കാന്‍സര്‍ രോഗിയായ യാത്രികന് ഒരു കൈത്താങ്ങായി കെ.എസ്.ആര്‍.ടി.സി…

Total
0
Shares

കുറിപ്പ് എഴുതിയത് – ഷെഫീഖ് ഇബ്രാഹിം (കെഎസ്ആർടിസി കണ്ടക്ടർ, എടത്വ ഡിപ്പോ).

എല്ലായിപ്പോഴും കെ.എസ്സ്.ആര്‍.ടി.സിയിലെ ഏതെങ്കിലും ഒരു ജീവനക്കാരനാണ് കഥാനായകന്‍ അല്ലെങ്കില്‍ നായിക ആകുന്നത്. എന്‍റെ ഈ അനുഭവക്കുറിപ്പില്‍ ആനവണ്ടി തന്നെയാണ് താരം. കഥ മുന്നോട്ടു നീങ്ങുമ്പോള്‍ കെ.എസ്സ്.ആര്‍.ടി.സിയിലെ സാമൂഹിക പ്രതിബദ്ധതയുളള ഓരോ ജീവനക്കാരനും അവര്‍ ചെയ്യേണ്ടത് കൃത്യമായി ചെയ്യുന്നതായും കാണാം. അനുഭവക്കുറിപ്പ് തുടര്‍ന്ന് വായിക്കാം….

തെരെഞ്ഞെടുപ്പ് ഫലം വരുന്ന ദിനമാണെങ്കിലും പതിവുപോലെ ഇന്നലെയും (23-05-2019) ഡ്യൂട്ടിക്ക് പോയി. പതിവില്‍ നിന്നും വ്യത്യസ്തമായി റോഡിലും , ബസ്സിലും ആളുകള്‍ കുറവായിരുന്നു.എല്ലാവരും ടി.വിയുടെ മുന്‍പില്‍ ഇരിപ്പായിരിക്കും. ഇന്‍ഡ്യാ മഹാരാജ്യത്തെയും,ഓരോ ലോക്സഭാ മണ്ഡലങ്ങളെയും ആരൊക്കെ പ്രതിനിധീകരിക്കുമെന്ന് ഈ ഫലത്തിന് ശേഷമറിയാം എന്നതായിരുന്നു ബസ്സിലെയും സംസാര വിഷയം. മൊബൈല്‍ ഫോണിലൂടെ വിവിധ യാത്രികര്‍ ഇലക്ഷന്‍ ഫലമറിയുവാനുളള ശ്രമം ബസ്സില്‍ വിവിധ ചാനലുകളുടെ കമന്‍റി പോലെ മുഖരിതമായിരുന്നു.

ടിക്കറ്റ് കൊടുത്തു കഴിയുന്ന ഇടവേളകളില്‍ പതിയെ മൊബൈല്‍ ഫോണുകളിലേക്ക് കണ്ണോടിക്കും. ലീഡു ചെയ്യുന്നത് ആരാണെന്നറിയാന്‍. പിന്നെയും എന്‍റെ ജോലിയില്‍ ശ്രദ്ധിച്ച് തിരികെ കണ്ടക്ടര്‍ സീറ്റിലേക്ക് വരും. തിരക്ക് വളരെ കുറവായതിനാല്‍ ഇടക്കിടക്ക് ഇത് തുടര്‍ന്നു.രാവിലെ 7 മണിക്ക് തുടങ്ങുന്ന ആദ്യ ട്രിപ്പ് കഴിഞ്ഞ് തുടര്‍ന്നുളള 2 ട്രിപ്പുകള്‍ പെട്ടെന്ന് കഴിഞ്ഞു. 10.20 ന് എടത്വ എത്തിയിട്ട് അവിടെ നിന്നും 10.30 ന് തിരുവല്ലാക്ക് പോകണം.

