കെഎസ്ആർടിസിയെ സ്നേഹിക്കുന്നവരാണ് മലയാളികളിൽ ഭൂരിഭാഗവും. എന്നാൽ ചില അവസരങ്ങളിൽ ചില കെഎസ്ആർടിസി ജീവനക്കാരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റങ്ങൾ മൂലം കെഎസ്ആർടിസിയെ സ്നേഹിക്കുന്നവർക്കും ദുരനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരനുഭവമാണ് ഫോട്ടോഗ്രാഫറും സർക്കാർ ഉദ്യോഗസ്ഥനുമായ വയനാട് സ്വദേശി സലാം അറയ്ക്കലിനു പറയുവാനുള്ളത്. സലാം അറയ്ക്കൽ പകർത്തുന്ന ഭൂരിഭാഗം ചിത്രങ്ങളിലും ആനവണ്ടികളെ നമുക്ക കാണാവുന്നതാണ്. ഫോട്ടോഗ്രാഫർക്ക് ആനവണ്ടികളോടുള്ള കമ്പം തന്നെയാണിതിനു പ്രധാന കാരണവും. അദ്ദേഹത്തിന് ഒരു കെഎസ്ആർടിസി യാത്രയിൽ നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു..

“ഞാനും ആനവണ്ടിയും തമ്മിലുള്ള ബന്ധമെന്താണ്. വളരെ ലളിതം . എന്റെ ഫ്രയിമിനെ ഭംഗിയാക്കുന്ന ഒരു വസ്തുവിൽ കവിഞ്ഞ ബന്ധമൊന്നും ഞാൻ സൂക്ഷിച്ചിരുന്നില്ല എന്ന് വേണം പറയാൻ. എങ്കിലും എന്റെ ബസ്സ് യാത്രകളിൽ ഞാൻ മുൻഗണന കൊടുക്കുന്നതും ആന വണ്ടിക്കു തന്നെയാണ്. ഒരിക്കൽ ഞാനും Anees k Mappila കൂടി എന്റെ ബൈക്കിൽ എതിരെ ഓവർ ടേക്ക് ചെയ്തു കയറിവന്ന ആന വണ്ടിയിൽ നിന്നും രക്ഷപ്പെടാൻ റോഡിൽ നിന്നിറക്കി കഷ്ടപ്പെട്ടപ്പോൾ അവൻ പറഞ്ഞ ഒരു സർക്കാസം ” എന്നാലും നിങ്ങളോട് ഇത് ചെയ്യാൻ പാടില്ലായിരുന്നു ” എന്നാണ്. ഞാൻ എന്നല്ല ആരോടും പ്രതേക പരിഗണനകൾ നൽകുന്നതിന് ആന വണ്ടികൾക്ക് അത് നയിക്കുന്നവർക്ക് ശീലമില്ല എന്ന് അറിയേണ്ടതുണ്ട്.

ഇനി ഒരു ദിവസം ഞാൻ കേരളത്തിന്റെയും കര്ണാടകയുടെയും തമിഴ്നാടിന്റേയും സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ്സുകളിൽ യാത്ര ചെയ്ത അനുഭവത്തിൽ നിന്നും വായിച്ചെടുക്കേണ്ട സത്യമുണ്ട്. അത് വായിച്ചു നിങ്ങൾ തീരുമാനിക്കുക ബന്ധങ്ങളുടെ വിലമതിപ്പ്. കഴിഞ്ഞ ആഴ്ച ബാങ്ക്ലൂരിലേക്ക് പോകുന്നതിനാണ് ഞാൻ ബത്തേരി ഡിപ്പോയിൽ എത്തിയത് സമയം ഉച്ച ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. അന്വേഷിച്ചപ്പോൾ ഉടനെ ഒരു ബസ്സ് വരാനുണ്ടെന്നു അറിയുന്നു. പത്തു മിനിറ്റ് കൊണ്ട് ആ ഹരിത സുന്ദരി പ്രത്യക്ഷപ്പെട്ടു. ഞാൻ ടിക്കെറ്റ് മൈസ്സൂർക്ക് എടുത്തു . വിശപ്പ് ആയിരുന്നു ഒരു കാരണം. വഴിയിൽ ഭക്ഷണം കഴിക്കാൻ നിര്ത്തുന്നുവെങ്കിലും യാത്ര സുഖകരമെങ്കിലും ബാന്ഗ്ലൂർക്ക് അതെ വണ്ടിയിൽ പോകാം എന്നും കരുതി.

ഗുണ്ടൽപേട്ട് കഴിഞ്ഞു ഏതാനും കിലോമീറ്റർ അപ്പുറത്തു ഒരു റെസ്റ്റോറന്റിന്റെ മുമ്പിൽ വണ്ടി പാർക്ക് ചെയ്തു. അവിടെ വേറെയും രണ്ടു മൂന്നു ബസ്സുകൾ ഉണ്ടായിരുന്നു. ആ ഹോട്ടൽ അല്ലാതെ അവിടം മറ്റു കടകളൊന്നും ഇല്ല. ഒരു വിജനമായ സ്ഥലം. സാമാന്യം നല്ല തിരക്കുണ്ട്. ഭക്ഷണം കിട്ടി കഴിച്ചു കൈ കഴുകി ബാത്റൂമിൽ പോയി തിരികെ വണ്ടിയുടെ അടുത്തേക്ക് വരുമ്പോളാണ് ആ കാഴ്ച കാണുന്നത്. ഹരിത സുന്ദരി പൊടിയും പറത്തി പറന്നു പോകുന്നു. ഞാൻ പുറകിൽ ഓടി ബഹളമുണ്ടാക്കി . ആരോട് പറയാൻ… ആര് കേൾക്കാൻ…

