന്ത്യയിൽ വോൾവോ ബസുകൾ ഓടിക്കാൻ യോഗ്യർ. അതെന്തെങ്കിലും ആവട്ടെ. ബസ് പുറപ്പെട്ടു. എറണാകുളം നഗരത്തിന്റെ തിരക്കുകൾ വണ്ടിയെ പിന്നെയും വൈകിപ്പിച്ചു. പുറത്തെ ട്രാഫിക് കാണാത്തതുകൊണ്ടാണോ എന്നറിയില്ല ആളുകൾ വണ്ടിയുടെ വേഗതയെച്ചൊല്ലി മുറുമുറുക്കാൻ തുടങ്ങി..
പക്ഷേ പൊതുവെ വേഗത ഇഷ്ടമുള്ള എനിക്ക് ബസിന്റെ അപ്പോളത്തെ വേഗത അത്ര കുറവായി തോന്നിയതുമില്ല. ഇതിനിടയിൽ കണ്ടക്ടർ നേരിടുന്ന ചില പ്രശ്നങ്ങൾ. യാത്രക്കാരിൽ ഒരാൾക്ക് വോൾവോ ബസിലെ കൂടിയ നിരക്ക് കൊടുക്കാൻ മനസ്സില്ലത്രേ. അയാൾ എത്രയോ കൊല്ലമായി ബസിൽ യാത്ര ചെയ്യുന്നു. ഇത്രയും കൂടുതൽ റേറ്റ് വാങ്ങുന്ന ഒരു ‘മൂരാച്ചി’ കണ്ടക്ടറേ കണ്ടിട്ടില്ലത്രെ..
അതിനുശേഷം കേറിയ ഒരാൾക്ക് ബസിന്റെ റൂട്ട് മാറ്റി അയാളുടെ വീട്ടുപടിക്കൽ കൂടി ഓടിക്കണം പോലും. കാരണം ബാക്കി ബസുകൾ ഒക്കെയും ആ വഴിയാണത്രെ പോകുന്നത്. ഇങ്ങനെ നൂറുനൂറു പ്രശ്നങ്ങൾ ആണ് ടിക്കറ്റ് മുറിക്കുന്നതിനിടയിൽ ആ മനുഷ്യൻ നേരിടുന്നത്. അതും പുഞ്ചിരിയോടെ.
ഇക്കണ്ട പ്രശ്നങ്ങൾ ഒക്കെയും തീർത്തു മുന്നോട്ട് പോകുമ്പോളാണ് വേഗതയെ ചൊല്ലിയുള്ള പ്രശ്നം വണ്ടിക്കുള്ളിൽ രൂക്ഷമാകുന്നത്. പാവം ഡ്രൈവർ.. ആളുകൾ അതുമിതും പറയാൻ തുടങ്ങിയതോടെ വണ്ടിക്കു സ്പീഡ് കൂട്ടാതെ നിർവ്വാഹമില്ലെന്നായി. പലവട്ടം സഡൻ ബ്രേക്ക്..വെട്ടിക്കൽ. വണ്ടി ചിലപ്പോളൊക്കെ അയാളുടെ കയ്യിൽനിന്നും പോകുന്നത് അറിയുന്നുണ്ടായിരുന്നു. അപകടം മുന്നിൽ കണ്ടിട്ടും വേഗത കുറയ്ക്കാൻ അയാൾക്ക് നിർവ്വാഹമില്ലായിരുന്നു..
ഇനി പ്രിയ യാത്രക്കാരോട്..ഈ ബസിലെ ജീവനക്കാർ…അവരും മനുഷ്യരാണ്. ഒരുപാട് പ്രശ്നങ്ങൾ ആണ് ഡ്യൂട്ടിയിൽ അവർ നേരിടുന്നത്. ആ ബസിൽ പ്രശ്നം ഉണ്ടാക്കിയ എല്ലാവരും ആവശ്യമില്ലാത്ത കാര്യങ്ങൾക്കാണ് ഒച്ചയുണ്ടാക്കിയത്. ഒരുപാട് ക്ഷമയും ശ്രദ്ധയും ക്രോഡീകരണവും ഒക്കെ വേണ്ട ജോലിയാണ് ഡ്രൈവിംഗ്. ആ ഡ്രൈവർ ബസ് ഓടിക്കുമ്പോൾ അയാളുടെ ജീവനിലുപരി യാത്രക്കാരുടെയെല്ലാം ജീവൻ അയാളുടെ ഉത്തരവാദിത്തമാണ്. എന്തിനാണ് അയാളിൽ സമ്മർദ്ദം ചെലുത്തി വേഗത കൂട്ടി വെറുതെ അപകടം വരുത്തിവയ്ക്കുന്നത്..??
