ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകൾ നിരത്തിലിറക്കി. ശബരിമല സ്പെഷ്യൽ സർവ്വീസിൽ ആയിരിക്കും ഈ ബസ്സുകൾ ആദ്യം സർവ്വീസ് നടത്തുക. മണ്ഡലകാലത്ത് നിലയ്ക്കൽ – പമ്പ റൂട്ടിലായിരിക്കും ഇവയുടെ പ്രഥമ സർവ്വീസ്. ഇതോടെ സൗത്ത് ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസ്സുകൾ ഓടിക്കുന്ന ആദ്യത്തെ സംസ്ഥാനം എന്ന ഖ്യാതി ഇനി കേരളത്തിനാണ്.
നിലവിൽ ചില സ്‌കാനിയ ബസ്സുകൾ സർവ്വീസ് നടത്തുന്നതുപോലെ വാടക ബസുകളായിട്ടായിരിക്കും ഇവ സർവ്വീസ് നടത്തുക. പത്തു വർഷത്തേക്കാണ് വാടക കരാർ കാലാവധി. കിലോമീറ്ററിന് 43 രൂപ 20 പൈസ നിരക്കിലായിരിക്കും ബസ്സുകളുടെ വാടക. വാടക കാലാവധിയിൽ ബസ്സുകളുടെ അറ്റകുറ്റപ്പണികളും കമ്പനി വഹിക്കും. കൂടാതെ ബസ്സുകളുടെ ഡ്രൈവർമാർ കമ്പനി വകയായിരിക്കും കണ്ടക്ടർ മാത്രമായിരിക്കും കെഎസ്ആർടിസിയുടെ ഭാഗത്തു നിന്നും ഉണ്ടാകുക. പക്ഷേ ശബരിമല സ്പെഷ്യൽ നിലയ്ക്കൽ- പമ്പ റൂട്ടിൽ സർവ്വീസ് നടത്തുമ്പോൾ ഈ ബസ്സുകൾക്ക് കണ്ടക്ടർ ഉണ്ടായിരിക്കില്ല.
ഈ വർഷത്തെ മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമലയിൽ നിലയ്ക്കൽ – പമ്പ റൂട്ടിൽ കെഎസ്ആർടിസി ബസ്സുകൾ മാത്രമായിരിക്കും സർവ്വീസ് നടത്തുക. ഭക്തരുടെ തിരക്ക് പരിഗണിച്ചുകൊണ്ടാണ് ഈ തീരുമാനം. നിലയ്ക്കൽ – പമ്പ റൂട്ടിൽ ഇത്തവണ തീർത്ഥാടകർക്ക് ഓൺലൈനായിട്ടും അല്ലാതെയും ബസ് ടിക്കറ്റുകൾ എടുക്കുവാനുള്ള സൗകര്യങ്ങൾ കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈനായോ അല്ലെങ്കിൽ അവിടെയുള്ള കെഎസ്ആർടിസി ടിക്കറ്റ് കൗണ്ടറുകളിൽ നിന്നോ എടുക്കാവുന്നതാണ്. ഇതിനു പുറമെ യാത്രക്കാർക്കായി പമ്പയിൽ 15 സെൽഫ് സർവ്വീസ് ടിക്കറ്റ് കിയോസ്‌ക്കുകളും സജ്ജമാക്കിയിട്ടുണ്ട്.
നിലയ്ക്കൽ – പമ്പ റൂട്ടിൽ മടക്കയാത്ര ടിക്കറ്റ് അടക്കവും അല്ലാതെയും ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ സൗകര്യമുണ്ട്. ഓൺലൈൻ അല്ലാതെ കൗണ്ടറിൽ നിന്നും നേരിട്ട് എടുക്കുന്ന ടിക്കറ്റുകൾ കാശു കൊടുത്തും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴിയും എടുക്കാം. ഇലക്ട്രിക് ബസ്സുകൾ ശബരിമല സ്പെഷ്യലായി സർവ്വീസ് നടത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
ശബരിമല സീസൺ കഴിയുന്നതോടെ ഈ ബസ്സുകൾ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സർവ്വീസുകൾ നടത്തും. എസി ലോഫ്‌ളോർ ബസ്സുകളുടെ സമാനമായ നിരക്കുകൾ ആയിരിക്കും ഇലക്ട്രിക് ബസുകളിലും ടിക്കറ്റ് ചാർജ്ജുകൾ. സാധാരണ ഡീസൽ ബസ്സുകൾക്ക് ഒരു കിലോമീറ്റർ ഓടുവാനായി 30 രൂപയോളം വേണമെന്നിരിക്കെ കിലോമീറ്ററിന് വെറും നാല് രൂപയുടെ വൈദ്യുതി മതി ഈ ബസ്സുകൾക്ക്. ഒരു തവണ ചാർജ്ജ് ചെയ്‌താൽ 250 കിലോമീറ്ററോളം ഈ ബസുകൾ ഓടും.