കേരളത്തിന്റെ ദേശീയ ആഘോഷം എന്ന് ട്രോളന്മാർ വിളിക്കുന്ന ഹർത്താൽ. ന്യായമായ ആവശ്യങ്ങൾ, അവകാശങ്ങൾ എന്നിവ നേടിയെടുക്കാൻ ഹർത്താൽ നടത്തുന്നതിനെ ആരും കുറ്റപ്പെടുത്തുന്നില്ല. പ്രതികരിക്കാനും പ്രതിഷേധിക്കാനും ഉള്ള അവകാശം ഓരോ പൌരന്മാർക്കും ഉണ്ട്..
പക്ഷേ, എന്തിനാണ് ഹർത്താൽ നടത്തുന്ന എല്ലാവരും ജാതി, മത, പാർട്ടി, ഗ്രൂപ്പ് വ്യത്യാസമില്ലാതെ KSRTCയുടെയും പാവം ജീവനക്കാരുടെയും നെഞ്ചത്തേക്ക് കയറുന്നത്? കേരളത്തിൽ ഭരണ- പ്രതിപക്ഷ വ്യത്യാസമില്വാതെ ഏതു പാർട്ടി ഹർത്താൽ നടത്തിയാലും വഴിയിൽ കാണുന്ന സകല KSRTC ബസിനെയും കല്ലെറിയാനുള്ള ഒരു വസ്തു ആയി മാറിയിരിക്കുന്നു നമ്മുടെ ആനവണ്ടി. പൌരാവകാശമോ വിശ്വാസ സംരക്ഷണമോ വിഷയം എന്തുമാകട്ടെ, കല്ലേറ് KSRTC ക്ക്. കഴിഞ്ഞ വർഷവും പൊട്ടിയിരുന്നു കുറേ KSRTC ഗ്ലാസുകൾ.
ചെന്നൈയിലോ മുംബൈയിലോ ഇന്ത്യയിൽ എവിടെ മലയാളികൾ പെട്ടുപോയാലും രക്ഷിക്കാൻ ഓടിയെത്തുന്ന നമ്മുടെ രക്ഷകരാണ് KSRTC ബസുകൾ. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തകരെ എത്തിക്കാനും ഉണ്ണാനും ഉടുക്കാനുമുള്ള വകകൾ ക്യാമ്പുകളിൽ എത്തിക്കാനും മുന്നിൽ നിന്ന ആനവണ്ടിയെ നിങ്ങൾ ഓർക്കുന്നുണ്ടോ? പ്രളയത്തിൽ മുങ്ങിത്താണ ആലുവയിലും ആലപ്പുഴയിലും പത്തനംതിട്ടയിലും ഒക്കെ KSRTC ബസുകൾക്ക് നേരെ കല്ലെറിഞ്ഞവൻ ഓർത്തില്ല, മഹാവിപത്തിൽ അകപ്പെട്ടപ്പോൾ താങ്ങും തണലുമായി വന്ന KSRTCയെ.
നിലവിൽ വളരെ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന KSRTCക്ക് നിങ്ങൾ നൽകുന്ന ഓരോ പ്രഹരവും വലിയ ആഘാതങ്ങൾ ആണ്. ഇന്നു നിന്റെ പാർട്ടി നടത്തിയ ഹർത്താലിൽ ഓരോ അത്യാവശ്യ യാത്രക്ക് KSRTCയെ ആശ്രയിച്ച എത്രപേർ ബുദ്ധിമുട്ടിക്കാണും? ഇനി മറ്റൊരു പാർട്ടിയുടെ ഹർത്താലിൽ ഇന്നു കല്ലെറിഞ്ഞവനും ഈ അവസ്ഥ വരില്ലെന്ന് ആരുപറഞ്ഞു?
അല്ലെങ്കിൽ തന്നെ കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന ഹർത്താലിൽ പാവം KSRTC എന്തു തെറ്റു ചെയ്തു? പ്രതികരണം ആവാം. പക്ഷേ, നിരപരാധികളെ ദ്രോഹിക്കരുത്. ഒരു സർവീസ് മുടങ്ങുമ്പോൾ എത്ര നഷ്ടം ഉണ്ടാവുമെന്ന് നിങ്ങൾക്കറിയാമോ? അല്ലെങ്കിൽ ഒരു വിൻഡ്ഷീൽഡ് ഗ്ലാസിന്റെ വില എങ്കിലും അറിയാമോ? KSRTC പൊതുമുതൽ ആണ്. നമ്മുടെ സ്വത്ത്. ഓർമ്മ വേണം എല്ലാവർക്കും.
കടപ്പാട് – ARK kSRTC Lover.