കേരളമൊന്നാകെ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ദിവസമായിരുന്നു ഇലക്ഷൻ റിസൾട്ട് പ്രഖ്യാപന ദിവസമായ മെയ് 23. എന്നാൽ അതേദിവസം തന്നെ ദൗർഭാഗ്യകരമായ ഒരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ് കൊല്ലം ജില്ലയിലെ ചവറയിൽ. സംഭവം ഇങ്ങനെ, ഇലക്ഷൻ വിജയത്തിൽ റോഡിലൂടെ ആഹ്ലാദപ്രകടനം നടത്തി വരികയായിരുന്നു ഒരുകൂട്ടം പ്രവർത്തകർ. ചാവറയ്ക്ക് സമീപമുള്ള ഇടപ്പള്ളിക്കോട്ടയിൽ എത്തിയപ്പോൾ അതുവഴി കടന്നു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് പ്രകടനക്കാർക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് രോഷാകുലരായ ചിലർ ബസ് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.
ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് പ്രകടനക്കാർക്കിടയിലൂടെ ഒഴിവുള്ള സ്ഥലത്തു കൂടി ഒതുക്കിയെടുത്തു പോകുവാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതരായ പ്രകടനക്കാരിലുണ്ടായിരുന്ന ബൈക്കിലെത്തിയ രണ്ടുപേർ, കെഎസ്ആർടിസി ബസ് ഡ്രൈവറെ കമ്പുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. ആലപ്പുഴ ചാരുംമൂട് സ്വദേശിയും കായംകുളം ഡിപ്പോയിലെ ഡ്രൈവറുമായ ദീലീപ് ഖാനാ (48)ണ് തലയ്ക്ക് അടിയേറ്റത്. തലയ്ക്ക് മുറിവേറ്റ് അവശനായ ഡ്രൈവറെ ബസ്സിൽ നിന്നും നാട്ടുകാരും, ആഹ്ലാദപ്രകടനത്തിൽപ്പെട്ട ചിലരും, പോലീസും ചേർന്നാണ് എടുത്തു പുറത്തിറക്കിയത്. ഇദ്ദേഹത്തെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. സംഭവത്തെത്തുടർന്ന് ബസ്സിന്റെ യാത്ര മുടങ്ങുകയും ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റി വിടുകയുമാണുണ്ടായത്. കെഎസ്ആർടിസി ഡ്രൈവറുടെ പരാതിയിൽ ചവറ പോലീസ് കേസെടുത്തു അന്വേഷിച്ചു വരുന്നു.
സംഭവ സ്ഥലത്തു നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ കാര്യം പുറംലോകം അറിഞ്ഞത്. പ്രസ്തുത വീഡിയോ താഴെ ഷെയർ ചെയ്യുന്നു. കണ്ടുനോക്കാം.
ഇലക്ഷൻ ജയിക്കുമ്പോൾ അനുഭാവികൾ ആഹ്ളാദപ്രകടനങ്ങൾ നടത്തുന്നത് സ്വാഭാവികമാണ്. എന്നാൽ അതെല്ലാം മറ്റുള്ളവർക്ക് തടസ്സമാക്കിക്കൊണ്ട് ആകരുത് എന്ന് എല്ലാവരും ഓർക്കേണ്ട ഒന്നാണ്. പൊതുഗതാഗതം തടസ്സപ്പെടുത്തുകൊണ്ടുള്ള ഒരു പരിപാടിയും നമുക്ക് വേണ്ട. പ്രളയം വന്നപ്പോഴും, പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്നപ്പോഴുമെല്ലാം കെഎസ്ആർടിസിയുടെയും ജീവനക്കാരുടെയും ഭാഗത്തു നിന്നുണ്ടായ രക്ഷാപ്രവർത്തനങ്ങളും, സഹായ സഹകരണങ്ങളുമെല്ലാം നിങ്ങളാരും മറക്കരുത്. ഇതിപ്പോൾ ഹർത്താൽ വന്നാലും, ദേഷ്യം വന്നാലും, വിഷമം വന്നാലും, സന്തോഷം വന്നാലുമൊക്കെ അടി കൊള്ളുന്നത് കെഎസ്ആർടിസിയ്ക്കും ജീവനക്കാർക്കുമാണ്. ദയവുചെയ്ത് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുക. ഇതുപോലുള്ള സന്ദർഭങ്ങളിൽ ദേഹോപദ്രവം ഒരിക്കലും പൊറുക്കാനാവാത്തതാണ്.
എന്തായാലും ഓട്ടത്തിനിടയിൽ ബസ് ഡ്രൈവറെ, അതും സർക്കാർ ജോലിക്കാരനെ കയ്യേറ്റം ചെയ്തു അവശനാക്കിയത് അൽപ്പം തീവ്രത കൂടിയ കേസ്സാണ്. കാര്യഗൗരവം മനസിലാക്കാതെ എടുത്തുചാടി പ്രവർത്തിച്ച അക്രമികൾക്ക് നല്ല പണികിട്ടും എന്നുറപ്പാണ്. മുൻപ് സമാനഗതിയിൽ ഉണ്ടായ സംഭവങ്ങളിൽ നാം കണ്ടതാണല്ലോ അതെല്ലാം.