എടത്വയിലെത്തി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിലേക്ക് കയറുവാന്‍ പോകുമ്പോഴാണ് ക്ഷീണിച്ച് തളര്‍ന്ന ഒരു പ്രായമായ മനുഷ്യന്‍ എന്‍റെ അരികിലെത്തി. “ഞാന്‍ ഇപ്പോള്‍ ‘പച്ച’യില്‍ നിന്നും കയറി എടത്വ കഴിഞ്ഞുളള വെട്ടുതോട് പാലത്തിനരികില്‍ ഇറങ്ങിയതാണ് മോനേ. ബസ്സില്‍ കണ്ടക്ടര്‍ സീറ്റിനരികിലാണ് ഞാന്‍ ഇരുന്നത്. എന്‍റെ കൈവശമുണ്ടായിരുന്ന ഗുളികകളും, ഡോക്ടറുടെ കുറിപ്പടിയും, അത്യാവശ്യ രേഖകളും അടങ്ങിയ കവര്‍ സീറ്റില്‍ വെച്ച് മറന്നു പോയി” എന്ന് അദ്ദേഹം പറഞ്ഞു. അത് പറയുമ്പോള്‍ ചെറിയൊരു കുപ്പി കൈവശമുണ്ടായിരുന്നു. അതില്‍ മരുന്നോ മറ്റോ ആണ്.

എടത്വ ഡിപ്പോയില്‍ പകല്‍ സമയത്ത് സ്റ്റേഷന്‍ മാസ്റ്റര്‍ ഡ്യൂട്ടിയിലില്ല. ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ്ജ് ആണ് ഉളളത്. അദ്ദേഹം ഗ്യാരേജിലേക്കോ, മറ്റോ പോയപ്പോഴാണ് ചേട്ടന്‍ എത്തിയത്. ചേട്ടന്‍റെ കൈയില്‍ ടിക്കറ്റ് ഉണ്ടോ എന്ന് തിരക്കി. പോക്കറ്റില്‍ നിന്നും ടിക്കറ്റ് എടുത്ത് നീട്ടി. അത് വാങ്ങി നോക്കിയപ്പോള്‍ ആലപ്പുഴ ഡിപ്പോയുടെ
RRE 881 എന്ന ബസ്സാണെന്ന് മനസ്സിലായി. ടിക്കറ്റില്‍ നിന്നും എത്ര മണിക്കാണ് ടിക്കറ്റ് പ്രിന്‍റ് ചെയ്തത് എന്ന് മനസ്സിലായി. രാവിലെ 10.11ന് അവിടെ നിന്നും ഇറങ്ങേണ്ട ഇടത്ത് ചെന്നതിന് ശേഷം ബസ്സിലോ, ഓട്ടോയിലോ ആണ് അദ്ദേഹത്തിന്‍റെ ഡിപ്പോയിലേക്കുളള മടക്കയാത്ര.

“മോനേ, ഞാനൊരു ക്യാന്‍സര്‍ ബാധിതനാണ്. കഴിഞ്ഞ ദിനം തിരുവനന്തപുരം RCC യില്‍ പോയിട്ട് വന്നതേയുളളു. വായിലാണ് ക്യാന്‍സര്‍.” ഇത്തവണ പോയപ്പോള്‍ പല്ലുകള്‍ എടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനാല്‍ അതിനായി ഒരു സ്വകാര്യ ഹോസ്പിറ്റലിലേക്കായിരുന്നു ആ മനുഷ്യന്‍റെ യാത്ര. നാലു വര്‍ഷമായി ക്യാന്‍സര്‍ ബാധിതനായിട്ട്. ഇരുപതോളം റേഡിയേഷന്‍ കഴിഞ്ഞു. മെയ് 22 നാണ് RCC പോയത്. ഇനി കൃത്യം 3 മാസം കഴിയുമ്പോള്‍ പോകണം. നഷ്ടപ്പെട്ട കവറിനുളളിലാണ് ആഗസ്റ്റ് 22-ന് തിരികെ ചെല്ലുമ്പോള്‍ കൊണ്ടു പോകേണ്ട ഡോക്ടറുടെ കുറിപ്പ്. അത് നഷ്ടമാകുന്നതിനേക്കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കുവാന്‍ കഴിഞ്ഞില്ല. ഞാന്‍ സമാധാനിപ്പിച്ചു.

ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ്ജ് ആയ ബി.രമേശ് കുമാര്‍ എത്തിയപ്പോള്‍ ഈ വിഷയം പറഞ്ഞു അദ്ദേഹത്തെ ടിക്കറ്റ് ഏല്‍പ്പിച്ചു. ബസ്സ് തിരുവല്ലായിലെത്തുമ്പോള്‍ കണ്ട്കടറുമായി ഫോണില്‍ ബന്ധപ്പെട്ട് അത് വാങ്ങാം എന്ന ധാരണയില്‍ തിരുവല്ലാ ഡിപ്പോയിലെ എന്‍ക്വയറി നമ്പറായ 04692602945 ലേക്ക് ബന്ധപ്പെടുവാന്‍ ശ്രമിച്ചു. എന്‍ക്വയറി ഫോണില്‍ വിളിക്കുവാന്‍ ശ്രമിച്ചിട്ടും കിട്ടുന്നില്ല. അദ്ദേഹം ഡ്യൂട്ടിയിലുണ്ടാകാന്‍ സാധ്യതയുളളവരെ വിളിച്ചു. അവര്‍ക്ക് ഡ്യൂട്ടിയില്ലാത്തതിനാല്‍ ആ ശ്രമവും ഉപേക്ഷിച്ചു. ടിക്കറ്റില്‍ വേ ബില്‍ നമ്പറും, കണ്ടക്ടര്‍ ഐ.ഡിയും രേഖപ്പെടുത്തിയിട്ടുളളതിനാല്‍ ആലപ്പുഴ ഡിപ്പോയിലേക്ക് വിളിച്ച് ചോദിച്ചാല്‍ കണ്ടക്ടറുടെ ഫോണ്‍ നമ്പര്‍ ലഭിക്കില്ലേ എന്ന് രമേശ് സാറിനോട് ഞാന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം അതിനുളള ശ്രമമായി.

എടത്വ ഡിപ്പോയില്‍ നിന്നും ഔദ്യോഗികമായി വിളിക്കുമ്പോള്‍ ലഭിക്കുന്ന പ്രാധാന്യം വ്യക്തിപരമായി വിളിക്കുമ്പോള്‍ കിട്ടണമെന്നില്ല. ആയതിനാല്‍ രമേശ് സര്‍ തന്നെ ആലപ്പുഴ ഡിപ്പോയിലെ എന്‍ക്വയറി നമ്പറായ 04772252501 ലേക്ക് വിളിച്ചു.
ആലപ്പുഴ ഡിപ്പോയില്‍ നിന്നും കണ്ടക്ടറുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കിട്ടിയെങ്കിലും അത് പരിധിക്ക് പുറത്ത് ആണെന്നായിരുന്നു മറുപടി നല്‍കിയത്. ഇത്രയുമായപ്പോഴേക്ക് എന്‍റെ നാലാമത്തെ ട്രിപ്പ് തിരുവല്ലാക്ക് പുറപ്പെടുവാന്‍ സമയമായി. 10.30 ന് പുറപ്പെടേണ്ടതാണെങ്കിലും ലൈനിലെ ഗ്യാപ് കൂടി അഡ്ജസ്റ്റ് ചെയ്ത് ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശപ്രകാരം മാത്രമേ പുറപ്പെടാറുളളു. തിരുവല്ലായില്‍ 11.05ന് ചെന്ന് 11.30 ന് ആലപ്പുഴക്ക് പുറപ്പെട്ടാല്‍ മതിയാകും.

