പോസ്റ്റ് ഷെയർ ചെയ്തത് – ഷെഫീഖ് ഇബ്രാഹിം, കെഎസ്ആർടിസി കണ്ടക്ടർ.

ഒരു നിമിത്തം പോലെ ഇന്നൊരു മനുഷ്യ ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ, അതിലൊരു ഭാഗമാകാൻ കഴിഞ്ഞതിൽ ഭയങ്കര സന്തോഷത്തിലാണ് ഞാൻ. പത്തു ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് ശേഷം ഏഴു ദിവസത്തെ Off ന് കഴിഞ്ഞ് സ്വാബ് ടെസ്റ്റ് ചെയ്തു റിസൽറ്റ് നെഗറ്റീവാണങ്കിൽ പഴയ സ്ഥാപനത്തിൽ ജോലിക്ക് ജോയിൻ ചെയ്യണം അതാണ് റിലിവിംഗ് ഓർഡറിലുള്ളത്. അതും പ്രകാരം ഇന്നു കുറിച്ചിയിലേക്ക് വന്നു ജോയിൻ ചെയ്യാനായി രാവിലെ 9.30 യ്ക്ക് മാവേലിക്കര KSRTC ബസ് സ്റ്റാൻഡിൽ തിരുവല്ല ബസ് നോക്കി അക്ഷമയോടെ കുറെ സമയം നോക്കി നിന്നു.

പത്തു മണി ആയപ്പോൾ കായംകുളത്ത് നിന്നും ഒരു ബസ് തിരുവല്ല ബോർഡും വെച്ച് വന്നു. അവിടേക്ക് പോകാനായി അത്യാവശ്യം നല്ല ആൾക്കാർ സ്റ്റാൻഡിൽ നിന്നും ഉണ്ടായിരുന്നു. വണ്ടി നീങ്ങിത്തുടങ്ങി. കടപ്ര കഴിഞ്ഞു കാണും പെട്ടെന്ന് ബസ്സിൻ്റെ പുറകു ഭാഗത്തു നിന്നും ഒരു ബഹളം. ബസ്സ് പെട്ടെന്ന് സൈഡൊതുക്കി നിർത്തി. കാര്യം അന്വേഷിച്ചപ്പോൾ ബസ്സിൽ ഒരാൾക്ക് സുഖമില്ല.

പെട്ടെന്ന് ഞാൻ എഴുന്നേറ്റ് പുറകിലേക്ക് ചെന്നു. മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ ഒരു ചെറിയ മുറുക്കാൻ കടയും നാരങ്ങ വെള്ളമൊക്കെ കൊടുക്കുന്ന ഒരു കടയുണ്ട്. ആ കട നടത്തുന്ന പ്രായം ചെന്ന ഒരു അപ്പച്ചനാണ് സീറ്റിൽ വിയർത്തു കുളിച്ചിരിക്കുന്നത്. ബുദ്ധ ജംഗ്ഷനിൽ സ്ഥിരം കാണുന്ന മുഖങ്ങളിലൊന്ന്.. യാത്രയ്ക്കിടയിൽ ദേഹം വല്ലാതെ വന്നു അടുത്തിരുന്ന ആളുടെ ശരീരത്തിലേക്ക് കുഴഞ്ഞു വീണതാണ്.

ഞാൻ അദ്ദേഹത്തിൻ്റെ പൾസ് പരിശോധിച്ചപ്പോൾ അത്ര നല്ല ഫോഴ്സിലല്ലാ പൾസ് ഫീൽ ചെയ്യുന്നത് എന്ന് മനസ്സിലായി. അദ്ദേഹം പതുക്കെ സംസാരിക്കുന്നുണ്ട്. ആരുടെയെങ്കിലും ഫോൺ നമ്പർ ഉണ്ടോ എന്നു ചോദിച്ചപ്പോൾ കയ്യിലിരുന്ന ബാഗിൽ നിന്നും ഒരു ഡയറി എടുത്തു തന്നു. അപ്പോഴേക്കും ഡ്രൈവർ ചേട്ടനോട് തിരുവല്ല ഗവ.ആശുപത്രിയിലേക്ക് ബസ് വിടാൻ പറഞ്ഞു. ആനവണ്ടിയുടെ സാരഥിയായ ചേട്ടൻ ആംബുലൻസിൻ്റെ വേഗതയിൽ എങ്ങും നിർത്താതെ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.

അതിനിടയിൽ അദ്ദേഹത്തിൻ്റെ മൂത്ത മകളെ ഞാനെൻ്റെ ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചു നേരെ ആശുപത്രിയിലെത്താൻ പറഞ്ഞു. അപ്പച്ചൻ്റെ അടുത്ത് അദ്ദേഹത്തിൻ്റെ പൾസ് പരിശോധിച്ചും നല്ല സപ്പോർട്ടും കൊടുത്തു ഞാനിരുന്നു. വീട്ടിൽ വയ്യാതെ ഇരിക്കുന്ന എൻ്റെ അപ്പൂപ്പനെയാണ് ആ നിമിഷം ഓർമ്മ വന്നത്. ഇതിനിടയ്ക്ക് അദ്ദേഹം വെള്ളം ആവശ്യപ്പെട്ടു. യാത്രക്കാരിലാരോ വെള്ളം കൊടുത്തു. പലർക്കും അപ്പച്ചനു പനിയുണ്ടോന്നാണറിയേണ്ടത്? ഞാൻ പറഞ്ഞു പനിയൊന്നുമില്ല. ആള് വിയർത്തു കുളിച്ച് ആകെ തണുത്തിരിക്കുകയാണ്. ഇടയ്ക്ക് നെഞ്ചും തിരുമ്മുന്നുണ്ട്.

