കെഎസ്ആർടിസി എന്നത് മിക്കയാളുകൾക്കും ഒരു നൊസ്റ്റാൾജിയ ആയിരിക്കും. കെഎസ്ആർടിസി ബസ്സിലെ സ്ഥിരമായ യാത്രകൾ, സഹയാത്രികർ, ബസ് ജീവനക്കാർ, രസകരമായ സംഭവങ്ങൾ അങ്ങനെയങ്ങനെ.. നമ്മൾ സമൂഹത്തിലെ ഉന്നത നിലയിൽ എത്തിയാലും കെഎസ്ആർടിസിയിലെ ആ യാത്രകൾ ഒരിക്കലും മറക്കാൻ പറ്റില്ല. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് പത്തനാപുരം മൗണ്ട് താബോർ ട്രെയിനിങ് കോളേജിലെ പ്രിൻസിപ്പൽ റോസമ്മ ഫിലിപ്പ് ഫേസ്‌ബുക്കിൽ കുറിച്ച കെഎസ്ആർടിസി ഓർമ്മകൾ. റോസമ്മ ടീച്ചറുടെ കുറിപ്പ് താഴെ കൊടുക്കുന്നു.
“രണ്ടായിരാമാണ്ട് തുടക്കത്തിൽ ടാറ്റാ സുമോയിൽ വീട്ടിലെത്തിയ സുഹൃത്തിന്റെ വാഹനം മക്കൾ കൗതുകത്തോടെ നോക്കി. വലുപ്പം, സീറ്റിന്റെ എണ്ണം തുടങ്ങി സവിശേഷതകൾ സുഹൃത്തിന്റെ മക്കൾ എന്റെ മക്കളോട് വർണ്ണിച്ചു കൊണ്ടിരുന്നു. പിടിച്ചു നിൽക്കണ്ടേ… അവർ പറഞ്ഞു “ഞങ്ങളുടെ വണ്ടി ഇതിനേക്കാൾ വളരെ വലുതാണ്.. നിങ്ങൾ റോഡിൽ കാണുന്ന KSRTC ബസില്ലേ? അത് ഞങ്ങളുടെ അമ്മയുടെതാണ്.” ആ കുഞ്ഞുങ്ങൾ എന്നെ ആദരവോടെ നോക്കി. സുമോയിലെത്തിയ പൈതങ്ങൾ, “ഞങ്ങളെ KSRTC യിൽ ഒന്നു കേറ്റണേ പപ്പാ” എന്നു വാശി പിടിച്ചു മടങ്ങിപ്പോയി.. KSRTC ബസിന്റെ പല വർണങ്ങളിലെ ടിക്കറ്റുകൾ എന്റെ മക്കൾക്ക് അന്ന് കളിപ്പാട്ടമായിരുന്നു.
പുതിയ വിദ്യാലയ വർഷം തുടങ്ങുമ്പോൾ, KSRTC യിൽ എന്റെ ദീർഘദൂരയാത്രയുടെ 25 വർഷം പൂർത്തിയാകുന്നു. ദിവസേന ശരാശരി 4 മണിക്കൂർ കണക്കാക്കിയാൽ ഞാൻ കഴിഞ്ഞ 25000 മണിക്കൂർ ചിലവഴിച്ചത് KSRTC ബസിലായിരുന്നു. “യ്യൊ.. എന്തൊരു കഷ്ടപ്പാടാ.. അവിടെ കോളേജിനടുത്ത് താമസിക്കരുതോ… ഗ്ലാമർ പോയല്ലോ…” എന്നിങ്ങനെ പരിതപിക്കുന്ന പ്രിയപ്പെട്ടവരെക്കാൾ എനിക്ക് കടപ്പാടും സ്നേഹവും KSRTC ബസ് ജീവനക്കാരോടാണ്. ഈ യാത്രയിൽ ഒരു മൈക്രോ സെക്കന്റിൽ ഒരു ഡ്രൈവർക്ക് ഒരു പിഴവു വന്നിരുന്നെങ്കിൽ… ഞങ്ങൾ അനേകരെ യഥാ സ്ഥലങ്ങളിൽ കൃത്യസമയത്ത് എത്തിക്കുന്ന പ്രിയ സഹോദരങ്ങൾ സംരക്ഷകരാണ്. കാലത്ത് 7.30 ന് അങ്ങോട്ടേക്ക്. തിരികെ വൈകിട്ട് 7.30 ന് മടക്കം.