അപ്പച്ചന്‍ ചേട്ടനോട് പറഞ്ഞു ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ അത് ഡിപ്പോയില്‍ നല്‍കി, ടിക്കറ്റിലെ ബസ്സ്‌ നമ്പറും നല്‍കി വീട്ടിലേക്ക് പൊയ്ക്കൊളളുവാന്‍ പറഞ്ഞു. തിരുവല്ലായില്‍ ചെന്നിട്ട് പ്രസ്തുത ബസ്സ് തിരുവല്ലായില്‍ ഉണ്ടെങ്കില്‍ കണ്ടക്ടറോട് ചോദിക്കുകയും, നഷ്ടമായ കവര്‍ വീണ്ടെടുക്കാം എന്നും പറഞ്ഞു. രമേശ് സര്‍ വിവരങ്ങള്‍ എഴുതി വാങ്ങി. കവര്‍ ലഭിച്ചിട്ട് വിളിച്ച് പറയാം എന്നും പറഞ്ഞു. പക്ഷേ, അപ്പച്ചന്‍ എന്നപേരിലറിയപ്പെട്ട ഔസേപ്പ് ദേവസ്യ ചേട്ടന്‍ വീട്ടിലേക്ക് പോകാതെ കാത്തിരുന്നു. ഞങ്ങള്‍ തിരുവല്ലാക്ക് പോയി. അവിടെ എത്തിയപ്പോള്‍ ഫോണില്‍ ഫോട്ടോ എടുത്ത് ഇട്ടിരുന്ന ആ ടിക്കറ്റിലെ ബസ്സ് നമ്പര്‍ പരിശോധിച്ച് തിരുവല്ലാ ഡിപ്പോയില്‍ ഉണ്ടോ എന്ന് നോക്കി. അവിടെ കണ്ടില്ല.

RRE 881 എന്ന ആലപ്പുഴ ഡിപ്പോ ബസ്സ് തിരികെ ആലപ്പുഴക്ക് പോകുമ്പോള്‍ കണ്ടക്ടറോട് ചോദിച്ച് കവറും, അതിലുളള ഗുളികകളും വാങ്ങും എന്ന പ്രതീക്ഷകളോടെ എന്‍റെ ഡ്യൂട്ടി തുടര്‍ന്നു. 11.30ന് തിരുവല്ലായില്‍ നിന്നും ആലപ്പുഴക്ക് പോയി. എടത്വക്ക് സമീപമുളള കൊച്ചമ്മനം എന്ന സ്ഥലമായപ്പോള്‍ എടത്വ ഡിപ്പോയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രമേശ് സര്‍ എന്‍റെ ഫോണിലേക്ക് വിളിച്ചു. ബി.ഡി അറ്റന്‍ഡ് ചെയ്യുവാനുളള ബുക്ക് ഗ്യാരേജിലേക്ക് നല്‍കുവാന്‍ പോയ സമയത്ത് ബസ്സ് കടന്നു പോയി. ബസ്സ് കാത്തിരുന്ന ആ വ്യക്തിയും ശ്രദ്ധിച്ചില്ല. എനിക്കും ഇത് കേട്ടപ്പോള്‍ വിഷമമായി. എന്തു ചെയ്യണമെന്ന് അറിയാന്‍ വയ്യാത്ത അവസ്ഥയായി.

ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് നഷ്ടമായ ഗുളികകള്‍ എത്രമാത്രം വിലപ്പിടിപ്പുളളതാണ് എന്ന് മനസ്സിലാക്കാം. തുടര്‍ ചികിത്സക്ക് ഡോക്ടര്‍ നല്‍കിയ കുറിപ്പടിയും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. എങ്ങനെയും അത് തിരികെ കിട്ടിയേ മതിയാകൂ. ആ ദൗത്യം ഏറ്റെടുക്കാന്‍ മനസ്സിലുറച്ചു. എടത്വ ഡിപ്പോയിലേക്ക് ബസ്സ് എത്തിച്ചേര്‍ന്നപ്പോള്‍ നിസ്സഹായനായി ബസ്സിന്‍റെ ഫുട്ട് ബോര്‍ഡിലേക്ക് ഇറങ്ങി നിന്നു. എന്നെ കണ്ടപ്പോള്‍ തന്നെ ആ മനുഷ്യന്‍ ഡിപ്പോയില്‍ യാത്രികര്‍ വിശ്രമിക്കുന്ന കസേരയില്‍ നിന്നും എഴുന്നേറ്റു എന്‍റെ അരികിലെത്തി. പിന്‍വശത്തെ ഡോര്‍ തുറന്ന് ബസ്സിലേക്ക് കയറി. അവിടെ നിന്നും മറ്റു യാത്രികരും ഉണ്ടായിരുന്നു.

