കെഎസ്ആർടിസി ജീവനക്കാരെ കുറ്റപ്പെടുത്തുവാൻ നമ്മളിൽ പലർക്കും നല്ല ഉത്സാഹമായിരിക്കും. ഒരു വിഭാഗം ചെയ്യുന്ന തെറ്റുകൾക്ക് എല്ലാവരെയും ഒന്നടങ്കം അടച്ചാക്ഷേപിക്കുന്നത് സോഷ്യൽ മീഡിയയിലെ പതിവുകാഴ്ചയാണ്. എന്നാൽ കെഎസ്ആർടിസി ജീവനക്കാർ ജീവൻ രക്ഷിച്ച ഒത്തിരി സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. അവയിൽ ഈയിടെ നടന്ന ഒരു സംഭവം ഏറെ വൈറലായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ. ആ സംഭവം ഇങ്ങനെ…

2020 ഒക്ടോബർ 25, കെഎസ്ആർടിസി ഡ്രൈവർ സന്തോഷിന്റേയും കണ്ടക്ടർ ടെന്നിസന്റെയും ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം. അന്ന് ആലുവയിൽ നിന്നും ചാലക്കുടിയിലേക്കുള്ള യാത്രയിലായിരുന്നു അങ്കമാലി ഡിപ്പോയുടെ ഓർഡിനറി ബസ്. സന്തോഷും ടെന്നിസണും ആയിരുന്നു ജീവനക്കാർ. ബസ് അങ്കമാലിയിലെത്തിയപ്പോൾ അവിടെ നിന്നും അവശത തോന്നിക്കുന്ന അവസ്ഥയിൽ ഒരു യാത്രക്കാരൻ കയറുകയുണ്ടായി. ഏറ്റവും മുന്നിലെ സീറ്റുകളിലൊന്നിൽ അദ്ദേഹം ഇരിക്കുകയും ചെയ്തു.

ബസ് അങ്കമാലിയും പിന്നിട്ട് തൊട്ടടുത്ത ജംങ്ഷനായ കരയാംപറമ്പ് എത്തിയപ്പോൾ ആ യാത്രക്കാരൻ “കുറച്ചു വെള്ളം തരുമോ” എന്ന് ഡ്രൈവർ സന്തോഷിനോട് ചോദിച്ചു. എന്നിട്ട് പെട്ടെന്ന് തന്നെ കുഴഞ്ഞു വീഴുകയും ചെയ്തു. ഇതോടെ ഹൈവേയോരത്ത് വണ്ടി നിർത്തി സന്തോഷും കണ്ടക്ടർ ടെന്നിസണും കൂടി യാത്രക്കാരൻ്റെ മുഖത്ത് വെള്ളം തളിക്കുകയും തട്ടിവിളിച്ചുണർത്തുവാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ യാത്രക്കാരൻ ബോധരഹിതനായിരുന്നു.

കോവിഡ് ഭീതിയുള്ളതിനാൽ യാത്രക്കാരിൽ പലർക്കും അടുക്കുവാൻ പേടിയായിരുന്നു. എങ്കിലും എല്ലാവരും സഹകരിച്ചു നിന്നു. ഇതിനിടയിൽ ഡ്രൈവർ സന്തോഷ് അടുത്തുള്ള ഒരു കടയിൽ ചെന്ന് തണുത്ത വെള്ളം വാങ്ങി അത് യാത്രക്കാരന്റെ മുഖത്തു തളിച്ചപ്പോൾ ബോധം ചെറുതായി വരികയും “അമ്മയെ കാണണം” എന്ന് അയാൾ പറയുകയും, പെട്ടെന്നു തന്നെ വീണ്ടും ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഇതോടെ ആൾക്ക് ജീവനുണ്ടെന്ന ഉറപ്പ് ലഭിച്ചതോടെ ബസ് ജീവനക്കാർക്കും യാത്രക്കാർക്കും സമാധാനമായി.

ഉടനെ ഡ്രൈവർ സന്തോഷ് 112 ലേക്ക് വിളിച്ചപ്പോൾ കോൾ കണക്ട് ആകുന്നുണ്ടായിരുന്നില്ല. 108 ആംബുലൻസ് വിളിച്ചപ്പോൾ അവരെല്ലാം കോവിഡ് ഓട്ടത്തിലുമായിരുന്നു. ഇതോടെ യാത്രക്കാരോട് സഹകരണമാവശ്യപ്പെട്ടുകൊണ്ട് ഡ്രൈവർ സന്തോഷ് ബസ് നേരെ അടുത്തുള്ള അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബസ് ഹോസ്പിറ്റലിൽ എത്തിയതു കണ്ട് അടിയന്തിര സാഹചര്യമാണെന്നു മനസ്സിലാക്കിയ ആശുപത്രി ജീവനക്കാർ ഒന്നോ രണ്ടോ മിനിറ്റുകൾ കൊണ്ട് രോഗിയെ അടിയന്തിര വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

കുറച്ചു സമയത്തിനകം രോഗിയുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ചുവെന്നും, അപസ്മാരം വന്നതു മൂലമായിരുന്നു ആ യാത്രക്കാരന് ബുദ്ധിമുട്ടുണ്ടായതെന്നും, ഇനി പേടിക്കേണ്ട ആവശ്യമില്ലെന്നും ആശുപത്രിക്കാർ ബസ് ജീവനക്കാരെയും യാത്രക്കാരെയും അറിയിച്ചു. ഇതോടെ എല്ലാവർക്കും സമാധാനമായി.

സ്വന്തം സുരക്ഷാ പോലും നോക്കാതെ അവസരോചിതമായി ഇടപെട്ട് ഒരു ജീവൻ രക്ഷിക്കുവാൻ ഡ്രൈവർ സന്തോഷും കണ്ടക്ടർ ടെന്നിസണും കാണിച്ച ധൈര്യം അഭിനന്ദനീയമാണ്. അതേപോലെത്തന്നെ ഇവർക്ക് പിന്തുണയുമായി സഹകരണത്തോടെ തന്നെ നിന്ന യാത്രക്കാരും, അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി ജീവനക്കാരുമെല്ലാം അഭിനന്ദനമർഹിക്കുന്നു. കൊറോണക്കാലത്തും മനുഷ്യത്വമാണ് വലുതെന്നു കാണിച്ചു തന്ന തങ്ങളുടെയീ ജീവനക്കാരെയോർത്ത് കെഎസ്ആര്ടിസിയ്ക്ക് അഭിമാനിക്കാം. ഒപ്പം നമ്മൾ മലയാളികൾക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.