കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഫോട്ടോയായിരുന്നു കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് ഉൾപ്പെടെയുള്ള ബസ്സുകൾ ഗാരേജിൽ ഓടാതെ കാടുപിടിച്ചു കിടക്കുന്നത്. ‘കെഎസ്ആർടിസി പച്ച പിടിക്കുന്നു’ എന്ന തലക്കെട്ടോടെയായിരുന്നു ഗ്രൂപ്പുകളിലും പേജുകളിലുമെല്ലാം ഈ ചിത്രം പരക്കെ ഷെയർ ചെയ്യപ്പെട്ടത്. എറണാകുളം ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കാരക്കാമുറി ഗ്യാരേജിനുള്ളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലമാണ് കാടുപിടിച്ച് കിടന്നിരുന്നത്.
ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലം കാട് കയറി കിടന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളും വാര്‍ത്തയായത് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബിജുപ്രഭാകറിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം എറണാകുളത്തേയും, തേവര, പിറവം ഡിപ്പോകളിലേയും ഉള്‍പ്പെടെയുള്ള 138 ഓളം ബസുകളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത്. അതില്‍ 46 ബസുകള്‍ മാത്രമാണ് ഇപ്പോള്‍ ദിവസേന സര്‍വ്വീസ് നടത്തുന്നത്. ഡിപ്പോയുടെ ഏറ്റവും പിറക് വശത്ത് വൃത്തിയായി സൂക്ഷിക്കുമെങ്കിലും അടുത്ത ദിവസങ്ങളില്‍ പെയ്ത മഴയില്‍ വള്ളിചെടികള്‍ വേഗത്തില്‍ വളര്‍ന്നാണ് പെട്ടെന്ന് കാടു പിടിച്ച അവസ്ഥയുണ്ടായതെന്ന് ഡിടിഒ അറിയിച്ചു.
നിർത്തിയിട്ടിരിക്കുന്ന ഇലക്ട്രിക് ബസ്സിന്‍റെ അവസ്ഥ പരിതാപകരമാണ്. ആഴ്ചകളായി ബസ് അനക്കിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തം. തൊട്ടടുത്ത് കട്ടപ്പുറത്തായ ജൻറം ബസ്സുകളിലും കാടുകേറി. ഇലക്ട്രിക് ബസ്സിന്‍റെ നടത്തിപ്പ് കെഎസ്ആർടിസി സ്വകാര്യ കമ്പനിയെയാണ് ഏൽപിച്ചിരിക്കുന്നത്. അതിനാൽ നേരിട്ട് ഉത്തരവാദിത്തമില്ലെന്നാണ് കെഎസ്ആർടിസി പറയുന്നത്.
ഈ സംഭവത്തെത്തുടർന്ന് തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ഗ്യാരേജുകളിലും ബസുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുവാന്‍ ഡിപ്പോ അധികൃതര്‍ക്ക് സിഎംഡി നിര്‍ദ്ദേശം നല്‍കി. ഇത് കൂടാതെ ബസ് യഥാസമയം ചലപ്പിച്ച് അത് വര്‍ക്കിംഗ് കണ്ടീഷനില്‍ നിര്‍ത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും അത് പാലിക്കാത്ത ഡിപ്പോ എഞ്ചിനീയര്‍മാരുടെ പേരില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും സിഎംഡി അറിയിച്ചു.
ഇതിനു മുൻപും നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ കാട് പടർന്നു കയറിയ സംഭവം ഉണ്ടായിട്ടുണ്ട്. അന്നും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളുകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറിയിരുന്നു. എന്തായാലും പുതിയ എംഡി വന്നതോടെ കെഎസ്ആർടിസിയിൽ നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. അതിന്റെ ഫലമായാണ് ഇത്തരത്തിൽ വാർത്ത വന്ന് ഒരു ദിവസം കൊണ്ടുതന്നെ എല്ലാം പരിഹരിക്കപ്പെട്ടത്.
കോവിഡ് വന്നതോടുകൂടി മാസങ്ങളായി ഓട്ടം നിലച്ചു നിർത്തിയിട്ടിരിക്കുന്ന പ്രമുഖ പ്രൈവറ്റ് ഓപ്പറേറ്റേഴ്സിൻെറ ലൈൻ ബസുകളും ടൂറിസ്റ്റ് ബസുകളുമൊക്കെ ഏതാണ്ട് ഇതേ അവസ്ഥയിലാണ്. എങ്കിലും ചില പ്രൈവറ്റ് ബസ്സുകളൊക്കെ ഓടിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ടൂറിസ്റ്റുബസ്സുകളാവട്ടെ ഇനിയെന്ന് സർവ്വീസ് തുടരുമെന്ന ആശങ്കയിലുമാണ്. ഒട്ടേറെ ആളുകളുടെ ജീവനോപാധികളാണ് ഇത്തരത്തിൽ കിടക്കുന്നതെന്നോർക്കുമ്പോൾ വല്ലാത്ത വിഷമമുണ്ട്.
വിവരങ്ങൾക്ക് കടപ്പാട് – 24 ന്യൂസ്, ഏഷ്യാനെറ്റ്.