ഞാന്‍ കുറെ സമയം ഫുട്ട് ബോര്‍ഡില്‍ തന്നെ നിന്നു. കണ്ടക്ടര്‍ ആ കവര്‍ കണ്ടിട്ടുണ്ടാകുമോ,ആ കവര്‍ തിരുവല്ലായില്‍ ഏല്‍പ്പിച്ചിട്ടില്ല എന്ന് തിരക്കിയപ്പോള്‍ അറിഞ്ഞിരുന്നു, മറ്റാര്‍ക്കെങ്കിലും ആ കവര്‍ ലഭിച്ചു കാണുമോ അങ്ങനെ കുറെ ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു വന്നു ഫുട്ട് ബോര്‍ഡിന്‍റെ പടികള്‍ കയറി ഡിപ്പോയില്‍ നിന്നും കയറിയ മറ്റു യാത്രികര്‍ക്ക് ടിക്കറ്റ് നല്‍കി. കണ്ടക്ടര്‍ സീറ്റിന് സമാന്തരമായ സീറ്റില്‍ തന്നെയാണ് അദ്ദേഹം ഇരുന്നത്. ചോദിച്ചപ്പോള്‍ മനസ്സിലായി ആലപ്പുഴയിലേക്കുളള യാത്രയാണ് എന്ന്. അവിടെ ചെന്ന് കണ്ടക്ടര്‍ കവര്‍ ഏല്‍പ്പിച്ചിരിക്കുമോ എന്നതാകാം ആ മനുഷ്യന്‍റെ ചിന്ത. പക്ഷേ, ഇത് ഉറപ്പാക്കാതെ എങ്ങനെയാണ് ടിക്കറ്റ് നല്‍കുന്നത്. ആ പാവം മനുഷ്യനെ ആലപ്പുഴ വരെ ബസ്സില്‍ യാത്ര ചെയ്യിക്കുന്നത് എങ്ങനെയാണ്. അങ്ങനെ കുറേ ചിന്തകള്‍ മനസ്സില്‍ ഉയര്‍ന്നു വന്നു.

അപ്പച്ചന്‍ ചേട്ടന് ടിക്കറ്റ് കൊടുക്കുന്നതിന് മുമ്പായി ആലപ്പുഴ ഡിപ്പോയില്‍ ഫോണില്‍ വിളിച്ചു. നേരത്തെ തന്ന കണ്ടക്ടറുടെ ഫോണില്‍ കിട്ടുന്നില്ല എന്നും തിരുവല്ലായില്‍ നിന്നും പുറപ്പെട്ട് ആലപ്പുഴ എത്തുമ്പോള്‍ കണ്ടക്ടറോട് കവര്‍ എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ ഏല്‍പ്പിക്കണമെന്നും, കവര്‍ ലഭിച്ചാല്‍ ആ വിവരം എന്‍റെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ട് ഈ നമ്പറിലേക്ക് വിളിച്ച് അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ആലപ്പുഴക്കുളള ടിക്കറ്റ് നല്‍കി. ക്യാഷ് വാങ്ങാന്‍ ശ്രമിച്ചില്ല. ആ മനുഷ്യന്‍ മറ്റേതോ ചിന്തയിലായിരുന്നു. യാന്ത്രികമായി ടിക്കറ്റ് വാങ്ങി പോക്കറ്റിലിട്ടു. ആ ചിന്തകളിലേക്ക് ചെല്ലുവാന്‍ ശ്രമിച്ചില്ല. വോട്ടെണ്ണലായതിനാല്‍ പൊതുവേ തിരക്ക് കുറവായിരുന്നു. എന്നാല്‍ മറ്റുളള ബസ്സിനേക്കാള്‍ തിരക്ക് കൂടുതലും.

