“മിന്നൽ” എന്നാൽ മേഘങ്ങളുടെ കൂട്ടിയിടി കാരണം ഉണ്ടാകുന്ന വൈദ്യുതി ഭൂമിയിലേക്കെത്തുന്ന പ്രതിഭാസമാണ്. എന്നാൽ മലയാളിയെ സംബന്ധിച്ചിടത്തോളം മിന്നലിന് മറ്റൊരു അർഥം കൂടിയുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി രാത്രി സമയങ്ങളിൽ മാത്രം റോഡിലിറങ്ങുന്ന, സ്റ്റോപ്പുകൾ കുറവുള്ള, കൃത്യസമയം പാലിക്കുന്ന കെ.എസ്.ആർ.ടി.സി.യുടെ പൊതുജനപ്രീതി ആകർഷിച്ച സർവീസ് ആണ് “മിന്നൽ”. സ്റ്റോപ്പുകൾ കുറവായതിനാലും ഒരേ രീതിയിൽ വേഗത ക്രമീകരിച്ച് സർവീസ് നടത്തുന്നതിനാലും, രാത്രി സമയങ്ങളിൽ ഗതാഗതകുരുക്കുകൾ കുറവായതിനാലും, പൊതുവേ ട്രെയിനിനെക്കാളും വേഗത്തിൽ ലക്ഷ്യസ്ഥാനത്തിലെത്താൻ സാധിക്കുന്നു എന്നതാണ് മിന്നലിനെ ജനം നെഞ്ചേറ്റാൻ കാരണം.
ദീർഘദൂരയാത്രക്കാരെ സംബന്ധിച്ച് “ട്രെയിനിൽ ടിക്കറ്റ് കിട്ടിയില്ലെങ്കിലും സാരമില്ല കെ.എസ്.ആർ.ടി.സി ഉണ്ടല്ലോ” എന്ന ചിന്താഗതി വരുത്തിത്തീർക്കാൻ “മിന്നൽ” വഹിച്ച പങ്ക് ചെറുതല്ല. കെ.എസ്.ആർ.ടി.സി.യിൽ മാനേജിംഗ് ഡയറക്ടർ ആയിരുന്ന ശ്രീ. എം. ജി രാജമാണിക്യം ഐ.എ.എസ് എന്ന ധീഷണാശാലിയുടെ മനസ്സിൽ ഉരുത്തിരിഞ്ഞ ആശയം ഫലപ്രദമായ രീതിയിൽ ക്രമീകരിച്ചപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിൽ തന്നെ ജനങ്ങളുടെ മനസ്സ് കീഴടക്കിയ സംരംഭമായി “മിന്നൽ” മാറി.
തീവണ്ടിയേക്കാൾ വേഗതയുള്ള ബസ് സർവ്വീസ് എന്ന വാക്കുകളുമായി സർവ്വീസ് ആരംഭിച്ച മിന്നൽ അത് സത്യം തന്നെയാണെന്ന് പലതവണ തെളിയിക്കുകയുണ്ടായി. പ്രൈവറ്റ് ബസ്സുകാർ പലതവണ കൂട്ടത്തോടെ മിന്നലിനെതിരെ ചരടുവലികൾ നടത്തുകയും മറ്റും ചെയ്‌തെങ്കിലും കെഎസ്ആർടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും ഉയർന്ന പിന്തുണ കൂടെയുണ്ടായിരുന്നതിനാൽ മിന്നൽ അതിനെയെല്ലാം അതിജീവിച്ച ചരിത്രമാണ് ഉള്ളത്.
ഒരിക്കൽ കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ സ്റ്റോപ്പ് ഇല്ലാത്തിടത്ത് മിന്നൽ ബസ് നിർത്തിയില്ലെന്നു പറഞ്ഞു ചിലർ പരാതിപ്പെടുകയും ബസ് വഴിയ്ക്കു വെച്ച് പോലീസ് തടയുകയും ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അവരുടെ പേരിലുള്ള കേസ് ഒഴിവാക്കണമെന്നും കെ.എസ്.ആര്‍.ടി.സി. പോലീസിനോട് ആവശ്യപ്പെട്ടു. സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രിമാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍. ഇവയുടെ സ്റ്റോപ്പുകള്‍ സംബന്ധിച്ച് ഓണ്‍ലൈനിലും അല്ലാതെയും വിവരം നല്‍കിയിട്ടുണ്ട്.
