അന്തർ സംസ്ഥാന പ്രൈവറ്റ് ബസ് സമരം പൊടിപൊടിക്കുമ്പോൾ നേട്ടം കൊയ്യുന്നത് മറ്റാരുമല്ല, നമ്മുടെ സ്വന്തം കെഎസ്ആർടിസി തന്നെയാണ്. ബെംഗളുരുവിലേക്ക് മാത്രം സ്പെഷ്യൽ സർവ്വീസുകൾ നടത്തി കെഎസ്ആർടിസിയുടെ ദിവസേനയുള്ള വരുമാനത്തിൽ 9 ലക്ഷം രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കല്ലട ട്രാവൽസ് ബസ്സിൽ നടന്ന സംഭവങ്ങളെ തുടർന്നാണ് ബസ്സുകളിലെ നിയമലംഘനങ്ങൾ കണ്ടത്തുവാനായി ‘ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ്’ എന്ന പേരിൽ പരിശോധനയ്ക്ക് മോട്ടോർവാഹന വകുപ്പ് തുടക്കമിടുന്നത്. ഇതിനെത്തുടർന്ന് ബസ്സുകാർക്ക് അന്യായമായി പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. ബസ് പണിമുടക്ക് ആരംഭിച്ചു നാലു ദിവസങ്ങൾ തികഞ്ഞപ്പോൾത്തന്നെ 45 ലക്ഷത്തോളം രൂപ കെഎസ്ആർടിസിയ്ക്ക് അധിക വരുമാനമായി ലഭിക്കുകയുണ്ടായി.
സമരം നടത്തി ഒന്നോ രണ്ടോ ദിവസങ്ങൾ കഴിയുമ്പോൾ യാത്രക്കാർ ബുദ്ധിമുട്ടുകയും, അവരുടെ നിർബന്ധപ്രകാരം സർക്കാർ തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങും എന്നൊക്കെയായിരുന്നു ബസുടമകളുടെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷയെല്ലാം തെറ്റിച്ചത് കെഎസ്ആർടിസിയുടെ കടന്നു വരവായിരുന്നു. പറ്റാവുന്നത്ര സർവ്വീസുകൾ കെഎസ്ആർടിസി വിവിധ സ്ഥലങ്ങളിൽ നിന്നായി സ്പെഷ്യലായി ബെംഗളുരുവിലേക്ക് ഓടിച്ചു. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ അന്തർ സംസ്ഥാന യാത്രക്കാർ ഉള്ളത് ബെംഗളുരുവിലേക്ക് ആണെന്നതും ഇതിനൊരു കാരണമായി.
ഇതിനിടെ കെഎസ്ആർടിസിയ്ക്കെതിരെ ട്രോളുകൾ ഇറക്കിയും സ്വകാര്യന്മാർ പ്രതികരിച്ചിരുന്നു. എന്നാൽ കെഎസ്ആർടിസി അവസരം മുതലാക്കി കത്തിക്കയറിയതോടെ ആ ട്രോളുകളെല്ലാം സ്വകാര്യന്മാരെ തിരിഞ്ഞു കൊത്തുകയായിരുന്നു. ഒടുവിൽ മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും അത് വിജയിച്ചില്ല. മന്ത്രിയും ഗതാഗത വകുപ്പും ഒന്നും വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ വീണ്ടും ഒരു ചർച്ചയ്ക്ക് ശ്രമിക്കുകയാണ് സ്വകാര്യ ബസ്സുടമകൾ എന്നാണു പുതിയ വാർത്ത.
ഇതിനിടെ ഒരു വിഭാഗം ബസുടകൾ സർവീസ് ആരംഭിക്കുകയും ചെയ്തു. തമിഴ്നാട് അതിർത്തികൾ കേന്ദ്രീകരിച്ചാണ് ചില സർവീസുകൾ നടത്തുന്നത്. ഇതോടെ സമരം ഏതാണ്ട് പൊളിഞ്ഞ അവസ്ഥയിലായി മാറി. ബസുടമകൾ തിങ്കളാഴ്ച ഗതാഗത സെക്രട്ടറിയെ കാണാൻ സമയം ചോദിച്ചിട്ടുണ്ട്. സമരക്കാരോട് സർക്കാറും മുഖം തിരിച്ചതോടെ രാത്രികാല പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സമരം പാതിവഴിയിൽ ഉപേക്ഷിച്ചേക്കുവാൻ സാധ്യതയുണ്ട്.
എന്തായാലും ഈ സമരം കൊണ്ട് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടായിരിക്കുന്നത് കെഎസ്ആർടിസിയ്ക്കാണ്. സാമ്പത്തികമാന്ദ്യം അനുഭവിക്കുന്നവന് ലോട്ടറിയടിച്ച അവസ്ഥയാണ് ഇപ്പോൾ കെഎസ്ആർടിസിയ്ക്ക്. ആനവണ്ടിയെക്കൂടാതെ കർണാടക ആർടിസി ബസ്സുകളും കേരളത്തിലേക്ക് സ്പെഷ്യൽ സർവ്വീസുകൾ നടത്തുന്നുണ്ട്.
കേരള, കർണാടക ബസ്സുകളുടെ സ്പെഷ്യൽ സർവീസുകളെല്ലാം ബെംഗളൂരു അടിസ്ഥാനമാക്കിയാണ്. ചെന്നൈ പോലുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് ഇപ്പോഴും പരിഹാരം കണ്ടിട്ടില്ല. ബസ് സമരം വീണ്ടും മുന്നോട്ടു പോകുകയാണെങ്കിൽ തമിഴ്‌നാട് സർക്കാരുമായി ആലോചിച്ചു ചെന്നൈയിലേക്ക് കൂടി സ്പെഷ്യൽ സർവ്വീസ് നടത്തുവാൻ കെഎസ്ആർടിസി തയ്യാറാകണം എന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
1 comment
Adipoli. Athuthanne mathi KSRTC. Smayam undu ishttampoley avarangu smaram cheyyattanney.
Operation Night Riders continue cheyyappa. Chumma time kalayanda. Ippo odunnavammaareyokkey onnudi pidichangu kulukkanney