വലിയ പ്രതീക്ഷകളോടെ കെഎസ്ആർടിസി ആരംഭിച്ച ഇലക്ട്രിക് ബസ് സർവ്വീസ് കന്നിയാത്രയിൽ പണിമുടക്കി. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോയ ഇലക്ട്രിക് ബസ് ചേർത്തല എക്സ്റേ ജംക്ഷൻ ഭാഗത്തു വെച്ചാണ് നിന്നുപോയത്. ചാർജ്ജ് തീർന്നതാണ് ബസ് പണി കാരണമെന്നു പറയപ്പെടുന്നു. TL 15 എന്ന ബസ്സിനാണ് ആദ്യയാത്രയിൽത്തന്നെ ഇത്തരമൊരു ദുരനുഭവമുണ്ടായത്. യാത്ര മുടങ്ങിയതോടെ യാത്രക്കാരെല്ലാം കനത്ത പ്രതിഷേധത്തിലായി. മിക്കയാളുകളും നിന്നുപോയ ബസ്സിന്റെ ചിത്രങ്ങളും മാറ്റുമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകയും കൂടി ചെയ്തതോടെയാണ് കെഎസ്ആർടിസിയ്ക്ക് നാണക്കേട് ഉണ്ടാക്കിയ ഈ സംഭവം പുറംലോകമറിഞ്ഞത്.
സംഭവം വഷളായതോടെ യാത്രക്കാരെ ഒരുവിധത്തിൽ അനുനയിപ്പിച്ച് മറ്റു ബസ്സുകളിൽ കയറ്റിവിട്ടുകൊണ്ട് കെഎസ്ആർടിസി അധികൃതർ തടിയൂരി. പക്ഷെ അപ്പോഴേക്കും മുഖ്യധാരാ മാധ്യമങ്ങളിലടക്കം ഇതു സംബന്ധിച്ചുള്ള വാർത്തകൾ നിറഞ്ഞിരുന്നു.
വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകൾ ഉപയോഗിച്ചുകൊണ്ട് സർവ്വീസ് നടത്തുവാൻ തീരുമാനിച്ചതെന്ന് മുൻപേ തന്നെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കെഎസ്ആർടിസി അധികൃതർ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്ന് സർവ്വീസുകൾ ആരംഭിച്ചത്. സിറ്റി സർവീസുകൾക്ക് യോജിച്ച ഇത്തരം ബസ്സുകൾ വഴി നീളെ വേണ്ടത്ര ചാർജ്ജിംഗ് പോയിന്റുകൾ സ്ഥാപിക്കാതെയാണ് ലോങ്ങ് റൂട്ടിൽ ഓടിച്ചത്. ഇതാണ് വണ്ടി വഴിയ്ക്കു വെച്ച് നിന്നുപോകുവാൻ കാരണവും.
തിരുവനന്തപുരം – എറണാകുളം റൂട്ടിൽ ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളിൽ ചാർജ്ജിംഗ് പോയിന്റുകൾ ഉണ്ടെന്നു അധികൃതർ പറയുന്നുണ്ടെങ്കിലും യാത്രാമധ്യേ എന്തെങ്കിലും ബ്ലോക്കിൽപ്പെട്ടാൽ മൊത്തം പണിപാളും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ചാർജ്ജിംഗ് പോയിന്റ് വരെ ഓടിയെത്തുവാൻ ബസ്സുകൾക്ക് സാധിക്കാതെ വരികയും തൽഫലമായി ഇതുപോലെ വഴിയിൽ കിടക്കേണ്ടി വരികയും ചെയ്യും. ഒരു തവണ ബാറ്ററി പൂർണ്ണമായി ചാർജ്ജ് ചെയ്യുവാൻ ഏകദേശം ഒരുമണിക്കൂറോളം സമയം ആവശ്യമായി വരും.
മഹാരാഷ്ട്ര ആസ്ഥാനമായ മഹാവോയേജ് എന്ന കമ്പനിയാണ്. കെ.എസ്.ആർ.ടി.സിക്കുവേണ്ടി ഇലക്ട്രിക് ബസ് വാടകയ്ക്ക് നൽകിയത്. കിലോമീറ്ററിന് 44 രൂപയാണ് വാടകനിരക്ക്. ബസിന് ഡ്രൈവറും മെയന്‍റനൻസ് ചെലവും കമ്പനി നൽകും. വൈദ്യുതി ചെലവും കണ്ടക്ടറെയും കെ.എസ്.ആർ.ടി.സിയാണ് വഹിക്കുന്നത്. ഒരു തവണ ചാർജ്ജ് ചെയ്‌താൽ 250 കിലോമീറ്റർ ദൂരം ബസ് ഓടിക്കാമെന്നാണ് ഇലക്ട്രിക് ബസ്സുകൾ വാടകയ്ക്ക് നൽകിയ കമ്പനി കെഎസ്ആർടിസിയ്ക്ക് നൽകിയ വാഗ്ദാനം. എന്നാൽ ഈ അവകാശവാദത്തെ തള്ളിക്കളയുന്ന തരത്തിലായിരുന്നു ഇന്നു നടന്ന സംഭവം.
തിരുവനന്തപുരത്തും എറണാകുളത്തുമായി പത്ത് ഇലക്ട്രിക് ബസ്സുകൾ ഇന്ന് മുതല്‍ സര്‍വ്വീസ് തുടങ്ങുമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രഖ്യാപനം. ഇരു ഭാഗങ്ങളിലേക്കുമായി അഞ്ചു വീതം ബസ്സുകളാണ് രാവിലെയും വൈകീട്ടുമായി സർവ്വീസ് നടത്തുവാൻ തയ്യാറാക്കിയിരിക്കുന്നത്. ഇടസമയങ്ങളിൽ ഇവ സിറ്റിയ്ക്ക് അകത്തും ചെറിയ റൂട്ടുകളിൽ സർവ്വീസ് നടത്തും. എറണാകുളം തേവരയിലെ KURTC ബസ് സ്റ്റേഷനിൽ ഇലക്ട്രിക് ബസ് ചാർജ്ജിംഗ് പോയിന്റ് ഉണ്ടെങ്കിലും അത് പ്രവർത്തനസജ്ജമായിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
എന്തായാലും വരും ദിവസങ്ങളിൽ കെഎസ്ആർടിസി ഈ പ്രശ്നത്തെ എങ്ങനെ നേരിടുമെന്നാണ് ഇപ്പോൾ യാത്രക്കാരും ജീവനക്കാരുമെല്ലാം ഉറ്റുനോക്കുന്നത്. തലപ്പത്തിരിക്കുന്നവരുടെ കെടുകാര്യസ്ഥത മൂലം യാത്രക്കാരുടെ തെറിവിളി കേൾക്കുന്നത് പാവം ജീവനക്കാരാണല്ലോ.