പയ്യോളി സംഭവത്തില്‍ പാലായില്‍നിന്ന് കോഴിക്കോട്ടേക്ക് സീറ്റ് റിസര്‍വ് ചെയ്തിരുന്ന യാത്രക്കാരി കോഴിക്കോട്ടെത്തിയപ്പോഴാണ് പയ്യോളിക്ക് ടിക്കറ്റ് ആവശ്യപ്പെട്ടത്. പയ്യോളിയില്‍ സ്റ്റോപ്പില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ കണ്ണൂരേക്ക് ടിക്കറ്റ് വാങ്ങി. കണ്ണൂരില്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞ് ടിക്കറ്റ് എടുത്തശേഷമാണ് പയ്യോളിയില്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടത്. ഇതില്‍ കണ്ടക്ടര്‍ക്കോ ഡ്രൈവര്‍ക്കോ തെറ്റുപറ്റിയിട്ടില്ല.
റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്‌സ് ശ്രേണിയില്‍പെട്ട മിന്നലിന് ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. സുരക്ഷിതത്വം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന വ്യവസ്ഥ ദേശസാത്കൃത സര്‍വീസായ മിന്നലിന് ബാധകമല്ല. മോട്ടോര്‍വാഹനനിയമത്തിലെ അധ്യായം ആറ് പ്രകാരം സൂപ്പര്‍ ഡീലക്‌സ് ബസുകളുടെ പെര്‍മിറ്റുകളില്‍ സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് അധികാരമുണ്ട്. ഇതുപ്രകാരമാണ് മിന്നല്‍ ബസുകള്‍ക്ക് ഇത്തരത്തിലുള്ള സ്റ്റോപ്പ് അനുവദിച്ചത്.
നിയന്ത്രിതമായ സ്റ്റോപ്പുകൾ മാത്രം ഉള്ളതിനാലും, മണിക്കൂറിൽ 80 കിലോമീറ്ററോളം വേഗതയിൽ സഞ്ചരിക്കുന്നതിനാലും മിന്നൽ വൈകിയ ചരിത്രം വളരെ കുറവേ ഉണ്ടായിട്ടുളളൂ. ഇതുകൊണ്ടു തന്നെയാണ് തുടക്കം മുതൽ ഇതുവരെ കെഎസ്ആർടിസി മിന്നലിനെ യാത്രക്കാർ നെഞ്ചിലേറ്റുന്നത്. അങ്ങനെ യാത്രക്കാരുടെ പ്രിയതാരമായ മിന്നൽ പ്രയാണം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു വർഷമാകുകയാണ്.
ഈ അവസരത്തിൽ കെഎസ്ആർടിസിയ്ക്ക് പറയാനുള്ളത് ഇതാണ് – “രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ജനപ്രീതിയുടെയും ജനവിശ്വാസത്തിന്റെയും നെറുകയിൽ തന്നെ സർവീസ് നടത്താൻ ഞങ്ങളെ പ്രാപ്തരാക്കിയത് നിങ്ങൾ യാത്രക്കാർ ഞങ്ങളിലർപ്പിച്ച വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ്. നിങ്ങളില്ലെങ്കിൽ ഞങ്ങളില്ല എന്ന സത്യം പൂർണമായും ഞങ്ങൾ ഉൾക്കൊള്ളുന്നു. ഈ വിജയം കൂടുതൽ മെച്ചപ്പെട്ട സർവീസുകൾ നിങ്ങൾക്കായി നൽകാൻ ഞങ്ങളെ പ്രതിജ്ഞാബദ്ധരാക്കുന്നു. കെ.എസ്.ആർ.ടി.സി എന്നും ജനങ്ങളോടൊപ്പം.”
വിവരങ്ങൾക്ക് കടപ്പാട് – കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ.