തമിഴ്‌നാട്ടിലെ അവിനാശിയ്ക്ക് സമീപം കെഎസ്ആർടിസി വോൾവോ ബസ്സിൽ ലോറിയിടിച്ച് 20 ഓളം ആളുകൾ മരിച്ച വാർത്ത ഏവരിലും ഉൾക്കിടിലമുണ്ടാക്കിയതാണ്. മരിച്ചവരിൽ കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ ജീവനക്കാരായ ബൈജുവും ഗിരീഷും ഉൾപ്പെട്ട വിവരം അതിലേറെ ഞെട്ടൽ സമ്മാനിച്ചിരിക്കുകയാണ് സഹപ്രവർത്തകർക്കും, സ്ഥിരയാത്രക്കാർക്കും, കെഎസ്ആർടിസി പ്രേമികൾക്കും ഒക്കെ.
എറണാകുളം ഡിപ്പോയിൽ നിന്നും സ്ഥിരമായി ബെംഗളൂരു ഡ്യൂട്ടിയ്ക്ക് പോകുന്നവരാണ് ബൈജുവും ഗിരീഷും. ഇരുവരും ഡ്രൈവർമാർ ആണെങ്കിലും ഈ സർവ്വീസിൽ ഡ്രൈവർ കം കണ്ടക്ടർ സിസ്റ്റമായതിനാലാണ് ഒരേ ബസ്സിൽ ഡ്യൂട്ടി ചെയ്യേണ്ടി വന്നത്. മികച്ച സർവ്വീസ് റെക്കോർഡുള്ള ഇരുവരും നാളുകൾക്ക് മുൻപ് യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ കൃത്യ സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വേണ്ട സഹായങ്ങൾ ചെയ്തത് വാർത്തയായിരുന്നു.
അന്നത്തെ ആ സംഭവം ഇങ്ങനെ – അന്ന് ബസ് ബെംഗളുരുവിലേക്ക് വരുന്നതിനിടെ ഏകദേശം നേരം വെളുക്കാറായപ്പോള്‍ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടൊ എന്ന് ഡ്രൈവറായ ബൈജുവിനോട് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ പുറകില്‍ ഒരു യാത്രക്കാരിക്ക് ഫിക്സ് ആണത്രെ. ബൈജു താക്കോല്‍ നല്‍കി കുറച്ചു നേരം കഴിഞ്ഞ് രണ്ടു പേര്‍ വന്നിട്ട് പറഞ്ഞു “ഛേട്ടാ ഒരു ശമനവും ഇല്ല ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവണ്ടി വരും.” ബാക്കി യാത്രക്കാരും ഒന്നായ് പറഞ്ഞു അതെ അതാണ് വേണ്ടത്.
അപ്പോഴേക്കും ബസ് ഹൊസൂരെത്തിയിരുന്നു. ജീവനക്കാരായ ബൈജുവും ഗിരീഷും ബസ് തിരിച്ചു നേരെ ഹെെവേക്ക് തൊട്ടടുത്തുള്ള ജനനി ഹോസ്പിറ്റലിലേക്ക് വിട്ടു. യുവതിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ശേഷം ബാഗ്ലൂര്‍ ഐസിയെ ഇന്‍ഫോം ചെയ്തു. വേണ്ട കാര്യങ്ങള്‍ ചെയ്ത ശേഷം എത്തിയാല്‍ മതി എന്നു നിര്‍ദ്ദേശം ലഭിച്ചു. ത്രിശൂര്‍ ഡിപ്പോയിലെ ബെന്നി സാറിനേ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ പറഞ്ഞു. “സാര്‍ ഇവിടെ അഡ്മിറ്റ് ചെയ്യണെൽ അഡ്മിഷന്‍ ഡെപ്പോസിറ്റ് കെട്ടി വയ്ക്കണം.” “അതൊന്നും ഇപ്പോള്‍ നോക്കണ്ടാ, ക്യാഷ് കെട്ടി വയ്ക്ക്. ബാക്കി നമ്മുക്ക് പിന്നീട് നോക്കാം ഒരു ജീവന്‍റെ കാര്യം അല്ലെ” എന്ന് ബെന്നി സാർ പറഞ്ഞു.
