കെഎസ്ആർടിസി കണ്ടക്ടർമാരുടെ ഒരു ദിവസം തുടങ്ങുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ വനിതാ കണ്ടക്ടർ പ്രിയലക്ഷ്‌മി ഗൗരി എഴുതിയ കുറിപ്പ് ഒന്നു വായിച്ചു നോക്കൂ.
രാവിലെ സർവീസ് തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് ഡിപ്പോയിൽ എത്തണം. എത്തി പഞ്ച് ചെയ്ത് ക്യാഷ് കൗണ്ടറിൽ ചെന്ന് റാക്കും ഇലക്ട്രോണിക് ടിക്കറ്റ് മെഷീനും അനുബന്ധ സാധനങ്ങളും വാങ്ങി അറ്റൻഡൻസും എഴുതി കഴിയുമ്പോൾ ഡ്രൈവർ ബസ് സ്റ്റാൻഡിൽ പിടിച്ചിട്ടുണ്ടാകും. ബസിൽ തൊട്ട് വന്ദിച്ചതിനു ശേഷം കയറി സകല ദൈവങ്ങളെയും പ്രാർത്ഥിച്ച് സർവ്വീസ് തുടങ്ങുന്നു.
എന്താണ് ഈ പ്രാർത്ഥന എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? തന്റെ സർവ്വീസിനിടയ്ക്ക് ആർക്കും ഒരാപത്തും വരുത്തരുതേ എന്നാണ് ആദ്യം പ്രാർത്ഥിക്കുക. പിന്നെ ദൈവമേ ആരുടെയും വഴക്ക് കേൾക്കല്ലേ എന്ന് പ്രാർത്ഥിക്കും. സ്ഥിരം റൂട്ടിലുള്ള യാത്രക്കാർ മിക്കവാറും നല്ല പെരുമാറ്റമായിരിക്കും. പുറകിൽ ടിക്കറ്റ് കൊടുത്ത് നിൽക്കുമ്പോൾ മുന്നിലൂടെ കയറുന്ന ആളോട് ഒന്ന് വാതിൽ അടച്ചിട്ട് വരണേന്ന് പറഞ്ഞാൽ ചിലർ ചെയ്യും. മറ്റ് ചിലർ പറയും അത് നിങ്ങടെ ജോലിയാന്ന്.
ചില സമയത്ത് ഒരാൾക്ക് ടിക്കറ്റ് കൊടുത്തിട്ട് പൈസക്കായി മിനിട്ടുകളോളം കൈ നീട്ടി നിൽക്കേണ്ടി വരും. അപ്പോൾ ചിന്തിക്കും ഭിക്ഷക്കാർക്കു പോലുമില്ല ഈ അവസ്ഥയെന്ന്. പിന്നെ ചിലരുണ്ട് ശമ്പളം കിട്ടിയല്ലേന്ന് ചോദിച്ച് പരിഹസിക്കുന്നവർ. എന്നെ പോലെയുള്ള വനിതാ കണ്ടക്ടർമാർ മാസമുറ സമയത്തുള്ള വേദന പോലും വകവയ്ക്കാതെയാണ് ജോലി ചെയ്യാൻ വരുന്നത്. അപ്പോൾ പോലും നമുക്ക് ഒരു പരിഗണനയും കിട്ടാറുമില്ല.
പാസ്സുകാരുടെ കാര്യം പറഞ്ഞാൽ ചിരി വരും. ടച്ച് ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന അന്ധർക്കുള്ള പാസുളളവർ. ഏതെങ്കിലും പത്രമോഫീസിൽ ചായകൊടുക്കുന്നവനും ഉണ്ട് പ്രസ് പാസ്. പോലീസുകാർക്ക് ബസ് വാറണ്ട്. അങ്ങനെ എന്തെല്ലാം സൗജന്യങ്ങൾ കെഎസ്ആർടിസി നൽകുന്നു. കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ഞങ്ങൾക്ക് തരാൻ പൈസയില്ല.
വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര. വലിയ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ഈ സൗജന്യം ഉപയോഗിച്ച് ട്യൂഷന് പോകും. യാത്രക്കാരോട് ഒന്നോ രണ്ടോ രൂപ ചില്ലറ ആവശ്യപ്പെട്ടാൽ ഉടനെ പറയും ഇവൾക്കൊക്കെ ജോലി കിട്ടിയതിന്റെ അഹങ്കാരമാണെന്ന്. പന്നെ ചില മഹാൻമാരുണ്ട് വേറെ സീറ്റുണ്ടെങ്കിലും വനിതാ കണ്ടക്ടർമാരാണെങ്കിൽ അവരുടെ അടുത്തിരിക്കണം. അതൊക്കെ നമുക്ക് ഒരു പാട് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാറിയിരിക്കാൻ പറഞ്ഞാൽ പറയും ഇതൊക്കെ നിങ്ങടെ ജോലിയുടെ ഭാഗമാണെന്ന്.
കണ്ടക്ടർ എപ്പോഴും വൃത്തിയായി യൂണിഫോം ധരിക്കണം വിത്ത് ഷൂസ്. കാക്കി യൂണിഫോമിൽ നിന്ന് മാറിയപ്പോൾ കിട്ടിയതാണ് യൂണിഫോമിനുള്ള അലവൻസ്. പിന്നെ ഇതു വരെയില്ല. ഏതാണ്ട് മൂന്ന് വർഷം കഴിഞ്ഞിട്ടുണ്ടാകും. ഇപ്പോഴത്തെ യൂണിഫോം ഉപയോഗിച്ച് ഉച്ചയാകുമ്പോൾ തന്നെ മുഷിഞ്ഞ് നാശമായിട്ടുണ്ടാകും. ആഴ്ചയിൽ മൂന്ന് ദിവസം. ഒരു മാസത്തേക്ക് വാഷിംഗ് അലവൻസ് കിട്ടും 30 രൂപ.
ക്യാഷ് ബാഗ് വാങ്ങണം. മെഷീനിൽ ഇടാനുള്ള കവർ വാങ്ങണം. പേന വാങ്ങണം. മെഷീൻ കേടായാൽ അത് നന്നാക്കണം ഇതൊക്കെ നമ്മൾ ചെയ്യണം. എല്ലാം ചെയ്യാൻ നാം തയ്യാറാണ്. ചെയ്യുന്ന ജോലിയ്ക്ക് കൂലി കിട്ടിയാൽ സന്തോഷം. ഇതൊക്കെയാണെങ്കിലും നമ്മുടെ കാട്ടാക്കട ഡിപ്പോയുണ്ടല്ലോ മാസ്സാണ്. നമ്മുടെ സാറൻമാരൊക്കെ അതിലും മാസ്സാണ് മരണ മാസ്സ്. ഇതൊക്കെ ആരറിയാൻ? ആരു കേൾക്കാൻ? ഇത്രയും മാത്രമല്ല ഒരുപാടുണ്ട് പറയാൻ. ഇപ്പോൾ ഇത്രയും എഴുതി നിർത്തുന്നു.