കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾക്ക് പിന്നാലെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ആഗസ്റ്റ് 4 ഞായറാഴ്ച മുതൽ ചെയിൻ സർവീസ് പാറ്റേണുകളിലേക്ക് മാറുന്നു. ഇതിനെക്കുറിച്ച് വിശദമായി കെഎസ്ആർടിസിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ വന്ന കുറിപ്പ് താഴെ കൊടുക്കുന്നു.
“KSRTC യുടെ സർവീസുകൾ ഇപ്പോൾ ജനോപകാരപ്രദമായ രീതിയിൽ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ. സൂപ്പർ ഫാസ്റ്റ് ബസുകളുടെ സമയക്രമം പുനഃക്രമീകരിച്ചത് യാത്രക്കാർ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഫാസ്റ്റ് പാസ്സഞ്ചർ ബസുകൾ 04.08.2019 ഞായറാഴ്ച മുതൽ സമയ പുനഃക്രമീകരണത്തിനു തയ്യാറെടുക്കുന്നു.
രാവിലെ 5 മണി മുതൽ രാത്രി 9 മണി വരെയുള്ള സമയത്ത് 10 മിനിട്ട് ഇടവേളകളിൽ ഓരോ ഫാസ്റ്റ് പാസഞ്ചർ ബസ് തിരുവനന്തപുരം – കൊല്ലം, കൊല്ലം – ആലപ്പുഴ, ആലപ്പുഴ – എറണാകുളം, തിരുവനന്തപുരം – കൊട്ടാരക്കര, കൊട്ടാരക്കര – കോട്ടയം റൂട്ടിൽ ഇരുഭാഗത്തേക്കും സർവീസ് നടത്തുന്നതാണ്.
കൂടാതെ തിരുവനന്തപുരം – കായംകുളം, കായംകുളം – എറണാകുളം, തിരുവനന്തപുരം – കോട്ടയം റൂട്ടുകളിൽ ഓരോ അര മണിക്കൂറിൽ ഒരു ബസ് എന്ന രീതിയിലും രണ്ടു ഭാഗത്തേക്കും ലഭിക്കത്തക്ക വിധം ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ രാവിലെ 6 മണി മുതൽ വൈകുന്നേരം 7 മണിവരെ ചെയിൻ സർവീസ് ആയി ഉണ്ടായിരിക്കുന്നതാണ്.
തിരക്ക് കൂടുതലുള്ള സമയങ്ങളിൽ പ്രത്യേകിച്ചും രാവിലെ 7 മണി മുതൽ 10 മണി വരെയും വൈകുന്നേരം 3.30 മണി മുതൽ 7 മണി വരെയുള്ള സമയത്ത് 5 മിനിട്ട് ഇടവേളകളിൽ ഓരോ ഫാസ്റ്റ് പാസഞ്ചർ ബസ് തിരുവനന്തപുരം – കൊല്ലം, കൊല്ലം – ആലപ്പുഴ, ആലപ്പുഴ – എറണാകുളം, തിരുവനന്തപുരം – കൊട്ടാരക്കര, കൊട്ടാരക്കര – കോട്ടയം റൂട്ടുകളിൽ ഇരുഭാഗത്തേക്കും ലഭ്യമാകും വിധമാണ് ക്രമീകരണം നടത്തിയിരിക്കുന്നത്.
തിരുവനന്തപുരം – കൊല്ലം, കൊല്ലം- ആലപ്പുഴ, ആലപ്പുഴ – എറണാകുളം, തിരുവനന്തപുരം – കായംകുളം, കായംകുളം – എറണാകുളം, തിരുവനന്തപുരം – കൊട്ടാരക്കര, കൊട്ടാരക്കര – കോട്ടയം എന്നീ റൂട്ടുകളിൽ ഇരുഭാഗങ്ങളിലേയ്ക്കും ആയിട്ടാണ് ഈ ചെയിൻ സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. നിലവിലുള്ള ബൈറൂട്ട് സർവീസുകൾക്ക് യാതൊരു മാറ്റവും ഇല്ലാതെ തന്നെയാണ് ഈ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.
നിലവിൽ 15 മിനിട്ട് ഇടവേളകളിൽ ക്രമീകരിച്ചിരിക്കുന്ന സൂപ്പർഫാസ്റ്റ് സർവീസ്സുകൾക്കൊപ്പം NH, MC റോഡുകളിലൂടെയുള്ള ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസുകൾ ഈ വിധത്തിൽ ക്രമീകരിക്കുന്നത് ബസ്സ് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഏറെ സഹായകവും, യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്നതും ആണെന്ന് കെഎസ്ആർടിസി വിലയിരുത്തുന്നു.
ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ നാഷണൽ ഹൈവേയിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയും എം.സി. റോഡിൽ തിരുവനന്തപുരം മുതൽ കോട്ടയം വരെയുമാണ് ആദ്യഘട്ടം എന്ന നിലയിൽ ഈ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസുകൾ നടപ്പിലാക്കുന്നത്.
ഈ സർവീസുകളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കും നിർദേശങ്ങൾക്കും നവമാധ്യമങ്ങളിലൂടെയും ഫോൺ മുഖേനയും ബന്ധപ്പെടാവുന്നതാണ്. സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) : വാട്സാപ്പ് നമ്പർ – 8129562972, കെഎസ്ആർടിസി, കൺട്രോൾറൂം (24×7) : മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799.
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി online.keralartc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.