മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കെഎസ്ആർടിസി എന്നാണു പൊതുവെ എല്ലാവരും പറയുന്നത്. എന്നാൽ ലാഭത്തിലല്ലെങ്കിലും കെഎസ്ആര്ടിസിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്രീ. എം.പി ദിനേശ് ഫേസ്‌ബുക്ക് പേജിൽ കുറിച്ച വാക്കുകൾ താഴെ കൊടുക്കുന്നു.

“കെ എസ് ആർ ടി സി ലാഭത്തിലല്ല…ഒരു പരിധി വരെ സത്യമാണ്. പക്ഷേ സ്ഥാപനത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ടോ എന്നത് മുൻകാലപ്രവർത്തനങ്ങൾ കൂടി വിലയിരുത്തിയാകണം. പ്രതിസന്ധി പൂർണമായും അകന്നു എന്ന് അവകാശപ്പെടുന്നില്ല. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ പടിപടിയായി പ്രവർത്തനം മെച്ചപ്പെടുത്തി മാറ്റത്തിന്റെ പാതയിലാണ് കെഎസ്ആർടിസി എന്നതിൽ തർക്കമില്ല.

2018 ഏപ്രിൽ മുതൽ തുടങ്ങുന്ന സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ നവംബർ വരെയുള്ള വരവ് ചെലവ് കണക്കുകൾ 2019 ഏപ്രിൽ മുതൽ നവംബർ വരെയുള്ള വരവ് ചെലവ് കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോൾ ചിട്ടയായ പ്രവർത്തനത്തിലൂടെയും ശാസ്ത്രീയമായ പുന:ക്രമീകരണങ്ങളിലൂടെയും മികച്ച ധനകാര്യ മാനേജ്മെൻറ്, ഓപ്പറേഷൻസ് മാനേജ്മെന്റ്, മെറ്റീരിയൽസ് & പർച്ചേസ് മാനേജ്മെന്റ്, കാര്യക്ഷമമായ ഉടമ്പടികൾ എന്നിവയുടെ മികവുറ്റ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത നേട്ടങ്ങൾ ചെറുതല്ല എന്ന് മനസ്സിലാക്കാവുന്നതാണ്.

2018 ഏപ്രിൽ മുതൽ ഡിസംബർ 16 വരെ വരെ വരുമാനമായി ലഭിച്ചത് 1625.90 കോടി രൂപയാണ് എന്നാൽ ഇതേകാലയളവിൽ 2019ൽ 1641.18 കോടി രൂപ വരുമാനമായി നേടിയെടുക്കുവാൻ സാധിച്ചു… ആകെ വരുമാനത്തിൽ ഈ കാലയളവിൽ തന്നെ 15.28 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്.

ഇതേകാലയളവിൽ 2018 ഏപ്രിൽ മുതൽ നവംബർ വരെ കെഎസ്ആർടിസിയുടെ ബസ്സുകളിൽ പ്രതിദിനം യാത്ര ചെയ്തിരുന്നത് 27.87 ലക്ഷം യാത്രക്കാരായിരുന്നു. 2019ൽ ഇതേ കാലയളവിൽ 27.92 യാത്രക്കാരായി വർദ്ധിച്ചു. പ്രതിമാസം 1.5 ലക്ഷം യാത്രക്കാരെയാണ് അധികമായി ലഭിച്ചത്.

2018 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലത്ത് കെഎസ്ആർടിസി-ക്ക് ഒരു ബസ്സിൽ നിന്നും ലഭിച്ച ശരാശരി വരുമാനം 12,707 രൂപയായിരുന്നു എങ്കിൽ നിലവിൽ 2019 ഇതേകാലയളവിൽ അത് 13,615 രൂപയായി വർദ്ധിച്ചു. അതായത് ഒരു ബസ്സിന് ഏകദേശം 908 രൂപ അധിക വരുമാനമായി ഈ കാലയളവിൽ നേടിയെടുക്കുവാൻ സാധിച്ചു.

ചെലവ് നിയന്ത്രിച്ചുകൊണ്ട് വളരെ സുശക്തമായ ഒരു ധനകാര്യ മാനേജ്മെൻറ് ആണ് കെഎസ്ആർടിസി നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. 2018 നവംബർ മുതൽ ഏപ്രിൽ വരെ 1920.95 കോടി രൂപ ആകെ ചെലവ് ആയി വന്നുവെങ്കിൽ അതേ കാലയളവിൽ 2019ൽ ആകെ ചെലവ് 1831.39 കോടി രൂപയായി കുറയ്ക്കുവാൻ സാധിച്ചു. അതായത് ഈ കാലയളവിൽ മാത്രം സാമ്പത്തിക അച്ചടക്കം പാലിച്ചതിലൂടെ 89.46 കോടി രൂപ ചെലവിനത്തിൽ ലാഭിക്കുവാൻ സാധിച്ചു. മാത്രവുമല്ല കഴിഞ്ഞവർഷത്തെ ഇതേകാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം റൂട്ട് റാഷണലൈസേഷൻ നടത്തി സർവീസ് ഓപ്പറേഷൻ കൂടുതൽ കാര്യക്ഷമമാക്കുവാൻ കഴിഞ്ഞതോടുകൂടി ഓപ്പറേഷൻ സംബന്ധമായ ചെലവുകളിൽ 91 കോടി മിച്ചപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.

കെഎസ്ആർടിസിക്ക് പെൻഷൻ നൽകുവാനായി നൽകിവരുന്ന സർക്കാർ ധനസഹായത്തിന് പുറമേ 2018 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ സർക്കാർ ധനസഹായമായി 222.70 കോടി രൂപ ലഭിച്ചിട്ടുണ്ട്. 2019ൽ ഇതേകാലയളവിൽ സർക്കാർ ധനസഹായം 186 കോടി രൂപ ലഭിക്കുകയുണ്ടായി.

2018 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ വരവും ചെലവും തമ്മിലുള്ള അന്തരം – 383.74 കോടി രൂപയായിരുന്നുവെങ്കിൽ 2019 ൽ ഇതേകാലയളവിൽ വരവും ചെലവും തമ്മിലുള്ള അന്തരം – 289.11 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ കണക്കാക്കുമ്പോൾ നഷ്ട ഇനത്തിൽ 94.63 കോടി രൂപ കുറയ്ക്കുവാനും സാധിച്ചിട്ടുണ്ട്.

കെഎസ്ആർടിസിയുടെ ചെലവിൻറെ ഗണ്യമായ ഭാഗം ഡീസലിന് ആണ് ചിലവാക്കുന്നത്. ആയതിനാൽ തന്നെ ഡീസൽ ചെലവ് കുറച്ചു കൊണ്ട് വരിക എന്നുള്ളത് കെഎസ്ആർടിസി ദൈനംദിന പ്രവർത്തനത്തിൽ ഉൾപ്പെടുത്തി ചിട്ടയായ മേൽനോട്ടത്തിലൂടെ ക്രമപ്പെടുത്തി വരികയാണ്. ഓരോ കിലോമീറ്ററിനും ചെലവാകുന്ന ഡീസലിന്റെ അളവ് 2018 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 4.12 ആയിരുന്നു എങ്കിൽ 2019 ൽ ഇതേകാലയളവിൽ 4.17 ആയി വർദ്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്. ഇതിൽ നിന്നു തന്നെ പ്രതിമാസം ഒരു കോടി രൂപ ലാഭം ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.

2018 ഡിസംബർ 1 മുതൽ 16 വരെയുള്ള കാലയളവിൽ ടിക്കറ്റ് വരുമാനമായി 102.62കോടി രൂപ ലഭിച്ചുവെങ്കിൽ, 2019 ൽ ഇതേ കാലയളവിൽ 110.29 കോടി രൂപ ലഭിച്ചു കഴിഞ്ഞു. അതായത് ഒറ്റ മാസത്തിൽ തന്നെ 8 കോടി രൂപയുടെ വർധനവ്. പടിപടിയായുള്ള നേട്ടങ്ങളിലൂടെ സ്ഥാപനത്തിന്റെ പ്രതിസന്ധി മറികടക്കുക എന്ന ഭഗീരഥപ്രയത്നത്തിലാണ് മാനേജ്മെന്റും ജീവനക്കാരും.

ശാസ്ത്രീയമായി റൂട്ടുകൾ പുന:ക്രമീകരിച്ച് സർവ്വീസുകൾ ക്രമീകരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിശ്ചിത ഇടവേളകളിൽ യാത്രക്കാർക്ക് ബസ് ലഭിക്കുന്ന വിധം റൂട്ടുകൾ തിരുവനന്തപുരം മേഖലയിൽ ഇതിനകം തന്നെ റൂട്ടുകൾ ഷെഡ്യൂളുകൾ എന്നിവ പുന:ക്രമീകരിച്ചതോടു കൂടി, കളക്ഷൻ വളരെ കുറവുള്ള ട്രിപ്പുകൾ ജനോപകാരപ്രദമായി പുതിയ റൂട്ടുകളിൽ വിന്യസിക്കുവാനും സാധിച്ചു. മദ്ധ്യ മേഖലയിലേയും വടക്കൻ മേഖലയിലെയും പുനക്രമീകരണം പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഒരുമാസത്തിനകം തൽസംബന്ധമായ മുഴുവൻ പ്രവർത്തനങ്ങളും ക്രമീകരണങ്ങളും നടത്താനാകും എന്നാണ് പ്രതീക്ഷ.

വിമർശനത്തിനു വേണ്ടി വിമർശനമുന്നയിക്കുമ്പോൾ ഈ നേട്ടങ്ങൾ കാണാതെ പോകുന്നത് ശരിയല്ല. പതിറ്റാണ്ടുകളുടെ പ്രവർത്തനത്തിലൂടെ ഉണ്ടായ നഷ്ടക്കണക്കുകൾ മാറ്റി മറിക്കാൻ ഒരു ചെറിയ കാലയളവ് പോരാ എന്നത് മനസ്സിലാക്കുക. ഡീസൽ, സ്പെയർ പാർട്സ് വിലവർദ്ധനവുകൾക്കിടയിൽ ഉണ്ടാക്കിയ ഈനേട്ടങ്ങൾ ചെറുതാണോ എന്ന് നിങ്ങളോരോരുത്തരും വിലയിരുത്തൂ.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.