ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനു രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. 26-06-2019 ബുധനാഴ്ച രാവിലെ എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരനാണ് യാത്രാമദ്ധ്യേ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ ബസ്സിൽത്തന്നെ അദ്ദേഹത്തെ മുട്ടുച്ചിറയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു അവിടുന്നു ലഭിച്ച വിവരം. ഇതോടെ കെഎസ്ആർടിസി ബസ് ഒരു ആംബുലൻസ് ആയി മാറുകയായിരുന്നു. ഹെഡ്‌ലൈറ്റുകളുമിട്ടുകൊണ്ട് ബസ് നേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക്.

മെഡിക്കൽ കോളേജിൽ യാത്രക്കാരനെ പ്രവേശിപ്പിച്ച് വേണ്ട കാര്യങ്ങളെല്ലാം ചെയ്തതിനു ശേഷമാണ് ബസ് മറ്റു യാത്രക്കാരുമായി വീണ്ടും യാത്ര തുടർന്നത്. ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജിൽ കെഎസ്ആർടിസി ബസ് കണ്ട ഏതോ വിവരമില്ലാത്ത ‘മഹാൻ’, ബസ് വഴിതെറ്റി വന്നതാണ് എന്ന രീതിയിൽ വീഡിയോ എടുക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പക്ഷെ യഥാർത്ഥത്തിൽ ബസ് ഒരു ജീവൻ രക്ഷിക്കുവാൻ വന്നതാണെന്ന കാര്യം പിന്നീടാണ് ആളുകൾ അറിഞ്ഞത്.

സംഭവങ്ങൾക്കെല്ലാം ശേഷം ഇതൊന്നുമറിയാതെ ബസ്സിൽ കയറിയ മറ്റൊരു യാത്രക്കാരനായ രംഗനാഥ്‌ കൃഷ്ണയ്ക്ക് (K Ranganath Krishna) ഉണ്ടായ അനുഭവം താഴെ കൊടുക്കുന്നു. ശരിക്കും ആ കെഎസ്ആർടിസി ജീവനക്കാർ മനസ്സ് നിറഞ്ഞൊരു സല്യൂട്ട് അർഹിക്കുന്നു…

“ഇന്നലെ ഉച്ചയോടെ കോട്ടയം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് പത്തനംതിട്ട ഫാസ്റ്റിൽ കയറിയപ്പോൾ മുതൽ ശ്രദ്ധിക്കുകയായിരുന്നു, കണ്ടക്ടർ ആകെ അസ്വസ്ഥൻ. മനസ് മറ്റെങ്ങോ ആണ്. ബസിൽ വലിയ തിരക്കൊന്നുമില്ല. തിരുവല്ല വരെ ചെല്ലാൻ ഒരു മണിക്കൂറോളം എടുക്കും. എന്നാൽ ഒന്നുറങ്ങാമെന്ന് കരുതി. പക്ഷേ കണ്ടക്ടറുടെ മുഖം മനസിൽ നിന്ന് മായുന്നില്ല.

അയാളുടെ സീറ്റിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി. അസ്വസ്ഥതയ്ക്ക് ഒരു കുറവുമില്ല. എന്താണ് കാര്യമെന്ന് ചോദിച്ചാലോ എന്ന് ചിന്തിച്ചെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു. വെറുതേ എന്തിനാണ് വല്ലവന്റെയും കാര്യത്തിൽ തലയിടുന്നതെന്ന് എല്ലാവരും ചിന്തിക്കുന്നതു പോലെ ഞാനും ചിന്തിച്ചു.

പിന്നെയും അയാളുടെ അസ്വസ്ഥത കണ്ടപ്പോൾ മുന്നിലെ എന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് അയാൾക്കരികിലേക്ക് ചെന്നു. എന്താ ചേട്ടാ കാര്യമെന്ന് തിരക്കി. അപ്പോഴാണ് അറിയുന്നത് ബസിൽ വെച്ച് ഒരു മധ്യവയസ്കനായ യാത്രകാരന് നെഞ്ചുവേദന വന്നിരുന്നു. ബോധരഹിതനായ അയാളെ ഇതേ ബസിൽ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആക്കി വരുന്ന വഴിയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾക്ക് എങ്ങനെയുണ്ട് എന്നറിയാൻ പലവട്ടം അയാളുടെ നമ്പറിലേക്ക് വിളിച്ചിട്ടും എടുക്കുന്നില്ല. അതാണ് കണ്ടക്ടറുടെ സ്വസ്ഥതക്കേടിന് കാരണം.

കടുത്തുരുത്തിയാൽ വെച്ച് വേദന വന്ന് ബസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. യാത്രക്കാരിൽ ഉണ്ടായിരുന്ന ഒരു നേഴ്സ് പ്രഥമ ശുശ്രൂഷ നൽകി. വേഗം തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കാര്യങ്ങളൊക്കെ പറയുന്നതിനിടയിൽ ആശുപത്രിയിലാക്കിയ രത്നാകരൻ എന്ന രോഗിയുടെ നമ്പറിൽ നിന്ന് കോൾ വന്നു. ഏതോ ഒരു ബന്ധുവാണ് വിളിക്കുന്നത്. ആൾക്ക് ബോധം തിരിച്ചു കിട്ടി. തക്ക സമയത്ത് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചതിനാൽ ആളു രക്ഷപ്പെട്ടതിന് നന്ദി പറയാൻ വിളിച്ചതാണ്.

അതോടെ ട്യൂബിട്ട പോലെ അയാളുടെ മുഖം തെളിഞ്ഞു. കൈയിലെ കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചു. പിന്നെ വേഗം മുന്നിലേക്ക് പോയി ഡ്രൈവറോടും കാര്യം പറഞ്ഞു. ചേർത്തലക്കാരൻ എം. മനേഷും ഡ്രൈവർ കെ.കെ. അരുൺരാജുമാണ് സമയോചിതമായ ഇടപെട്ട് ഒരാളുടെ ജീവൻ രക്ഷിച്ചത്. എറണാകുളം ഡിപ്പോയിലെ ജീവനക്കാരാണ് ഇരുവരും. യാത്രക്കാരുടെ സഹകരണവും കൃത്യസമയത്തെ പ്രഥമ ശുശ്രൂഷയുമാണ് യാത്രകാരന്റെ ജീവൻ രക്ഷിച്ചത്.

തിരുവല്ല ഇറങ്ങി രണ്ട് പേരേയും ബസിന് മുന്നിൽ നിർത്തി ഫോട്ടോയും എടുത്ത് അഭിനന്ദനം അറിച്ചാണ് മണിപ്പുഴയിലെ വീട്ടിലേക്ക് മടങ്ങിയത്. കോട്ടയം ബ്യൂറോയിലെ പ്രഹ്ലാദൻ ചേട്ടനെ വിളിച്ച് കാര്യം പറഞ്ഞു, ചിത്രവും അയച്ചു കൊടുത്തു. നന്മ ചെയ്യാൻ അവസരം കിട്ടിയില്ലെങ്കിലും ചെയ്ത നന്മ ലോകത്തെ അറിയിക്കാൻ കഴിയുന്നതും സന്തോഷമാണ്.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.