കേരളത്തിനു പുറത്തുള്ളതാണെങ്കിലും ധാരാളം മലയാളികൾ സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണ് കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്ത് സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബിമാരിൽ ഒരാളാണ് മൂകാംബിക എന്ന്‌ വിശ്വാസം. അതുകൊണ്ടു തന്നെയാകാം ഇവിടെ മലയാളികൾ ധാരാളമായി ദർശനത്തിനു എത്തിച്ചേരുന്നത്.

ഈ മഹാക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽലും, 108 ശക്തിപീഠങ്ങളിലും ഉൾപ്പെടുന്ന ഒരു ക്ഷേത്രമാണിത്. മീനമാസത്തിലെ കൊടിയേറ്റുത്സവവും ആശ്വിനമാസത്തിലെ ആദ്യ ഒൻപത് നാൾ നീണ്ടു നിൽക്കുന്ന “നവരാത്രി-വിജയദശമി” ഉത്സവവും “വിദ്യാരംഭവും” ഇവിടെ പ്രധാനമാണ്.

മൂകാംബിക ക്ഷേത്രത്തിലേക്ക് ട്രെയിൻ മാർഗ്ഗവും ബസ് മാർഗ്ഗവും കേരളത്തിൽ ഇന്നും പോകാവുന്നതാണ്. ട്രെയിൻ ചാർജ്ജ് വളരെ കുറവാണെങ്കിലും ബൈന്ദൂർ എന്ന റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടുന്ന് ബസ്സിലോ ടാക്സിയിലോ കയറി വേണം കൊല്ലൂരിൽ എത്തുവാൻ. ഈ ഒരു മാറിക്കയറൽ ബുദ്ധിമുട്ട് ഒഴിവാക്കുവാൻ ബസ് യാത്ര തിരഞ്ഞെടുക്കുന്നതായിരിക്കും കുറച്ചുകൂടി നല്ലത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കൊല്ലൂർ മൂകാംബികയിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസുകൾ ലഭ്യമാണ്. അവ ഏതൊക്കെയെന്നും സമയവിവരങ്ങളുമൊക്കെ ഒന്നു അറിഞ്ഞിരിക്കാം. വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

തിരുവനന്തപുരം – കൊല്ലൂർ മൂകാംബിക : കേരള തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും മൂകാംബികയിലേക്ക് കെഎസ്ആർടിസി സ്‌കാനിയ മൾട്ടി ആക്സിൽ എസി ലക്ഷ്വറി ബസ് ദിവസേന സർവ്വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തു നിന്നും വൈകുന്നേരം 4 മണിയ്ക്ക് പുറപ്പെടുന്ന ബസ് കൊല്ലം, ആലപ്പുഴ (7 PM), എറണാകുളം (8.30), തൃശ്ശൂർ, കോഴിക്കോട്(1.30 AM), കണ്ണൂർ, കാസർഗോഡ്, മംഗലാപുരം (7.05 AM) വഴി പിറ്റേ ദിവസം രാവിലെ 9.35 ഓടെ കൊല്ലൂർ മൂകാംബികയിൽ എത്തുന്നു. ഈ ബസ് അന്നു വൈകീട്ട് 3 മണിയോടെ കൊല്ലൂരിൽ നിന്നും പുറപ്പെടുകയും പിറ്റേദിവസം രാവിലെ 8.15 നു തിരുവനന്തപുരത്ത് എത്തിച്ചേരുകയും ചെയ്യുന്നു. സാധാരണ ബസ്സുകളിൽ യാത്ര പോകുന്നതിനേക്കാൾ കൂടുതൽ സുഖസൗകര്യങ്ങൾ ഈ സർവ്വീസ് പ്രദാനം ചെയ്യുന്നുണ്ട്. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

കൊട്ടാരക്കര – മൂകാംബിക : കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നും മൂകാംബികയിലേക്ക് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് സർവ്വീസ് നടത്തുന്നുണ്ട്. മുൻപ് സൂപ്പർ എക്സ്പ്രസ്സായി ഓടിയിരുന്ന ഈ സർവ്വീസ് കെഎസ്ആർടിസിയുടെ ഏറ്റവും പഴക്കമേറിയ മൂകാംബിക സർവീസാണ്. കൊട്ടാരക്കരയിൽ നിന്നും രാത്രി 8 മണിക്ക് പുറപ്പെടുന്ന ബസ് കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, കോഴിക്കോട്, കാസർഗോഡ്, മംഗലാപുരം വഴി പിറ്റേദിവസം ഉച്ചയ്ക്ക് 2.50 നു മൂകാംബികയിൽ എത്തുന്നു. തിരികെ മൂകാംബികയിൽ നിന്നും രാത്രി 9.10 നു എടുക്കുന്ന ബസ് പിറ്റേദിവസം വൈകുന്നേരം 4.10 നു കൊട്ടാരക്കരയിൽ എത്തിച്ചേരും. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

ആലപ്പുഴ – മൂകാംബിക : ആലപ്പുഴയിൽ നിന്നും മൂകാംബികയിലേക്ക് സർവ്വീസ് നടത്തുന്നത് സൂപ്പർ ഡീലക്സ് വിഭാഗത്തിൽപ്പെട്ട ബസ്സാണ്. ആലപ്പുഴയിൽ നിന്നും വൈകീട്ട് 4 മണിക്ക് പുറപ്പെടുന്ന ബസ് വൈറ്റില ഹബ്ബ്, തൃശ്ശൂർ, കോഴിക്കോട്, കാസർഗോഡ്, മംഗലാപുരം വഴി പിറ്റേദിവസം വെളുപ്പിന് 5.45 നു മൂകാംബികയിൽ എത്തുന്നു. തിരികെ മൂകാംബികയിൽ നിന്നും രാത്രി 8 മണിയ്ക്ക് എടുക്കുന്ന ബസ് പിറ്റേദിവസം രാവിലെ 10.30 നു ആലപ്പുഴയിൽ എത്തിച്ചേരും. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

എറണാകുളം – മൂകാംബിക : എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും മൂകാംബികയിലേക്ക് സർവ്വീസ് നടത്തുന്നത് സൂപ്പർ ഡീലക്സ് വിഭാഗത്തിൽപ്പെട്ട ബസ്സാണ്. എറണാകുളത്തു നിന്നും വൈകീട്ട് 3.25 നു പുറപ്പെടുന്ന ബസ് ഗുരുവായൂർ, പൊന്നാനി, കോഴിക്കോട്, കാസർഗോഡ്, മംഗലാപുരം വഴി പിറ്റേദിവസം വെളുപ്പിന് 4.30 നു മൂകാംബികയിൽ എത്തുന്നു. തിരികെ മൂകാംബികയിൽ നിന്നും വൈകുന്നേരം 5.30 നു എടുക്കുന്ന ബസ് പിറ്റേദിവസം പുലർച്ചെ 6.30 ഓടെ എറണാകുളത്ത് എത്തിച്ചേരും. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

കൂടുതൽ വിശദമായ സമയവിവരങ്ങൾ അറിയുന്നതിനായി www.aanavandi.com സന്ദർശിക്കുക. ഓൺലൈൻ ബുക്ക് ചെയ്യുവാനായി https://online.keralartc.com/ സന്ദർശിക്കുക. ഇതിൽ ‘MOOKAMBIKA’ എന്നു കൊടുക്കുന്നതിനു പകരം ‘KOLLUR’ എന്നാണു കൊടുക്കേണ്ടത്. ടിക്കറ്റ് നിരക്കുകൾ ഓൺലൈൻ സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.