ആനവണ്ടി എന്നത് നമ്മൾ മലയാളികളുടെ ഒരു നൊസ്റ്റാൾജിയയാണ്. ആ നൊസ്റ്റാൾജിക് ഓർമ്മകളുടെ കൈപിടിച്ച് കോഴിക്കോട് സ്വദേശിയും സഞ്ചാരിയുമായ ഷിജു കെ.ലാൽ എഴുതിയ ലേഖനം ഒന്നു വായിക്കാം.

‘ആനവണ്ടി’ എന്ന പേരു മനസ്സിൽ പതിയുന്നത് കുട്ടിക്കാലത്തെ വയനാടൻ യാത്രകളിലൂടെ ആണ്. അന്ന് കോഴിക്കോട് നിന്നും ബത്തേരിക്കു പോകാൻ ഏക ആശ്രയം ആനവണ്ടി ആയിരുന്നു എന്നാണ് എന്റെ ഓർമ്മ.

കോഴിക്കോട്ടെ ആ പഴയ KSRTC സ്റ്റാണ്ടിന്റെ ചിത്രം അറിയാതെ മനസ്സിൽ നിറയുന്നുണ്ട് ഇപ്പോൾ. സ്റ്റാണ്ടിനോട് ചേർന്നു കോണ്ക്രീറ്റ് സീറ്റുകൾ ഉള്ള വെയ്റ്റിങ് മറയും, അലുവാ സ്റ്റേഷനറി സ്റ്റാളുകളും, കേറാൻ അറപ്പു തോന്നുന്ന ബാത്രൂമും, വിവരങ്ങൾ ചോദിക്കേണ്ട നീല നിറം ഉള്ള ചെറിയ ജനൽ പാളികളും, സധാ തിരക്കുള്ള മുഖഭാവത്തിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരും, വന്നു പോകുന്ന ബസ്സുകളുടെ അന്നൗൻസ്മെന്റും, മഴ പെയ്താൽ ചളി പിളി ആകുന്ന സ്റ്റാന്റും എല്ലാം ഓർമ്മകൾ.

ഇന്ന് ആർക്കും ഇതുവരെ ഉപകാരം വരാത്ത മുറികൾ നിറഞ്ഞ ആകാശ ഗോപുരം ആണ് കോഴിക്കോട് സ്റ്റാൻഡ്. ബസ്സുകളും സ്റ്റാന്റും ആധുനികതയുടെ മുഖംമൂടി അണിഞ്ഞത് ആശ്വാസം.

അന്ന് അച്ഛന്റെ കൈ പിടിച്ചു വയനാട് ബസ്സ്‌ കയറുമ്പോൾ മുന്നിലെ സീറ്റ് കിട്ടാൻ കൊറേ അടി ഉണ്ടാക്കണം. അപകടം കൂടുതൽ ആണെന്നു പറഞ്ഞു മിക്കാവാറും ആ അടിപിടിയിൽ ഞാൻ ദയനീയമായി പരാജയപ്പെടും. എങ്കിലും നോട്ടം എപ്പോഴും ആ വലിയ ബസ്സിനെ ഒരു മൂലയിലെ ചെറിയ ഒറ്റയാൾ സീറ്റിൽ ഇരുന്നു നിയന്ത്രിക്കുന്ന ഡ്രൈവറുടെ മേൽ ആയിരിക്കും. അന്നൊന്നും ഇന്നത്തെ പോലെ പവർ സ്റ്റിയറിങ് ഒന്നും ഇല്ലല്ലോ. രണ്ടു കൈ കൊണ്ടും തിരിച്ചു തിരിച്ചു ചുരം കയറ്റുന്ന ഡ്രൈവർ എനിക്ക് സൂപ്പർമാനേക്കാളും മുകളിൽ ആയിരുന്നു.

ഡ്രൈവിങ്ങിൽ ഏറെ കൗതുകം അന്നത്തെ ഗിയർ മാറ്റുന്ന സീൻ ആണ്. ചുരം വളവിൽ ഒക്കെ രണ്ടു കൈ കൊണ്ട് ഗിയർ പിടിച്ചു ചെറുതായി മേലേക്ക് ഉയർത്തി എടുത്തു അടുത്ത ഗിയറിലേക്ക് വലിച്ചു ഇടുന്ന ഒരു സീൻ ഉണ്ട്. എന്നിട്ടു പിറകോട്ട് ഒരു നോട്ടവും ഉണ്ട് ഡ്രൈവർക്ക്. ഹോ… അതൊക്കെ ഒരു കാലം. കോഴിക്കോട് നിന്നും ബസ്സ് എടുത്താൽ അടിവാരത്ത് അന്ന് എല്ലാ ബസ്സും നിർത്തുമായിരുന്നു, എല്ലാവരും ഇറങ്ങി ഒരു ചായ കുടിയും, ഭക്ഷണം കഴിക്കലും (സമയത്തിന് അനുസരിച്ചു) കഴിഞ്ഞേ ബസ്സ് ചുരം കയറൂ. ഏതു സമയത്തുള്ള ബസ്സ്‌ ആണെന്നാലും അടിവാരത്ത് നിർത്തി വിശ്രമിക്കാതെ ചുരം കേറുന്ന പരിപാടി ഇല്ലായിരുന്നു എന്നാണ് എന്റെ ഓർമ്മകൾ.

തണുത്തു വിറക്കാതെ വേനൽ, മഴ, മഞ്ഞുകാല വ്യത്യാസം ഇല്ലാതെ ഒരിക്കൽ പോലും അന്നൊക്കെ ഞാൻ ചുരം കയറിയിട്ടില്ല.ചുരം കയറി തുടങ്ങുമ്പോൾ തന്നെ കോടമഞ്ഞും, മഴയും, കാടുനിറക്കും. ഡ്രൈവർ വളവുകൾ ഒക്കെ തിരിച്ചെടുക്കുന്ന കാഴ്ച്ച ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു, പ്രത്യേകിച്ചും മുകളിലെ വ്യൂ പോയിന്റിലെ വളവു. ഇന്ന് കാണും പോലെ വല്ല്യ ഇരുമ്പു പാളികളുടെ സുരക്ഷാ ഭിത്തികൾ ഒന്നും അന്ന് ഇല്ല. മിക്കപ്പോഴും ആ ഭിത്തിയിൽ ഒരു പൊട്ടൽ ഉണ്ടാകും. ചുരം കേറി കഴിഞ്ഞാൽ മിക്കപ്പോഴും ഞാൻ ഉറക്കത്തിലേക്ക് വീഴും. പിന്നെ മഞ്ഞിൽ മൂടിയ ബത്തേരി സ്റ്റാൻഡ് ആണ് തെളിഞ്ഞു വരിക.

ഇപ്പോൾ അതുവഴി പോകുമ്പോൾ ഞാൻ ഓർക്കാറുണ്ട് സധാ മഞ്ഞു മൂടിയ ആ വയനാടിനെ.. ബത്തേരിയെ…!!!

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.