എന്തിനും ഏതിനും പഴി കേൾക്കുന്ന സർക്കാർ ജീവനക്കാരാണ് കെഎസ്ആർടിസിയിലേത്. പണ്ടുകാലത്തൊക്കെ കെഎസ്ആർടിസിയിൽ ജോലി ലഭിച്ചാൽ പിന്നെ അവർക്ക് രാജാവിന്റെ പവർ ആയിരിക്കും. കണ്ടക്ടർമാരെയും ഡ്രൈവര്മാരെയും യാത്രക്കാർ “സാറേ..” എന്നായിരുന്നു മുൻകാലങ്ങളിൽ അഭിസംബോധന ചെയ്തിരുന്നത്. ഇന്നും ചിലയിടങ്ങളിൽ പഴയ ആളുകൾ കണ്ടക്ടർമാരെ സാറേ എന്ന് വിളിക്കുന്ന കാഴ്ചയും ചിലപ്പോഴൊക്കെ കാണാറുണ്ട്. ഇത്തരത്തിൽ ആളുകൾ ബഹുമാനിച്ചിരുന്നതിനാൽ ചില ജീവനക്കാർക്ക് അഹങ്കാരം വർദ്ധിക്കുവാൻ ഇത് കാരണമായി. ഇതോടെ കെഎസ്ആർടിസി ജീവനക്കാർ ആളുകൾക്കിടയിൽ ഒരു ബൂർഷ്വാ പ്രതിബിംബമായി മാറി. ഭാരത് ഗോപി കണ്ടക്ടറായി അഭിനയിച്ച ‘കയ്യും തലയും പുറത്തിടരുത്’ എന്ന ചിത്രം കണ്ടാൽ ഈ പറഞ്ഞതൊക്കെ സത്യമാണെന്നു പുതിയ തലമുറയ്ക്ക് മനസ്സിലാകും.

പഴയകാലത്തെ ആ ഒരു ഇമേജ് നിലനിൽക്കുന്നതു കൊണ്ടായിരിക്കും ഇന്നും കെഎസ്ആർടിസി ജീവനക്കാരോട് ഭൂരിഭാഗം ആളുകളും ഒരു അകലം പാലിക്കുന്നത്. അവർ വലിയ ആളുകൾ, സർക്കാർ ജീവനക്കാർ എന്നൊക്കെ കരുതിയായിരിക്കണം. പണ്ടത്തെ കെഎസ്ആർടിസി ജീവനക്കാരിൽ പലരും യാത്രക്കാരുടെ ഈ അകലം പാലിക്കൽ നന്നായി ആസ്വദിച്ചിരുന്നു എന്നുവേണം മനസിലാക്കുവാൻ. എന്നാൽ ഇപ്പോൾ കാലം മാറി. കെഎസ്ആർടിസി കൂടുതൽ ജനകീയമായി മാറി. അതോടൊപ്പം ഭൂരിഭാഗം ജീവനക്കാരും ഇന്ന് യാത്രക്കാരുടെ കൂട്ടുകാരെപ്പോലെയായി. കുറ്റങ്ങൾ പലതും പറയുന്നുണ്ടെങ്കിലും കെഎസ്ആർടിസി ജീവനക്കാർ ചെയ്യുന്ന നന്മ പ്രവൃത്തികളുടെ വാർത്തകൾ കൂടുതലായും ഉയർന്നു കേൾക്കുന്നത് ഈ കാലഘട്ടത്തിലാണ്.

ഇത്രയും മുഖവുര പറഞ്ഞത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുവാൻ വേണ്ടിയാണ്. കോട്ടയം ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. കാര്യം മറ്റൊന്നുമല്ല, ഏതോ ഒരു ബസ് ട്രിപ്പ് കഴിഞ്ഞു കോട്ടയം ബസ് സ്റ്റാൻഡിൽ എത്തുന്നു. യാത്രക്കാർ ബസ്സിൽ നിന്നിറങ്ങി വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോകുന്നതിനിടയിൽ കണ്ട ഒരു കാഴ്ച.. ബസ്സിലെ ജീവനക്കാരൻ (കണ്ടക്ടറോ അതോ ഡ്രൈവറോ ആയിരിക്കാം) പ്രായമായ ഒരു അമ്മയെയും ചേർത്തു പിടിച്ചുകൊണ്ട് നീങ്ങുന്നു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ കൊണ്ടാകണം ആ അമ്മ കോട്ടയത്തു നിന്നും തനിക്ക് പോകേണ്ട സ്ഥലത്തേക്കുള്ള ബസ് കിടക്കുന്നത് എവിടെയാണെന്ന് അറിയാതെ കുഴഞ്ഞത്. ഈ സമയം ദൈവദൂതനെപ്പോലെ വന്നതായിരിക്കണം ആ ജീവനക്കാരൻ. കോട്ടയം ബസ് സ്റ്റാൻഡിൽ ആലപ്പുഴ, കുട്ടനാട് തുടങ്ങിയ ഉൾപ്രദേശങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ഓർഡിനറി ബസ്സുകൾ നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് ആയിരുന്നു ആ ജീവനക്കാരൻ അമ്മയുമായി കൈപിടിച്ച് നടന്നു പോയത്. ആലപ്പുഴ ഭാഗത്തേക്കോ മറ്റ് ഉൾപ്രദേശത്തേക്കോ പോകേണ്ടതായിരുന്നു ആ അമ്മയ്ക്ക് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

ഈ സംഭവം ബസ് സ്റ്റാൻഡിലെ തിരക്കിൽ ആരും ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും എവിടെ നിന്നോ വന്ന ദീർഘദൂര ബസ്സിലെ ഒരു യാത്രക്കാരൻ ഇതു കാണുകയുണ്ടായി. അദ്ദേഹം മൊബൈൽഫോണിൽ ഇത് വീഡിയോ പകർത്തുകയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് പേരറിയാത്ത ആ കെഎസ്ആർടിസി ജീവനക്കാരൻ്റെ നന്മ പുറംലോകം കാണുന്നത്. ആ അമ്മയെ അദ്ദേഹത്തിന് പരിചയമുണ്ടോ എന്നൊന്നും അറിയില്ല, പക്ഷേ അദ്ദേഹം ഒരു നല്ല മനസ്സിനുടമയാണെന്ന്, ഒരു ഉത്തമ സർക്കാർ ജീവനക്കാരൻ തന്നെയാണെന്ന് ഈ ദൃശ്യങ്ങളിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും ഇദ്ദേഹത്തിൻ്റെ പ്രവൃത്തി മാതൃകയാകട്ടെ… പേരറിയാത്ത ആ നല്ലവനായ കണ്ടക്ടർക്ക് ഒരു ബിഗ് സല്യൂട്ട്..!!

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.