സമൂഹത്തിലെ പല വിഭാഗങ്ങളിൽപ്പെട്ട, പല സ്വഭാവമുള്ള ആളുകളുമായാണ് ദിനംപ്രതി ബസ് കണ്ടക്ടർമാർ ഇടപെടുന്നത്. അതുകൊണ്ട് ഇവർക്ക് ഒട്ടേറെ അനുഭവങ്ങളും കഥകളുമൊക്കെ പറയുവാനുണ്ടാകും. അതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് ബസ്സിൽ കയറുന്ന മദ്യപാനികളെ കൈകാര്യം ചെയ്യുക എന്നത്. അത്തരത്തിലുള്ള, മനസ്സിൽ തട്ടിയ ഒരനുഭവം പങ്കുവയ്ക്കുകയാണ് എടത്വ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറും ലഹരിവിരുദ്ധ പ്രവർത്തകനുമായ ഷെഫീഖ് ഇബ്രാഹിം. മദ്യപാനികൾക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയായ അദ്ദേഹത്തിൻ്റെ ഒരു അനുഭവക്കുറിപ്പ് ചുവടെ കൊടുക്കുന്നു..

“കെ.എസ്സ്‌.ആര്‍.ടി.സി ജീവിതത്തില്‍ മറ്റ് ജീവനക്കാരില്‍ നിന്ന് വ്യത്യസ്തമായാണ് ഓരോ യാത്രികനെയും ഞാന്‍ വീക്ഷിച്ചിരുന്നത്. ചിത്രത്തില്‍ കാണുന്ന വ്യക്തി തകഴി കേളമംഗലം സ്വദേശിയാണ്. പേര് വെളിപ്പെടുത്തുന്നില്ല. സ്നേഹമുളള പച്ചയായ ഒരു മനുഷ്യന്‍. KSRTC ജീവിതം തുടങ്ങിയിട്ട് മാര്‍ച്ച് 19 ആകുമ്പോള്‍ 10ാം വര്‍ഷത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ കുറെ അനുഭവങ്ങള്‍ ഓരോ യാത്രയും സമ്മാനിച്ചു. അതില്‍ ഭൂരിഭാഗവും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്‌. 5 വര്‍ഷമായി ഇദ്ദേഹത്തെ അറിയാം. ജോലിക്ക് കയറിയ സമയം മുതല്‍ മദ്യപന്മാരായ യാത്രികരെയും, ആലപ്പുഴ -അമ്പലപ്പുഴ – തിരുവല്ലാ റൂട്ടിലെ 23 ബിവറേജ് ഔട്ടലെറ്റുകളില്‍ നിന്നും കെ.എസ്സ്.ആര്‍.ടി.സിയില്‍ മദ്യവുമായി യാത്ര ചെയ്യരുത് എന്ന നിയമത്തെ കാറ്റില്‍ പറത്തി പലയിടങ്ങളില്‍ ഒളിപ്പിച്ച് യാത്ര ചെയ്യുന്ന വിരുതന്മാരില്‍ ഒരാള്‍. ഇവരൊക്കെ ഏത് രീതിയില്‍ ഒളിപ്പിച്ചാലും മദ്യക്കുപ്പി കണ്ടെത്തിയിരുന്നു.

ഇനി ഇദ്ദേഹത്തിലേക്ക് വരാം. ഇദ്ദേഹം ബസ്സ് ജീവനക്കാരുമായി പ്രത്യേകിച്ച് ഞാനുമായി പലപ്പോഴും അമിതമായി മദ്യപ്പിച്ച് വന്ന് വഴക്കിടാറുണ്ട്‌. ഏറ്റവും കൂടുതല്‍ ബസ്സില്‍ നിന്നിറക്കി വിട്ടത് ഈ മനുഷ്യനേ ആണെന്നാണ് കരുതുന്നത്. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് എന്‍റെ പ്രിയപ്പെട്ട തിരുവല്ല – ആലപ്പുഴ റൂട്ടിലാണ്. കഴിഞ്ഞ ദിനം ഈ മനുഷ്യന്‍ എന്‍റെ ബസ്സില്‍ കയറി. പഴയ ഊര്‍ജ്ജമൊക്കെ നഷ്ടമായി ക്ഷീണിച്ച അവസ്ഥയിലാണ്‌. എന്നെ മനസ്സിലായി. കൂടുതല്‍ ഒന്നും സംസാരിച്ചില്ല. എന്തൊക്കെയോ അസുഖം അലട്ടുന്നുണ്ട്. ഇപ്പോഴുമുണ്ടോ മദ്യപാനം എന്ന ചോദ്യത്തിന് എനിക്ക് നല്‍കിയ മറുപടി “ഇല്ല” എന്നായിരുന്നു. മുഷിഞ്ഞ വസ്ത്രവുമായി ആണ് അദ്ദേഹം ബസ്സില്‍ കയറിയത് അദ്ദേഹത്തെ എന്‍റെ സീറ്റിനരികിലെ സീറ്റില്‍ ഇരുത്തി. പഴയ കാര്യങ്ങള്‍ ഓരോന്നായി ഞാനോര്‍ത്തു.