ഇനി എന്ത് ? അതാണ് ഞാൻ ആലോചിച്ചത്. എന്റെ ബാഗ് അതിൽ ആയിപ്പോയി അല്ലെങ്കിൽ പോട്ട് പുല്ല് എന്ന് വക്കാം. അടുത്ത ബസ്സിന്‌ പുറകിൽ വിട്ടിട്ടു വല്യ കാര്യമൊന്നും ഉണ്ടാകില്ല. ഏതെങ്കിലും കാറിനു കൈ കാണിച്ചു അതിനെ ചേസ് ചെയ്യുകയാണ് നല്ലതെന്നു തോന്നി ഞാൻ റോഡ് ക്രോസ്സ് ചെയ്യാനായി കുതിച്ചു. ആരെങ്കിലും നിർത്തി സഹായിക്കുമോ എന്നായിരുന്നു ആശങ്ക. ഒരു രെജിസ്റ്റർ ചെയ്യാത്ത ഡ്യൂക് ബൈക്കിൽ ഒരു ദൈവ ദൂതൻ പ്രത്യക്ഷപ്പെട്ടു. ഞാൻ റോഡ് ക്രോസ്സ് ചെയ്തിട്ടുപോലും ഇല്ല. അയാൾ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു കേറൂ എന്ന്. അയാൾ കാര്യം മനസ്സിലാക്കിയിരുന്നു. അയാൾ എവിടെ നിന്നാണ് വന്നതെന്നും ആരാണയാളെ ഇവിടെ എത്തിച്ചതെന്നും അജ്ഞാതമാണ്.

വായുദൂതന്റെ ശ്രമം വിജയിച്ചു അഞ്ചാറു കിലോമീറ്ററിൽ ഹരിത സുന്ദരിക്ക് വട്ടം വച്ച് നിർത്തി. അയാളോട് പറയാൻ എനിക്ക് പറയാൻ വാക്കുകൾ ഒന്നും കിട്ടിയില്ല. നന്ദിയോടെ പുറത്തു തട്ടിയ ശേഷം ഞാൻ ബസ്സിലേക്ക് കയറി. കണ്ടക്ടർ പറഞ്ഞ ന്യായം കേട്ട് ഞാൻ വീണ്ടും ഞെട്ടി. ഒരാൾ കുറവുണ്ടെന്ന് അറിഞ്ഞിരുന്നു. അവിടെ ഇറങ്ങി പോയി എന്നാണ് യാത്രക്കാർ പറഞ്ഞത് എന്ന്. ആ നിരുത്തരവാദ മറുപടിയിൽ എനിക്ക് കടുത്ത നിരാശയാണ് തോന്നിയത്. ഒരു തർക്കത്തിനോ ക്ഷോഭം പ്രകടിപ്പിക്കുന്നതിനോ ഞാൻ മുതിർന്നില്ല.

മൈസൂരിൽ വെച്ച് ഞാൻ വണ്ടിയിൽ നിന്നിറങ്ങി. ആനവണ്ടിയിൽ യാത്ര ബാങ്ക്ലൂർ വരെ തുടരാൻ എനിക്ക് തോന്നിയില്ല. ഒരു ഫോട്ടോ എടുത്തു വച്ച് തുടർ യാത്ര ഐരാവതിലേക്കു മാറ്റി. സുഖ ശീതള സ്വസ്ഥ യാത്ര. സാറ്റലൈറ്റ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ ഏഴര. ഇലക്ട്രോണിക് സിറ്റിയിലേക്ക് പോകുന്നതിനുള്ള എളുപ്പ വഴി എനിക്കൊരാൾ പറഞ്ഞു തന്നിരുന്നു. സേലത്തേക്ക് പോകുന്ന തമിഴ്‌നാട് നാട് ബസ്സിൽ കയറി കൃഷ്ണഗിരി ടിക്കറ്റ് എടുക്കുക എന്നിട്ട് ട്രോൾ പ്ലാസയിൽ ചാടി ഇറങ്ങുക. ഈ ആശയം ഞാൻ കണ്ടക്ടറുമായി പങ്കുവച്ചു. അയാൾ പുഞ്ചിരിച്ചു കൊണ്ട് സമ്മതിച്ചു. അങ്ങിനെ ഒരേ നാൾ മൂന്നു സംസ്ഥാനങ്ങളുടെ ബസ്സുകളിൽ നടത്തിയ യാത്രാനുഭവം വേറൊരു ഭാണ്ഡകെട്ടാക്കി ഞാൻ പത്തുമണിക്ക് എന്റെ ഡെസ്റ്റിനേഷനിൽ ഇറങ്ങി.

എനിക്ക് പരാതികൾ ഇല്ല. ഒന്നേ പറയുന്നുള്ളൂ വഴിയിൽ ഒരു യാത്രക്കാരനെയും ഉപേക്ഷിക്കരുത് . അയാളുടെ കണ്ണിലും നെഞ്ചിലും ഇരുട്ട് കയറും. (ബോധപൂർവം ബസ്സിന്റെ നമ്പറുകൾ ഞാൻ മായ്ക്കുന്നു.)”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.