സ്വന്തം വീട്ടിലെ ചെടികളിൽ പൂക്കൾ വിരിയുന്നത് കാണാറില്ലെങ്കിലും, സഞ്ചാര വഴികളിലെ ചെടികളും മരങ്ങളും പൂവിടുന്നത് എനിക്കുവേണ്ടി കൂടിയാണല്ലോ.. വീടുകൾ രൂപം മാറുന്നതും, വീട്ടുമുറ്റത്തെ പന്തലുകളിൽ നിറങ്ങൾ കറുപ്പായി പരിണമിക്കുന്നതും പലതും ഓർമ്മിപ്പിക്കാറുണ്ട്. മൗനമാണ് യാത്രയുടെ ആർഭാടം. എങ്കിലും, സമീപത്തിരിക്കുന്ന ചില ശിഥില ഹൃദയങ്ങൾ തുറക്കുമ്പോൾ എന്റെ ഹൃദയവും കഴുകാറുണ്ട്. ആരാധനാലയത്തേക്കാൾ ആത്മശോധന ഒരുക്കുന്ന ഇടമാണ് ബസിലെ ഇരിപ്പിടം.
സ്വന്തം ക്ലാസ്സിലിരുന്നു പഠിച്ച പത്തിലധികം പേർ കണ്ടക്ടർ തസ്തികയിൽ ജോലിയിലുണ്ട്. വനിതാ രത്നങ്ങളും. സുനീഷ്, അനീഷ്, ജയേഷ്, ബിനു രാജ്.. ഇതെഴുതുമ്പോൾ “യോയോ സുഷ്” എന്ന സുനീഷ് മാഷ് സുൽത്താൻ ബത്തേരി ഓട്ടത്തിലാണ്. തിരുവനന്തപുരം – കോഴിക്കോട് – തോട്ടിൽപ്പാലം ജയേഷ് ആണ് ദീർഘദൂര ഓട്ടക്കാരൻ. പത്തനം തിട്ട – പുനലൂർ ബിനു രാജ് സാമൂഹ്യ ശാസ്ത്രത്തിൽ MPhil ബിരുദധാരി.
കുറഞ്ഞത് ഹയർ സെക്കന്ററി തലത്തിലെങ്കിലും അധ്യാപകരാവാൻ യോഗ്യതയുള്ളവരാണ് നമ്മുടെ കണ്ടക്ടർമാരിൽ അധികവും എന്ന് പൊതുജനത്തിന് അറിയുമോ? സിംഗിൾ ബെല്ലാൽ സിലബസ്സിന്റെ കാണാപ്പുറങ്ങൾ പങ്കുവയ്ക്കേണ്ടവർ, ഡബിൾ ബല്ലാൽ ബസിനെ നയിക്കുന്ന ‘facilitators’…’scaffolders ‘ … ആദരവുണ്ടേ….
കഴിഞ്ഞ 25 വർഷമായി ഒരു കടലാസു തുണ്ടില്ലാതെ കൈയ്യും വീശി ക്ലാസ്സിൽ പോകാൻ എന്നെ തയ്യാറാക്കിയത് KSRTC ബസ്സിലെ യാത്രയാണ്. ചിന്തകളെ പവർ പോയിന്റ് സ്ലൈഡുകളാക്കി എന്റെ തലച്ചോറിൽ ക്രമപ്പെടുത്തിത്തന്നത് ബസ്സിലെ ഇരിപ്പിടമാണ്. പുലർകാലത്ത്, കോളേജിന്റെ പടിവാതിലെത്തുമ്പോൾ നിറങ്ങളുടെ വസന്തോത്സവത്തിലേക്ക് കാലൂന്നുവാനും, സായംകാലത്ത് വീടണയുമ്പോൾ തിളക്കമുള്ള ദീപോത്സവങ്ങളിലേക്ക് ഉണർന്നിറങ്ങാനും എന്റെ വിചാരങ്ങളെ വിശുദ്ധീകരിക്കുന്നത് KSRTC യിലെ യാത്രയിലൂടെയാണ്.
അതെ… യാത്ര ഒരു ധ്യാനമാണ്. യാത്ര തുടരുന്നു… തുടർയാത്രകൾ ഉടലിൽ ചില ഉടച്ചിലുകൾ തീർത്തേക്കാം.. പക്ഷേ മനസ്സും മസ്തിഷ്കവും അണയില്ല. വിളക്കല്ല ഞാൻ..വെളിച്ചമാകാനിഷ്ടം…with KSRTC.”