കുറെ ദൂരം ബസ്സ് സഞ്ചരിച്ചു. അമ്പലപ്പുഴ കണ്ണന്‍റെ നടയിലൂടെ ബസ്സ് സഞ്ചരിക്കുപ്പോള്‍ “കണ്ണാ, ഈ മനുഷ്യന്‍റെ ചിന്തകളെ ഇപ്പോള്‍ ഉണ്ടായ വിഷമം ഇല്ലാതാക്കാന്‍ കഴിയണേ” എന്ന് മനസ്സില്‍ മന്ത്രിച്ചു. നോമ്പ് നോക്കുന്ന പുണ്യനാളില്‍ യേശുദാസനായ ക്യാന്‍സര്‍ ബാധിതനായ ഈ പാവപ്പെട്ട മനുഷ്യനെ സഹായിക്കാന്‍ കരുണാമയനായ അമ്പലപ്പുഴ കണ്ണനെയും ഞാന്‍ വിളിച്ചു അപേക്ഷിച്ചു. “രോഗിയായ ആ മനുഷ്യനോട് ദയവ് തോന്നണമേ.” എല്ലാ ദൈവങ്ങളും,മതങ്ങളും ആഗ്രഹിക്കുന്നത് മനുഷ്യനനമയാണല്ലോ. ഓരോരുത്തര്‍ അത് വളച്ചൊടിച്ച് അവര്‍ക്ക് ഗുണകരമാക്കി മാറ്റുന്നു എന്നുമാത്രം.

പറവൂര്‍ (ആലപ്പുഴ ജില്ല) കഴിഞ്ഞ് ബസ്സ് മുന്നോട്ട് പോകുമ്പോള്‍ എന്‍റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. ട്രൂ കോളര്‍ ഫോണിലുളളതിനാല്‍ മനസ്സിലായി കവര്‍ നഷ്ടമായ ബസ്സിലെ കണ്ടക്ടറായ മുഹമ്മദ് ഹസീബ് ആയിരുന്നു. കവര്‍ ലഭിച്ചു എന്നും അത് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ ഏല്‍പ്പിക്കാമെന്നും പറഞ്ഞു. ആ സന്തോഷവാര്‍ത്ത അപ്പച്ചന്‍ ചേട്ടനോട് പറഞ്ഞു. 20 തവണയോളം റേഡിയേഷന് വിധേയനായ അദ്ദേഹത്തിന്‍റെ മുഖത്ത് സന്തോഷത്തിന്‍റെ പുഞ്ചിരി വിടര്‍ന്നു. അപ്പോഴെനിക്ക് ഉണ്ടായ ഫീലിംഗ് വാക്കുകള്‍ക്കതീതമായിരുന്നു.

ആ ചേട്ടന്‍ പോക്കറ്റില്‍ എന്തോ നോക്കുന്നതുപോലെ എനിക്ക് തോന്നി. പിന്നെയാണ് മനസ്സിലായത് ഞാന്‍ നല്‍കിയ ടിക്കറ്റിന്‍റെ പണം നല്‍കാനുളള ശ്രമമായിരുന്നു. സ്നേഹപൂര്‍വ്വം അപ്പച്ചനോട് പറഞ്ഞു “വേണ്ട ചേട്ടാ, രോഗം മൂലം ഇത്രയും വിഷമതകള്‍ അനുഭവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ടിക്കറ്റ് നല്‍കി യാത്ര ചെയ്യിക്കുക എന്ന എന്‍റെ ജോലി ഞാന്‍ ഭംഗിയായി ചെയ്തു. അതുമാത്രം മതി.” ഇടക്ക് തിരികെ വീട്ടിലേക്ക് പോകുവാന്‍ കൈയ്യില്‍ കാശുണ്ടോ എന്നു കൂടി തിരക്കി. അപ്രകാരം തിരക്കേണ്ടത് കേരളത്തിലെ സാമൂഹിക പ്രതിബദ്ധതയുളള ഒരു പൊതുഗതാഗത സംവിധാനമായ ആനവണ്ടിയുടെ ജീവനക്കാരന്‍ എന്ന നിലയില്‍ എന്‍റെ കടമയാണ് എന്ന് ഉത്തമ ബോധമുണ്ട്.

ആലപ്പുഴ ഡിപ്പോയില്‍ ബസ്സെത്തി. മറ്റെല്ലാ യാത്രികരും ഇറങ്ങി. ബസ്സ് കൃത്യമായി പാര്‍ക്ക് ചെയ്ത് അപ്പച്ചന്‍ ചേട്ടനൊപ്പം ഞാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലെത്തി. അവിടെ ഏല്‍പ്പിച്ചിരുന്ന കവര്‍ വാങ്ങി ചേട്ടനെ ഏല്‍പ്പിച്ചു. അത് വാങ്ങി അതിലുണ്ടായിരുന്ന ഗുളികകളും, ചീട്ടുകളും, മറ്റു രേഖകളും ഉണ്ടെന്ന് ഉറപ്പാക്കി. ആഗസ്റ്റ് 22 ന് RCC യില്‍ ഹാജരാകുമ്പോള്‍ കൊണ്ടുപോകേണ്ട ഡോക്ടര്‍ എഴുതി നല്‍കിയ ചീട്ട് എന്നെ കാണിച്ചു. യാത്രയുടെ ഫലം ലഭിച്ചു എന്ന സന്തോഷത്തോടെ, അദ്ദേഹത്തിന് വിലപ്പിടിപ്പുളള രേഖകള്‍ തിരികെ കിട്ടി എന്ന സന്തോഷത്തോടെ നാട്ടിലേക്ക് പോകുവാനുളള ബസ്സ് ലക്ഷ്യമാക്കി ആ മനുഷ്യന്‍ നീങ്ങി.

പൂര്‍ണ്ണമായ സംതൃപ്തിയോടെ കെ.എസ്സ്.ആര്‍.ടി.സി ജീവിതം പത്താമത് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, സര്‍വ്വീസ് ജീവിതം തുടങ്ങിയ 2010 മാര്‍ച്ച് 19 മുതല്‍ ഇന്നലെ വരെയുളള അനുഭവങ്ങള്‍ വെറുതെ ഇരിക്കുമ്പോള്‍ ഓരോന്നായി മനസ്സിലേക്ക് ഓടി വരുന്നു.

ഈ അനുഭവക്കുറിപ്പിന്‍റെ അവസാനം ഒരു ആഗ്രഹം ബാക്കി നില്‍ക്കുന്നു. RCC യിലേക്ക് ചികിത്സക്ക് പോകുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് KSRTC നല്‍കി വരുന്ന യാത്രാ സൗജന്യ പാസ് ഇദ്ദേഹത്തിന് ലഭ്യമാക്കുവാന്‍ ശ്രമം നടത്തും. ഇതുമാത്രമല്ല. യാത്രാ സൗജന്യപാസ് ഇല്ലാതെ യാത്ര ചെയ്യുന്ന ക്യാന്‍സര്‍ രോഗികളായ യാത്രികര്‍ സഞ്ചരിക്കുന്നത് ഓര്‍ഡിനറിയായാലും, ഫാസ്റ്റിലായാലും ഞാന്‍ ഡ്യൂട്ടി ചെയ്യുമ്പോള്‍ അപ്പച്ചന്‍ ചേട്ടന്‍ യാത്ര ചെയ്തുപോലെ ആയിരിക്കും. ടിക്കറ്റ് നല്‍കും പണം വാങ്ങില്ല. കൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രം പണം വാങ്ങി ടിക്കറ്റ് നല്‍കും. അപ്രകാരം എന്‍റെ യാത്രകള്‍ ലഹരിക്കെതിരെയുളള സാന്ത്വനയാത്രയായി മാറുവാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തില്‍ ഇതൊക്കെ മാത്രമാകും ബാക്കിയുണ്ടാകുന്നത് എന്ന ഉത്തമ ബോധ്യത്തോടെ… ലഹരിക്കെതിരെയുളള സാന്ത്വനവണ്ടി’ യാത്ര തുടരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post