വണ്ടി ആശുപത്രിയുടെ മുൻപിലെത്തി കണ്ടക്ടറും ചില യാത്രക്കാരും കൂടെ വരണോന്ന് ചോദിച്ചു. ഞാൻ പറഞ്ഞു വേണ്ട സാറേ ഞാനൊരു നഴ്സാണ്. എനിക്കറിയാവുന്ന ആളാണ് ഇദ്ദേഹം. മക്കൾ വരുന്നത് വരെ ഞാൻ നോക്കിക്കോളാം. സാർ മറ്റുള്ളവരുടെ ട്രിപ്പ് മുടക്കണ്ടാ. ധൈര്യത്തോടെ പൊയ്ക്കോളാൻ പറഞ്ഞു. എനിയ്ക്കൊപ്പം തിരുവല്ല സിവിൽ സ്‌റ്റേഷനിലെ ജീവനക്കാരിയും വെട്ടിക്കോട് സ്വദേശിനിയുമായ സുജിത എന്ന ലേഡിയും കൂടി സഹായത്തിനായി വന്നു. ഞങ്ങൾ രണ്ടു പേരും ചേർന്ന് അദ്ദേഹത്തെ ഒരു വിധം കാഷ്വൽറ്റിയിൽ എത്തിച്ചു.

കുട്ടപ്പൻ എന്നാണ് പേര്.. കൊറോണ സെല്ലിൽ ഇദ്ദേഹത്തിൻ്റെ ഡീറ്റയിൽസ് കൊടുക്കാനറിയില്ലായിരുന്നു. ബസ്സിൽ വെച്ചു കുഴഞ്ഞു വീണതാണ്, കൂടെ വന്ന യാത്രക്കാരാണ് ഞങ്ങൾ, എൻ്റെ നാട്ടുകാരനാണ് എന്ന് പറഞ്ഞപ്പോൾ തന്നെ അവർ അദ്ദേഹത്തെ Observation റൂമിലേക്ക് മാറ്റുകയും GRBS ചെക്ക് ചെയ്തപ്പോൾ നോർമലാണ്. ECG പരിശോധിച്ചപ്പോൾ നല്ല വേരിയേഷനുണ്ടന്നു Dr പറഞ്ഞു. ഡ്രിപ്പും ഇൻഞ്ചക്ഷനും കൊടുക്കണമെങ്കിൽ അദ്ദേഹത്തിൻ്റെ മക്കളാരുമില്ലാതെ ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞപ്പോൾ സാർ ധൈര്യമായിട്ട് ചെയ്തോളൂ.. അദ്ദേഹത്തിൻ്റെ മക്കൾ വന്നിട്ടേ ഞങ്ങൾ പോകൂ..

എന്തായാലും IV സ്റ്റാർട്ട് ചെയ്തപ്പോഴേക്കും മൂത്ത മകളും ചെറുമകളും എത്തി. അപ്പച്ചനെ അവരെ ഏല്പിച്ചു ഞങ്ങൾ രണ്ടു പേരും തികഞ്ഞ സംതൃപ്തിയോടെ മടങ്ങി. ആളിപ്പോൾ Stable ആയി. തക്ക സമയത്ത് ആശുപത്രിയിൽ എത്തിയ്ക്കാൻ വേണ്ടി നമ്മുടെ സ്വന്തം KSRTC ഒരു എമർജൻസി വണ്ടിയായി ഓടി ഒരു മനുഷ്യ ജീവനെ രക്ഷിച്ചെടുത്തു. അതിലൊരു ഭാഗമായി ഞാനും അപ്പോൾ പരിചയപ്പെട്ട സുജിതയും.

ആ വണ്ടിയുടെ നമ്പർ എനിക്കറിയില്ല. അതിലെ കണ്ടക്ടറിൻ്റെയോ ഡ്രൈവറിൻ്റെയോ പേരോ മറ്റ് ഡീറ്റെയിൽസോ അറിയില്ല. അവരുടെ സമയോചിതമായ ഇടപെടലുകളാണ് ആ അപ്പച്ചനെ ആശുപത്രിയിലാക്കാൻ കഴിഞ്ഞത്. ആ ബസ്സിൻ്റെ ഡ്രൈവർ സാറിനും കണ്ടക്ടർ സാറിനും സപ്പോർട്ട് ചെയ്ത മറ്റ് യാത്രക്കാർക്കും അഭിനന്ദനങ്ങൾ. ബസ്സ് യാത്രയിൽ ഇങ്ങനെ ഞാൻ രക്ഷപ്പെടുത്തുന്ന നാലാമത്തെ ആളാണ് കുട്ടപ്പൻ എന്ന അപ്പച്ചൻ. ആനവണ്ടി ഇഷ്ടം.. ആനവണ്ടി അല്ലേലും വേറെ ലെവലാണ്.സ്നേഹത്തോടെ പേരറിയാത്തൊരു ആനവണ്ടി പ്രേമി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.