കോഴിക്കോട് വിമാന അപകടം – അടിയന്തര സാഹചര്യത്തിൽ സഹായഹസ്തവുമായി കെ.എസ്.ആർ.ടി.സി. ആഗസ്റ്റ് 7-ന് കോഴിക്കോട് ഉണ്ടായ വിമാനാപകടത്തെ തുടർന്ന് അടിയന്തര സാഹചര്യം നേടുന്നതിന് സർവസജ്ജമായി കെ.എസ്.ആർ.ടി.സി പാഞ്ഞെത്തിയിരുന്നു. വാർത്തകളിൽ ഇടം നേടാതിരുന്ന ഒരു വസ്തുതയാണിത്.

അപകടവിവരമറിഞ്ഞ ഉടൻതന്നെ സാധാരണയായി വിമാനത്തിൽ എത്തുന്ന യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനായി വിനിയോഗിച്ചിരുന്ന ബസ്സുകളും ജീവനക്കാരെയും, പ്രസ്തുത സർവീസ് ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിരുന്ന ഡ്രൈവർ സത്യൻ അമാരനും മറ്റ് ജീവനക്കാരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം അപകട സ്ഥലത്തേക്ക് ഓടിയെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

വിമാനത്തിനുള്ളിൽ കടന്ന് പരിക്കേറ്റ 5 യാത്രക്കാരെ പുറത്തെത്തിച്ചത് ശ്രീ. സത്യൻ അമാരനായിരുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി കോഴിക്കോട് യൂണിറ്റിൽ നിന്നും മറ്റു സമീപ യൂണിറ്റുകളിൽ നിന്നും 10 കെ.എസ്.ആർ.ടി.സി ബസുകളും കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തിച്ചു. കോഴിക്കോട് യൂണിറ്റിൽ ഉണ്ടായിരുന്ന മുഴുവൻ ഡ്രൈവർമാരും വിവരമറിഞ്ഞ് സ്വമേധയാ ഡ്യൂട്ടിക്കെത്തുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെ സർവ്വീസ് നടത്തിപ്പിന്റെ ചുമതലയുള്ള സോണൽ ട്രാഫിക് ആഫീസർ ശ്രീ. ജോഷി ജോൺ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

കരിപ്പൂർ വിമാനത്താവളത്തിൽ അപകടമുണ്ടായതിനെ തുടർന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട മറ്റു വിമാനങ്ങൾ കണ്ണൂർ എയർപോർട്ടിലേക്ക് അടിയന്തിര സാഹചര്യത്തിൽ വഴിതിരിച്ചു വിടുകയുമുണ്ടായി. കണ്ണൂരിൽ ഇറങ്ങിയ യാത്രക്കാരെ അവരവരുടെ ലക്ഷ്യസ്ഥാനങ്ങൾ എത്തിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം വന്നതിനെ തുടർന്ന് കണ്ണൂർ യൂണിറ്റ് ഓഫീസർ ശ്രീ. കെ. പ്രദീപിന്റെ നേതൃത്വത്തിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ മട്ടന്നൂർ ഭാഗത്തെ ജീവനക്കാരെ അടക്കം തിരിച്ച് വിളിച്ച് ഉടൻതന്നെ വാഹനങ്ങൾ സജ്ജമാക്കി കണ്ണൂർ എയർപോർട്ടിൽ എത്തിക്കുകയുണ്ടായി. കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയ വിമാന യാത്രികരെ അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുകയുണ്ടായി.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കെഎസ്ആർടിസി ഡ്രൈവർ സത്യൻ അമാരൻ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം ക്വാറന്റെനിലാണ്. അദ്ദേഹവും, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നല്ലവരായ മനുഷ്യരുമൊക്കെ യാതൊരു പ്രശ്നവും കൂടാതെ തിരികെ വരട്ടെ എന്നു പ്രാർത്ഥിക്കാം.

ഏത് അടിയന്തിര സാഹചര്യവും നേരിടാൻ കെ.എസ്.ആർ.ടി.സി സുസജ്ജമാണ് എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്കായി, ജനങ്ങൾക്കൊപ്പം. പൂര്‍ത്തിയാവാത്ത മോഹങ്ങളുമായി ഇന്നലെ യാത്രയായ കരിപ്പൂരിലെയും മൂന്നാറിലെയും സഹോദരങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.