ഒറിജിനലിനെ വെല്ലുന്ന കെഎസ്ആർടിസിയുടെ മിനിയേച്ചർ മോഡലുകൾ നാം പലപ്പോഴായി സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ക്രിയേഷനുകൾ ചേർത്തുകൊണ്ട് ഒരു എക്സിബിഷൻ തന്നെ വെച്ചാലോ? കെഎസ്ആര്‍ടിസി ഇതു വരെ ഇറക്കിയ മോഡലുകളില്‍ 40 ബസുകളുടെ മാതൃകകള്‍ ഉൾപ്പെടുത്തിക്കൊണ്ട് ‘ആനവണ്ടി എക്‌സ്‌പോ’ എന്ന ഒരു പ്രദര്‍ശനം സംഘടിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് മിനിയേച്വര്‍ ക്രാഫ്‌റ്റേഴ്‌സ് എന്ന കൂട്ടായ്മ. തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിലാണ് വ്യത്യസ്തവും കൗതുകം ജനിപ്പിക്കുന്നതുമായ ഈ പ്രദർശനം നടന്നത്.
പ്രദർശനത്തിൽ കെഎസ്‌ആർടിസി വിന്റേജ് ബെൻസ് മോഡലുകൾ മുതൽ സ്‌കാനിയ, വോൾവോ തുടങ്ങി ന്യൂജെൻ പരിഷ്കാരിയായ ഇലക്ട്രിക് ബസുകൾ വരെയുണ്ട്. ടാറ്റയുമായി സഹകരിച്ച് ഇറക്കിയതും 1960 കളില്‍ ഉണ്ടായിരുന്നതുമായ ബെന്‍സ് ബസുകള്‍, എഴുപതുകളില്‍ സിറ്റി ഫാസ്റ്റ് ആയും ഓര്‍ഡിനറിയായും സര്‍വീസ് നടത്തിയിരുന്ന ലെയ്ലാന്‍ഡ് കോമറ്റ് ബസുകള്‍, തിരുവനന്തപുരം നഗരത്തില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഓടിയിരുന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍, തിരുവനന്തപുരം നഗരത്തില്‍ മാത്രം ഓടിയിരുന്ന പച്ചയും ചുവപ്പും നിറത്തിലുള്ള സിറ്റി ബസുകള്‍ തുടങ്ങിയവ യാത്രക്കാര്‍ക്ക് ഓര്‍മകളിലേക്കുള്ള സഞ്ചാരമായി.
2017 ൽ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് ഇറക്കിയ സന്ദേശവാഹിനി ‘ജലജ’ ബസുകൾ, സ്ത്രീ സുരക്ഷാ സന്ദേശം പ്രചരിപ്പിക്കാൻ ഇറക്കിയ ‘പിങ്ക് ബസ്’, കോട്ടയം – വാഗമൺ റൂട്ടിന്റെ സ്വന്തം ‘ചങ്ക്’ ബസ്, ആദ്യ കാലത്തെ ട്രെയിലർ ബസുകൾ, ഇവ നിർത്തലാക്കിയതിന് ശേഷം ഇവയുടെ തലഭാഗം ഉപയോഗിച്ച് ഇറക്കിയ കെഎസ്‌ആർടിസി ലോറി, ടാങ്കറുകളും തുടങ്ങി ഓരോ മോഡലിനൊപ്പവും അവയെക്കുറിച്ചുള്ള ചെറു വിവരണവും സംഘാടകർ തയ്യാറാക്കി. ബസ്സുകളുടെ ബോഡി മാത്രമല്ല, സീറ്റുകൾ, സ്റ്റീയറിംഗ് വീൽ, ഗിയർ ലിവർ തുടങ്ങി ഡ്രൈവർമാർ സൂക്ഷിക്കുന്ന കുടിവെള്ള ബോട്ടിൽ വരെ വളരെ സൂക്ഷ്മതയോടെയാണ് ഇവർ തയ്യാറാക്കിയിരിക്കുന്നത്.
കെഎസ്ആർടിസിയെ സ്നേഹിക്കുന്ന 35 കലാകാരന്മാർ ചേർന്നാണ് ഈ 40 ബസുകളുടെ മോഡലുകൾ ഒരുക്കിയത്. അധ്യാപകരും വിദ്യാർഥികളും എൻജിനിയർമാരും മുതൽ വിവിധ മേഖലകളിൽനിന്നുള്ള കലാകാരന്മാരാണ് കുഞ്ഞൻ കെഎസ്‌ആർടിസികളുടെ ശിൽപ്പികൾ. എട്ട് മാസം നീണ്ട തയ്യാറെടുപ്പിന്റെ ഫലമാണ് പ്രദർശനം,’ ഗ്രൂപ്പ് അഡ്‌മിൻ രഞ്ജിത് തോമസ് പറഞ്ഞു. അവിനാശി അപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെയും യാത്രക്കാരെയും അനുസ്മരിച്ചായിരുന്നു പ്രദര്‍ശനം.
വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ, മിനിയേച്വര്‍ ക്രാഫ്‌റ്റേഴ്‌സ് ഫേസ്‌ബുക്ക് ഗ്രൂപ്പ്.