കെഎസ്ആർടിസിയുടെ ആദ്യ അന്തർസംസ്ഥാന ബോണ്ട് സർവ്വീസ് 2020 സെപ്തംബർ 8 ന് പാലക്കാട് – കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് ആരംഭിച്ചു.
ഇരുചക്ര വാഹനം ഉപയോഗിക്കുന്ന സ്ഥിരം യാത്രക്കാർ അനുഭവിക്കുന്ന ശാരീരികവും മാനസികരുമായ ബുദ്ധിമുട്ടുകൾ അനവധിയാണ്. ഇരുചക്ര വാഹനം ഉപയോഗിച്ച് സ്ഥിരമായി ജോലിക്ക് പോകുന്ന സർക്കാർ ഉദ്യോഗസ്ഥരെയും സ്വകാര്യ മേഖലയിലെയും ജീവനക്കാരെയും സംബന്ധിച്ചാണെങ്കിൽ, അതിരാവിലെ സ്ഥിരമായി നഗരത്തിരക്കിലൂടെ ഗതാഗത കുരുക്കും വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളും അനുഭവിച്ച് ജോലിക്കെത്തുമ്പോഴേക്കും ജോലി ചെയ്യാനുള്ള ഊർജ്ജം തന്നെ നഷ്ടമായിട്ടുണ്ടാവും.
തുടർച്ചയായി ഇരുചക്ര വാഹനം ഓടിക്കുന്നതു മൂലം കാലക്രമേണ ഉണ്ടാകുന്ന സ്പോണ്ടിലൈറ്റിസ്, നടുവേദന തുടങ്ങിയ അനിവാര്യമായ രോഗാവസ്ഥകളും കാലക്രമേണ ഇവരെ തേടിയെത്തുന്നു. കേരളത്തിലെ മാറിമാറി വരുന്ന വൈവിധ്യമാർന്ന കാലാവസ്ഥയും ഇരുചക്ര വാഹന യാത്രികർക്ക് വെല്ലുവിളിയാണ്. അനുദിനം ഉയരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുന്ന വാഹനാപകടങ്ങളുടെ ഗ്രാഫ് അവരെ ഭയപ്പെടുത്തുന്നുമുണ്ട്.
മണ്ണൂത്തി കാർഷിക സർവ്വകലാശാലയിലെ ജീവനക്കാർ ഇത്തരത്തിൽ ജോലി സമയത്തിനനുസരിച്ച് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. നിലവിലെ അവരുടെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമായി BOND യാത്രാ നിരക്കായി നിശ്ചയിച്ചതിൽ നിന്നും 20 ശതമാനത്തോളം ഇളവും ഈ യാത്രക്കാർക്ക് അനുവദിച്ചിട്ടുണ്ട്.
പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് BOND – Bus on Demand പദ്ധതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. താമസിയാതെ തന്നെ കൂടുതൽ സർവ്വീസുകൾ ഈ പദ്ധതിയുടെ ഭാഗമായി ഉത്തര മേഖലയിൽ ആരംഭിക്കുന്നതാണ്.
BOND – Bus on Demand എന്ന പദ്ധതിയുടെ സവിശേഷതകൾ ഇനി പറയുന്നവയാണ്. ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്. യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും. അവരവരുടെ ഓഫീസിന് മുന്നിൽ ബസ്സുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ്.
ഈ സർവീസുകളിൽ 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള “BOND” ട്രാവൽ കാർഡുകൾ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാവുന്നതാണ്. കോവിഡ് നിബന്ധനകൾ പാലിച്ച് പൂർണ്ണമായും അണുവിമുക്തമാക്കിയ ബസുകളാണ് “BOND” സർവ്വീസിനായി ഉപയോഗിക്കുന്നത്. എല്ലാ യാത്രക്കാർക്കും സാമൂഹ്യ അപകട ഇൻഷ്വറൻസ് ഉണ്ടായിരിക്കുന്നതാണ്. ഓരോ “BOND” സർവ്വീസിന്റെയും യാത്രക്കാർക്കായി വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ബസിന്റെ തൽസമയ ലോക്കേഷൻ യാത്രക്കാരെ അറിയിക്കുന്നതാണ്.
BOND സർവ്വീസ് സംബന്ധിച്ച അന്വേഷണങ്ങൾക്ക് യാത്രക്കാർക്ക് കെ.എസ്.ആർ.ടി സിയുടെ എല്ലാ യൂണിറ്റുകളുമായി ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799. ഈ പദ്ധതിയിലേക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്നവർക്ക് പാലക്കാട് – 0491-2520098 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്.
എന്നും ആനവണ്ടിയെ സ്നേഹിച്ചിട്ടുളള മലയാളികൾക്ക് അപകടരഹിതമായ, വായു മലിനീകരണമില്ലാത്ത സുഖകരമായ യാത്രയാണ് “BOND”ലൂടെ കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നത്.
വിവരങ്ങൾക്ക് കടപ്പാട് – കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ.