ലിനി സിസ്റ്റർ മലയാളികളുടെയുള്ളിൽ ഇന്നും ഒരു വിങ്ങലാണ്. കേരളത്തില്‍ ഭീതി പടര്‍ത്തിവരുന്ന നിപ്പ വൈറസ് ബാധിതരെ പരിചരിച്ചതിലൂടെ അസുഖം ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനി സജീഷിനു ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ഒരു കെഎസ്ആർടിസി ബസ് വന്നത് വാർത്തകളിൽ നിറഞ്ഞിരുന്നതാണ്. KSRTC യുടെ കരുനാഗപ്പള്ളി ഡിപ്പോയിലെ RSK 447 എന്ന സൂപ്പർ ഫാസ്റ്റ് ബസ്സിൽ ചില ജീവനക്കാരും കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള കെഎസ്ആർടിസി പ്രേമികളും ചേർന്നായിരുന്നു ലിനി സിസ്റ്ററുടെ ഛായാചിത്രം പതിക്കുകയും ബസ്സിന്‌ ‘ഭൂമിയിലെ മാലാഖ’ എന്ന പേര് നൽകിയതും.

എന്നാൽ ഇപ്പോൾ എല്ലാവരെയും വേദനിപ്പിച്ചുകൊണ്ട് ഈ ബസ്സിലെ ചിത്രം കെഎസ്ആർടിസി അധികൃതർ നീക്കം ചെയ്തിരിക്കുകയാണ്. തങ്ങൾ ഹൃദയം കൊണ്ട് പതിച്ച ചിത്രം ഇളക്കി മാറ്റിയതിന്റെ വേദനയിലാണ് കരുനാഗപ്പള്ളിയിലെ കെഎസ്ആർടിസി ഫാൻസ്‌. ഏകദേശം ഒരു വർഷം മുൻപായിരുന്നു ബസ്സിൽ ചിത്രം പതിച്ചത്. ഇതോടെ കരുനാഗപ്പള്ളി ഡിപ്പോയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു ലഭിച്ചത്.

കരുനാഗപ്പള്ളി ഡിപ്പോയുടെയും KSRTC യുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും ജീവനക്കാരും അടങ്ങിയതാണ് ടീം KSRTC KNPY ഫാൻസ്. ഇവരുടെ ലക്ഷ്യം ഒന്നേ ഉള്ളു, KSRTC യെ കൂടുതൽ ജനഹൃദയങ്ങളിലേക്ക് എത്തിക്കുക. ഇവർ ചെയ്ത ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങളെ കണക്കിലെടുത്ത് ദിവസങ്ങൾക്ക് മുൻപ് ഡിപ്പോ അധികൃതരുടെ നേതൃത്വത്തിൽ ഇവരെ ആദരിച്ചിരുന്നു.

അങ്ങനെ ഭൂമിയിലെ മാലാഖ തൻ്റെ പ്രയാണം നടത്തിക്കൊണ്ടിരിക്കെയാണ് കഴിഞ്ഞയിടയ്ക്ക് കെഎസ്ആർടിസിയുടെ ചീഫ് ഓഫീസിൽ നിന്നും കരുനാഗപ്പള്ളി ഡിപ്പോയിലേക്ക് ഒരു അറിയിപ്പ് വരുന്നത്. ബസ്സിൽ പതിച്ചിരുന്ന ലിനി സിസ്റ്ററിന്റെ ഛായാചിത്രം ഉടൻ തന്നെ നീക്കം ചെയ്യണമെന്നായിരുന്നു ചീഫ് ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ ഉത്തരവ്. മുകളിൽ നിന്നുള്ള ഉത്തരവായതിനാൽ ഡിപ്പോ അധികൃതർക്ക് അനുസരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അങ്ങനെ നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ലിനി സിസ്റ്ററുടെ ചിത്രം RSK 447 ൽ നിന്നും നീക്കം ചെയ്യപ്പെട്ടു.

സംഭവമറിഞ്ഞ ചില ആനവണ്ടിപ്രേമികൾ ഇക്കാര്യം ഫേസ്‌ബുക്കിൽ പ്രതിഷേധമായി പോസ്റ്റ് ഇടുകയുണ്ടായി. ഇതോടെ ലിനിയോടുള്ള അപമാനമായി സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുക്കുകയാണുണ്ടായത്. ദേശാഭിമാനി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്ത വന്നു. പ്രതിഷേധം കനത്തതോടെ കെഎസ്ആർടിസി സോഷ്യൽ മീഡിയ സെല്ലിൽ നിന്നും ചിത്രം നീക്കിയതിനുള്ള വിശദീകരണം എത്തി. അതിൽ പറയുന്നത് “ബസിന്റെ ഫിറ്റ്നസ് ടെസ്റ്റ് ആയതിനാലാണ് ചിത്രം നീക്കം ചെയ്തത്. അത് ലിനിയോടുള്ള അനാദരവായി കാണരുത്” എന്നാണ്.

ഒറ്റനോട്ടത്തിൽ തൃപ്തികരമായ വിശദീകരണമാണെങ്കിലും ഇതിനു പിന്നിലെ കാര്യങ്ങൾ ചില കെഎസ്ആർടിസി പ്രേമികൾ പരിശോധിച്ചപ്പോൾ KL 15 9983 എന്ന പ്രസ്തുത ബസ്സിന്റെ CF തീയതി 06-05-2019 ആയിരുന്നുവെന്നും ഇനി അടുത്ത CF തീയതി 05-05-2021 ആണെന്നും കണ്ടെത്തുകയുണ്ടായി. ഈ രേഖകൾ പ്രകാരം ബസ്സിന്റെ CF മെയ് മാസത്തിൽ കഴിഞ്ഞതാണ്. അപ്പോൾ ഒക്ടോബർ മാസത്തിൽ CF ൻ്റെ പേരും പറഞ്ഞു ചിത്രം നീക്കം ചെയ്തത് എന്തിനാണെന്നാണ് കെഎസ്ആർടിസി പ്രേമികളുടെ സംശയം.

ഒരു ചിത്രം നീക്കം ചെയ്തതു കൊണ്ട് ലിനി സിസ്റ്ററുടെ മഹത്വത്തിനു കോട്ടമൊന്നും തട്ടില്ലെങ്കിലും ഇത്തരത്തിലൊരു അനാദരവ് വേണമായിരുന്നോ എന്നാണു സോഷ്യൽ മീഡിയ കെഎസ്ആർടിസി അധികൃതരോട് ചോദിക്കുന്നത്. നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഈ പെണ്‍കുട്ടി മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. KSRTC ബസ്സിൽ ആദരവോടെ എഴുതിയിരുന്നതു തന്നെയാണ് ഇപ്പോൾ നമുക്കും പറയാനുള്ളത് “ഭൂമിയിലെ മാലാഖയ്ക്ക് സ്വർഗ്ഗത്തിലെ മാലാഖമാർ സ്വാഗതമരുളട്ടെ.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.