കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് സർവ്വീസ് ആരംഭിക്കുന്നു. റെയിൽവേയുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ലഭിക്കുന്നത് രാജ്യവ്യാപകമായുള്ള ചരക്ക് സേവനങ്ങളിൽ നിന്നാണ്. പല ട്രാൻസ്പോർട്ട് കോർപ്പറേഷനുകളും യാത്രാക്കാരിൽ നിന്ന് ലഭിക്കുന്ന ടിക്കറ്റ് വരുമാനത്തിൽ നിന്ന് ലാഭം ഉണ്ടാക്കാൻ സാധിക്കാത്ത വിധത്തിൽ ഡീസൽ, സ്പെയർ പാർട്സ് വിലവർദ്ധനവ് ഉണ്ടായതിനെ തുടർന്ന് മറ്റ് ടിക്കറ്റേതിര വരുമാന മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.

യാത്രക്കാര്‍ കുറഞ്ഞതിനാല്‍ വരുമാനം ഇടിഞ്ഞ കെ.എസ്.ആർ.ടി.സി യും ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ ആരംഭിച്ചു വരികയാണ്. അത്തരത്തിലുള്ള ശ്രമങ്ങളുടെ ഭാഗമായി “KSRTC LOGISTICS” എന്ന പേരിൽ പാഴ്സൽ സർവ്വീസ് ആരംഭിക്കുകയാണ്.

കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന ഒരു വിഭാഗം ആരംഭിച്ച് ചരക്ക് കടത്ത് സേവന മേഖലയിലേക്കും കെ.എസ്.ആർ.ടി.സി പ്രവേശിക്കുകയാണ്.

കോവിഡ് 19-ന്റെ ഭാഗമായി സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവന കിറ്റുകളുടെ വിതരണത്തിനായി SUPPLYCO യ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ട് “KSRTC LOGISTICS” ആരംഭം കുറിച്ചിരിക്കുകയാണ്. പ്രതിമാസം 1,25,000 രൂപയ്ക്ക് 5 വാഹനങ്ങളാണ് SUPPLYCO വാടകയ്ക്ക് എടുക്കുന്നത്. പരമാവധി 2500 കി.മീ. ദൂരത്തിനാണ് ഈ വാടക ഇതിൽ അധികരിക്കുന്ന ഓരോ കി.മീറ്ററിനും 50 രൂപയാണ് അധിക വാടക നിശ്ചയിച്ചിരിക്കുന്നത്.

പാഴ്സല്‍ സര്‍വീസിന്റെ ഉദ്ഘാടനം സപ്ലൈകോ പാലക്കാട് ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി എ ഉബൈദ് നിർവഹിച്ചു.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, വിവിധ യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യ പേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും GPS അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു ഭാഗം നടത്തുന്ന വിധത്തിലേക്ക് “KSRTC LOGISTICS” സംവിധാനം വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.