ടിക്കറ്റ് നല്‍കി തിരികെ വന്ന് സീറ്റിലിരുന്നപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു “ഞാന്‍ പറയാറില്ലേ ചേട്ടാ ഇതിന്‍റെയൊക്കെ അവസാനം ഇങ്ങനെയൊക്കെയാകും എന്ന്. അപ്പോഴേക്കും എല്ലാവര്‍ക്കും എന്നോട് ദേഷ്യവും,വഴക്കുമാണ്‌. അമിത മദ്യപാനം കരളിനെ നല്ലതുപോലെ ബാധിക്കും.കരള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം ഇല്ലാതായി തീരും. കരള്‍ മാറ്റി വെയ്ക്കാന്‍ പോലും കഴിയില്ല എന്നൊരു അവസ്ഥയിലേക്ക് എത്തും”. മദ്യപിച്ച കയറിയിരുന്ന ഓരോ യാത്രികനോടും ഞാന്‍ പറയാന്‍ ആഗ്രഹിച്ചിരുന്നതും, പറഞ്ഞതുമായ വാക്കുകള്‍ ഒരിക്കല്‍ കൂടി ഇവിടെ കുറിക്കുന്നു.

നിങ്ങള്‍ സ്വന്തം മക്കള്‍ക്ക് പഠിക്കുന്നതിനും, കുടുംബത്തെ പരിപാലിക്കുന്നതിനും ഉപയോഗിക്കേണ്ട നല്ലൊരു തുകയാണ് മദ്യപിക്കാന്‍ ഉപയോഗിക്കുന്നത്‌. ഇപ്രകാരമുളള മദ്യപാനം മൂലം നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടമാകുക മാത്രമല്ല ആ കുടുംബം അനാഥമാകുന്നു. സ്വന്തം മക്കളുടെ ഭാവി തകരുന്നു. ഭാര്യക്ക് ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ ഒരു പക്ഷേ, അത് കൂട്ട ആത്മഹത്യയിലേക്ക് വരെയെത്താം. കൂടാതെ കെഎസ്സ്‌ആര്‍ടിസി പോലെയുളള പൊതുഗതാഗത സംവിധാനത്തില്‍ ഇപ്രകാരം മദ്യത്തിന്‍റ സാന്നിദ്ധ്യത്തില്‍ എന്തെങ്കിലും ഒരു അപകടം ഉണ്ടായാല്‍ ഇതിലെ ആല്‍ക്കഹോളിന്‍റെ അളവ് തീ ആളിക്കത്തുവാന്‍ കാരണമാകും. ചെമ്മനാട് ദുരന്തത്തെക്കുറിച്ചും യാത്രികരെ ഓര്‍മ്മിപ്പിക്കാറുണ്ട്‌. വര്‍ഷങ്ങള്‍ക്ക് മുമ്പ് എരമല്ലൂര്‍ അടുത്ത് ചെമ്മനാട് എന്ന സ്ഥലത്ത് ചകിരിലോറിയും, KSRTC ബസ്സുമായി കൂട്ടിയിടിച്ച് ചകിരിലോറിയുടെ ഡാഷ്ബോക്സില്‍ ഇരുന്ന ഒരു കുപ്പി മദ്യമാണ് വിലപ്പെട്ട ജീവനുകള്‍ കത്തി കരിയുവാന്‍ കാരണമായത്.ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് യാത്രികരോട് ഈ വിവരം പറഞ്ഞിരുന്നത്.

ഫോട്ടോ എടുത്തപ്പോള്‍ അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. ഒരു മദ്യപനെപോലും ഉപദ്രവിക്കുന്ന രീതില്‍ പോലീസില്‍ ഏല്‍പ്പിക്കുകയൊന്നും ഇതുവരെ ചെയ്തിട്ടില്ല. ബോധവത്ക്കരണത്തിന്‍റെ ഭാഗമായാണ് ഇതെല്ലാം പറയുന്നത്. മറ്റെല്ലാവരും ചെയ്യുന്നതുപോലെ ടിക്കറ്റ് കൊടുത്തിട്ട് സ്വന്തം സീറ്റില്‍ പോയി ഇരുന്നാല്‍ മതിയെന്ന് ചിന്തിക്കാം. പക്ഷേ, എനിക്ക് കഴിയില്ല. കാരണം KSRTC എന്‍റെ ജീവനായി കരുതുമ്പോള്‍ യാത്രികരെ എന്‍റെ ചങ്കായാണ് കാണുന്നത്. എന്‍റെ ബാക്കിയുളള സര്‍വ്വീസ് കാലഘട്ടത്തില്‍ ഇതുപോലെയുളള ശ്രമങ്ങള്‍ തുടരും. ഒരാളുടെ ജീവിതം വരച്ച് കാണിക്കുമ്പോള്‍ ഇത് വായിക്കുമ്പോള്‍ ഒരാളെയെങ്കിലും ഈ മഹാവിപത്തില്‍ നിന്നും പിന്‍തിരിക്കുവാന്‍ കഴിഞ്ഞാല്‍ എന്ന് മാത്രമാണ് ഈ അനുഭവക്കുറിപ്പിന്‍റെ ലക്ഷ്യവും. ചേട്ടന്‍റെ എല്ലാ അസുഖങ്ങളും ഭേദമായി കുടുംബത്തോടൊപ്പം ജീവിക്കാന്‍ കഴിയട്ടെ. ഇതുപോലെയുളള നല്ലവരായ ഓരോ യാത്രികര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട് നിര്‍ത്തുന്നു.”

ബോധവത്കരണം നല്ലതാണ്. അത് പക്ഷെ ഒരാളുടെ ഫോട്ടോ ഷെയർ ചെയ്‌തു, ആ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം ആകരുതെന്നു കരുതിയാണ് അദ്ദേഹത്തിൻ്റെ മുഖം Blur ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.