ഒരുപാട് പരിചയസമ്പന്നനല്ലാത്ത ഒരാൾ പുതിയ ഒരു വാഹനം ഓടിക്കുമ്പോൾ തീർച്ചയായും ഇത്തിരി വേഗത കുറയും. അത് സ്വാഭാവികം. അതിനോട് സഹകരിക്കുകയല്ലേ നമ്മൾ യാത്രക്കാർ ചെയ്യേണ്ടത്..? നിങ്ങൾ ഒച്ചയുണ്ടാക്കി വേഗത കൂട്ടാൻ ആവശ്യപ്പെട്ടതുമൂലം എത്ര വിഷമിച്ചു ആ പാവം മനുഷ്യൻ..? എന്നിട്ടും ഒരുവാക്ക് തിരിച്ചു പറഞ്ഞില്ല അയാൾ..
കോഴിക്കോട് എത്തിയതും നിങ്ങളിൽ പലരും പരിഹാസത്തോടെ പറയുന്നതു കേട്ടു.”ചേട്ടാ ഇത്രയും നേരത്തെ എത്തിച്ചതിനു താങ്ക്സ് ” എന്ന്. ഓരോരുത്തരും അത് പറഞ്ഞിറങ്ങുമ്പോൾ ആ മനുഷ്യന്റെ മുഖം ഞാൻ ശ്രദ്ധിച്ചു. ദേഷ്യമോ കോപമോ ഒന്നുമല്ല. മറിച്ചു സങ്കടം കലർന്ന ഒരു ചമ്മിയ ചിരിയാണ് ആ മുഖത്തുണ്ടായിരുന്നത്.. സാരമില്ല..ഇവിടെ ഇങ്ങനെയാണ്..വേഗം കൂടി ഒരു ആക്‌സിഡന്റ് സംഭവിച്ചാലും ഇവരൊക്കെ ഡ്രൈവറെയെ കുറ്റം പറയൂ എന്നതാണ് മറ്റൊരു വസ്തുത..
എന്തായാലും അത്ര പരിചയസമ്പന്നൻ അല്ലായിരുന്നിട്ടും സ്വന്തം ജീവൻ(അതാണല്ലോ ഏറ്റവും മുന്നിൽ ഇരിക്കുന്നത്) പോലും അപകടപ്പെടുത്തി എല്ലാവരെയും സുരക്ഷിതരായി കോഴിക്കോട് എത്തിച്ച ആ പേരറിയാത്ത ചേട്ടന് ഒരു വലിയ സല്യൂട്ട്..
ഇതിനൊരു പ്രത്യുപകാരം ചെയ്യാനുള്ള അവസരം അതേ ദിവസം കോട്ടയം – കീഴ്പ്പള്ളി ഫാസ്റ്റ് ബസിൽ വച്ചു കിട്ടി. ആവശ്യമില്ലാതെ ഞങ്ങളുടെ KSRTC ഡ്രൈവറെ ചീത്ത വിളിക്കുകയും വണ്ടി ക്രോസ്സ് ഇട്ടിട്ട് ഡ്രൈവറോട് ഇറങ്ങിവരാൻ ഒരുകൂട്ടം യുവാക്കൾ ആക്രോശിക്കുകയും ചെയ്തപ്പോൾ ഇറങ്ങിചെന്നത് ഡ്രൈവർ തനിച്ചായിരുന്നില്ല. മറിച്ച് ഞാനടക്കമുള്ള ആ ബസിലെ മുഴുവൻ യാത്രക്കാരുമായിരുന്നു. അവന്മാരോട് “പോടാ പുല്ലേ” എന്നും പറഞ്ഞു തിരികെ വന്നു ബസ് സ്റ്റാർട്ട് ചെയ്യുമ്പോൾ ഡ്രൈവറുടെ മുഖത്തു കണ്ടത് ആത്മവിശ്വാസവും നന്ദിയും സ്നേഹവുമൊക്കെ കലർന്ന ഒരു പുഞ്ചിരി ആയിരുന്നു.