യാത്രക്കാർക്ക് താങ്ങും തണലുമായി കെഎസ്ആർടിസി മാറിയ സംഭവങ്ങൾ നാം കുറേ കണ്ടിട്ടുള്ളതാണ്. പാസ്പോർട്ട് മറന്നുവെച്ച പ്രവാസിയ്ക്ക് അതു തിരികെ കൊണ്ടുപോയി കൊടുത്തതും, അർദ്ധരാത്രി ഒറ്റയ്ക്ക് സ്റ്റോപ്പിൽ ഇറങ്ങിയ പെൺകുട്ടിയ്ക്ക് തുണയായി കാവൽ നിന്നതും, യാത്രാമധ്യേ അസുഖബാധിതരായ യാത്രക്കാരെ ഒരു ആംബുലൻസ് എന്നപോലെ ആശുപത്രിയിൽ പെട്ടെന്ന് എത്തിച്ചുമെല്ലാം നമ്മുടെ സ്വന്തം ആനവണ്ടി ജനഹൃദയങ്ങളെ കീഴടക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ലീവ് കഴിഞ്ഞു ഗൾഫിലേക്ക് തിരികെ പോകുകയായിരുന്ന പ്രവാസികളായ സുഹൃത്തുക്കളെ വഴിയിൽ ബ്ലോക്ക് കിട്ടിയിട്ടും കൃത്യസമയത്ത് നെടുമ്പാശ്ശേരിയിൽ എത്തിച്ച് യാത്ര മുടക്കാതെ കാത്തുരക്ഷിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം കെഎസ്ആർടിസിയും ജീവനക്കാരും. പാലക്കാട് സ്വദേശിയും പ്രവാസിയുമായ ഷിജു എന്ന യുവാവ് ഈ സംഭവം ഒരു അനുഭവക്കുറിപ്പായി ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. ആ കുറിപ്പ് താഴെ കൊടുക്കുന്നു. ഒന്നു വായിക്കാം…

“ആദ്യം തന്നെ നന്ദി പറയുന്നു KL 15 A 2097 (പാലക്കാട്‌ -ആലപ്പുഴ ) ആനവണ്ടിയിലെ ഡ്രൈവർ നമ്മുടെ ഹരി ചേട്ടനോട്. നാട്ടിലെ ലീവ് കഴിഞ്ഞ് ഗൾഫിലേക്ക് പോകാൻ റെഡി ആയിരിക്കുവായിരുന്നു. അപ്പോൾ ആണ് ഒരു ആഗ്രഹം തോന്നിയത് ഈ പ്രാവശ്യത്തെ യാത്ര നമ്മുടെ ആനവണ്ടിയിൽ ആക്കാം എന്ന്.

അങ്ങനെ എല്ലാം റെഡി ആക്കി പോകേണ്ട ദിവസം വീട്ടിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങി. നേരെ പാലക്കാട്‌ ഡിപ്പോയിലേക്ക്. അവിടെ നിന്നും ബസ്സിന്‌ നെടുമ്പാശ്ശേരിയിലേക്കോ അങ്കമാലിയിലേക്കോ പോകുവാൻ ആയിരുന്നു പ്ലാൻ. പാലക്കാട്‌ നിന്നും കൂടെ വരുന്ന വേറെ ഒരു സുഹൃത്ത് കൂടി ഉണ്ടായിരുന്നു. പാലക്കാട്‌ ടൗണിൽ എത്തിയപ്പോൾ ആണ് അവൻ പറയുന്നത് അവനു കുറച്ചു സാധനങ്ങൾ കൂടി വാങ്ങാൻ ഉണ്ടെന്ന്. യാത്ര പുറപ്പെടാൻ ഉള്ള സമയം ആയി. അങ്ങനെ രണ്ടും കൽപ്പിച്ച് അവനുള്ള സാധനനങ്ങൾ വാങ്ങി വന്നപ്പോൾ സമയം വൈകി. രാത്രി 8.30 pm നു ഞങ്ങൾക്ക് എയർപോർട്ടിൽ എത്തണം. ഞങ്ങൾ കെഎസ്ആർടിസി ഡിപ്പോയിൽ എത്തുമ്പോൾ സമയം വൈകീട്ട് 4.50 pm ആയി.

അവിടെ ചെന്ന് നോക്കിയപ്പോൾ ഒരു പാലക്കാട്‌ – ആലപ്പുഴ സൂപ്പർഫാസ്റ്റ് കിടക്കുന്നു. അതിൽ അങ്ങ് കയറി ഡ്രൈവർ ചേട്ടനോട് ഞങ്ങൾ കാര്യം പറഞ്ഞു. അപ്പോൾ പുള്ളി പറഞ്ഞു – “8 pm ആണ് എയർപോർട്ടിന് സമീപത്തു കൂടി പാസ്സ് ചെയ്യുന്ന സമയം. ഇലക്ഷൻ ആയത് കൊണ്ടും കുതിരാൻ വഴിയുള്ള യാത്ര ആയതുകൊണ്ടും നല്ല ബ്ലോക്ക് ഉണ്ടാകും അത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല. എങ്കിലും നമുക്ക് നോക്കാം.” അത് കൂടി കേട്ടപ്പോൾ പേടി കൂടി.

അങ്ങനെ 5 pm നു നമ്മുടെ വണ്ടി സ്റ്റാർട്ട് ചെയ്തു. ഞങ്ങൾ രണ്ട് പേരും നല്ല ടെൻഷൻ അടിച്ചാണ് ഇരിക്കുന്നത്. പാലക്കാട്‌ മുതൽ വടക്കഞ്ചേരി വരെ സിഗ്നൽ ഒഴിവാക്കി സർവീസ് റോഡ് പിടിച്ചാണ് പോയത്. പറഞ്ഞത് പോലെ കുതിരാൻ എത്തിയപ്പോൾ നല്ല ട്രാഫിക് ബ്ലോക്ക്. അവിടെ മുതൽ തൃശ്ശൂർ ഡിപ്പോ വരെ ബ്ലോക്ക്‌ ഉണ്ടായിരുന്നു. അത് കഴിഞ്ഞു ഡിപ്പോയിൽ നിന്നും പോയതാണ് പോക്ക്. അങ്ങ് പെരുത്ത് ഇഷ്ട്ടപെട്ടു. അവിടെ നിന്നും അങ്കമാലി എത്തിയപ്പോൾ ഡ്രൈവർ ചേട്ടൻ ആദ്യം പറഞ്ഞതു പോലെ 8 മണി. അങ്ങനെ ഡ്രൈവർ ഹരി ചേട്ടനോട്‌ നന്ദിയും പറഞ്ഞു ഞങ്ങൾ എയർപോർട്ടിലേക്ക് യാത്രയായി.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.