ഊട്ടിയിലടക്കം ചില കടകളിൽ ഒരു ബോർഡ് കാണാം “Covai King Bus Details.” അവിടെ ചോദിച്ചാൽ മാനന്തവാടി കോയമ്പത്തൂർ KSRTC Bus current status സും സീറ്റിങ്ങ് വേ‌ക്കൻസിയും യാത്രക്കാർക്ക് കൃത്യമായി അറിയാൻ സാധിക്കുന്നു. ഈ ബോർഡിന് പിന്നിൽ നമ്മുടെ കെഎസ്ആർടിസിയിലെ ഒരു ഡ്രൈവറുടെ ബുദ്ധിയാണെന്ന് പറഞ്ഞാൽ ആദ്യം വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും.

എങ്കിൽ കേട്ടോളൂ, അതാണ് സത്യം. കെഎസ്ആർടിസിയുടെ മാനന്തവാടി ഡിപ്പോയിലെ ഡ്രൈവറായ ഗിരിയാണ് ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം. മാനന്തവാടിയിൽ നിന്നും ഊട്ടി വഴി കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസ് ഓടിക്കുന്ന ഗിരിച്ചേട്ടൻ ഏറ്റവും വലിയ വണ്ടി പ്രാന്തനാണ് എന്നാണു സ്ഥിരം യാത്രക്കാരുടെ അഭിപ്രായം. ഇദ്ദേഹത്തിന്റെ ഈ ഒരു ഐഡിയ ഇന്ന് നൂറുകണക്കിന് ആളുകൾക്കാണ് ഉപകാരപ്രദമായിരിക്കുന്നത്.

“Happy journey Safety journey” എന്നാണ് മൂപ്പരുടെ ടാഗ് ലൈൻ. മാനന്തവാടി – ഊട്ടി – കോയമ്പത്തൂർ റൂട്ടിൽ കെഎസ്ആർടിസി ഓടിത്തുടങ്ങിയപ്പൊൾ മൂപ്പര് മാനന്തവാടി മുതൽ കോയമ്പത്തൂർ വരെയുള്ള എല്ലാ ടൗണിലും ഓരൊ കടക്കാരെ പരിചയപ്പെട്ട് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. സ്ഥിരമായി യാത്ര ചെയ്യുന്ന യാത്രക്കാരേയും അതിൽ ആഡ് ചെയ്തു. ആ ഭാഗത്ത് പഠിക്കുന്ന ഒരു വിധം എല്ലാ കുട്ടികളും രക്ഷിതാക്കളും ഈ ഗ്രൂപ്പിന്റെ ഭാഗമാണ്. Where is my train എന്ന ആപ്പു പോലെ ഈ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ബസിൻ്റെ കൃത്യമായ സമയം ഔരോ ടൗണിലെത്തുമ്പോഴും പങ്കുവെയ്ക്കുന്നു. ഓരോ പോയിന്റിൽ നിന്നും സീറ്റിങ്ങ് വേ‌ക്കൻസിയും കണ്ടക്ടർ അറിയിക്കുന്നു. ഇത് വഴി യാത്രക്കാർക്ക് കൂടുതൽ കാത്തുനിൽക്കുകയൊ തിരക്കുകൂട്ടുകയൊ ചെയ്യണ്ട.

ഗ്രൂപ്പിൽ ബസിൻ്റെ കാര്യമൊഴികെ മറ്റ് എന്തേലും മെസ്സേജ് ആരേലും ഇട്ടാൽ ആ നിമിഷം തന്നെ അയാൾ ഗ്രൂപ്പിന് പുറത്താണ്. വണ്ടിയല്ലാതെ മറ്റൊരു ഹോബി കൂടി മൂപ്പർക്കുണ്ട്. മരം നടൽ. തുച്ഛമായ ശമ്പളം വാങ്ങുന്ന മൂപ്പര് പല സ്ഥലങ്ങളിൽ നിന്നായി വാങ്ങിയ ഒരു പാട് ചെടികൾ മാനന്തവാടി കെഎസ്ആർടിസി ഡിപ്പോയിൽ കൊണ്ട് നട്ടുവളർത്തുന്നുണ്ട്. ഇതുപോലുള്ള ജീവനക്കാരാണ് കെഎസ്ആർടിസിയുടെ സ്വത്ത്. ഇവരൊക്കെയുള്ളതു കൊണ്ടുമാത്രമാണ് കേരളത്തിൻ്റെ ആനവണ്ടി ഈ കിതപ്പിലും കുതിക്കുന്നത്. ഗിരിച്ചേട്ടനും കൂടെയുള്ള എല്ലാ ജീവനക്കാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

കടപ്പാട് – പ്രണവ് മോഹൻ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.