ഇന്ന് (മാർച്ച് 4) തിരുവനന്തപുരത്ത് കെഎസ്ആർടിസി നടത്തിയ മിന്നൽ പണിമുടക്കിൽ തലസ്ഥാന നഗരി സ്തംഭിച്ചത് നാലു മണിക്കൂറോളം. ഒടുവിൽ സമരം അവസാനിപ്പിച്ചപ്പോൾ നഷ്ടപ്പെട്ടതോ ഒരു പാവം മനുഷ്യന്റെ ജീവനും.
തലസ്ഥാന നഗരിയെ നാലു മണിക്കൂറോളം വിഷമിപ്പിച്ച സംഭവം ഇങ്ങനെ – ആറ്റുകാല്‍ ഉത്സവത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസുകള്‍ ചെയിന്‍ സര്‍വീസിന് കിഴക്കേകോട്ട ഗാന്ധിപാര്‍ക്കിന് സമീപത്തെ സ്റ്റാന്‍ഡിലും സ്റ്റോപ്പിലുമായി നിരത്തിയിട്ടിയിരിക്കുകയായിരുന്നു. യാത്രക്കാര്‍ നിറയുന്നതിനനുസരിച്ചാണ് ഓരോ ബസും ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നത്. ഇതിനിടെ സമയം തെറ്റിച്ച് കുളങ്ങര ട്രാവല്‍സ് എന്ന സ്വകാര്യ ബസ് എത്തി. ഇതിനെചൊല്ലി കെഎസ്ആര്‍ടിസി ജീവനക്കാരും സ്വകാര്യബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം തുടങ്ങി.
വിവരമറിഞ്ഞ് കെഎസ്ആര്‍ടിസി സിറ്റി ഡിപ്പോയിലെ അസിസ്റ്റന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ്, ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. തര്‍ക്കം രൂക്ഷമായി. അപ്പോള്‍ എത്തിയ പൊലീസ് മൊബൈല്‍ പെട്രോള്‍ സംഘം പ്രശ്നത്തില്‍ ഇടപെട്ടു. സ്വകാര്യബസ് തടഞ്ഞതിനെ പൊലീസും ചോദ്യം ചെയ്തു. പിന്നെ തര്‍ക്കം പൊലീസും ഉദ്യോഗസ്ഥരും തമ്മിലായി. വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തി. ഇതറിഞ്ഞ് ഫോര്‍ട്ട് ഇന്‍സ്പെക്ടര്‍ എ കെ ഷെറിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ സുരേഷ്‌കുമാറിനെയും ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
എടിഒ അടക്കമുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് നഗരത്തിലാകമാനം കെഎസ്ആർടിസിയുടെ സിറ്റി സർവ്വീസുകൾ മിന്നൽ പണിമുടക്ക് നടത്തിയത്. എടിഒ സാം ലോപ്പസ്, ഡ്രൈവർ സുരേഷ്, ഇൻസ്‌പെക്ടർ രാജേന്ദ്രൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഓടിക്കൊണ്ടിരുന്ന സര്‍വീസുകള്‍ നടുറോഡില്‍ അവസാനിപ്പിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. കെഎസ്ആർടിസി ബസുകൾ റോഡരികിൽ നിർത്തിയിട്ടതിനെ തുടർന്ന് റോഡിലൂടെ മറ്റ് വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയായി. ഇതോടെ ചെറുറോഡുകളടക്കമുള്ളവയും ഗതാഗതക്കുരുക്കിലായി. ഗതാഗതം സ്തംഭിച്ചതോടെ സാധാരണക്കാരായ യാത്രക്കാർ പെരുവഴിയിലായി.
മിന്നൽ പണിമുടക്കിനിടെ ബസ് കാത്തു നിന്നിരുന്ന കടകംപള്ളി സ്വദേശി സുരേന്ദ്രൻ എന്ന യാത്രക്കാരൻ കുഴഞ്ഞു വീഴുകയും മരണപ്പെടുകയും ചെയ്തതോടെ കെഎസ്ആർടിസി പണിമുടക്കിനെതിരെ ജനരോഷം ആളിക്കത്തി. കിഴക്കേകോട്ടയിൽവെച്ചാണ് സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കണ്ടുനിന്നവർ ചേർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുരേന്ദ്രന് ബസ് സ്റ്റാൻഡിൽവച്ചു തന്നെ പ്രാഥമിക ചികിത്സ നൽകിയിരുന്നു. അതിനുശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. നടുറോഡില്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ നിരവധി പേര്‍ ചേര്‍ന്ന് ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
നഗര, ദീർഘദൂര സർവീസുകൾ നിർത്തിവെച്ചതോടെ നാല് മണിക്കൂറിലേറെ നേരമാണ് തലസ്ഥാന നഗരം നിശ്ചലമായത്. സമരത്തിനെതിരെ തെരുവിലിറങ്ങിയ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയുമുണ്ടായി.
ഇതിനിടെ ഡിടിഒയെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മുന്നില്‍ പ്രതിഷേധവുമായെത്തി. രണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍ തെരുവില്‍ ഏറ്റുമുട്ടിയത് ജനങ്ങളെ വലച്ചതോടെ വിഷയത്തില്‍ ഗതാഗത മന്ത്രി ഇടപെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഒടുവിൽ കെഎസ്ആർടിസി ജീവനക്കാർക്ക് സ്റ്റേഷൻ ജാമ്യം അനുവദിക്കാമെന്ന് ഉറപ്പ് നൽകിയതോടെ സമരം പിൻവലിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസി സിറ്റി ഡിപ്പോയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറും സിറ്റി പൊലീസ് കമ്മീഷണറും വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തെ തുടർന്ന് കെഎസ്ആർടിസി എംഡി എം.പി ദിനേശിൻ്റെ വാക്കുകൾ ഇങ്ങനെ – “പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഒരു മിന്നൽ പണിമുടക്കും അഭിലഷണീയമായ പ്രവണതയല്ല, ആയത് അംഗീകരിക്കുവാനും കഴിയില്ല. നിയമപരമായ മാർഗ്ഗങ്ങളിലൂടെയുള്ള പരിഹാരമാർഗ്ഗങ്ങൾ തേടുന്നതാണ് അത്തരം സാഹചര്യങ്ങളിൽ അഭികാമ്യം. ഇന്നത്തെ മിന്നൽ പണിമുടക്കിൽ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടുകളിൽ നിർവ്യാജം ഖേദിക്കുന്നു.”
വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ, ചിത്രം – അനുരാജ്.