വിവരണം – Anvar Sadik Kappachali.
ഡിസംബർ 25 നു ശബരിമല ഡ്യൂട്ടി കഴിഞ്ഞ് പമ്പയിൽ നിന്ന് ചെങ്ങന്നൂരിലെ റെയ്ൽവേ സ്റ്റേഷൻ പോവാൻ വേണ്ടി പമ്പ ബസ് സ്റ്റാൻഡിൽ ചെല്ലുമ്പോൾ അന്യ സംസ്ഥാന സ്വാമിമാർ നിറഞ്ഞു കവിഞ്ഞ KSRTC യുടെ സ്പെഷ്യൽ ഫാസ്റ്റ് പാസഞ്ചർ കിടക്കുന്നു. സ്റ്റെപ്പ് വരെ ആളുകൾ ബസിൽ ഉള്ള ഭൂരിഭാഗം പേരും ചെങ്ങന്നൂർ നിന്നും വൈകിട്ട് 5.10 ഉള്ള എക്സ്പ്രസ് ട്രെയിനിൽ പോവാനുള്ള അന്യ സസ്ഥാനക്കാർ…(മുന്നേ ബുക്ക് ചെയ്തിരുന്ന).
ഒരു മണി ആയപ്പോഴേക്കും വാഹനം എടുത്തു. വഴിയിൽ ഉടനീളം ഭയങ്കര ബ്ലോക്ക്. ഒരു വിധം വാഹനം മുന്നോട്ട് പോയി. നിലക്കൽ നിന്നും കുറെ മുന്നോട്ട് പോയതിന് ശേഷം ബ്ലോക്ക് കഴിഞ്ഞു. പതിവായി ളാഹ എത്തുമ്പോൾ അവിടെ ഉള്ള ഇന്ത്യൻ കോഫീ ഹൗസിൽ ബസ് നിർത്തി ഉച്ച ഭക്ഷണം കഴിച്ചിട്ട് മാത്രമേ എല്ലാ ബസുകാരും പോവാറുള്ളു. കാരണം പമ്പയിൽ നല്ല ഭക്ഷണം കിട്ടാൻ പ്രയാസം ആണ്. പിന്നെ ചെങ്ങന്നൂർ എത്താൻ മൂന്ന് മണിയാവും.
ഡ്രൈവർ പറഞ്ഞു രാവിലെ രണ്ട് ഇഡലി കഴിച്ചതാണ്. അപ്പോ കണ്ടക്ടർ പറഞ്ഞത് ഇന്ന് ഒന്നും കാര്യമായിട്ട് കഴിച്ചിട്ടില്ല എന്ന്.(ക്രിസ്തുമസ്സ് ദിവസമാണ് എന്നോർക്കണം). നമ്മൾ ഭക്ഷണം കഴിക്കാൻ നിർത്തിയാൽ യാത്രക്കാർക്ക് ട്രെയിൻ കിട്ടില്ല നമുക്ക് ചെങ്ങന്നൂർ എത്തിയിട്ട് കഴിക്കാം എന്ന്. ഡ്രൈവറും അത് സമ്മതിച്ചു പോവുന്ന വഴിക്ക് ബാക്കിലെ ഒരു ടയർ പഞ്ചർ ആയി. കുറച്ച് ദൂരം അതും വെച്ച് ഓടി.
വഴിയിൽ KSRTC യുടെ മൊബൈൽ വർ്ക്ഷോപ്പ് വാഹനം കണ്ട് നിർത്തി, പെട്ടെന്ന് തന്നെ ടയർ മാറ്റി. ഒരു അരമണിക്കൂർ അവിടെ ചിലവായി. സമയം പിന്നെയും വൈകി അതിന്റെ വെപ്രാളത്തിൽ ഡ്രൈവർ വാഹനം മുൻപോട്ട് എടുത്തു. പോരാത്തതിന് ചാറ്റൽ മഴയിൽ നനഞ്ഞ റോഡും. അധികം വൈകിയില്ല, മുന്നിലെ ഒരു വളവിൽ സ്വാമിമാർ സഞ്ചരിച്ച ഒരു സുമോ പെട്ടെന്ന് നിർത്തി.
ഡ്രൈവർ സാഹസികമായി വണ്ടി ഒഴിച്ച് ബ്രേക്ക് അമർത്തിയെങ്കിലും ചെറുതായിട്ട് ഒന്നു ഉരസി.
കർണാടക രജിസ്ട്രേഷൻ വാഹനം നിർത്തി ഭയങ്കര ബഹളം. അവർക്ക് കാശ് വേണം. പാവം മാസശമ്പളം തന്നെ ശരിയായി കിട്ടാത്ത KSRTC ജീവനക്കാർ എവിടെ നിന്ന് എടുത്ത് കൊടുക്കും? ഒടുവിൽ പോലീസിനെ വിളിച്ചു. അവർ വന്നു. അടുത്തുള്ള സ്റ്റേഷനിൽ പോയി കേസ് രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞു. അപ്പോ സുമോയിൽ ഉളള ആളുകൾ മെല്ലെ പിൻവലിഞ്ഞു. ഏകദേശം മുക്കാൽ മണിക്കൂർ അവിടെയും നഷ്ടപ്പെട്ടു.
അവിടെ നിന്നും വാഹനം എടുത്ത് ചെങ്ങന്നൂർ ലക്ഷ്യമാക്കി ബസ് ഓടി. പക്ഷേ വീണ്ടും വാഹനത്തിന് ബ്രേക്ക് തകരാറ്. വഴിയിൽ വെച്ച് വീണ്ടും മൊബൈൽ വർ്ക്ഷോപ്പ് കണ്ട് അതും ശരിയാക്കി. അവിടെയും പോയി അരമണിക്കൂർ. പച്ചവെള്ളം പോലും കുടിക്കാതെ അവിടെനിന്നും വണ്ടി എടുത്ത് ചെങ്ങന്നൂർ സ്റ്റാൻഡിൽ പോലും കയറാതെ നേരെ റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു.
അവിടെ എത്തിയപ്പോ സമയം അഞ്ച് മണി. എല്ലാവരും ഡ്രൈവറെ കൈ കൊടുത്തിട്ടാണ് പുറത്തിറങ്ങിയത്. കാരണം അത്രയും വലിയ ഒരു നന്മയാണ് അദ്ദേഹം ചെയ്തത്. അഭിനന്ദിക്കാൻ വാക്കുകളില്ല ചേട്ടാ…
വാൽകഷ്ണം: ഒരു ചെറിയ സമരത്തിന് പോലും സർക്കാർ ബസുകൾ എറിഞ്ഞ് ഉടക്കുന്നതിന് മുൻപ് അതിലും ഇരിക്കുന്നത് പച്ച മനുഷ്യർ തന്നെയാണെന്ന് ഓർക്കുക.