ഡോക്ടര്‍ കൂടിയായ യാത്രക്കാരിയ്ക്ക് വളരെ സീരിയസ് ആയ നിലയില്‍ ആയതിനാല്‍ ഒരാള്‍ ഇവിടെ നില്‍ക്കണം എന്നാലെ ട്രീറ്റ്മെന്‍റ് നടപടികളും ആയി മുന്നോട്ട് പോകുവാൻ പറ്റുകയുള്ളൂ എന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ഹോസ്പ്പിറ്റലിന് റിസ്ക്ക് ഏറ്റെടുക്കാന്‍ പറ്റില്ലത്രെ. ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോള്‍ ബെെജു പറഞ്ഞു “ ഇവരുടെ (കവിത) ആരെങ്കിലും എത്തും വരെ ഞാന്‍ നില്‍ക്കാം.” കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അന്വഷിച്ചപ്പോള്‍ നിങ്ങള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബാഗ്ലൂര്‍ പോകാമെങ്കില്‍ ഒരാള്‍ ഹോസ്പിറ്റലില്‍ നില്‍ക്കുവാനും മറ്റൊരാള്‍ യാത്രക്കാരുമായി യാത്ര തുടരുവാനുമുള്ള നിര്‍ദേശം ലഭിച്ചു.
അങ്ങനെ ബെെജു ഹോസ്പിറ്റലില്‍ നിന്നു. ബസിലെ മറ്റു യാത്രക്കാരുമായി കൂടെയുള്ള ജീവനക്കാരനായ ഗിരീഷ് ബാഗ്ലൂരേക്ക് പുറപ്പെട്ടു. രാവിലെ 09:00 മണി ആയപ്പോഴേക്കും കവിത ഡോക്ടറുടെ (ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത യാത്രക്കാരി) ബന്ധുക്കള്‍ എത്തി ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി. ബൈജുവിനെ അവര്‍ ഹൊസൂര്‍ റെയില്‍വേ സ്റ്റഷനില്‍ ഡ്രോപ്പ് ചെയ്തു. ബൈജു അവിടുന്ന് ട്രെയിന്‍ കയറി ബസ് പാര്‍ക്ക് ചെയ്യുന്ന ബാഗ്ലൂര്‍ പീനിയയിലേക്ക് പോകുകയും ചെയ്തു.
പിറ്റേന്ന് യാത്രക്കാരിയുടെ ജീവന് കരുതലേകിയ കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാര്‍ത്ത ആനവണ്ടി ബ്ലോഗിലും തുടർന്ന് മറ്റു മാധ്യമങ്ങളിലും നിറഞ്ഞു. ഇതോടെ ബൈജുവിനെയും ഗിരീഷിനെയും തേടി അന്നത്തെ കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ തച്ചങ്കരിയുടെ അഭിനന്ദനക്കത്തും എത്തി. ഈ സംഭവത്തിനു ശേഷം ഒരിക്കൽ സർവ്വീസ് മുടങ്ങാതിരിക്കാൻ വിശ്രമമില്ലാതെ 24 മണിക്കൂർ ഡ്യൂട്ടി എടുത്തും ബൈജു വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.
എറണാകുളം -ബാംഗ്ലൂര്‍ സ്ഥിരയാത്രക്കാര്‍ക്ക് പരിചിതരാണ് ഇരുവരും. പ്രളയകാലത്ത് ബെംഗളൂരുവിലെ മലയാളികള്‍ക്ക് സഹായമെത്തിക്കാനും മുന്നില്‍ തന്നെയുണ്ടായിരുന്നവരാണ് ഇരുവരും. ഒരു ജീവൻ രക്ഷിക്കുവാനായി എല്ലാം മറന്നു നന്മയുടെ പര്യായമായ ബൈജുവിനെയും ഗിരീഷിനെയും മരണം ഒന്നിച്ചു തേടിയെത്തിയത് അത്യന്തം വേദനാജനകമായ കാര്യമാണ്. ഗിരീഷിന്റെയും ബൈജുവിന്റെയും മരണവാര്‍ത്ത കണ്ണീരോടെയാണ് കേരളം സ്വീകരിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ നന്മമരങ്ങള്‍ ഇനിയില്ല, ഒപ്പം അവരുടെ പ്രിയപ്പെട്ട ബസ്സും.