വീണ്ടുമൊരു മണ്ഡലകാലം വന്നെത്തിയിരിക്കുകയാണ്. ശബരിമലയിലേക്ക് ഭക്‌തജനപ്രവാഹം ഒഴുകുന്നതിനിടെ കൂടുതൽ യാത്രാസൗകര്യങ്ങളൊരുക്കി എക്കൊല്ലത്തെയും പോലെ ഇത്തവണയും സ്പെഷ്യൽ സർവ്വീസുകളുമായി കെഎസ്ആർടിസി മുന്നിലുണ്ട്. ശബരിമല സീസണിൽ കെഎസ്ആർടിസിയെക്കുറിച്ച് ഭക്തരുടെ പരാതികളും പുകഴ്ത്തലുകളുമൊക്കെ കേൾക്കാറുണ്ട്. ഇത്തവണ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
പമ്പയിലേക്ക് അയ്യപ്പഭക്തന്മാരുമായി സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകളിൽ ചില അയ്യപ്പന്മാർ ശരണം വിളിയ്ക്കലും, പാട്ടുപാടുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ ഒരു ബസ്സിൽ കണ്ടക്ടറാണ് ബാക്കിയുള്ളവർക്ക് അയ്യപ്പ ഭക്തിഗാനം ചൊല്ലിക്കൊടുക്കുന്നത്. കണ്ടക്ടർ സ്വാമി ചൊല്ലിക്കൊടുക്കുന്നതിനനുസരിച്ച് ബസ്സിലുള്ള മറ്റ് അയ്യപ്പന്മാർ അതേറ്റു ചൊല്ലുകയും ചെയ്യുന്നുണ്ട്.
വ്യത്യസ്തമായ ഈ കാഴ്ച ബസ്സിനുള്ളിലെ യാത്രക്കാരിൽ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ഇതോടെ വീഡിയോ വൈറൽ ആകുകയും, കണ്ടവരെല്ലാം കണ്ടക്ടർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. കെഎസ്ആർടിസിയിൽ ശമ്പളം ലഭിക്കാതെ ജോലി ചെയ്യേണ്ട അവസ്ഥയിലും ബസ് യാത്രക്കാരായ അയ്യപ്പന്മാരോടൊപ്പം ഭക്തിപൂർവ്വം ഭഗവാനെ വിളിക്കുന്ന കണ്ടക്ടർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ്.
മണ്ഡലകാലത്തോടനുബന്ധിച്ച് സുഗമമായി സർവ്വീസ് നടത്തുന്നതിനായി കെഎസ്ആർടിസി ചില ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ ചിലത് ഇനി പറയുന്നവയാണ്. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂരസർവീസുകൾ ഉൾപ്പെടെ എല്ലാ സർവീസുകളും പമ്പ ത്രിവേണി വരെ സർവീസ് നടത്തുന്നുണ്ട്. എറണാകുളം , കോട്ടയം, ചെങ്ങന്നൂർ മുതലായ എല്ലാ തീർത്ഥാടകർ ആശ്രയിക്കുന്ന റെയിൽവെ സ്റ്റേഷനുകളിലും സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ക്രമീകരിച്ച് വിവിധ ഭാഷ അനൗൺസ്‌മെന്റ് നടത്തി സ്വാമിമാർക്ക് സൗകര്യമൊരുക്കുന്നതാണ്.
തീർത്ഥാടകർ ആശ്രയിക്കുന്ന ബസ് സ്റേഷനുകളായ കുമളി, പുനലൂർ, പത്തനംതിട്ട, കായംകുളം, കൊട്ടാരക്കര, കോട്ടയം, എരുമേലി, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്നും തീർത്ഥാടകരുടെ ആവശ്യത്തിനനുസരിച്ച് ബസ്സുകൾ ക്രമീകരിക്കുകയും പ്രത്യേക സഹായകേന്ദ്രങ്ങൾ തുറക്കുന്നതുമായിരിക്കും. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട ബസ് സ്റ്റേഷനുകളിൽ നിന്നും തീർത്ഥാടകരുടെ ആവശ്യത്തിനനുസരിച്ച് “ചാർട്ടേർഡ് സർവീസ്” ക്രമീകരിച്ചിട്ടുണ്ട്.
അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വാമിമാരുടെ സഹായത്തിനായി പ്രധാന ഭാഷകൾ കൈകാര്യംചെയ്യുവാൻ കഴിവുള്ള ജീവനക്കാരെ പമ്പയിലും നിലക്കലും നിയോഗിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം – കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799.